വിശുദ്ധീകരണവും (Sanctification) ആത്മീയ ശിക്ഷണങ്ങളും (Spiritual Disciplines) തമ്മിലുള്ള ബന്ധം എന്താണ്?
വിശുദ്ധീകരണവും ആത്മീയ ശിക്ഷണങ്ങളും (Spiritual Disciplines) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി, എന്താണ് ആത്മീയ ശിക്ഷണങ്ങൾ എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥനയും വചന വായനയുമാണ് ആത്മീയ ശിക്ഷണങ്ങളായി പൊതുവിൽ എല്ലാവരും പറയാറുള്ളത്. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ശീലിക്കേണ്ടതായിട്ടുള്ള ശിക്ഷണങ്ങൾ ഇതു രണ്ടും മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേദപുസ്തകത്തിൽ വിവിധങ്ങളായ മാർഗ്ഗങ്ങൾ ആത്മീയ പുരോഗതിക്കായി ദൈവമക്കൾ ഉപയോഗിച്ചിട്ടുണ്ട്. ഈ ശിക്ഷണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
- മുഴു ജീവിത ആരാധന
- വചന അശനം
- പ്രാർത്ഥന
- ഏറ്റുപറച്ചിൽ
- ഉപവാസം
- സുവിശേഷീകരണം
- ശുശ്രൂഷ
- കാര്യവിചാരകത്വം
- ആത്മീയ ഫല പരിപോഷണം
- സഹിഷ്ണത
- നിശബ്ദതയും ഏകന്തതയും
ഇവയെക്കുറിച്ച് വരാൻ പോകുന്ന ലഖനങ്ങളിൽ ഞാൻ വിശദീകരിക്കുന്നതാണ്.
വിശുദ്ധീകരണവും ആത്മീയ ശിക്ഷണങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെങ്കിൽ വിശുദ്ധീകരണത്തെക്കുറിച്ചുള്ള ശെരിയായ ബോദ്ധ്യം നമുക്ക് ആവശ്യമാണ്. “വിശുദ്ധീകരിക്കുക” എന്ന് പറഞ്ഞാൽ “വേർതിരിക്കുക” എന്നാണ് പൊതുവായിട്ടുള്ള അർത്ഥം. ശുദ്ധമാക്കുക, വിശുദ്ധിയിൽ വളരുക എന്നീ ആശയത്തോടെയൊക്കെയാണ് ഈ വാക്ക് ബൈബിളിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
- വിശുദ്ധീകരണത്തിന്റെ ആരംഭം വീണ്ടും ജനനത്തോടെയാണ്.
രക്ഷ പ്രാപിച്ച വ്യക്തിയെ വിശുദ്ധൻ എന്ന രീതിയിലാണ് വേദപുസ്തകത്തിൽ അഭിസംബോധന ചെയ്തിട്ടുള്ളത്. 1 കൊരിന്ത്യർ 1:2ൽ “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു” എന്ന് പൗലോസ് പറയുന്നു. വീണ്ടും ജനിച്ച ഒരു വ്യക്തി വിശുദ്ധനാണ് എന്നു വേദപുസ്തകം പറയുമ്പോൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
പൊതുവിൽ രണ്ട് കാഴ്ച്ചപ്പാടുകളാണ് ഉള്ളത്: സ്ഥാനപര വിശുദ്ധീകരണവും (Positional Sanctification) സുനിശ്ചിത വിശുദ്ധീകരണവും (Definitive Sanctification). ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള വ്യത്യാസം ആദ്യമായി നോക്കാം. എന്താണ് സ്ഥാനപര വിശുദ്ധീകരണം? വീണ്ടും ജനിക്കുന്ന സമയത്ത് പാപത്തിന്റെ ശിഷയിൽ നിന്നും ഒരു വ്യക്തിക്ക് വിടുതൽ ലഭിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ അവന്റെ സ്ഥാനത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു. വിശുദ്ധൻ എന്ന സ്ഥാനം ലഭിച്ചിരിക്കുന്നു. ഈ സ്ഥാനത്തിനാണ് കുടുതൽ ഊന്നൽ ഇവിടെ നൽകുന്നത്. എന്നാൽ ഈ കഴ്ച്ചപ്പാടിൽ ചില കുഴപ്പങ്ങൾ ഉണ്ട്. നീതികരണവുമായി വലിയ വ്യത്യാസം ഇതിൽ ഞാൻ കാണുന്നില്ല. മാത്രമല്ല, ഈ വിശുദ്ധീകരണത്തിൽ സാന്മാരിഗ്ഗികമയ മാറ്റം (Moral Change) അധികം ഊന്നൽ നൽകുന്നില്ല. പാപത്തോടുള്ള മരണം ഈ കഴ്ചപ്പാടിന്റെ ഭാഗമല്ല. ഈ വിശുദ്ധീകരണം അനുഭവപരവുമല്ല എന്നാണ് പൊതുവിൽ പഠിപ്പിക്കാറുള്ളത്. അതുകൊണ്ട് ഈ കാഴ്ച്ചപ്പാടിനോട് എനിക്ക് അധികം യോജിപ്പില്ല.
