ക്രിസ്തുവിന്റെ നിത്യത ജനനം, ജീവിതം, മരണം എന്നിവെയക്കുറിച്ചുള്ള പഠന ശാഖയാണ് ക്രിസ്തുശാസ്ത്രം
ക്രിസ്തുവിനോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.
പഴയനിയമത്തിലെ യെഹോവയുടെ ദൂതൻ ആരാണ്?
പഴയനിയമത്തിലും പുതിയനിയമത്തിലും ‘ദൂതൻ‘ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അതു സാധാരണ ദൂതന്മാരെ ഉദ്ദേശിച്ചാണ് ഉപയോഗിക്കാറുള്ളത്. പക്ഷെ പഴയനിയമത്തിൽ കർത്താവിന്റെ ദൂതൻ അല്ലെങ്കിൽ യെഹോവയുടെ ദൂതൻ എന്നു പ്രത്യേകം പറയുമ്പോൾ (The Angel of Yahweh in English) അത് സാധാരണ ദൂതന്മാരെയല്ല പരാമർശിക്കുന്നത്, മറിച്ച് ദൈവശാസ് ത്രപരമായി പറയുകയാണെങ്കിൽ, പഴയനിയമത്തിലുള്ള ദൈവത്തിന്റെ പ്രത്യക്ഷതകളാണ്. എന്നുവെച്ചാൽ ക്രിസ്തുവിന്റെ പ്രത്യക്ഷതകളാണ്. താഴെയുള്ള വാക്യങ്ങൾ വായിച്ചു നോക്കുക:
ഈ ദൂതനെ ദൈവം എന്നു വിളിച്ചിരിക്കുന്നു (യാഹ് വെ എന്നും എലോഹിം എന്നും): ഉൽപ്പത്തി 16:7; 31:11-13; പുറപ്പാട് 3:1-6; ന്യായാധിപന്മാർ 13:13, 15, 16, 19, 22.
ഈ ദൂതൻ ആരാധന ആവശ്യപ്പെടുന്നു (പുറ. 3:1-6; യോശുവ് 5:15), സാധാരണ ദൂതന്മാർ ഇത് ഒരിക്കലും ചെയ്യാറില്ല. (വെളി. 22:8-9).
ഈ ദൂതൻ പിതാവായ ദൈവം അല്ല. പുറ. 23:23, 32:34, സെഖ. 1:12-13.
ഈ ദൂതൻ ക്രിസ്തുവിനുമാത്രം ലഭിച്ചിട്ടുള്ള പേരു ഉപയോഗിക്കുന്നു— ‘അതിശയമുള്ളത്’: ന്യായാ 13:18-19, യെശ. 9:6 നോക്കുക.
ഈ നിയമദൂതന്റെ വഴി വേറെ ഒരു ദൂതനാണ് നേരയാക്കുന്നത്, യോഹന്നാൻ സ്നാപകൻ (മലാഖി 3:1, യെശ. 40:3, യോഹ 1:23-27)
ഈ ദൂതൻ ക്രിസ്തുവിന്റെ ജനനത്തിനുശേഷം പിന്നീട് ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല.
എന്താണ് ക്രിസ്തുവിന്റെ ജഡധാരണം (The Incarnation of Christ)?
ദൈവം ജഡരൂപം എടുത്തു എന്നാണ് ഇതുകൊണ്ട് വേദപുസ്തകം ഉദ്ദേശിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനായ വ്യക്തി എന്നന്നേക്കുമായി മാനുഷിക പ്രകൃതവും രൂപവും പ്രാപിച്ചു.
ക്രിസ്തുവിന്റെ ജഡധാരണം ഇല്ലായിരുന്നെവെങ്കിൽ രക്ഷയുമുണ്ടാകുകയില്ല എന്നു പറയുവാനുള്ള കാരണം എന്താണ്?
ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനപരമായ ഉപദേശമാണ് ജഡധാരണം. ത്രിത്വം ഇല്ലാതെ ജഡധാരണം ഇല്ല. ജഡധാരണം ഇല്ലതെ രക്ഷയും ഇല്ല. കാരണം, പാപത്തിന്റെ മറുവില കൊടുപ്പാൻ പാപമില്ലാത്തവനും പൂർണ്ണനുമായ പകരക്കാരൻ ആവശ്യമാണ്. പാപമില്ലാത്തവനും പൂർണ്ണനുമായ പകരക്കാരൻ ദൈവവും മനുഷ്യനുമായിരിക്കണം. കാരണം ഒരു മനുഷ്യനു മാത്രമേ കഷ്ടം അനുഭവിക്കുവാനും മരിക്കുവാനും കഴിയുകയുള്ളൂ. മാത്രമല്ല, ഒരു യഥാർത്ഥ ദൈവീക വ്യക്തിക്ക് മാത്രമേ ആ കഷ്ടതക്ക് നിത്യമായ മൂല്യം നൽകുവാൻ കഴിയുകയുള്ളൂ.
ക്രിസ്തുവിന്റെ ആരംഭം ജഡധാരണത്തോടെയാണെന്ന് ചിലർ പറയുനന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ജഡധാരണത്തിന് ക്രിസ്തുവിന്റെ ആരംഭവുമായി യാതൊരു ബന്ധമില്ല. ക്രിസ്തുവിനു ആരംഭവുമില്ല, അവസാനവുമില്ല. കാരണം താൻ നിത്യനാണ്. ഈ ലോകത്തിലേക്കുള്ള വരവുമായിട്ടാണ് ജഡീകരണത്തിനു ബന്ധമുള്ളത്. ഈ വസ്തുത വിശദീകരിക്കുന്ന അനേക വിവരണങ്ങൾ വേദപുസ്തകത്തിലുണ്ട്.
