ദൈവം

(1) എന്താണ് ദൈവം?

ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ്‌ പരിമിതമാണ്. പൂർണ്ണമായി ദൈവത്തെ മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യന് ഇല്ലാത്തതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഏത് നിർവചനവും അപൂർണ്ണമായിരിക്കും. അനേക ദൈവജ്ഞന്മാർ പല നിർവചനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും എ. എച്‌. സ്റ്റ്രോങ്ങ്‌ എഴുതിയ ഒരു നിർവ്വവചനം ഓർത്തിരിക്കാൻ എളുപ്പമാണ്;“സകലത്തിന്റേയും ഉറവിടവും (Source) താങ്ങും (Support) അവസാനവും (End) ആയിരിക്കുന്ന പൂർണ്ണവും (Perfect) അനന്തവുമായ (Infinite) ആത്മാവാണു ദൈവം.”

(2) പഴയ നിയമത്തിൽ ദൈവത്തിനു നൽകിയിട്ടുള്ള പേരുകളും ശീർഷകങ്ങളും

വ്യകതികളെ തിരിച്ചറിയാനാണ് നമ്മൾ സധാരണ പേര് ഉപയോഗിക്കുന്നത്. അതുകൊണ്ട് നമ്മുടെ പേരിനു ചിലപ്പോൾ പ്രത്യേക അർത്ഥം ഒന്നും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിൽ ആദ്യ അക്ഷരങ്ങൾ ഉള്ള പേരുകൾക്കാണ് നമ്മുടെ നാട്ടിൽ ഡിമാൻഡ്. പുരാതന പശ്ചിമേഷ്യൻ ദേശങ്ങളിലെല്ലാം പേരുകൾ ഏതെങ്കിലും ചരിത്രപരമായ പ്രവർത്തിയോ സംഭവമോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ സ്വഭാവമോ അല്ലെങ്കിൽ ഭാവിയെക്കുറിച്ചുള്ള ഒരു വ്യക്തിയുടേ പ്രത്യാശയോടോ ബന്ധപ്പെട്ടിട്ടായിരിക്കും ഉള്ളത്. തന്റെ സ്വഭാവത്തെയും, അസ്ഥിത്വത്തേയും, തന്റെ മഹിമയേയും പ്രദർശിപ്പിക്കുന്ന പേരുകളും ശീർഷകങ്ങളുമാണ് ദൈവത്തിനു നൽകിയിട്ടുള്ളത്.

തന്റെ നാമം എന്താണെന്ന് താൻ തന്നെ വെളിപ്പെടുത്തന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു  (പുറ 3:13-15). ഈ വാക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഇവിടെ വിശദീകരിക്കുവാൻ കഴിയുകയില്ല.

ദൈവത്തിനു നൽകിയിട്ടുള്ള മറ്റ് പേരുകളും ശീർഷകങ്ങളും നോക്കാം:

എലോഹിം (പഴയ നിയമത്തിൽ 2570 ഉപയോഗിച്ചിരിക്കുന്നു)

 1. ശക്തിയും ബലവുമുള്ള സൃഷ്ടിതാവും സംരക്ഷകനുമായ ദൈവത്തെ സൂചിപ്പിക്കുന്നു. (ഉൽ.1:1).
 2. ദേവന്മാർക്കും (പുറ. 34:17) മനുഷ്യനും (സങ്കീ82:6; cf. യോഹ.10:34–35) ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

 യാഹ്-വെ(6800 ൽ അധികം പ്രാവശ്യം പഴയ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്). യെഹോവ എന്ന ലിപ്യന്തരണം ശരിയായിട്ടുള്ളതല്ല. യെഹോവ എന്ന വാക്ക് ദശാബ്ദങ്ങളായി നിലവിലുള്ളതും പ്രചുര പ്രചാരം നേടിയിട്ടുള്ളതും ആയിരിക്കുന്നതുകൊണ്ട് ഇനി അതു മാറ്റുക അസ്സാദ്ധ്യമായിരിക്കും.