എന്നാൽ സുനിശ്ചിത വിശുദ്ധീകരണം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഒരു വ്യക്തിയെ ദൈവത്തിങ്കലേക്ക് വേർതിരിക്കുകയും പാപത്തോടുള്ള അടിമത്വത്തിൽ നിന്നും പാപത്തിനുള്ള ശിക്ഷയിൽനിന്നും ഒരു വ്യക്തിയെ അകറ്റുകയും ചെയ്യുന്ന ദൈവത്തിന്റെ തൽക്ഷണമായ പ്രവർത്തിയാണ് ഇത്. റോമർ 6:2-7, 14, 18, 7:4-6, 1 പത്രൊസ് 2:24. കേവലം ഒരു സ്ഥാനമാറ്റം അല്ല ഇത്. അടിമചങ്ങലയെ തകർത്ത് ദൈവം ഒരു വ്യക്തിയെ വെളിയിലേക്ക് കൊണ്ടുവരികയാണ് ഇവിടെ ചെയ്യുന്നത്.
വീണ്ടും ജനനത്താൽ പുതിയ സൃഷ്ടി ആകുമ്പോൾ പഴയമനുഷ്യൻ മരിക്കുന്നു (എഫ്യേ 4:20-24; കൊലോ 3:9-10). ആദാമിലുള്ള മനുഷ്യൻ പാപത്തിന്റേയും മരണത്തിന്റേയും അടിമത്വത്തിൽ ജീവിക്കുന്ന പഴയമനുഷ്യനാണ്. ഈ പഴയമനുഷ്യൻ ക്രൂശീകരക്കപെട്ട് മരിച്ചു പോയി. അതിന്റെ സ്ഥാനത്ത് പുതിയ മനുഷ്യൻ (അവൻ പൂർണ്ണനല്ല) വിശുദ്ധീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ആകുന്നു. അപ്പോൾ പഴയ പ്രകൃതത്തിനെതിരായി പോരാടുവാനുള്ള കഴിവ് ലഭിക്കുകയും ചെയ്യുന്നു. ഇതാണ് സുനിശ്ചിത വിശുദ്ധീകരണം.
1 കൊരിന്ത്യർ 6:11 “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”
വിശുദ്ധീകരണവും നീതീകരണംവും രക്ഷിക്കപ്പെടുന്ന സമയത്ത് തന്നെ നടക്കുന്ന ഒരു കാര്യമാണ് എന്ന സത്യവും ഈ വാക്യം നമുക്ക് കാണിച്ച് തരുന്നു.
B. വീണ്ടുംജനനസമയത്ത് ആരംഭിച്ച വിശുദ്ധീകരണം ജീവിതം മുഴുവൻ വർദ്ധിച്ചു വരുന്നു.
പുരോഗമനപര വിശുദ്ധീകരണം എന്നാണ് ഇതിനെ പൊതുവിൽ പറയാറുള്ളത്. ഇത് ഒരു പ്രക്രിയ (process) ആണ്. പാപപ്രകൃതത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുകയും ക്രിസ്തീയ കൃപകളിൽ വളർന്നുകൊണ്ടും തന്റെ ആത്മീയ ജീവതത്തിൽ ഒരു വിശ്വാസിക്കുണ്ടാകുന്ന പുരോഗതി ആണ് ഇത്. രണ്ട് കാര്യങ്ങൾക് ഊന്നൽ ഇവിടെ നൽകുന്നു. നാകാരാത്മകമായി, പാപത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നു. സാകാരാത്മകമായി ക്രിസ്തീയ കൃപകളിൽ വളരുകയും ചെയ്യുന്നു.
