ബൈബിൾ

12

വേദപുസ്തകത്തോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. വീഡിയോ ക്ലാസുകൾക്ക് താഴെ മറ്റുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ട്.

എന്താണ് ദൈവശ്വാസീയത?

ദൈവശ്വാസീയതയുടെ അപര്യാപ്തവും തെറ്റായിട്ടുള്ളതുമായ സിദ്ധാന്തങ്ങൾ എന്തെല്ലാം?

എന്താണ് വെളിപ്പാട്?

ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും തന്റെ ഉദ്ദേശങ്ങളെക്കുറിച്ചും താൻ തന്നെ നൽകിയിട്ടുള്ള ആശയങ്ങളുടേയും വസ്തുതകളുടേയും തുറന്നുകാട്ടലാണ് വെളിപ്പാട്. അത് പ്രസ്താവനാ രൂപത്തിലാണ് മനുഷ്യനു ലഭിച്ചത്.  നഗ്നമാക്കുക, അനാവരണം ചെയ്യുക എന്നി അർത്ഥമുള്ള ഗാലാ (גָלָה) എന്ന വാക്കിലാണ് വെളിപ്പാട് എന്ന ആശയത്തെ പൊതിഞ്ഞുവെച്ചിരിക്കുന്നത്.  മനുഷ്യൻ ഭൂമിയിൽ നിന്നും കണ്ടുപിടിച്ചതല്ല, മറിച്ച് ഉയരങ്ങളിൽ നിന്നും മനുഷ്യ സംവേദനശക്തിക്ക് ദൈവം പകർന്ന് നൽകിയതാണ് ദൈവീക മർമ്മങ്ങൾ.

രണ്ടുതരത്തിലുള്ള വെളിപ്പാടുകൾ ഉണ്ടെന്ന് പറയുന്നുണ്ടല്ലോ? അവ ഏതൊക്കെയാണ്? 

ദൈവം “വിവിധങ്ങളായി” (എബ്രാ 1:1) വെളിപ്പാടിനെ നൽകിയപ്പോൾ, പൊതുവായ വെളിപ്പാട്, പ്രത്യേക വെളിപ്പാട് എന്ന നിലകളിലാണ് മനുഷ്യന് കൊടുത്തത്. ഈ രണ്ടുതരം വെളിപ്പാടുകളിൽ പ്രത്യേക വെളിപ്പാട് എന്ന വിഭാഗത്തിലാണ് വേദപുസ്തകം ഉൾപ്പെടുന്നത്. പ്രത്യേക വെളിപ്പാട് പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ ആദ്യം പൊതുവായ വെളിപ്പാടിനെ നാം അറിഞ്ഞിരിക്കണം.

എന്താണ് പൊതുവായ വെളിപ്പാട്?

യാതൊരു വ്യത്യാസവുമില്ലാതെ സകലമനുഷ്യർക്കും നൽകിയിട്ടുള്ള ദൈവത്തിന്റെ പരസ്യമായ സാക്ഷ്യമാണ് പൊതുവായ വെളിപ്പാട്. ഇതിൽക്കൂടെ മാനവരാശിക്ക് ദൈവത്തെക്കുറിച്ചുള്ള പൊതുവായ അറിവാണ് ദൈവം നൽകിയിരിക്കുന്നത്. മാത്രമല്ല, ഈ വെളിപ്പാട് ദൈവം എല്ലാവർക്കും നൽകിയിരിക്കുന്നു.

പൊതുവായ വെളിപ്പാടിൽക്കൂടി ദൈവം വെളിപ്പെടുത്തുന്നത് എന്തൊക്കെയാണ്?

ദൈവം ജീവിക്കുന്നു (സങ്കീ. 19:1, റോമർ 1:19)

ദൈവം നിത്യനാണ് (റോമർ 1:20)

ദൈവം സർവ്വശക്തനാണ് (റോമർ 1:20)

ദൈവം നീതിമാനാണ് (റോമർ 1:20)

ദൈവം ദുഷ്ടതയെ ന്യായം വിധിക്കും (റോമർ 1:32, 2:15-16)

എന്നാൽ ദൈവീക വീണ്ടെടുപ്പിന്റെ കൃപയെക്കുറിച്ചൊ, പാപത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചോ, യേശുക്രിസ്തു എന്ന വ്യക്തിയെക്കുറിച്ചൊ ക്രിസ്തുവിന്റെ  പ്രവർത്തികളെക്കുറിച്ചോ, പാപമോചനത്തിനാവശ്യമായ മാനസന്തരത്തെക്കുറിച്ചോ ഒന്നും പൊതുവായ വെളിപ്പാട് പറയുന്നില്ല.