- അവൻ വന്നു— മത്തായി 20:28
- അവൻ ജഡമായിതീർന്നു— യോഹന്നാൻ 1:14
- അവനെ ഈ ലോകത്തിലേക്ക് അയച്ചു— യോഹന്നാൻ 3:17
- അവൻ സ്വർഗ്ഗത്തിൽ നിന്ന് വന്നു— യോഹന്നാൻ 3:13; 6:51.
- ദാവീദിന്റെ സന്തതിയിൽ നിന്നു ജനിച്ചു—റോമർ 1:5
- മാനുഷിക ജഡത്തിന്റെ സാദrശ്യത്തിൽ അയച്ചു— റോമർ 8:3
- സ്ത്രീയിൽ നിന്നു ജനിച്ചു— ഗലാത്യർ 4:4
- അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദrശ്യത്തിലായി. ഫിലിപ്പ്യർ 2:6-7
- അവൻ ജഡരക്തത്തോടുകുടെ വന്നു— എബ്രായർ 2:14
- തന്റെ സഹോദരന്മാരോട് സദrശ്യനായിത്തീർന്നു— എബ്രായർ 2:17
- അവനു ഒരു ശരീരം ഒരുക്കി— എബ്രായർ 10:5
- അവൻ പ്രത്യക്ഷനായി— 1 യോഹന്നാൻ 3:5.
ഫിലിപ്പ്യർക്കുള്ള ലേഖനത്തിൽ ക്രിസ്തു “തന്നെത്താൻ ഒഴിച്ചു” (കെനോസിസ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് ക്രിസ്തു ഒഴിച്ചത്?
ക്രിസ്തു തന്നെത്താൻ ഒഴിച്ചു എന്നത് വിശദീകരിക്കുവാൻ പണ്ഡിതന്മാർ പലതരത്തിലുള്ള വദഗതികൾ നിരത്തിയിട്ടുണ്ട്. അതിൽ ചില വാദങ്ങൾ പരിശോധിക്കാം:
ക്രിസ്തു തന്റെ ദൈവീകത്വത്തെ ഒഴിച്ചു എന്നതാണ് ഒന്നാമത്തെ വാദം. ഇത് ഒരിക്കലും അഗീകരിക്കാൻ പറ്റുന്ന ഒരു ചിന്താഗതിയല്ല. ദൈവത്തിന് ഒരിക്കലും തന്റെ ദൈവീകത്വം ഒഴിവാക്കാൻ പറ്റുകയില്ല. മാത്രമല്ല, ക്രിസ്തുവിന്റെ മരണത്തിന് എന്തെങ്കിലും മുല്യമുണ്ടാകണമെങ്കിൽ താൻ ദൈവമായിരിക്കുക തന്നെ വേണം. ക്രിസ്തുവിന്റെ മരണത്തിന് 1അനന്തമായ മൂല്യം നൽകുന്നത് തന്റെ ദൈവീകത്വമാണ്.
തന്റെ ദൈവീക ഗുണങ്ങളെ ക്രിസ്തു ഒഴിച്ചു എന്നാണ് രണ്ടാമത്തെ വാദം. ഇതും ഒരിക്കലും അംഗികരിക്കാൻ പറ്റുന്നതല്ല. ദൈവീക ഗുണങ്ങൾ അടങ്ങിയ വ്യക്തിയെ ആണ് നാം ദൈവം എന്നു വിളിക്കുന്നത്. ദൈവീക ഗുണങ്ങളെ ഒഴിച്ചാൽ ദൈവം ദൈവമല്ലാതയി തീരും. മാത്രമല്ല, ഈ ലോക ജീവിതത്തിൽ പലപ്പോഴും ക്രിസ്തു തന്റെ ദൈവീക സ്വഭാവങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ദൈവീക ഗുണങ്ങളുടെ സ്വതന്ത്രമായ ഉപയോഗം ക്രിസ്തു ഒഴിച്ചു എന്നതാണ് അടുത്ത വാദം.അനേകർ വിശ്വസിക്കുന്ന ഒരു വാദഗതിയാണിത്. പിതാവിന്റെ സമ്മതത്താൽ മാത്രം തന്റെ ഗുണങ്ങൾ ക്രിസ്തു ഉപയോഗിച്ചു എന്നാണ് പൊതുവിൽ ഈ ചിന്താഗതിയെ വിശദീകരികക്കുന്നത്. ഇതിലുള്ള പ്രധാന കുഴപ്പം, ദൈവീക ഗുണങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗുണം സ്വാതന്ത്ര്യം ആണ്. (ദൈവത്തിനു ഇഷ്ടമുള്ളതൊക്കേയും ചെയ്യുക എന്നതാണ് ദൈവീക സ്വാതന്ത്ര്യം എന്ന ഗുണം കൊണ്ടുദ്ദേശിക്കുന്നത്). അതുകൊണ്ട് ക്രിസ്തുവിന്റെ സ്വതന്ത്ര്യം ഒഴിച്ചാലും താൻ ദൈവമല്ലാതായി തീരും. അതിന്റെ അർത്ഥം പിതാവിന്റെ ഹിതത്തിനു വിരോധമായി താൻ പ്രവർത്തിച്ചു എന്നല്ല. പൂർവ്വകാല നിത്യതയിലും ത്രിത്വത്തിന്റെ ക്രമീകരണം അങ്ങിനെ തന്നെയായിരുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ദൈവീക സ്വാതന്ത്ര്യം എന്ന ഗുണം ഉണ്ടായിരുന്നു. അന്നും ആരും പരസ്പരവിരുദ്ധമായി പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പൂർവ്വകാല നിത്യതയിലും പുത്രൻ പിതാവിന്റെ ഇഷ്ടത്തിനു അനുസരിച്ചു തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഭാവികാല നിത്യതയിലും അങ്ങിനെതന്നെ ഉണ്ടാകും
ജഡധാരണമാണ് കെനോസിസ് എന്ന് വിശദീകരിക്കുന്നവരുമുണ്ട്. ഈ ഭൂമിയിൽ മനുഷ്യനായ് ജനിച്ചതാണ് തന്നെത്താൻ ഒഴിച്ചു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ചിലർ മനസ്സിലാക്കുന്നത്. ജഡധാരണം തന്നെത്താൻ ഒഴിക്കലാണെങ്കിൽ (കെനോസിസ്) ക്രിസ്തു നിത്യതയിലും തന്നെത്താൻ ഒഴിച്ച അവസ്ഥയിൽ തുടരേണ്ടതായിട്ടുവരും എന്നതാണ് ഈ ചിന്താഗതിയുടെ പ്രധാന കുഴപ്പം. ഭാവികാല നിത്യതയിലും ക്രിസ്തു ദൈവമനുഷ്യൻ തന്നെയാണ്.