അടുത്തുള്ള വ്യക്തിയേക്കാൾ ഉയർന്ന നിലവാരമുള്ള ഒരു ജീവിതം എന്നോ ശ്രേഷ്ഠൻ എന്നോ ഇതിനെ അർത്ഥമാക്കുന്നില്ല. അത് പരീശത്വം ആണ്. കെസിക്ക് (Keswick) തീയോളജിയന്മാർ പഠിപ്പിച്ചതുപോലെ നാം എല്ലാം ഏൽപ്പിച്ചു കൊടുത്താൽ (letting go and letting God) ആത്മീയതയുടെ ഉന്നതിയിൽ എത്തിച്ചേരാം എന്ന ആശയം അല്ല ഇത്.
ഇതിനോട് ബന്ധപെട്ടുകിടക്കുന്ന ചില തെറ്റായ ധാരണകൾ നോക്കുക:
വെസ്ലിയനിസം : അറിയാവുന്ന എല്ലാ പാപത്തിൽ നിന്നും ഒരു വിശ്വാസി സ്വാതന്ത്യ്രം പ്രാപിക്കുകയും തന്മുലം തനിക്ക് പാപത്തോട് പോരാടേണ്ട ആവശ്യം വരാത്ത സമ്പൂർണ്ണ വിശുദ്ധീകരണം (entire sanctification) ഈ ലോകത്തിൽ വെച്ചുതന്നെ ഒരു വിശ്വാസിക്ക് പ്രാപിക്കാൻ തനിക്ക് സാധിക്കും എന്ന് വെസ്ലിയനിസം പഠിപ്പിക്കുന്നു.
പരിഷക്കരിച്ച വെസ്ലിയനിസം: രണ്ടാം അനുഗ്രഹം അല്ലെങ്കിൽ രണ്ടാം കൃപ ഒരു വിശ്വാസിയെ വിശുദ്ധിയുടെ ഉന്നത തലത്തിലേക്ക് ഉയർത്തുന്നു എന്ന് പരിഷക്കരിച്ച വെസ്ലിയനിസംവും (Modified Wesleyanism) ചില കരിസ്മാറ്റിക്കുകാരും പഠിപ്പിക്കുന്നു.
കെസിക്ക് തീയോളജി: ജഡീക അവസ്ഥയിൽ നിന്ന് ആത്മീയ അവസ്ഥയിലേക്ക് ഒരു വിശ്വാസിക്ക് പ്രവേശിക്കാൻ കഴിയും എന്നു കെസിക്ക് തീയോളജിയൻമാർ പഠിപ്പിക്കുന്നു. അതിനെ “വിജയകരമായ ജീവിതം” (Victorious Christian Life) അല്ലെങ്കിൽ “ആഴമേറിയ ജീവിതം” (Deeper Life) എന്ന് അവർ പറയുന്നു. പ്രതിസന്ധി ഘട്ടത്തിലുണ്ടാകുന്ന സമർപ്പണം, ആത്മ തകർച്ച, സമ്പൂർണ്ണ സമർപ്പണം എന്നിവായാലാണ് ഈ അവസ്ഥ പ്രാപിക്കുന്നത് എന്നും പഠിപ്പിക്കുന്നു. രക്ഷിക്കപ്പെട്ട വിശ്വാസികളെ ആത്മീയരും ജഡീകരും എന്നിങ്ങനെ രണ്ടു കൂട്ടമായി അവർ തിരിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 3ൽ നിന്നാണ് ഈ ആശയം അവർ കണ്ടു പിടിച്ചിരിക്കുന്നത്. ജഡീകനമാരും ആത്മീകന്മാരും എന്നു പറയുന്നതിനു മുമ്പ്, ഒരു പാപവും ചെയ്യാത്ത അല്ലെങ്കിൽ അൽപ്പം പോലും ജഡീകത്വം ഇല്ലാത്ത, പൂർണ്ണനായ ഏതെങ്കിലും വ്യക്തി (ക്രിസ്തു അല്ലാതെ) ഈ ലോകത്തിൽ ജീവിച്ചിരിപ്പുണ്ടോ അല്ലെങ്കിൽ ജീവിച്ചിട്ടുണ്ടോ എന്ന് നാം ആദ്യം ചോദിക്കണം.)