എന്താണ് പ്രത്യേക വെളിപ്പാട്?

ദൈവം പ്രത്യേക വ്യക്തികൾക്കും സമൂഹങ്ങൾക്കും തന്നെക്കുറിച്ച് നൽകിയിട്ടുള്ള തന്റെ രഹസ്യമായ സാക്ഷ്യമാണ് പ്രത്യേക വെളിപ്പാട്. പ്രത്യേകം എന്ന പദം രണ്ടുതരത്തിലാണ് ഉപയോഗിക്കാറുള്ളത്. (1) ദൈവത്തെക്കുറിച്ച് പ്രസ്താവനാ രുപത്തിൽ പ്രത്യേക അറിവ് ഇത് മാനവരാശിക്ക് നൽകുന്നു. ഇത് ഒരു പ്രത്യേക സന്ദേശമാണ്. (2) പ്രത്യേക വ്യക്തികൾക്കോ സമൂഹത്തിനോ ആണ് ഇത് നൽകിയിരിക്കുന്നത്. ഇതിന് പ്രത്യേക സ്വീകർത്താക്കൾ ഉണ്ട്.

ഏത് രീതിയിലാണ് പ്രത്യേക വെളിപ്പാട് നൽകിയിരിക്കുന്നത്?

(1) നേരിട്ടുള്ള വെളിപ്പാട്– “ദൈവം പറഞ്ഞു“ എന്ന വാക് 3000 പ്രാവശ്യം പഴയ നിയമത്തിൽ കാണുന്നു.

(2) അത്ഭുത പ്രവർത്തികൾ (പുറപ്പാട് 5:1-2)

(3) വിശ്വാസികളുടെ ജീവിതം (മത്തായി 5:13-16)

(4) വേദപുസ്തകം (എബ്രായർ 1:1)

(5) യേശുക്രിസ്തു (എബ്രായർ 1:2).

പ്രത്യേക വെളിപ്പാട് പലരീതിയിൽ ദൈവം നൽകിയിരുന്നെങ്കിലും ഇന്ന് വിശ്വാസികൾക്ക് ഏറ്റവു പ്രാധാന്യമുള്ള വെളിപ്പാട് തിരുവെഴുത്ത് തന്നെയാണ് എന്ന് പറയാനുള്ള കാരണം എന്താണ്?

1). ദൈവശ്വാസീയമായ വെളിപ്പാട് തിരുവെഴുത്ത് മാത്രമേ ഉള്ളൂ (2 തിമൊ. 3:16).

2). തിരുവെഴുത്തിലെ വെളിപ്പാട് പ്രസ്താവനാ രുപത്തിലാണ്. ദൈവത്തെക്കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുവാൻ മാനുഷിക ഭാഷയെ ഇത് ഉപയോഗിച്ചിരിക്കുന്നു.

3). ദൈവത്തെക്കുറിച്ചുള്ള അറിവ് തിരുവെഴുത്ത് വസ്തു നിഷ്ഠമാക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇത് തരുന്നു.

4) തിരുവെഴുത്ത് പൂർണ്ണമാണ്. വിശ്വാസികളെ പൂർണ്ണമായി ഒരുക്കുവാനും ദൈവഭക്തിക്ക് ആവശ്യമായതൊക്കീയും നൽകുവാൻ ഇത് പര്യാപ്തമാണ് (2 തിമൊ. 3:16).

എന്താണ് ദൈവശ്വാസീയത?

തിരുവെഴുത്തിലെ എഴുത്തുകാരന്മാരുടെമേൽ, അവരുടെ എഴുത്തുകൾക്ക് ദൈവീക വിശ്വാസയോഗ്യത ലഭിക്കുവാൻ, ദൈവത്തിന്റെ ആത്മാവ് ചെലുത്തിയ പ്രകൃത്യാതീതമായ സ്വാധീനമാണ് ദൈവശ്വാസീയം.

ദൈവശ്വാസീയതയുടെ അനിവാര്യത എന്താണ്?