 1. പൊതുവിൽ കർത്താവ് എന്ന് പരിഭാഷപ്പെടുത്തുന്നു.
 2. സ്വയ-അസ്തിത്വമുള്ള നിത്യനായ ദൈവത്തെ സൂചിപ്പിക്കുവാൻ ഈ വാക്കു ഉപയോഗിച്ചിരിക്കുന്നു.
 3. യിസ്രായേലിനോടുള്ള ബന്ധത്തിൽ ഉടമ്പടി കാക്കുന്നവനും വീണ്ടെടുപ്പുകാരനുമായ ദൈവം എന്ന ആശയത്തിലും ഈ വാക്ക് ധാരളം ഉപയോഗിച്ചിട്ടുണ്ട്.
 4. യഥാർത്ഥ ദൈവത്തിനു മാത്രമേ ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളു

 അഡോണായി (പഴയ നിയമത്തിൽ 340 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു). യജമാനനായ ദൈവം എന്ന ആശയത്തിൽ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു. മാനവരാശിയുടെ ഉടമസ്ഥനാണ് ദൈവം (ഉൽ.15:1–2). കർത്താവ് അല്ലെങ്കിൽ യജമാനൻ എന്നാണ് ഈ വാക്കിനെ പൊതുവിൽ പരിഭാഷപ്പെടുത്താറുള്ളത്

യാഹ്-വെയുടെ സംയുക്തപദങ്ങൾ

 1. യാഹ്-വെ യിരെ —“കർത്താവ് കരുതിക്കൊള്ളും” (ഉൽ.22:14).
 2. യാഹ്-വെ റാഫാ —“സൌഖ്യമാക്കുന്ന കർത്താവ്” (പുറ.15:26).
 3. യാഹ്-വെ നിസ്സി—“കർത്താവ് നമ്മുടെ കൊടി” (പുറ.17:15).
 4. യാഹ്-വെ കദാഷ്—“വിശുദ്ധീകരിക്കുന്ന കർത്താവ്” (ലേവ്യ 20:8).
 5. യാഹ്-വെ ഷാലോം —“കർത്താവ് നമ്മുടെ സമാധാനം” (ന്യായ. 6: 24).
 6. യാഹ്-വെ സിദ്ക്കേനു—“കർത്താവ് നമ്മുടെ നീതി” (യിരെ.23:6).
 7. യാഹ്-വെ ഷമ്മാ—“കർത്താവ് അവിടെയുണ്ട്” (യെഹ. 48:35).
 8. യാഹ്-വെ സബോത്ത്—“സൈന്യങ്ങളുടെ കർത്താവ്” (1 Sam 1:3).
 9. യാഹ്-വെ റആഹ് —“കർത്താവ് എന്റെ ഇടയൻ” (സങ്കീ 23:1).

എലോഹിമിന്റെ സംയുക്തപദങ്ങൾ

 1. ഏൽ ഏലിയോൺ —“ഉന്നതനായ ദൈവം” (ഉൽ.14:18; സംഖ്യ 24:16).
 2. ഏൽ ഒലാം—“നിത്യനായ ദൈവം” (ഉൽ. 21:33).
 3. ഏൽ ഷഡ്ഡായി—“സർവ്വശക്തനായ ദൈവം” (ഉൽ. 17:1; 28:3).

 

(3) ദൈവത്തിന്റെ വ്യക്തിത്വം

ദൈവത്തേയും മനുഷ്യനേയും ദൂതന്മാരേയും മറ്റുള്ള സൃഷ്ടികളിൽ നിന്നും വ്യതസ്തമാക്കുന്ന ആത്മീയ സത്തകൾക്ക് മാത്രമുണ്ടാകുന്ന കഴിവുകൾ അല്ലെങ്കിൽ ധർമ്മങ്ങളാണ് വ്യക്തിത്വം. ഈ ധർമ്മങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് തർക്കങ്ങൾ ഉണ്ട്. സ്വയ-ബോധവും സ്വയ-നിർണ്ണയവുമാണെന്ന് ചിലർ വാദിക്കുന്നു. ബുദ്ധി, വികാരം, ഇച്ഛ എന്നിവയാണെന്ന് വേറെ ചിലർ വാദിക്കുന്നു. വ്യക്തതയോടെ മനസ്സിലാക്കുവാൻ  വ്യക്തിത്വത്തിന്റെ 9 വശങ്ങൾ ശ്രദ്ധിക്കുക. ആത്മീയത, ജീവൻ, ബുദ്ധി, ഉദ്ദ്യേശം, പ്രവർത്തനങ്ങൾ, സ്വയ-അവബോധം, സ്വാതന്ത്ര്യം, വികാരം, ധാർമ്മികത.