താൻ സൃഷ്ടിച്ച മനുഷ്യരുടെ കയ്യിൽ നിന്നുതന്നെ പീഢനവും മരണവും സഹിക്കാൻ തന്നെ തന്നെ താഴ്ത്തി ഏൽപ്പിച്ചു കൊടുത്തതാണ് തന്നെത്താൻ ഒഴിച്ചു (കെനോസിസ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തന്റെ മഹത്വം താൻ ഉപേക്ഷിച്ചു എന്നൊക്ക് തിരുവെഴുത്ത് പറയുമ്പോൾ താൻ ഉദ്ദേശിക്കുനതും ഇതു തന്നെയാണ്.
ക്രിസ്തുവിന്റെ ജഡധാരണത്തിന്റെ ഉദ്ദേശങ്ങൾ എന്തെല്ലാം?
- അദrശ്യനായ ദൈവത്തിന്റെ നിത്യമായ വെളിപ്പാട് ദrശ്യമായ രൂപത്തിൽ മാനവരാശിക്ക് നൽകുവാൻ— യോഹന്നാൻ 1:14, 18, 14:9, കൊലോസ്യർ 1:15.
- പാപികൾക്കുവേണ്ടി മരിക്കുവാനും അവരെ പാപത്തിൽ നിന്നു രക്ഷിക്കുവാനും
എബ്രായർ 2:14, 17, 10:4, 5, 8–10, 1 യോഹന്നാൻ 3:5.
- നമുക്ക് നിത്യജീവൻ നൽകുവാൻ— യോഹന്നാൻ 10:10, 11; 6:51
- മനുഷ്യജീവിതം അനുഭവിച്ചറിയുവാൻ— ഒരു മനുഷ്യനു മാത്രമേ പൂർണ്ണ മഹാപുരോഹിതനാകുവാൻ കഴിയുകയുള്ളൂ.
എബ്രായർ 2:17–18. ഒരു മനുഷ്യനു മാത്രമേ പൂർണ്ണനായ ന്യായധിപതിയാകുവാൻ കഴിയുകയുള്ളൂ. യോഹന്നാൻ John 5:22, 27
- വിശ്വാസികൾക്ക് പൂർണ്ണമായ ഒരു മാതrക കാണിച്ചുകൊടുക്കുവാൻ— നമ്മൾ ഇപ്പോൾ എങ്ങിനെയായിരിക്കണം—1 യോഹന്നാൻ 2:6, 1 പത്രൊസ് 2:21. ഭാവിയിൽ നമ്മൾ എങ്ങിനെയായിരിക്കും— 1 യോഹന്നാൻ 3:2
മനുഷ്യൻ പാപം ചെയ്തില്ലായിരുന്നെങ്കിൽ ക്രിസ്തു മനുഷ്യനായി ജനിക്കണമായിരുന്നോ?
അതെ എന്നതാണ് എന്റെ ഉത്തരം. മനുഷ്യനായി ജനിക്കുന്നത് ഒരു കുറവൊന്നുമല്ല എന്ന് ആദ്യമായി നാം മനസ്സിലാക്കേണം. ഏദൻ തോട്ടത്തിൽ വെച്ചു തന്നെ ദൈവം ആദാമിനോടുകൂടെ നടന്നിരുന്നു (ഉൽ. 3:8). ദൈവവുമായിട്ടുള്ള കൂട്ടായ്മ നഷ്ടമായതിനുശേഷം, അവനുമായ് കൂട്ടായ്മ അനുഭവിപ്പാൻ വീണ്ടുംജനിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ ദൃശ്യമായ വെളിപ്പെടലിനായ് വാഞ്ചിച്ചിരുന്നു. ഉദാഹരണത്തിന് തനിക്കും ദൈവത്തിനുമിടയിൽ മദ്ധ്യസ്ഥനായിരിക്കുവാൻ ഒരു വ്യക്തിയെ ഇയ്യോബ് ആഗ്രഹിച്ചു (ഇയ്യോ. 9:32-33). ഫിലിപ്പോസിനു ക്രിസ്തുവിനോടുള്ള ഏക അപേക്ഷ പിതാവിനെ ഒന്നു കാണിച്ചു തരിക എന്നുള്ളതുമാത്രമായിരുന്നു. ദൈവത്തെ കാണുക, ദൈവത്തോടുകൂടെ വസിക്കുക എന്നതൊക്കെ ദൈവമക്കളുടെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ചരിത്രത്തിന്റെ അവസാനത്തിൽ “ദൈവം നമ്മളോടുകൂടെ വസിക്കുകയും, അവൻ നമ്മുടെ ദൈവവും നാം അവന്റെ ജനങ്ങളുമായിരിക്കും” (പുറ. 6:7, വെളി. 21:3) എന്ന് വേദപുസ്തകം പറയുന്നത്. ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ടമായ വെളിപ്പാട് ക്രിസ്തു ആയിരിക്കുന്നതുകൊണ്ട്, ദൈവം തന്നെ നമ്മുക്ക് വെളിപ്പെടുത്തുവാൻ പാപമില്ലായിരുന്നുവെങ്കിലും മനുഷ്യനായി അവതരിക്കുമായിരുന്നു.