കേവലം വെളിപ്പാട്കൊണ്ട് ദൈവം അവസാനിപ്പിച്ചിരുന്നെങ്കിൽ സ്വയം-വെളിപ്പെടുത്തൽകൊണ്ടുള്ള ദൈവീക ഉദ്ദേശം അപൂർണ്ണമായേനെ. എല്ലാ തലമുറയിൽ‌പ്പെട്ട ദൈവജനത്തെ ഒരുക്കുന്നതിനും (2 തിമൊ. 3:17) ജീവിതത്തിനും ഭക്തിക്കും (2 പത്രൊസ് 1:3) ആവശ്യമായ അറിവുകളുടെ എന്നന്നേക്കും നിലനിൽക്കുന്ന ഒരു നിക്ഷേപം മനുഷ്യനു നൽകുവാൻ തന്റെ വെളിപ്പാട് പര്യാപ്തമായിരിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശം. അതുകൊണ്ട് തന്റെ ഉദ്ദേശം നിറവേറണമെങ്കിൽ ദൈവീകവെളിപ്പാടുകളുടെ സുസ്ഥിരവും അപ്രമാദിത്വവുമുള്ള ഒരു രേഖ ഉണ്ടാക്കേണ്ടത് ആവശ്യമായി വന്നു. ഈ ഉദ്ദേശം നിറവേറ്റുവാൻ ദൈവം ഉപയോഗിച്ച ഒരു രീതിയാണ് ദൈവശാസ്വീയത. അതുകൊണ്ട്: വെളിപ്പാടുമായിട്ടല്ല, രേഖപ്പെടുത്തലുമായാണ് ദൈവശ്വാസീയത ബന്ധപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരനായിട്ടല്ല, എഴുത്തുമായിട്ടാണ് ദൈവശ്വാസീയത ബന്ധപ്പെട്ടിരിക്കുന്നത്.

ദൈവശ്വാസീയതയോടുള്ള ബന്ധത്തിൽ അപര്യപ്തവും തെറ്റായിട്ടുള്ളതുമായ സിദ്ധാന്തങ്ങൾ ഏതൊക്കെയാണ്?

അളവുവ്യതിയാന സിദ്ധാന്തം:— വേദപുസ്തകത്തിലെ ചിലഭാഗങ്ങളേക്കാൾ മറ്റുഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്നാണ് അവകാശവാദം.

മറുപടി—സത്യം അളവുകൾക്ക് വിധേയപ്പെടുന്നില്ല. ഒന്നുകിൽ വേദപുസ്തകം സത്യമായിരിക്കുന്നു. അല്ലെങ്കിൽ അസത്യമാണ്. മത്രമല്ല, ചിലഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്ന് എങ്ങിനെയാണ് നിർണ്ണയിക്കുന്നത്? സത്യത്തിൽ ഇവിടെ മനുഷ്യനാണ് ദൈവശ്വാസീയത നിർണ്ണയിക്കുന്നത്.

ആശയശ്വാസീയ സിദ്ധാന്തം:— വേദപുസ്തക ആശയങ്ങൾ മാത്രമാണ് ദൈവശ്വാസീയമായിരിക്കുന്നത്. ആശയം ദൈവത്തിന്റേയും വാക്കുകൾ മനുഷ്യരുടേയും ആണെന്ന് അവകാശപ്പെടുന്നു. ദൈവീക സത്യങ്ങൾ അറിയിക്കുവാൻ വാക്കുകൾ പര്യപ്തമല്ല. അതുകൊണ്ട് ആശയങ്ങൾ മാനുഷിക ഭാഷയിലേക്ക് മനുഷ്യൻ പരിഭാഷപ്പെടുത്തണം. അതിന്റെ കുറവുകളും വേദപുസ്തകത്തിൽ ഉണ്ടാകും.

മറുപടി— വാക്കുകളില്ലാതെ ആർക്കെങ്കിലും ചിന്തിക്കുവാൻ കഴിയുമോ? മനസ്സിൽ പോലും ചിന്തകൾക്ക് ഘടനയും സാധുതയും ഉണ്ടാകണമെങ്കിൽ വാക്കുകൾ അത്യാവശ്യമാണ്. വാക്കുകളില്ലാതെ ആശയങ്ങൾ ഉണ്ടാകുകയില്ല. വാക്കുകളുള്ള ആശയങ്ങളാണ് ദൈവം കൊടുത്തത്.

ഇതിഹാസശ്വാസീയമായ സിദ്ധാന്തം:- വേദപുസ്തകം ദൈവത്തിൽ നിന്നു തന്നെയാണ്, പക്ഷേ അതിൽ ക്രിസ്തീയ സന്ദേശങ്ങൾ പങ്കുവെക്കുവാൻ പറ്റുന്നതും പറ്റാത്തതുമായ ഇതിഹാസങ്ങളും മറ്റ് സാഹിത്യരീതികളും ഉൾപ്പെടുത്തിയിരിക്കുന്നു.