ദൈവം ആത്മാവാകുന്നുയോഹ. 4:24 ഓരോ വ്യക്തിക്കും തന്റെ ഭൌതിക ശരീരത്തിനപ്പുറമായി നശിപ്പിക്കുവാൻ കഴിയാത്ത ഒരു അസ്ഥിത്വമുണ്ട്. ഇതാണു ആത്മീയത. ആത്മാവ് അദൃശ്യമാണ്. വ്യക്തിത്വത്തിന്റെ ഉറവിടമാണു ആത്മാവ്. വിഗ്രഹങ്ങളെ ആരാധിക്കുന്നത് വിലക്കാനുള്ള കാരണവും ദൈവത്തിന്റെ ആത്മീയതയാണ്. ഭൌതീകമായിട്ടല്ല, ആത്മീയമായിട്ടാണ് ദൈവത്തെ ആരാധിക്കേണ്ടത്. ദൈവം മാത്രമാണു ശുദ്ധമായ ആത്മാവ്. ബാക്കിയുള്ള എല്ലാ ആത്മാക്കളും അവരുടെ സൃഷ്ടിക്കപ്പെട്ട രൂപം ലഭിച്ചത് ദൈവത്തിൽ നിന്നാണ്. ആരംഭത്തിലും വലിപ്പത്തിലും ബാക്കിയുള്ള എല്ലാ ആത്മാക്കളിൽ നിന്നും താൻ വ്യത്യസ്തനായിരിക്കുന്നു. അതുകൊണ്ട് ദൈവത്തെ  “ആത്മാക്കളുടെ പിതാവ്” എന്നും വിളിച്ചിട്ടുണ്ട് (എബ്ര. 12:9). ആത്മാവിനു ഗ്രഹിക്കാനും (മർ. 2:8), തീരുമാനമെടുക്കാനും (അ. പ്ര. 19:21), സന്തോഷിക്കാനും (ലൂക്കൊ. 1:47), ആരാധിക്കാനും (യോഹ. 4:24) കഴിയും.

ചോദ്യം: ദൈവം അദൃശ്യനാണെങ്കിൽ എങ്ങിനെയാണു പിന്നെ ദൈവത്തെ കാണുവാൻ കഴിയുന്നത്? ശുദ്ധമായ ആത്മാവ് എന്നുവരികിലും ഭൌതീകരൂപത്തിൽ തന്നെ വെളിപ്പെടുത്തുവാൻ കഴിയുകയില്ല എന്നർത്ഥമില്ല. മുൾച്ചെടിക്കിടയിൽ ദൈവം മോശക്ക് വെളിപ്പെട്ടു (പുറ. 3:2-6), പ്രാവ് എന്നപോലെ (യോഹ. 1:32) പ്രത്യക്ഷപ്പെട്ടു. ദൈവം എന്നന്നേക്കുമായി മാനുഷികരൂപത്തിൽ വെളിപ്പെടുത്തിയത് യേശു ക്രിസ്തുവിൽക്കൂടിയാണു.

 ദൈവം ജീവിക്കുന്നു (യിരെ. 10:10, 1 തിമൊ. 4:10, എബ്ര.10:30-31). ജീവനുള്ള സത്ത എന്ന നിലയിൽ ദൈവത്തിനു ബോധത്തോടെ തനിക്കു വെളിയിൽ കാര്യങ്ങൾ ചെയ്യുവാൻ കഴിവുണ്ട്. ദൈവത്തിന്റെ ജീവനും മറ്റുള്ളവരുടെ ജീവനും തമ്മിൽ വ്യത്യാസമുണ്ട്. ജീവനുള്ള സകലർക്കും ജീവൻ ലഭിച്ചത് ദൈവത്തിൽ നിന്നാണു (യോഹ. 1:4, അ. പ്ര. 17:28). ദൈവത്തിനു മാത്രം തന്നിൽ തന്നെ ജിവൻ ഉണ്ട്. ജിവിക്കുന്ന ദൈവത്തിനു സംസാരിക്കാനും (ആവ. 5:26), പ്രപഞ്ചത്തെ സൃഷ്ടിക്കാനും സംരക്ഷിക്കാനും (യിരെ. 10:10-13),  വിടുതൽ കൊടുക്കാനും (ദാനി. 6:26-27), അത്ഭുതങ്ങൾ ചെയ്യാനും (യോശു. 3:10-17), വീണ്ടെടുക്കാനും (1 തിമൊ. 4:10), പാപത്തെ വിധിക്കാനും (എബ്ര. 10:30-31) കഴിയും.