യേശു കന്യകയിൽ ജനിച്ചു എന്നാണല്ലോ ബൈബിൾ പറയുന്നത്. കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?
കന്യകയായ മറിയയിൽ ആണ് യേശു ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തിൽ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നാണ് ക്രിസ്തുവിന്റെ കന്യകാ ജനനം. ഇതിന്റെ മൂന്ന് പ്രാധാന്യങ്ങൾ ശ്രദ്ധിക്കുക:
(1) സുവിശേഷ രേഖകളുടെ ആശ്രയയോഗ്യതക്ക് അല്ലെങ്കിൽ വിശ്വാസയോഗ്യതക്ക് ഇത് അനിവാര്യമാണ്. കന്യക ജനനത്തെക്കുറിച്ച് സുവിശേഷത്തിന് തെറ്റിയിട്ടുണ്ടെങ്കിൽ ക്രിസ്തുവിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളും തെറ്റിയേക്കാം. (2) കർത്താവിന്റെ പാപമില്ലായ്മക്ക് ഇത് ആവശ്യമാണ്. (3). മാത്രമല്ല, തന്റെ ഏകവ്യക്തിത്വത്തിനു ഇത് അത്യവശ്യമാണ്. ക്രിസ്തു മനുഷ്യനായി ജനിക്കുന്നതിനു മുമ്പെ തന്നെ ഒരു വ്യക്തിയാണ്. ഒരു പുരുഷനും സ് ത്രീയും കൂടിചേരുമ്പോൾ പുതിയ ഒരു വ്യക്തി ഉണ്ടാകുന്നു. യേശുക്രിസ്തുവിന്റെ ജനനം കന്യകാജനനം അല്ലായിരുന്നുവെങ്കിൽ യേശുക്രിസ്തു ദ്വന്ദവ്യക്തിത്വമായിതീർന്നേനെ.
ദൈവത്തിന്റെ ഏകജാതനായ പുത്രൻ എന്ന് ക്രിസ്തുവിനെക്കുറിച്ച് പറയുന്നു. എന്താണ് ഇതിന്റെ അർത്ഥം?
“മോണോജനസ്” എന്ന ഗ്രീക്ക് പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യകാല പരിഭാഷകർ “മോണോ” (ഏകൻ മാത്രം-only one), അതുപോലെ “ഗെന്നാവോ” (ജനിക്കുക-to be born) എന്നി രണ്ടുവാക്കുകളിൽ നിന്നാണ് ഈ പദം ഉടലെടുത്തത് എന്നാണ് വിചാരിച്ചത്. വാസ്തവത്തിൽ “മോണോ” അതുപോലെ “ജെനോസ്” (തരം വർഗ്ഗം- species or kind) എന്നീ വാക്കുകളിൽ നിന്നാണ് ഈ വാക്ക് ഉടലെടുത്തത്. ദൈവത്തിന്റെ ഏകൻ അല്ലെങ്കിൽ നിസ്തുല്യൻ (one and only)എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ദൈവത്തിന്റെ പുത്രൻ എന്നാണല്ലോ യേശുക്രിസ്തുവിനെ ബൈബിളിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. ദൈവത്തിനു ഉണ്ടായ മകൻ എന്നാണോ ഇതിന്റെ അർത്ഥം?
മലയാളത്തിൽ മാതാപിതാക്കന്മാർക്കുണ്ടാകുന്ന ആൺകുട്ടിയെ ആണ് പുത്രൻ എന്നു വിളിക്കാറുള്ളത്. എന്നാൽ ഗ്രീക്ക് ഭാഷയിലും എബ്രായ ഭാഷയിലും പുത്രൻ എന്നവാക്കിന്റെ അർത്ഥം കുറച്ചു വിശാലമാണ്. ഏന്തിന്റെയെങ്കിലും ആരുടെയെങ്കിലും ഗുണങ്ങൾ ഒരാൾ പങ്കുവെക്കുന്നുവെങ്കിൽ പങ്കുവെക്കുന്ന ആളെ അയാളുടെ അല്ലെങ്കിൽ അതിന്റെ പുത്രൻ എന്ന് പറയാറുണ്ട്. ഉദാഹരണത്തിനു:
നോഹ 500 വർഷത്തിന്റെ പുത്രൻ ആയിരുന്നു (ഉൽപ്പത്തി 5:32) എന്ന് എബ്രായ ഭാഷയിൽ പറയുന്നു. നോഹക്ക് 500 വയസ്സയി എന്നാണ് മലയാളം ബബിളിൽ നാം വയിക്കുന്നത്. നോഹക്ക് 500 വയസ്സായി എന്ന് പറയുമ്പോൾ 500 വർഷത്തിന്റെ ഗുണഗണങ്ങളെല്ലാം മോശക്ക് ഉണ്ടായി എന്നാണ് അതിന്റെ അർത്ഥം.