മറുപടി— പഴയനിയമ ചരിത്രങ്ങളും ഉപമകളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ട്. കാര്യങ്ങളെ വിശദീകരിക്കുവാൻ രൂപകങ്ങൾ ഉപമയിൽ ഉപയോഗിക്കുന്നു. പഴയനിയമ ചരിത്രത്തിൽ ഇങ്ങിനെയുള്ള രൂപകങ്ങളൊന്നും കാണുവാൻ കഴിയുകയില്ല.അതുകൊണ്ട് വേദപുസ്തകത്തിൽ ഇതിഹാസങ്ങൾ ഇല്ല. ബൈബിളിലെ ബാക്കിയുള്ള വേദഭാഗം അതിലെ പ്രധാന ഉപദേശങ്ങൾ സ്ഥാപിക്കുവാൻ ഈ ചരിത്രത്തിന്റെ സത്യസന്ധതയെ വളരെയധികം ആശ്രയിക്കുന്നു. (i.e., മത്താ 12:40: യോഹ 3:14; മത്താ 19:3–6; etc). 2 പത്രൊസ് 1:16-21 വരെയുള്ള വേദഭാഗങ്ങൾ വേദപുസ്തകത്തിൽ ഇതിഹാസങ്ങളും കെട്ടുകഥകളും ഉണ്ടെന്ന ആശയത്തെ നേരിടാൻ തന്നെയാണ് കൊടുത്തിരിക്കുന്നത്.

സാന്മാർഗ്ഗിക ശ്വാസീയ സിദ്ധാന്തം:- വേദപുസ്തകത്തിലെ സാന്മാർഗ്ഗികവും ആത്മീയവുമായ കാര്യങ്ങൾ മാത്രമാണ് ദൈവശ്വാസീയമായത്. ശാസ്ത്രീയവും ചരിത്രപരവുമായ കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടാകാം.

മറുപടി— നിരീക്ഷിക്കുവാൻ പറ്റുന്ന കാര്യങ്ങളിൽ വേദപുസ്തകം തെറ്റാണെങ്കിൽ നിരീക്ഷിക്കുവാൻ പറ്റാത്ത കാര്യങ്ങളിൽ വേദപുസ്തകം എങ്ങിനെ ശരിയാകും?

കേട്ടെഴുത്ത് ശ്വാസീയ സിദ്ധാന്തം:- വേദപുസ്തക എഴുത്തുകാരന്മാർ ഓരോവാക്കും ദൈവം പറഞ്ഞതുപോലെ വാക്കിനു വാക്കായി രേഖപ്പെടുത്തി.

മറുപടി— പദാനുപദമായി രേഖപ്പെടുത്തിയ ഭാഗങ്ങൾ വേദപുസ്തകത്തിൽ ഉണ്ട് എന്നുള്ളത് സത്യമാണ് (പുറപ്പാട് 34:1, 27–28; ആവർത്തനം 10:2, 4; യെശയ്യാവ് 8:1, 30:8; യിരെമ്യാവ് 30:2; 36:1–6; etc.). എന്നാൽ വേദപുസ്തകത്തിലെ പ്രമുഖ ഭാഗങ്ങളും അങ്ങിനെ എഴുതിയതല്ല. എഴുത്തുകാരന്മാരുടെ വ്യക്തിത്വങ്ങളുടെ സ്വാധീനത്തെ വിശദീകരിക്കുവാൻ ഈ വാദത്തിനു കഴിയുകയില്ല. വേദപുസ്തകത്തിലെ ഓരോ എഴുത്തുകാരന്മാരുടെ ശൈലിയും വ്യത്യസ്തമാണ്.

ദൈവശ്വാസീയത എന്നതിൽക്കൂടെ വേദപുസ്തകം ഉദ്ദേശിക്കുന്നത് എന്താണ്?

2 തിമൊ 3:16- 17-എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

ദൈവത്തിന്റെ ഉൽ‌പ്പന്നമാണ് വേദപുസ്തകം എന്ന ആശയമാണ് θεόπνευστος എന്ന വാക്കിൽ നിന്നും വേദപുസ്തകം അർത്ഥമാക്കുന്നത്. തിരുവെഴുത്താണ് ദൈവം നിശ്വസിച്ചത് എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. എല്ലാ തിരുവെഴുത്തും ദൈവത്തിൽ നിന്ന് വന്നതാണെന്നും ഇത് വ്യക്തമാക്കുന്നു. എങ്ങിനെയാണ് ദൈവം തിരുവെഴുത്ത് ലഭ്യമാക്കിയത്?