ദൈവം ബുദ്ധിമാനാകുന്നു (1 ശമു. 2:3, സാദൃ.3:19-20, റോമർ 11:33). വസ്തുതകളുടെ ശേഖരണമാണ് അറിവ്: വസ്തുതകളെ പരസ്പര ബന്ധിപ്പിക്കുവാനുള്ള കഴിവാണ് പരിജ്ഞാനം; വസ്തുതകളെ നല്ലലക്ഷ്യത്തിനായി പ്രയോഗിക്കുന്നതാണു വിവേകം. എല്ലാ വ്യക്തികൾക്കും ഈ കഴിവുകൾ ഒരു അളവുവരെ ഉണ്ടെങ്കിലും ദൈവത്തിനു അതു പൂർണ്ണമായ അളവിൽ ഉണ്ട്.

ദൈവം കൃതനിശ്ചയനാണു (Purposive) (യെശ. 14:26-27, എഫെ. 1:11). ഭാവിയിൽ നടക്കാൻ പോകുന്ന സംഭവം, പക്ഷെ ഇപ്പോൾ നടക്കുന്നതുപോലെ മനസ്സിൽ ധരിച്ച്, പ്രതികരിക്കുന്നതാണു കൃതനിശ്ചയം. മൃഗങ്ങൾ ഇങ്ങനെ പദ്ധതിയിട്ട് പ്രവർത്തിക്കില്ല, അവ ഓരോ സമയത്തുണ്ടാകുന്ന ഉദ്ദീപനത്തിനനുസരിച്ച് പ്രതികരിക്കുകയാണു ചെയ്യാറുള്ളത്.

ദൈവം പ്രവർത്തിക്കുന്നവനാണ് (സങ്കീ. 46:8, യോഹ. 5:17, ഫിലി. 2:13). ദൈവം സ്വതന്ത്രനായി പ്രവർത്തിക്കുന്നു. തനിക്കു പ്രവർത്തിക്കുവാൻ കഴിവുള്ളതുകൊണ്ടും പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ടും ആണ് താൻ ഇങ്ങനെ പ്രവർത്തിക്കുന്നത്.  

ദൈവം സ്വതന്ത്രനാണ് (ഇയ്യൊ. 23:13, ദാനി. 4:35, എഫെ. 1:11). ഒരു വ്യക്തിയുടെ പ്രകൃതത്തിനും ഉദ്ദ്യേശങ്ങൾക്കും അനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.       

ദൈവത്തിനു വികാരം ഉണ്ട് (യെശ. 63:9-10, സങ്കീ. 11:5-7). ഒരു വസ്തുവിനോടോ പ്രവർത്തിയോടോ മനസ്സിനുണ്ടാകുന്ന അവസ്ഥ അനുഭൂതിയിൽകൂടെ പ്രകടമാക്കുന്നതാണു വികാരം.

ദൈവത്തിനു സ്വയ-അവബോധം ഉണ്ട് (പുറ. 3:14; 1 കൊരി. 2:10, 11). തന്റെ ചിന്തകളിൽ തന്നെക്കുറിച്ച് ചിന്തിക്കുവാനുള്ള കഴിവും താൻ അങ്ങിനെ ചെയ്തു എന്ന് അറിയുവാനുമുള്ള കഴിവാണു സ്വയ-അവബോധം.

ദൈവം ധർമ്മനിഷ്ഠ നാണു (ഹബ. 1:13; 1 പത്രൊ. 1:15-16). തെറ്റും ശരിയും ഉൾപ്പെടുന്ന വിഷയങ്ങളിലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അവബോധം ദൈവത്തിനുണ്ട്. ധാർമ്മികവിശുദ്ധിയുടെ അളവുകോൽ ദൈവമാണു. അതുകൊണ്ട് എല്ലാ ദുഷ്ടതയിൽ നിന്നും ദൈവം സ്വതന്ത്രനാണ്. നന്മയെ അതിന്റെ പൂർണ്ണതയിൽ ദൈവം പ്രതിനിധീകരിക്കുന്നു.

(4)ദൈവത്തിന്റെ അസ്തിത്വം

ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കാൻ ദൈവം പരിശ്രമിച്ചിട്ടില്ല. ദൈവം ജീവിക്കുന്ന എന്ന വസ്തുത അംഗികരിച്ചുകൊണ്ടാണ് വേദപുസ്തകം ആരംഭിക്കുന്നതുതന്നെ. എങ്കിലും ദൈവത്തിന്റെ അസ്ഥിത്വത്തെ തെളിയിക്കുവാൻ വിവിധ വാദങ്ങൾ അനേകർ ഉപയോഗിച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ അഞ്ചുമാർഗ്ഗങ്ങൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്:

ചലനം: എല്ലാ ചലനങ്ങളും ചലിക്കപ്പെടുന്ന വസ്തുവിനു വെളിയിലുള്ള ശക്തിയാൽ ഉളവാകുന്നതുകൊണ്ടും ചലനത്തിന്റെ അനന്തമായ ശ്രംഖല ഇല്ലാത്തതുകൊണ്ടുമൊരു ചലിക്കാത്ത ചാലകൻ ഉണ്ട്‌.   