ഈസി ബിലീവിസം (ലളിത വിശ്വാസം/Simple Faith): രക്ഷിക്കപ്പെടാൻ യേശുവിനെ രക്ഷിതാവായി മാത്രം സ്വീകരിച്ചാൽ മതി, കർത്താവായി സ്വീകരിക്കേണ്ട ആവശ്യമില്ല (Non-Lordship Position). ആ വിശ്യാസി പിന്നീട് സമർപ്പിക്കുമ്പോഴാണ് ക്രിസ്തുവിന്റെ തന്റെ കർത്താവായി സ്വീകരിക്കുന്നത്. അപ്പോഴാണ് ദൈവത്തെ അനുസരിച്ച് ജീവിക്കുന്നത്. അപ്പോഴാണ് അവൻ കർത്താവിന്റെ ശ്യഷ്യൻ ആകുന്നത്. അതുവരെ അവൻ ഒരു വിശ്വാസി മാത്രമാണ്. രക്ഷിക്കപ്പെടാനുള്ള വിശ്വാസത്തിൽ സമർപ്പണം ഇല്ല എന്നും ഇവർ പഠിപ്പിക്കുന്നു.
ആന്റിനോമിയനിസം: ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു. അതാണ് വലുത്. വ്യക്തിപരമായ വിശുദ്ധീകരണമൊന്നും വലിയ കാര്യമല്ല. രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു. രക്ഷ ഭദ്രമാണ്. അതുകൊണ്ട് എങ്ങിനെ ജീവിച്ചാലും സ്വർഗ്ഗത്തിൽ പോകും എന്നാണ് ചിലർ ചിന്തിക്കുന്നത്. അവർ ആന്റി നോമിയൻസ് ആണ്.
സ്ഥിരത നിഷേധം: രക്ഷിക്കപ്പെട്ടവർ വിശ്വാസത്തിൽ തുടരണം എന്നു നിർബന്ധമില്ല, വിശ്വസത്തിലുള്ള വളർച്ച അനിവാര്യമല്ല. പിന്മാറിപ്പോയാലും സ്വർഗ്ഗത്തിൽ എത്തും എന്നു പഠിപ്പിക്കുന്നവർ.
മുകളിൽ പറഞ്ഞ വാക്കുകളുടെ ഉപയോഗമൊക്കെ കേട്ടുപരിചയമുള്ള വാക്കുകളാണെങ്കിലും ഇതൊന്നും ആത്മീയ പുരോഗതിക്കായിട്ടുള്ള വേദപുസ്തക സമീപനങ്ങൾ അല്ല. ജഡത്തിന്റെ പ്രവത്തികളായ മോഹങ്ങളും ശീലങ്ങളും മുറുകെ പിടിച്ചിരിക്കുന്ന പാപങ്ങളും സാവധാനതയോടും, ദൃഢതയോടും, ക്രമീകൃതമായും മരിപ്പിക്കുമ്പോൾ (put to death) ആണ് യഥാർത്ഥ വിശുദ്ധീകരണം ഉണ്ടാകുന്നത്. പാപപ്രകൃതത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുക മാത്രമല്ല, ക്രിസ്തീയ കൃപകളിൽ അവൻ വളരുകയും ചെയ്യുമ്പോൾ അവൻ വിശുദ്ധീകരണത്തിൽ പുരോഗതി പ്രാപിക്കുന്നു. (Progressive Sanctification).
റോമർ 6: 10-14 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
റോമർ 6: 19 നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ.
പാപത്തിന്റെ അടിമകളായിരുന്ന നമ്മൾ നീതിയുടെ ദാസന്മാർ അല്ലെങ്കിൽ നീതിയുടെ അടിമകളായിരിക്കുന്നു. അതുകൊണ്ട് വിശുദ്ധിയുടെ മാർഗ്ഗത്തിൽ തന്നെ ജീവിക്കണം. പാപത്തിന്റെ ദാസ്യത്തിൽ പിറന്ന നമ്മൾ പാപ ജീവിതത്തിൽ വളർന്നതുപോലെ ആത്മാവിൽ പിറന്ന നമ്മൾ വിശുദ്ധിയിൽ കൂടുതലായി വളരേണ്ടിയിരിക്കുന്നു. ഫിലിപ്പിയരോടുള്ള പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക:
ഫിലിപ്പിയർ 3:12-15 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
എബ്രായ ലേഖകനും ഇതിനോട് ചേർന്നാണ് സംസാരിക്കുന്നത്.