2 പത്രൊസ് 1:20 “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല” എന്നു ആദ്യം തന്നേ മനസ്സിലാക്കണം. മനുഷ്യന്റെ ചിന്തകളോ ഊഹങ്ങളോ പരിഹാരമാർഗ്ഗങ്ങളോ അല്ല തിരുവെഴുത്ത് എന്ന് ഇത് അർത്ഥമാക്കുന്നു. മാത്രമല്ല, മനുഷ്യനു മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ എഴുത്തുകാരന്മാർ വ്യഖ്യാനിച്ചു തരുന്നതുമല്ല തിരുവെഴുത്ത്.

2 പത്രൊസ് 1:21 “പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രെ”. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക എന്നാണ് പരിശുദ്ധാത്മ നിയോഗം പ്രാപിക്കുക (φέρω) എന്നതുകൊണ്ട് ബൈബിൾ ഉദ്ദേശിക്കുന്നത്. കാറ്റിനാലും തിരമാലകളാലും ഒരു കപ്പൽ നയിക്കപ്പെടുന്നതുപോലെയകുന്നു ഇത് (അ. പ്ര. 27:15, 17).

വേദപുസ്തകത്തിന്റെ തീയാന്ത്രോപിക് പ്രകൃതം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഒന്നാമത്, വേദപുസ്തകം ദൈവത്തിന്റേതാകയാൽ അതിലെ സന്ദേശം ഒരിക്കലും പരാജയപ്പെടുകയില്ല. മാത്രമല്ല തിരുവെഴുത്ത് തെറ്റില്ലാത്തതും ആധികാരികവുമാണ്. അതേ സമയം ഇത് മനുഷ്യരാൽ മാനുഷിക ഭാഷയാൽ എഴുതപ്പെട്ടതുമായിരിക്കുന്നതുകൊണ്ട് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നതുമാണ് (ശരിയായ് വ്യാഖ്യാനിച്ചാൽ).  ഇതാണ് തീയാന്ത്രോപിക് (ദൈവ-മനുഷ) പ്രകൃതം.

തിരുവെഴുത്ത് ദൈവവചനമാണ് എന്ന് നമുക്ക് എങ്ങിനെ തിരിച്ചറിയാൻ കഴിയും?

ഒന്നാമതായ്, റോമർ 1:19-20 ൽ ദൈവത്തെക്കുറിച്ച് എല്ലാ മനുഷ്യർക്കും താൻ വെളിപ്പെടുത്തിയിരിക്കുന്നു എന്നു നാം കാണുന്നു. എല്ലാവരും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എല്ലാവർക്കും ദൈവത്തെക്കുറിച്ച് അറിയാം. എല്ലാവർക്കും ദൈവത്തെക്കുറിച്ച് അറിയാം എന്നു പറയുമ്പോൾ എല്ലവരും ദൈവത്തെ ദൈവമായി സ്വീകരിക്കുന്നു എന്നർത്ഥമില്ല. മറിച്ച് അവർ അനീതികൊണ്ട് തങ്ങൾക്കറിയാവുന്ന ഈ സത്യത്തെ തടയുകയും (റോമർ 1:18, 28) തങ്ങളുടെ മനസ്സാക്ഷിയിൽ നിന്ന് അതിനെ നീക്കികളയാൻ ശ്രമിക്കുന്നു (1 തിമൊ 4:1-2). ദൈവീക ശബ്ദം തിരിച്ചറിയാനുള്ള കഴിവോടുകൂടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അവന് അത് തിരിച്ചറിയുവാനും കഴിയും.

രണ്ടാമതായ്, പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോദ്ധ്യം വരുത്തുന്നു ( യോഹന്നാൻ 16:8-11). ഈ ബോദ്ധ്യപ്പെടുത്തൽ ചിലപ്പോൾ മാനസാന്തരത്തിലേക്ക് നയിക്കാം (മത്തായി 18:15; 1 കൊരി. 14:24–25), എന്നാൽ എപ്പോഴും മാനസാന്തരത്തിലേക്ക് നയിക്കാറില്ല (മത്തായി 18:16ff; യൂദാ14–15). ഒരു വ്യക്തി സത്യത്തെ തടുക്കുന്നു എന്നു പരിശുദ്ധാത്മാവ് അവനെ ബോദ്ധ്യപ്പെടുത്തുന്നു. അവൻ പാപിയാണെന്നും യേശുക്രിസ്തുവിന്റെ നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് അവനെ ബോദ്ധ്യപ്പെടുത്തുന്നു. സത്യം അവനു ബോദ്ധ്യപ്പെടുന്നു എങ്കിലും ചില സമയങ്ങളിൽ സത്യത്തിനു അവൻ വിധേയപ്പെടാറില്ല. അതിനു പരിശുദ്ധാത്മാവിന്റെ വേറെ ഒരു പ്രവർത്തി ആവശ്യമാണ്.