യോനയുടെ ആവണക്ക് ഒരു രാത്രിയുടെ പുത്രൻ (എബ്രായ ഭാഷയിൽ) ആയിരുന്നു. ഒരു രാത്രിയുടെ പുത്രൻ എന്നുവെച്ചാൽ ഒറ്റ രാത്രികൊണ്ട് ഉണ്ടായി എന്നാണർത്ഥം. (യോനാ 4:10)
യൂദാ നാശത്തിന്റെ പുത്രൻ ആയിരുന്നു. നാശയോഗ്യൻ എന്ന് മലയാളം ബൈബിളിൽ കാണുന്നു (യോഹന്നാൻ 17:12)
ബർന്നബാസ് ആശ്വാസത്തിന്റെ പുത്രൻ ആയിരുന്നു. പ്രബോധന പുത്രൻ എന്ന് മലയാളം ബൈബിളിൽ (അ. പ്ര. 4:36).
യേശുവിനെ മനുഷ്യപുത്രൻ എന്ന് വിളിച്ചിരിക്കുന്നു. മനുഷ്യന്റെ സത്ത അല്ലെങ്കിൽ സാരാംശം അല്ലെങ്കിൽ പ്രകൃതം ഉള്ളവരെയാണ് മനുഷ്യ പുത്രൻ എന്ന് വിളിക്കുന്നത്. യേശുവിനെക്കുറിച്ച് പറയുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക: ദാനിയേൽ 7:13; മത്തായിയുടെ സുവിശേഷത്തിൽ 27 പ്രാവശ്യം; മർക്കോസിന്റെ സുവിശേഷത്തിൽ 11 പ്രാവശ്യം; ലൂക്കോസിറ്റെ സുവിശേഷത്തിൽ 25 പ്രാവശ്യം; യോഹന്നാന്റെ സുവിശേഷത്തിൽ 12 പ്രാവശ്യം; വെളിപ്പാട് 1:13; 14:14.
മറ്റു മനുഷ്യരെ മനുഷ്യപുത്രന്മാർ എന്ന് വിളിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: സംഖ്യ 23:19; ഇയ്യോബ് 25:6; സങ്കീ. 8:4; യെശ. 51:12; യെഹസ്ക്കിയേലിൽ 95 പ്രാവശ്യം; ദാനി. 8:17; എബ്രാ 2:6.
യേശുക്രിസ്തുവിനെ ദൈവപുത്രൻ എന്നുവിളിക്കുമ്പോൾ ദൈവത്തിന്റെ ഗുണങ്ങളും സ്വഭാവങ്ങളും യേശുക്രിസ്തുവിനു ഉണ്ട് എന്ന് കാണിക്കുവാനാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ യേശുക്രിസ്തു ദൈവമാണെന്ന് കാണിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. യെഹൂദന്മാർക്ക് ഏറ്റവും അധികം വിരോധം ഉണ്ടാകുവാനുള്ള കാരണവും ഇതാണ്. പിതാവിനെ യേശു തന്റെ പിതാവ് എന്ന് വിളിച്ചു. ഞാൻ ദൈവത്തിന്റെ പുത്രനാണെന്നു പറഞ്ഞു. ഈ ശൈലിയുടെ അർത്ഥം യെഹൂദന്മാർക്ക് കൃത്യമായി മനസ്സിലായി. യേശു തന്നെ തന്നെ ദൈവത്തോട് സമനാക്കുന്നു എന്നവർക്ക് ബോദ്ധ്യമായി. അതുകൊണ്ടാണ് യേശുവിനെ കൊല്ലാൻ അവർ തീരുമാനിച്ചത്. ചില വാക്യങ്ങൾ ശ്രദ്ധിക്കുക:
യോഹന്നാൻ 5:17-18 യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
യോഹന്നാൻ 10: 33-39 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു……………………. ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
യോഹന്നാൻ 19:7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
വിശ്വാസികളേയും ദൈവപുത്രന്മാർ അല്ലെങ്കിൽ ദൈവമക്കൾ എന്നു വിളിച്ചിട്ടുണ്ടല്ലോ? അതിനെ എങ്ങിനെയാണ് വിശദീകരിക്കുന്നത്?
വീണ്ടുംജനനത്താൽ എല്ലാ വിശ്വാസികളും ദൈവകുടുംബത്തിന്റെ ഭാഗമായിതീരുന്നു. ദൈവത്തിന്റെ മക്കൾ എന്നു പറയുമ്പോൾ ദൈവത്തിന്റെ ഗുണങ്ങൾ പരിമിതമായ രീതിയിൽ നമും പങ്കുവെക്കുന്നുണ്ട്. പക്ഷെ ക്രിസ്തുവും നമ്മളും തമ്മിൽ അനന്തമായ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ തന്റെ നിസ്തുല്ല്യനായ പുത്രൻ എന്ന് പിതാവ് സംബോധനചെയ്യുന്നത്.
ക്രിസ്തു ദൈവമാണെന്ന് പറയുമ്പോൾ തന്നെ തന്റെ രണ്ടാം വരവിന്റെ സമയത്തെക്കുറിച്ച് തനിക്കറിയില്ല എന്ന് മത്തായി 24:36 ൽ പറയുന്നുണ്ടല്ലോ. ദൈവമാണെങ്കിൽ സകലവും അറിയേണ്ടതല്ലെ?