കാരണം: എല്ലാ സംഭവങ്ങളും ഉണ്ടാകുന്നതിനു പുറകിൽ ഒരു കാരണം ഉള്ളതുകൊണ്ടും കാര്യ/കാരണങ്ങളുടെ അനന്തമായ ശ്രംഖല അസാദ്ധ്യമായതുകൊണ്ടൂം ഒരു ആദ്യകാരണം (ദൈവം) നിലനിന്നിര

യാദൃശ്ചികം: സകലത്തിനും അവ നിലനിൽക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നതുകൊണ്ട് ഒന്നും ഇല്ലാതിരുന്ന ഒരു കാലം അനിവാര്യമായിരുന്നു. ഒരു കാലത്തിൽ ഒന്നും ഇല്ലാതിരുന്നുവെങ്കിൽ ഒന്നും പിന്നീടു ഉണ്ടാകുകയുമായിരുന്നില്ല. അതുകൊണ്ട് യാദൃശ്ചികമല്ലാത്ത/അനിവാര്യമായ ഒരു സത്ത (ദൈവം) എപ്പോഴും ഉണ്ടാകേണ്ടിയിരിക്കുന്നു. 

രൂപകൽപ്പന: മനസ്സില്ലാത്ത എല്ലാ പദാർത്ഥങ്ങളും ഒരു മനസ്സിന്റെ ഉൽപ്പന്നമാകുന്നതുകൊണ്ടും മനസ്സുള്ളവ ഒരു മഹാമനസ്സിന്റെ ഉൽപ്പന്നമാകുന്നതുകൊണ്ടു ഒരു രൂപകർത്താവ് (ദൈവം) ജീവിച്ചിരിക്കണം.

പൂർണ്ണത: വസ്തുക്കളിൽ കാണുന്ന അപൂർണ്ണതകൾ പൂർണ്ണതയെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ സഹായിക്കുന്നു. പൂർണ്ണതയുടെ ഒരു ഉറവിടം ഉണ്ട്. പരിപൂർണ്ണമായ ഒരു സത്ത (ദൈവം) ജീവിച്ചിരിക്കണം.

ദൈവത്തിന്റെ സത്തയെ തെളിയിക്കുവാൻ ഉപയോഗിക്കുന്ന് മറ്റനേക വാദങ്ങളും നിലവിലുണ്ട്. എന്നാൽ യുക്തിപരമായ ഈ വാദങ്ങൾക്ക് പല അപര്യാപ്തതകളും ഉണ്ട്. ഈ വാദങ്ങൾ വിരൽ ചൂണ്ടുന്നത് ഉന്നതമായ ഒരു സത്തയിലേക്ക് മാത്രമാണ്. ആ സത്ത ഏതാണ് എന്ന ചോദ്യം പിന്നേയും നിലനിൽക്കുന്നുണ്ട്. ആ സത്ത വേദപുസ്തകം പറയുന്ന ദൈവമാണെന്ന് തെളിയിക്കാൻ ഈ വാദങ്ങൾക്ക് കഴിയുകയില്ല. ദൈവം ജീവിക്കുന്നു എന്നതിനുള്ള യഥാർത്ഥ തെളിവ് പിന്നെ എന്താണ്? റോമർ 1:18-25 വരെയുള്ള വാക്യൻങ്ങളിൽ അതിനുള്ള ഉത്തരം നൽകുന്നുണ്ട്. “അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.  അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.  ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.  അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.”  

ഈ വാക്യത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് എല്ലാമനുഷ്യർക്കും ജന്മസിദ്ധമായി തന്നെ ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചിരിക്കുന്നു എന്നതാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്റെ സ്വരൂപത്തിലാണ് സൃഷ്ടിച്ചത്. മനുഷ്യനു ദൈവത്തിന്റെ സ്വരൂപം പകർന്നു തന്നപ്പോൾ അതിനോടുകൂടെ തന്നെക്കുറിച്ചുള്ള അറിവും അവനു ലഭിച്ചു എന്നുവേണം നാം മനസ്സിലാക്കുവാൻ.