പരിശുദ്ധാത്മാവിന്റെ പ്രകാശനം എന്നാണ് അതിനെ പറയുക. ഇവിടെ പരിശുദ്ധാത്മാവ് തിരുവെഴുത്തിന്റെ ആധികാരിത അല്ലെങ്കിൽ തിരുവെഴുത്ത് വിശ്വസിപ്പാൻ യോഗ്യമാണെന്ന് അവനെ ബോദ്ധ്യപ്പെടുത്തുക മാത്രമല്ല, സത്യത്തിനു വിധേയപ്പെടുവാൻ അവരെ പ്രാപ്തരാക്കുന്നു. 1 കൊരി. 2:4-5,14; 1 തെസ്സ 2:13. ഈ പ്രകാശാന ശുശ്രൂഷ ആരംഭിക്കുന്നത് വീണ്ടുംജനനത്തോടെയാണ്. ദൈവവചനത്തെ ആത്മീയമായി വിവേചിച്ച് അതിനെ ഗ്രഹിക്കുവാൻ കഴിയും. അതുമാത്രമല്ല, അതു അനുസരിക്കുവാൻ അവനെ ശക്തീകരിക്കുന്നു. തിരുവെഴുത്ത് ദൈവത്തിന്റെ വചനമാണ് എന്നു നാം തിരിച്ചറിയുന്നത് പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനങ്ങളിൽ കൂടിയാണ്.

തിരുവെഴുത്ത് ദൈവശ്വാസീയമാണെന്ന് പറയുമ്പോൾ എല്ലാ പരിഭാഷകളും ദൈവശ്വാസീയാമണെന്നു പറയാൻ കഴിയുമോ?

കൃത്യമായ് പറഞ്ഞാൽ യഥാർത്ഥ കയ്യെഴുത്ത് പ്രതിയാണ് ദൈവശ്വാസീയമായ വചനം. എന്നാൽ ഏതു പരിഭാഷയും യഥാർത്ഥ കയ്യെഴുത്തുപ്രതിയെ പ്രതിഫലിപ്പിക്കുന്നോടത്തോളം പരിഭാഷക്കും കയ്യെഴുത്തുപ്രതിയുടെ ആധികാരിത ലഭിക്കുന്നു.

ദൈവ വചനത്തിന്റെ അപ്രമാദിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ദൈവവചനത്തിന്റെ അപ്രമാദിത്വം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് വേദപുസ്തകത്തിന് സമ്പൂർണ്ണ അധികാരം ഉണ്ടെന്നും അതിന്റെ പ്രസ്താവനകളും വിധികളും ഒരിക്കലും പരാജയപ്പെടുകയില്ല എന്നുള്ളതാണ് (യോഹ 10:34-36).

ദൈവ വചനത്തിന്റെ തെറ്റില്ലായ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഒരു തെറ്റുമില്ലാത്ത പുസ്തകമാണ് വേദപുസ്തകം എന്നതാണ് തെറ്റില്ലായ്മ എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവെഴുത്തിലെ സന്ദേശം പരാജയപ്പെടുകയില്ല എന്നുള്ളത് മാത്രമല്ല, തിരുവെഴുത്തിൽ യതൊരു തെറ്റും അടങ്ങിയിട്ടില്ല. (സംഖ്യ. 23:19: 1 ശമു.15:29; സങ്കീ.12:6; സദൃ 30:5; യോഹ17:7; തീത്തൊ1:2; എബ്ര. 6:18.

എന്താണ് തിരുവെഴുത്തിന്റെ കനോനികത?

അളവുകോൽ അല്ലെങ്കിൽ നിലവാരം എന്നാണ് കാനോൻ എന്ന വാക്കിന്റെ അർത്ഥം. ഓരോ പുസ്തകത്തേയും ദൈവനിശ്വാസീയതകൊണ്ട്. അളന്നിട്ടാണ് കാനോനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്രക്രിയയെ കനോനീകരണം എന്നാണ് പറയാറുള്ളത്.

എബ്രായ ബൈബിളിന്റെ ക്രമീകരണം എങ്ങിനെയാണ്?

മലയാള ബൈബിളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് എബ്രായ ബൈബിൾ ക്രമീകരിച്ചിരിക്കുന്നത്.