എബ്രായർ 12:1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
എബ്രായർ 12:14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
C. ക്രിസ്തുവിന്റെ രണ്ടാം വരവിൽ വിശുദ്ധീകരണം പൂർണ്ണമാകുന്നു.
ഈ ലോക ജീവിതത്തിൽ നമ്മുടെ വിശുദ്ധീകരണം പൂർണ്ണമാകുകയില്ല. പാപമയമായ ശരീരത്തിൽ നാം ജീവിക്കുന്നിടത്തോളം കാലം പൂർണ്ണത അപ്രാപ്യമാണ്. കർത്താവ് വരുമ്പോളാണ് ഒരു പുതുശരീരം നാം പ്രാപിക്കുന്നത്. പൗലോസ് പറയുന്നത് ശ്രദ്ധിക്കുക:
ഫിലിപ്പിയർ 3: 20 നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. 21 അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
1 കൊരിന്ത്യർ 15: 47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. 48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; 49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
കർത്താവ് വന്ന് ഒരു വിണ്മയമായ ശരീരം നാം പ്രാപിക്കുമ്പോൾ നമ്മുടെ വിശുദ്ധീകരണത്തിനു പൂർത്തീകരണം സംഭവിക്കുന്നു.
ആത്മീയ ശിക്ഷണങ്ങളോടുള്ള ബന്ധത്തിലാണല്ലോ നാം വിശുദ്ധീകരണത്തെക്കുറിച്ച് ചിന്തിച്ചത്. ആത്മീയ ശിക്ഷണവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?
ക്രിസ്തുവിൽ നാം വിശുദ്ധീകരിക്കപ്പെട്ടതുകൊണ്ടാണ് ആത്മീയ ശിക്ഷണങ്ങൾ നാം ശീലിക്കുന്നത്. നിത്യജീവൻ പ്രാപിക്കുവാനായി നാം ആത്മീയ ശിക്ഷണങ്ങൾ ശീലിക്കുന്നില്ല. ക്രിസ്തുവിലുള്ള നമ്മുടെ പുതുജീവന്റെ ഫലമാണ് ആത്മീയ ശിക്ഷണങ്ങൾ. ക്രിസ്തുവിൽ ആയിരിക്കുക എന്നു പറഞ്ഞാൽ നമുക്ക് പുതുജീവൻ തന്ന പരിശുദ്ധാത്മാവ് നമ്മളിൽ വസിക്കുന്നു എന്നാണർത്ഥം. പരിശുദ്ധാത്മാവ് നമ്മളിൽ വസിക്കുന്നതുകൊണ്ട് ദൈവത്തെ പ്രസാധിപ്പിക്കുന്ന ജീവിതം നയിക്കാനുള്ള ശക്തി നമുക്ക് ലഭ്യമാണ്. ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ റോമർ 8:3-8 വരെയുള്ള വാക്യങ്ങൾ വായിച്ചാൽ മതി. ക്രിസ്തുവിൽ ഉള്ളവർ ആത്മാവിനെ അനുസരിച്ച് നടക്കുകയും ആത്മീയമായി ചിന്തിക്കുന്നവരുമാണ്. ആത്മീയ ശിക്ഷണങ്ങൾ ശീലിക്കുന്നതാണ് ആത്മാവിൽ നടക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