ക്രിസ്തു ദൈവമായിരുന്നവനും ഈ ഭൂമിയിൽ വന്നപ്പോൾ മാനുഷ്യ പ്രകൃതം എടുക്കുകയും ചെയ്തു. താൻ ഒരു വ്യക്തി ആയിരിക്കുമ്പോൾ തന്നെ രണ്ട് പ്രകൃതങ്ങൾ ഉള്ളവനായിരുന്നു. തന്റെ വ്യക്തിത്വം നിത്യമാകുമ്പോൾ തന്നെ തന്റെ മാനുഷിക പ്രകൃതം (തലച്ചോറുൾപ്പെടെ) മറിയത്തിൽ നിന്നാണ് ലഭിച്ചത്. തന്റെ വളർച്ചക്കനുസരിച്ച് തന്റെ ദൈവീക പ്രകൃതം വസ്തുതകൾ കുറേശെയാണ് തന്റെ തലച്ചോറിലേക്ക് പകർന്നത്. അതുകൊണ്ടാണ് ക്രിസ്തു ജ്ഞാനത്തിൽ മുതിർന്നുവന്നു (ലൂക്കോസ് 2:52) എന്നും അനുസരണം പഠിച്ചു (എബ്രായർ 5:8) എന്നും ബൈബിൾ പറയുന്നത്. ക്രിസ്തുവിന്റെ രണ്ടാവരവിന്റെ സമയത്തെക്കുറിച്ചുള്ള വിവരം ദൈവീക പ്രകൃതം തന്റെ തലച്ചോറിലേക്ക് പങ്കുവെച്ചില്ല. അതുകൊണ്ടാണ് തനിക്കറിയില്ല എന്ന് പറഞ്ഞത്.
ഹൈപോസ്റ്റാറ്റിക്ക് യൂണിയൻ എന്ന് ദൈവജ്ഞന്മാർ പറയുന്നുണ്ടല്ലോ. എന്താണത്?
സാധാരണ ഒരു ഒരു വ്യക്തിക്ക് ഒരു പ്രകൃതമേയുണ്ടാകാറുള്ളൂ. പക്ഷെ ക്രിസ്തുവിന് രണ്ട് പ്രകൃതങ്ങളുണ്ട്: ദൈവീക പ്രകൃതവും മാനുഷിക പ്രകൃതവും. രണ്ടുപ്രകൃതമുള്ള ഒരു വ്യക്തി. കലങ്ങിച്ചേരാതെയുള്ള രണ്ട് പ്രകൃതങ്ങളുടെ ഒരു സംയോജനമാണ് ഹൈപോസ്റ്റാറ്റിക്ക് യൂണിയൻ (ദൈവ-മനുഷ്യ സംയോജനം). കലങ്ങിച്ചേർന്നാൽ ദൈവമോ മനുഷ്യനോ അല്ലാത്ത ഒരു പ്രകൃതമായിരിക്കും ഉണ്ടാകുക. യേശുക്രിസ്തു അർദ്ധനാരീശ്വരനുമല്ല. പൂർണ്ണമായും ദൈവവും പൂർണ്ണമായും മനുഷ്യനുമാണ് യേശുക്രിസ്തു. മനുഷ്യദൈവമല്ല. ദൈവമനുഷ്യനാണ് ക്രിസ്തു.
ക്രിസ്തു എന്തിനുവേണ്ടിയാണ് മരിച്ചത്?
മാനവരാശിക്കു രക്ഷ ഒരുക്കുക എന്നതാണ് ക്രിസ്തുവിന്റെ മരണത്തിന്റെ പ്രധാന ഉദ്ദേശമായി വേദപുസ്തകം പറയുന്നത്. ചില കാരണങ്ങൾ കൂടി ശ്രദ്ധിക്കുക:
തന്റെ നിത്യമായ ഉദ്ദേശങ്ങൾ നിറവേറ്റാൻ—യോഹ. 12:27, വെളി. 13:8
പിതാവായ ദൈവത്തിന്റെ ഇഷ്ടത്തെ അനുസരിക്കുവാൻ— മത്തായി 26:38-39, 42, 44. എബ്രാ 10:5-7
പ്രവചനങ്ങൾ നിറവേറ്റുവാൻ— മത്തായി 26:52-54, ലൂക്കോസ് 24: 44-46.
തന്റെ നിത്യജീവൻ മനുഷ്യർക്കു പങ്കുവെക്കുവാൻ— യോഹ 3:14-15, 12:20-24
ന്യായപ്രമാണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ— എബ്ര. 2:17, 9:14, 22, 23, 26, ഗലാ. 3:10,13.
ക്രിസ്തുവിന്റെ മരണം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?
വേർപാട് എന്നുള്ളതാണ് മരണത്തിലെ പ്രധാന ആശയം. അടിസ്ഥാനപരമായി രണ്ടുതരത്തിലുള്ള മരണങ്ങളാണ് ഉള്ളത്. ഒന്ന് ശാരീരിക മരണം. ദേഹത്തിൽ നിന്നും ദേഹി വേർപെടുന്നതാണ് അത്. രണ്ടാമത്,
ആത്മീക മരണം. ദൈവത്തിൽ നിന്നും ഒരു വ്യക്തിയുടെ വേർപാടാണ് ഇത്. ആത്മീയ മരണത്തെ ഉറപ്പിക്കുന്നതാണ് രണ്ടാം മരണം അല്ലെങ്കിൽ നിത്യമരണം. പാപത്തിന്റെ ഫലമായ് ആത്മീയ മരണം ഉണ്ടായി. ആത്മീയ മരണത്തിന്റെ ഫലമായി ശാരീരികമരണം ഉണ്ടായി.