ന്യായപ്രമാണം (തോറ) പ്രവാചകന്മാർ (നെബിം) എഴുത്തുകൾ (കെതുബിം)
ഉൽ‌പ്പത്തി

പുറപ്പാട്

ലേവ്യ

സംഖ്യ

ആവർത്തനം

പൂർവ്വ പ്രവാചകന്മാർ

യോശുവ

ന്യായാധിപന്മാർ

ശമുവേൽ

രാജാക്കന്മാർ

അന്തിമ പ്രവാചകന്മാർ

യെശയ്യാവ്

യിരെമ്യാവ്

യെഹസ്കേൽ

പന്ത്രണ്ട് (ചെറിയ പ്രവചന പുസ്തകങ്ങൾ)

കാവ്യ പുസ്തകങ്ങൾ

സങ്കീർത്തനങ്ങൾ

ഇയ്യോബ്

സദൃശ്യവാക്യങ്ങൾ

അഞ്ച് ചുരുളുകൾ

രൂത്ത്

ഉത്തമഗീതങ്ങൾ

സഭാ പ്രസംഗി

വിലാപങ്ങൾ

എസ്ഥേർ

ചരിത്ര പുസ്തകങ്ങൾ

ദാനിയേൽ

എസ്രാ—നെഹമ്യാവ്

ദിനവൃത്താന്തങ്ങൾ

മലയാള ബൈബിളിന്റെ പഴയ നിയമ ക്രമീകരണം

ന്യായപ്രമാണം ചരിത്രം കാവ്യം പ്രവചനം
ഉൽ‌പ്പത്തി

പുറപ്പാട്

ലേവ്യ

സംഖ്യ

ആവർത്തനം

യോശുവാ

ന്യായാധിപന്മാർ

രൂത്ത്

1 ശമുവേൽ

2 ശമുവേൽ

1 രാജാക്കന്മാർ

2 രാജാക്കന്മാർ

1 ദിനവൃത്താന്തങ്ങൾ

2 ദിനവൃത്താന്തങ്ങൾ

എസ്രാ

നെഹമ്യാവ്

എസ്ഥേർ

ഇയ്യോബ്

സങ്കീർത്തനങ്ങൾ

സദൃശ്യവാക്യങ്ങൾ

സഭാ പ്രസംഗി

ഉത്തമഗീതങ്ങൾ

പ്രധാന പ്രവാചകന്മാർ

യെശയ്യാവ്

യിരെമ്യാവ്

വിലാപങ്ങൾ

യെഹസ്കേൽ

ദാനിയേൽ

ചെറിയ പ്രവാകന്മാർ

ഹോശയ

യോവേൽ

ആമോസ്

ഒബദ്യാവ്

യോനാ

മീഖാ

നഹൂം

ഹബക്കുക്

സെഫന്യാവ്

ഹഗ്ഗായി

സെഖര്യാവ്

മലാഖി

ഭാഷയുടെ ആരംഭം എങ്ങിനെയാണ്?

ദൈവത്തെ മാനിക്കുന്നതിനും സേവിക്കുന്നതിനും അവനിൽ സന്തോഷിക്കുന്നതിനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചത് (വെളി 4:11; കൊലോ. 1:16; 3:17; സങ്കീ 16:11; 1 കൊരി. 10:31). ഭാഷയിൽക്കൂടിയാണ് നാം ഇതു ഫലവത്തായി ചെയ്യുന്നത് (പുറ. 4:10). മനുഷ്യനിലുള്ള ദൈവസാദൃശ്യത്തിന്റെ ഭാഗമായി ലഭിച്ചതാണ് ആശയം പങ്കുവെക്കുന്നതിനുള്ള കഴിവ്.

ഭാഷയുടെ ഉദ്ദേശം എന്താണ്?

ഭാഷ ദൈവം മനുഷ്യന് കൊടുക്കുമ്പോൾ 3 ഉദ്ദേശങ്ങൾ ദൈവത്തിനു ഉണ്ടായിരുന്നു.

 1. ദൈവത്തിനു നമ്മോട് സംസാരിക്കുവാൻ
 2. നമ്മുക്ക് ദൈവത്തോട് സംസാരിക്കുവാൻ
 3. നമ്മുക്ക് പരസ്പരം സംസാരിക്കുവാൻ

വ്യാഖ്യാന ശാസ്ത്രത്തിലെ പൊതുവായ തത്വങ്ങൾ ഏതൊക്കെയാണ്?