രണ്ടാമതായി ദൈവഭക്തിയിൽ നമുക്ക് വളരേണ്ടത് അനിവാര്യമായതുകൊണ്ടാണ് നാം ആത്മീയ ശിക്ഷണങ്ങൾ ശീലിക്കുന്നത്. നാം ക്രിസ്തുവിൽ ആയപ്പോൾ/ വീണ്ടും ജനിച്ചപ്പോൾ പാപത്തിന്റെ അടിമ ചങ്ങല പൊട്ടിച്ച് പുറത്തേക്ക് വന്നു. വിശുദ്ധീകരണത്തിന്റെ പ്രഥമ പ്രവർത്തനം ആരംഭിച്ചു. നമ്മുടെ പാപത്തിന്റേയും പാപത്തിന്റെ ശിക്ഷയുടേയും ഭയങ്കരത്വം നാം ആദ്യമായി ദർശിച്ചു. നമ്മുടെ പാപത്തിന്റെ ശിക്ഷയുടെ മറുവിലയായി ദൈവം കാൽ വറിയിൽ അർപ്പിച്ച തന്റെ പുത്രന്റെ പ്രായ്ചിത്തയാഗത്തിൽ നാം വിശ്വസിച്ചു. നാം ഒരു പുതു സൃഷ്ടി ആയി. ഒരു പുതിയ ജീവിതം നാം ആരംഭിച്ചു. അതിന്റെ അർത്ഥം നാം പൂർണ്ണരായി എന്നല്ല. നമ്മുടെ വളർച്ച ആരംഭിച്ചിട്ടേ ഉള്ളു. ആത്മീയ പുരോഗതിയിലേക്ക് നാം വളരണം. ഈ വളരച്ചയിൽ ധാരാളം പോരാട്ടങ്ങൾ നമുക്ക് ഉണ്ട്. പാപ ജീവിതത്തിലേക്ക് വീഴാനുള്ള സാദ്ധ്യതകൾ ധാരാളമാണ്. അതുകൊണ്ട് ദിനം പ്രതി ദൈവത്തെ അനുസരിക്കാനുള്ള തീരുമാനം നാം മനപൂർവ്വമായി എടുക്കേണ്ടതായിട്ടുണ്ട്. സുവിശേഷത്തിനു യോഗ്യമായ ജീവിതം നയിക്കേണ്ടതുണ്ട്. ആത്മീയ ശിക്ഷണങ്ങൾ മാത്രമാണ് ദൈവഭക്തിയിലേക്കുള്ള വഴി. ദൈവഭക്തിക്കുവേണ്ടി അഭ്യാസം ചെയ്യുക എന്നാണ് പൗലോസ് തിമൊഥെയോസിനോട് പറയുന്നത്. അഭ്യാസം ചെയ്യുക എന്നു പറഞ്ഞാൽ ശീലിക്കുക എന്നാണ് അർത്ഥം. ഏതു കാര്യവും ശീലിക്കണമെങ്കിൽ അദ്ധ്വാനവും പരിശ്രമവും ആവശ്യമാണ്. എല്ലാം ഏൽപ്പിച്ചുകൊടുത്തു. ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ ആണ് എന്ന് പറഞ്ഞാൽ ആരും ദൈവഭക്തിയിൽ വളരാൻ പോകുന്നില്ല.
1 തിമൊഥെയൊസ് 4:7 -8 ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. 8 ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.
മുന്നമതായി ക്രിസ്തുവിലുള്ള നമ്മുടെ തേജസ്സിന്റെ പ്രത്യാശ ഉറപ്പുള്ളതുകൊണ്ടാണ് നാം ആത്മീയ ശിക്ഷണങ്ങൾ ശീലിക്കുന്നത്. നമ്മുടെ പ്രത്യാശ കേവലം ഒരു ആശയോ ആഗ്രഹമൊ അല്ല. നാം എന്തായി തീരും എന്ന ഉറപ്പ് നമുക്കുണ്ട്. യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. നമുക്ക് അറിയാം ഇത്. നമുക്ക് ഉറപ്പാണ്. ഈ ഉറപ്പ് നമുക്ക് ഉണ്ടെങ്കിൽ നാം എന്ത് ചെയ്യണം? അടുത്ത വാക്യം നോക്കൂ: “അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു”(1 യോഹന്നാൻ 3:2-3).
ആത്മീയ ശിക്ഷണങ്ങൾ ദൈവത്തിന്റെ കാരുണ്യം നേടാനുള്ള മാർഗ്ഗങ്ങളല്ല. വിവേകത്തോടും സന്തോഷത്തോടും, ശക്തിയോടും കൂടെയുള്ള സുവിശേഷ വിഹിത ജീവിതത്തിനു ദൈവം നൽകിയിട്ടുള്ള സ്രോതസ്സുകളാണ് അവ. വേദപുസ്ത ആത്മീയതയും വിശുദ്ധീകരണവും ക്രിസ്തുവിലും അവന്റെ സുവിശേഷത്തിലുമാണ് വേരൂന്നിനിൽക്കുന്നത്. ദൈവകൃപ പ്രാപിക്കുവാനുള്ള മാർഗ്ഗവും ദൈവകൃപയോടുള്ള നമ്മുടെ പ്രതികരണവുമാണ് ആത്മീയ ശീലങ്ങൾ അല്ലെങ്കിൽ അച്ചടക്കങ്ങൾ.
Leave a comment