യേശുക്രിസ്തു പാപം ആയിതീർന്നപ്പോൾ രണ്ടുതരത്തിലുള്ള മരണവും അനുഭവിച്ചു (2 കൊരി 5:21). ദേഹത്തിൽ നിന്നുള്ള ദേഹിയുടെ വേർപാട് അനുഭവിച്ചു. അതുപോലെ യേശു ദൈവത്തിൽ നിന്നും വേർപാട് അനുഭവിച്ചു (മത്തായി 27:46). എന്നാൽ അത് ത്രിത്വത്തിൽ നിന്നുള്ള വേർപാട് അല്ല. ക്രിസ്തുവിനെ ത്രിത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുമില്ല. ക്രിസ്തുവിന്റെ ദൈവീകവും മാനുഷികവുമായ പ്രകൃതങ്ങളൂടെ വേർപാട് അല്ല. പിതാവ് പുത്രനെ ഉപേക്ഷിച്ചതുമല്ല. താൻ ക്രിസ്തുവിനെ ക്രൂശിൽ വെച്ചും സ്നേഹിച്ചു (യോഹ. 10:17).
ഇത് ഒരു നിയമപരമായ വേർപാടാണ്. ക്രിസ്തുവിനെ പാപം ആക്കിയപ്പോൾ താൻ ഒരു പാപിയായിതീർന്നില്ല. പാപം തന്റെ കണക്കിലേക്ക് നിക്ഷേപിക്കുകയും അതിന്റെ കുറ്റത്തെ താൻ ഏറ്റെടുക്കുകയുമാണ് ചെയ്തത്. പാപത്തിന്റെ സാന്നിദ്ധ്യത്തിൽ ദൈവീക പരിശുദ്ധി ആവശ്യപ്പെട്ടതനുസരിച്ച് ഒരു മനുഷ്യൻ ദൈവത്തിൽ നിന്നും അകന്നുപോകുന്നതിന്റെ ഭീകരത ക്രിസ്തു അനുഭവിക്കുകയായിരുന്നു. ക്രൂശീകരണം കാരണം താൻ മരണത്തെ രുചിച്ചറിഞ്ഞു (മത്തായി 27:50).
ക്രിസ്തുവിന്റെ മരണത്തിന്റെ പ്രയോജനം എങ്ങിനെയാണ് തിരുവെഴുത്ത് വിശദീകരിക്കുന്നത്?
ക്രിസ്തുവിന്റെ മരണത്തെ പാപപരിഹാരയാഗം എന്ന രീതിയിലാണ് വേദപുസ്തകം വിശദീകരിക്കുന്നത്. പാപപരിഹാരത്തിനു നാലുവശങ്ങൾ ഉണ്ട്. അത് മനസ്സിലാക്കണമെങ്കിൽ നാലു വാക്കുകൾ പഠിക്കേണ്ടതുണ്ട്. കുറ്റം, അടിമത്വം, കോപം, ശത്രുത എന്നിവയാണ് അവ. കുറ്റത്തിനു പ്രായ്ശ്ചിത്തം ആവശ്യമാണ്. അടിമത്വത്തിൽ നിന്ന് വീണ്ടെടുപ്പ് ആവശ്യമാണ്. കോപനത്തിനു ശമനം ആവശ്യമാണ്. ശത്രുതയിൽ നിന്നു നിരപ്പ് ആവശ്യമാണ്. തന്റെ പാപപരിഹാര യാഗത്തിലൂടെ ക്രിസ്തു നിവർത്തീകരിച്ചത് പ്രാധാനമയും ഈ നാലുകാര്യങ്ങളാണ്.
കുറ്റം, അടിമത്വം, കോപം, ശത്രുത എന്നീ മേഘലകളിലുള്ള ദൈവത്തിന്റെ പരിശുദ്ധമായ ആവശ്യങ്ങൾ നിവൃത്തീകരിക്കുവാൻ പറ്റുന്ന രീതിയിൽ ക്രിസ്തുവിന്റെ രക്തത്തിന് കാര്യക്ഷമത കൊടുക്കുന്നത് എന്താണ്?
അനുസരണം എന്നുള്ളതാണ് അതിനുള്ള ഉത്തരം. സകല പാപങ്ങളേയും ശുദ്ധീകരിക്കുവാൻ പറ്റുന്ന രീതിയിൽ തന്റെ രക്തത്തെ ആക്കിത്തീർത്തത് ക്രിസ്തുവിന്റെ അനുസരണം തന്നെയാണ് (1 യോഹ. 1:9). നമ്മുടെ അനുസരണക്കേടിന്റെ കണക്കിലേക്ക് ക്രിസ്തുവിന്റെ അനുസരണത്തെ ദൈവം നിക്ഷേപിക്കുന്നു. ക്രിസ്തുവിന്റെ അനുസരണം രണ്ടുതരത്തിലാണ് ഉള്ളത്. ഒന്ന് സഹനാനുസരണം (Passive obedience). പാപത്തിനു പ്രയ്ശ്ചിത്തമായിതീരുവാൻ തന്നെ തന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കുന്നതാണ് സഹനാനുസരണം. പാപത്തിനുള്ള പിഴ ക്രിസ്തു കൊടുത്തു തീർത്തു. പാപക്ഷമയും മാപ്പും ഒരു വിശ്വാസി പ്രാപിക്കുന്നു.