 1. വ്യാകരണത്തോടുകൂടി ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 2. ചരിത്രപരമായി ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 3. ഒരു വേദപുസ്തക ഭാഗത്തിൽ ദൈവം എന്തു പറഞ്ഞിട്ടുണ്ടോ അതു തന്നെയാണ് ദൈവം ഉദ്ദേശിക്കുന്നത് എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 4. ഏക ശബ്ദത്തോടെ ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 5. സത്യതയോടെ ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 6. പരസ്പര പൂരകമായി ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.
 7. വ്യക്തതയോടുകൂടി ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നുള്ളത് ഒരു വ്യാഖ്യാതാവ് മനസ്സിലാക്കണം.

ചുരുക്കത്തിൽ, തിരുവെഴുത്തിന്റെ അർത്ഥം മനസ്സിലാക്കാൻ വ്യാകരണപരവും—ചരിത്രപരവും—ദൈവശാസ്ത്രപരവും വ്യാഖ്യാനമാണ് നമ്മൾ ഉപയോഗിക്കേണ്ടത്.

ഏതാണ് ശരിയായ വ്യാഖ്യാനം?

പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള വ്യാഖ്യാനമാണ് ശരിയായ വ്യാഖ്യാനം

പലവിധത്തിലുള്ള പശ്ചാത്തലങ്ങൾ ഒരു വ്യാഖ്യാതാവ് പരിശോധിക്കേണ്ടതായിട്ടുണ്ട്.

 1. മുഴുവൻ തിരുവെഴുത്തിന്റെ പശ്ചാത്തലം തിരിച്ചറിയണം. എല്ലാറ്റിലുമുള്ള ദൈവത്തിന്റെ ഉദ്ദേശം തന്റെ നാമ മഹത്വമാണ്. ആ ആശയത്തിൽ നിന്നുവേണം വേദഭാഗങ്ങളെ കാണേണ്ടത്.
 1. പഴയ/പുതിയ നിയമ പശ്ചാത്തലം തിരിച്ചറിയണം.

പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള രക്ഷയെക്കുറിച്ചുള്ള പരിജ്ഞാനം ഉണ്ടാകണം

യിസ്രയേലും സഭയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം.

 1. ബന്ധമുള്ള പുസ്തകങ്ങളുടെ പശ്ചാത്തലം ശ്രദ്ധിക്കണം—

ഒരു എഴുത്തുകാരന്റെ പല പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. ഉദാഹരണത്തിന് യോഹന്നാന്റെ പുസ്തകങ്ങൾ.

ഒരേ തരത്തിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് പ്രവചന പുസ്തകങ്ങൾ

 1. പുസ്തക പശ്ചാത്തലം മനസ്സിലാക്കിയിരിക്കണം— ഏത് വാക്യമാണോ വ്യാഖ്യാനിക്കുന്നത്, ആ പുസ്തകം എഴുതിയതിന്റെ ഉദ്ദേശം, സാഹചര്യം, സ്വീകർത്താക്കൾ എന്നിവ ശ്രദ്ധിക്കണം.
 1. വിഷയ പശ്ചാത്തലം. ഏത് വാക്യമാണെങ്കിലും അത് ഒരു ഖണ്ഡികയുടെ ഭാഗമാണ്. ആ ഗണ്ഡിക ഒരു വിഷയത്തിന്റെ വിശദീകരണത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഏത് വിഷയത്തോടുള്ള ബന്ധത്തിലാണ് ഈ ഖണ്ഡിക നൽകിയിരിക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം.ചിലപ്പോൾ ഒരു പുസ്തകം മുഴുവനും ഒരു വിഷയമായിരിക്കും അവതരിപ്പിക്കുന്നത്. ചിലപ്പോൾ ഒരു പുസ്തകത്തിൽ ഒന്നിലധികം വിഷയങ്ങൾ കാണും. ഏത് പശ്ചാത്തലത്തിലാണ് ആ വിഷയം അവതരിപ്പിക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം.
 1. അടുത്തള്ള പശ്ചാത്തലം— വ്യാഖ്യാനിക്കുന്ന വാക്യത്തിന്റെ/ ഖണ്ഡികയുടെ മുകളിലുള്ള ഖണ്ഡികയിൽ എന്തു പറയുന്നു അതുപോലെ അതിനുശേഷമുള്ള ഖണ്ഡികയിൽ എന്തു പറയുന്നു എന്നുള്ളത് മനസ്സിലാക്കണം.

അപ്പോഴാണ് എഴുത്തുകാരൻ ഒരു വാക്യത്തിൽ കൂടി എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് മനസ്സിലാക്കാൻ കഴിയുകയുള്ളു.

Create a website or blog at WordPress.com

Up ↑

%d bloggers like this: