ഒന്നാമതായ്, റോമർ 1:19-20 ൽ ദൈവത്തെക്കുറിച്ച് എല്ലാ മനുഷ്യർക്കും താൻ വെളിപ്പെടുത്തിയിരിക്കുന്നു എന്നു നാം കാണുന്നു. എല്ലാവരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എല്ലാവർക്കും ദൈവത്തെക്കുറിച്ച് അറിയാം. എല്ലാവർക്കും ദൈവത്തെക്കുറിച്ച് അറിയാം എന്നു പറയുമ്പോൾ എല്ലവരും ദൈവത്തെ ദൈവമായി സ്വീകരിക്കുന്നു എന്നർത്ഥമില്ല. മറിച്ച് അവർ അനീതികൊണ്ട് തങ്ങൾക്കറിയാവുന്ന ഈ സത്യത്തെ തടയുകയും (റോമർ 1:18, 28) തങ്ങളുടെ മനസ്സാക്ഷിയിൽ നിന്ന് അതിനെ നീക്കികളയാൻ ശ്രമിക്കുന്നു (1 തിമൊ 4:1-2). ദൈവീക ശബ്ദം തിരിച്ചറിയാനുള്ള കഴിവോടുകൂടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അവന് അത് തിരിച്ചറിയുവാനും കഴിയും. രണ്ടാമതായ്, പരിശുദ്ധാത്മാവ് ലോകത്തെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോദ്ധ്യം വരുത്തുന്നു. യോഹന്നാൻ 16:8-11 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ. ഈ ബോദ്ധ്യപ്പെടുത്തൽ ചിലപ്പോൾ മാനസാന്തരത്തിലേക്ക് നയിക്കാം (മത്തായി 18:15; 1 കൊരി. 14:24–25), എന്നാൽ എപ്പോഴും മാനസാന്തരത്തിലേക്ക് നയിക്കാറില്ല (മത്തായി 18:16ff; യൂദാ14–15). ഒരു വ്യക്തി സത്യത്തെ തടുക്കുന്നു എന്നും താൻ ഒരു പാപിയാണെന്നും യേശുക്രിസ്തുവിന്റെ നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് അവനെ ബോദ്ധ്യപ്പെടുത്തുന്നു. സത്യം അവനു ബോദ്ധ്യപ്പെടുന്നു എങ്കിലും ചില സമയങ്ങളിൽ സത്യത്തിനു അവൻ വിധേയപ്പെടാറില്ല. അതിനു പരിശുദ്ധാത്മാവിന്റെ വേറെ ഒരു പ്രവർത്തി ആവശ്യമാണ്. പരിശുദ്ധാത്മാവിന്റെ പ്രകാശനം എന്നാണ് അതിനെ പറയുക. ഇവിടെ പരിശുദ്ധാത്മാവ് തിരുവെഴുത്തിന്റെ ആധികാരിത അല്ലെങ്കിൽ തിരുവെഴുത്ത് വിശ്വസിപ്പാൻ യോഗ്യമാണെന്ന് അവനെ ബോദ്ധ്യപ്പെടുത്തുക മാത്രമല്ല, സത്യത്തിനു വിധേയപ്പെടുവാൻ അവനെ പ്രാപ്തനാക്കുന്നു (1 കൊരി. 2:4-5,14; 1 തെസ്സ 2:13). ഈ പ്രകാശന ശുശ്രൂഷ ആരംഭിക്കുന്നത് വീണ്ടുംജനനത്തോടെയാണ്. വീണ്ടുംജനിക്കുമ്പോൾ തന്നെ പരിശുദ്ധാത്മാവിന്റെ പ്രകാശന ശുശ്രൂഷ അവനിൽ ആരംഭിക്കുകയും അത് ദൈവവചനത്തെ ആത്മീയമായി വിവേചിച്ച് അതിനെ ഗ്രഹിക്കുവാനും അനുസരിക്കുവാനും അവനെ ശക്തീകരിക്കുന്നു. തിരുവെഴുത്ത് ദൈവത്തിന്റെ വചനമാണ് എന്നു നാം തിരിച്ചറിയുന്നത് പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനങ്ങളിൽ കൂടിയാണ്.