ഫിലി. 2:8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
രണ്ടാമതായ്, സജീവാനുസരണം (Active obedience) പാപക്ഷമയും മാപ്പും സ്വീകരിച്ചാൽ മാത്രം സ്വർഗ്ഗത്തിൽ പോകുവാനുള്ള യോഗ്യതയാകുകയില്ല. ന്യായപ്രമാണം പൂർണ്ണമായി പാലിക്കണം. സ്വർഗ്ഗത്തിൽ പോയി ദൈവമുമ്പാകെ നിൽക്കണമെങ്കിൽ നീതി ആവശ്യമാണ്. കർത്താവായ യേശുക്രിസ്തു പിതാവിനെ പൂർണ്ണമായ് അനുസരിച്ച്, ന്യായപ്രമാണം നിറവേറ്റി ആ നീതി നമ്മുടെ കണക്കിൽ നിക്ഷേപിച്ചു.
റോമർ 5:19 ഏകമനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.
പാപപരിഹാരയാഗത്തിന്റെ പ്രയോജനം ആർക്കൊക്കെയാണ് ലഭിക്കുന്നത്?
ക്രിസ്തുവിന്റെ മരണത്തിന് അനന്തമായ മൂല്യമുണ്ട്. ക്രിസ്തു മരിച്ചപ്പോൾ അനന്തനായ ദൈവം ക്രിസ്തുവിൽ ഈ ലോകത്തെ തന്നോട് നിരപ്പിച്ചു (2 കൊരി. 5:19). ക്രിസ്തുവിന്റെ വ്യക്തിത്വമാണ് തന്റെ മരണത്തിന് അനന്തമായ മൂല്യം നൽകിയത്. ഈ ലോകത്തിന്റെ പാപം എത്ര വലുതായാലും എത്ര എണ്ണമുണ്ടായാലും അതെല്ലാം പരിഹരിക്കുവാൻ ക്രിസ്തുവിന്റെ മരണം മതിയായതാണ്. ക്രിസ്തുവിന്റെ ദൈവീക പ്രകൃതം തന്നെയാണ് തന്റെ മരണത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത്.
പൊതുവായി മാനവരാശിയോടുള്ള ദൈവകൃപയുടെ അടിസ്ഥാനവും ക്രിസ്തുവിന്റെ മരണം തന്നെയാണ്. ദൈവത്തിനെതിരായി മാനവരാശി പാപം ചെയ്തതുകൊണ്ട് ദൈവത്തിൽ നിന്നും ഒരു നന്മക്കും മനുഷ്യർ അർഹരല്ല. നന്മക്കല്ല മനുഷ്യൻ അർഹർ, മറിച്ച് ശിക്ഷക്കാണ് അർഹർ. എല്ലാ നന്മയും ദൈവകൃപതന്നെയാണ്. രക്ഷിക്കുന്ന കൃപമാത്രമല്ല, പൊതുവായ കൃപയും ക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലാണ് മാനവരാശിക്ക് ദൈവം നൽകുന്നത്. അതുകൊണ്ടാണ് ക്രിസ്തു വിശ്വാസികളുടെ മാത്രമല്ല, സകലരുടേയും രക്ഷിതാവായിരിക്കുന്നത് (1 തിമൊ 4:10, മത്തായി 5:45).
പൊതുവായ കൃപ മാത്രമല്ല, സകല സൃഷ്ടിയുടേയും വീണ്ടെടുപ്പിന്റെ അടിസ്ഥാനവും ക്രിസ്തുവിന്റെ മരണമാണ്— റോമർ 8:21-23
മുഖപക്ഷമോ വേർതിരിവോ ഇല്ലാതെ സകലർക്കും വേണ്ടിയുള്ളതാണ് ക്രിസ്തുവിന്റെ മരണം. തീത്തൊസ് 2:11
സകലരുടേയും പാപാത്തിന് ക്രിസ്തുവിന്റെ മരണം കൊണ്ട് പരിഹാരം വരുത്തിയെങ്കിൽ പിന്നെ എന്തുകൊണ്ട് എല്ലാവരും സ്വർഗ്ഗത്തിൽ പോകുന്നില്ല?
ദൈവം സകല മനുഷ്യരുടെ പാപത്തിനും ക്രിസ്തുവിന്റെ മരണം മുലം പരിഹാരം വരുത്തിയിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് വിശ്വസിക്കുന്നവർക്ക്/തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രമാണ്.
1 തിമൊ 4:10- അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
യോഹ 10:11- ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
യോഹ 10: 14-15- ഞാൻ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു.
യോഹ 10: 26- നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
2 കൊരി 5:14-15- ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.
ക്രിസ്തുവിന്റെ ഉയിർപ്പിന്റെ അനിവാര്യത എന്താണ്?
ഒന്നാമതായ് പാപത്തിനുവേണ്ടിയുള്ള തന്റെ മരണത്തെ സാധുവാക്കുകയും നമ്മുടെ വീണ്ടുംജനനവും നീതീകരണവും സാദ്ധ്യമാക്കുന്നു. യേശുക്രിസ്തുവിന്റെ യാഗത്തിനുള്ള ദൈവത്തിന്റെ അംഗീകരത്തിന്റെ തെളിവാണ് ഉയിർപ്പ്. 1 കൊരി. 15:14-19; 1 പത്രൊസ് 1:3, എഫ്യേ 2:5-6; റോമർ 4:25, 1 കൊരി. 15:17.
രണ്ടാമതായ്, തന്റെ ഇപ്പോഴുള്ള മദ്ധ്യസ്ഥത തുടരാൻ ഇത് സഹായിക്കുന്നു- റോമർ 8:34-35.
മുന്നാമതായ് തന്റെ രണ്ടാമത്തെ വരവും നമ്മുടെ രക്ഷയുടെ പൂർത്തീകരണവും ഇത് സാദ്ധ്യമാക്കുന്നു. 1 കൊരി. 15:20, 2 കൊരി. 4:14. കൊലോസ്യർ 3:1-4.