ക്രിസ്തുവിനെപ്പോലെ ആയിത്തീരുക
ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്തായിരിക്കണം എന്ന് ഒരിക്കൽ ആലോചിച്ചിട്ടുണ്ടോ?
ചിലർ പറയുന്നു – “എനിക്ക് സമാധാനം വേണം”, “എനിക്ക് നല്ല ജോലി വേണം”, “എന്നെ എല്ലാവരും ഇഷ്ടപ്പെടണം” എന്നൊക്കെയായി. പക്ഷേ ബൈബിൾ പറയുന്നത് വേറെയാണ്. ദൈവം നമ്മെ രക്ഷിച്ചത് ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് നമ്മെ മാറ്റാനാണ് എന്ന് റോമർ 8-ൽ നാം വായിക്കുന്നു
അത് അർത്ഥമാക്കുന്നത് എന്ത്?
യേശുവിനെപ്പോലെ ചിന്തിക്കാനും, യേശുവിനെപ്പോലെ പ്രവർത്തിക്കാനും, യേശുവിനെപ്പോലെ ജീവിക്കാനുമാണ് ദൈവം നമ്മെ വിളിക്കുന്നത്. ഇതാണ് യഥാർത്ഥ ആത്മീയ വളർച്ച.
1. ദൈവകേന്ദ്രമായ ആത്മീയത
ആത്മീയതയുടെ തുടക്കം ദൈവത്തെ ശരിയായി അറിയുന്നതിലാണ്.
ദൈവം ആരാണെന്ന് ബൈബിൾ തന്നെയാണ് വെളിപ്പെടുത്തുന്നത് — പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് — മൂന്നു വ്യക്തികൾ ആകുമ്പോൾ തന്നെ ഒരു ദൈവം തന്നെയാണ്.
ദൈവം തന്നെയാണ് ആത്മീയതയുടെ കേന്ദ്രം.
അപ്പോസ്തോലിക ആശീർവാദം ശ്രദ്ധിക്കൂ: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും, ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളോടൊക്കെയും ഇരിക്കുമാറാകട്ടെ” (2 കൊരിന്ത്യർ 13:14).
ദൈവം നമ്മുടെ രക്ഷയുടെ പദ്ധതിയിൽ പിതാവും, പുത്രനും, ആത്മാവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് യഥാർത്ഥ ആത്മീയത ത്രീയേക ദൈവകേന്ദ്രമായിരിക്കും.
2. തിരുവചനത്തിന്റെ വെളിച്ചത്തിലുള്ള ആത്മീയത
നമ്മൾ ആരാണെന്ന് അറിയണമെങ്കിൽ ആദ്യം ദൈവം ആരാണെന്ന് മനസ്സിലാക്കണം.
ദൈവത്തിന്റെ മഹത്വം മനസ്സിലാക്കുമ്പോഴാണ് നമ്മളുടെ പാപവും ബലഹീനതയും തിരിച്ചറിയുന്നത്.
യെശയ്യാവിന്റെ അനുഭവം നോക്കൂ (യെശയ്യാ 6).
ദൈവത്തിന്റെ മഹത്വം കണ്ടപ്പോൾ അവൻ പറഞ്ഞു —
“എനിക്കു അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യൻ.”
ദൈവത്തിന്റെ പരിശുദ്ധിയെ കണ്ടപ്പോൾ മാത്രമാണ് അവൻ തന്റെ പാപം തിരിച്ചറിഞ്ഞത്.
ദൈവത്തെ ശരിയായി കാണുമ്പോഴാണ് നമ്മൾ ഞങ്ങൾ ആരാണെന്ന് അറിയുന്നത്.
അപ്പോഴാണ് ആത്മീയ ജീവിതം യഥാർത്ഥമായി ആരംഭിക്കുന്നത്.
3. സുവിശേഷ കേന്ദ്രിതമായ ആത്മീയത
നമ്മുടെ പാപം കാരണം നാം ദൈവത്തിൽ നിന്നു വേർപെട്ടവരായിരുന്നു.
എന്നാൽ ദൈവം നമ്മെ സ്നേഹിച്ചു,
ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു.
സുവിശേഷം കേട്ടും വിശ്വസിച്ചുമാണ് നമ്മൾ ആത്മീയ ജീവിതം ആരംഭിക്കുന്നത്.
ക്രൂശിതനായ യേശുവാണ് ആത്മീയതയുടെ മധ്യബിന്ദു.
അവന്റെ ക്രൂശിൽ നിന്ന് തന്നെയാണ് നമ്മുക്ക് ശക്തിയും ആശ്വാസവും ലഭിക്കുന്നത്.
“ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും, രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു” (1 കൊരി. 1:18).
സുവിശേഷം സ്വർഗത്തിലേക്കുള്ള വാതിൽ മാത്രമല്ല — അത് നമ്മുടെ ദൈനംദിന ജീവിതത്തെയും നയിക്കുന്ന ശക്തിയാണ്.
4. വചന സമ്പുഷ്ടമായ ആത്മീയത
യഥാർത്ഥ ആത്മീയതയ്ക്ക് അടിസ്ഥാനമാണ് ദൈവവചനം.
ബൈബിൾ വായിക്കാതെ, അതിൽ ചിന്തിക്കാതെ, വചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതം പരിശോധിക്കാതെ ആത്മീയമായി നാം വളരുകയില്ല.
പൗലോസ് പറയുന്നു —
“എല്ലാ തിരുവെഴുത്തും ദൈവശ്വാസിയമാകയാൽ… മനുഷ്യൻ സകല സൽപ്രവൃത്തിക്കും തികഞ്ഞവനായിരിക്കേണ്ടതിന്നു പ്രയോജനമുള്ളതാണ്” (2 തിമോത്തി 3:16–17).
അതിനാൽ വചനത്തെ കേൾക്കുകയും, വായിക്കുകയും, അതനുസരിച്ച് ജീവിക്കയും ചെയ്യുക.
അവിടെ നിന്നാണ് ആത്മീയ ശക്തിയും സമാധാനവും ലഭിക്കുന്നത്.
5. സഭകേന്ദ്രമായ ആത്മീയത
ആത്മീയത വ്യക്തിപരമായ കാര്യമാത്രമല്ല — അത് സഭയുമായി ബന്ധമുള്ളതാണ്.
നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗങ്ങളാണ്.
ദൈവം സഭയിൽ ഓരോരുത്തർക്കും വിവിധ ശുശ്രൂഷകൾ നൽകിയിരിക്കുന്നു (എഫെസ്യർ 4:11–13).
നമ്മുടെ വളർച്ച മറ്റുള്ളവർക്കും പ്രയോജനപ്പെടണം.
സഭയാണ് ആത്മീയ വളർച്ചയുടെ സ്ഥലം.
സ്വന്തം വിശ്വാസത്തിൽ നാം വളരുമ്പോൾ സഭയും വളരുന്നു.
സമാപനം
തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയത എന്താണ്?
• അത് ദൈവകേന്ദ്രമായിരിക്കും.
• സുവിശേഷത്തിൽ ആധാരപ്പെട്ടിരിക്കും.
• വചനത്തിലൂടെ വളരും.
• സഭയിലൂടെ പ്രകടമാകും.
ക്രിസ്തീയ ജീവിതത്തിൽ ഉള്ള ഏക ലക്‌ഷ്യം ഒന്ന് മാത്രമാണ് —
യേശുവിനെപ്പോലെ ആയിത്തീരുക.
ദൈവം നമുക്ക് അതിനായി കൃപ നൽകട്ടെ.
Leave a comment