പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള വ്യാഖ്യാനമാണ് ശരിയായ വ്യാഖ്യാനം
പലവിധത്തിലുള്ള പശ്ചാത്തലങ്ങൾ ഒരു വ്യാഖ്യാതാവ് പരിശോധിക്കേണ്ടതായിട്ടുണ്ട്.
- മുഴുവൻ തിരുവെഴുത്തിന്റെ പശ്ചാത്തലം തിരിച്ചറിയണം. എല്ലാറ്റിലുമുള്ള ദൈവത്തിന്റെ ഉദ്ദേശം തന്റെ നാമ മഹത്വമാണ്. ആ ആശയത്തിൽ നിന്നുവേണം വേദഭാഗങ്ങളെ കാണേണ്ടത്.
- പഴയ/പുതിയ നിയമ പശ്ചാത്തലം തിരിച്ചറിയണം.
പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള രക്ഷയെക്കുറിച്ചുള്ള പരിജ്ഞാനം ഉണ്ടാകണം
യിസ്രയേലും സഭയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം.
- ബന്ധമുള്ള പുസ്തകങ്ങളുടെ പശ്ചാത്തലം ശ്രദ്ധിക്കണം—
ഒരു എഴുത്തുകാരന്റെ പല പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. ഉദാഹരണത്തിന് യോഹന്നാന്റെ പുസ്തകങ്ങൾ.
ഒരേ തരത്തിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് പ്രവചന പുസ്തകങ്ങൾ
- പുസ്തക പശ്ചാത്തലം മനസ്സിലാക്കിയിരിക്കണം— ഏത് വാക്യമാണോ വ്യാഖ്യാനിക്കുന്നത്, ആ പുസ്തകം എഴുതിയതിന്റെ ഉദ്ദേശം, സാഹചര്യം, സ്വീകർത്താക്കൾ എന്നിവ ശ്രദ്ധിക്കണം.
- വിഷയ പശ്ചാത്തലം. ഏത് വാക്യമാണെങ്കിലും അത് ഒരു ഖണ്ഡികയുടെ ഭാഗമാണ്. ആ ഗണ്ഡിക ഒരു വിഷയത്തിന്റെ വിശദീകരണത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഏത് വിഷയത്തോടുള്ള ബന്ധത്തിലാണ് ഈ ഖണ്ഡിക നൽകിയിരിക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം.ചിലപ്പോൾ ഒരു പുസ്തകം മുഴുവനും ഒരു വിഷയമായിരിക്കും അവതരിപ്പിക്കുന്നത്. ചിലപ്പോൾ ഒരു പുസ്തകത്തിൽ ഒന്നിലധികം വിഷയങ്ങൾ കാണും. ഏത് പശ്ചാത്തലത്തിലാണ് ആ വിഷയം അവതരിപ്പിക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം.
- അടുത്തള്ള പശ്ചാത്തലം— വ്യാഖ്യാനിക്കുന്ന വാക്യത്തിന്റെ/ ഖണ്ഡികയുടെ മുകളിലുള്ള ഖണ്ഡികയിൽ എന്തു പറയുന്നു അതുപോലെ അതിനുശേഷമുള്ള ഖണ്ഡികയിൽ എന്തു പറയുന്നു എന്നുള്ളത് മനസ്സിലാക്കണം.
അപ്പോഴാണ് എഴുത്തുകാരൻ ഒരു വാക്യത്തിൽ കൂടി എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് മനസ്സിലാക്കാൻ കഴിയുകയുള്ളു.