ദൂതന്മാർ

ദൂതന്മാരോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

ദൂതന്മാർ യഥാർത്ഥത്തിൽ ഉണ്ടോ?

ലോകത്തിന്റെ ചിലഭാഗങ്ങളിലാണ് ദൂതന്മാരെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്. വേദപുസ്തകത്തിൽ ദൂതന്മാരെക്കുറിച്ച് അധികം വിവരിച്ചിട്ടില്ല. അതേസമയം ദൂതന്മാർ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നവരും ദൈവത്തിന്റെ പദ്ധതികളിൽ പ്രധാന പങ്ക് വഹിക്കുന്നവരും ആണ്. അവർ അദൃശ്യമായി നമ്മുടെ ഇടയിൽ നമ്മെ നിരീക്ഷിച്ചുകൊണ്ടും, സ്വാധീനിച്ചുകൊണ്ടും, സഹായിച്ചുകൊണ്ടും ഈ പ്രപഞ്ചത്തിൽ നിലനിക്കുന്നു. അതുകൊണ്ട് അവരുടെ അസ്ഥിത്വത്തെ നിഷേധിക്കുവാൻ കഴിയുകയില്ല.

ദൂതന്മാരെ എപ്പോഴാണ് ദൈവം സ്രഷ്ടിച്ചത്?

സൃഷ്ടിവാരത്തിലെ പ്രാരംഭ നിമിഷങ്ങളിൽ ദൂതന്മാർ സൃഷ്ടിക്കപ്പെട്ടു എന്നുവേണം താഴെ നൽകിയിട്ടുള്ള വാക്യങ്ങളിൽ നിന്ന് മനസ്സിലാക്കുവാൻ.

ഉൽ‌പ്പത്തി 1:1, 2:1; പുറപ്പാട് 20:11, ഇയ്യോബ് 38:4-7.

ഉലപ്പത്തി 6:4 ൽ കാണുന്ന ദൈവത്തിന്റെ പുത്രന്മാർ (בְנֵי־הָאֱלֹהִים-ബെനെ-എലോഹിം ) ദൂതന്മാരാണോ?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എനിക്ക് സാധിക്കുകയില്ല. വിവിധ കാഴ്ചപ്പാട് ഇതിനോടുള്ള ബന്ധത്തിൽ നിലവിലുണ്ട്. അതിൽ പ്രധാനമായും മൂന്നാണുള്ളത്.

 1. നാടുവാഴികൾ
 2. ദൂതന്മാർ
 3. ശേത്തിന്റെ സന്തതികൾ.

അപ്പോക്രിഫയിലെ ഒന്നാം ഈനോക്കിന്റെ പുസ്തകത്തിലാണ് ഈ കാഴ്ചപ്പാട് ഉണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ട് കാര്യം ദൂതന്മാർക്ക് പുനരുൽ‌പ്പാദന ശേഷിയില്ല എന്നുള്ളതാണ് (മത്താ. 22:20; ലൂക്കോ 20:35). മല്ലന്മാർ (നെഫിലിം) അസധാരണ വർഗ്ഗമാണെന്നുള്ളതിനും ജലപ്രളയത്താൽ അവ ഒഴിവാക്കപ്പെട്ടു എന്നതിനുള്ള സൂചനകളൊന്നും വേദപുസ്തകത്തിലില്ല (സംഖ്യ. 13:33). ക്രിസ്തുവിനു ദൂതന്മാരുമായി ഐക്യതയൊന്നുമില്ല (എബ്രാ. 2:16). ദൈവപുത്രന്മാർ എന്നു പറയുന്നത് സേത്തിന്റെ സന്തതികളായ വിശ്വാസികളോ ദൈവത്തിന്റെ ഭരണകർത്താക്കൾ എന്ന നിലയിൽ നാടുവാഴികളോ ആകാനാണ് സാദ്ധ്യത

ദൂതന്മാരുടെ എത്ര വിഭാഗങ്ങൾ ഉണ്ട്?

പൊതുവിൽ രണ്ട് വിഭാഗങ്ങളാണ് ഉള്ളത്.

(1) നല്ല ദൂതന്മാർ- മർക്കോസ് 8:38; ലൂക്കോസ് 9:26; വെളിപ്പാട് 14:10: “വിശുദ്ധ ദൂതന്മാർ”      1 തിമൊ 5:21: “ശ്രേഷ്ഠ ദൂതന്മാർ“  “Elect Angels”

(2 )ദുഷ്ട ദൂതന്മാർ – മത്തായി 25:41,  വെളിപ്പാട് 12:7–9,  2 പത്രൊസ് 2:4:

ദൂതന്മാർക്ക്  വ്യക്തിത്വം ഉണ്ടോ?

വ്യക്തിത്വത്തിന്റെ അടയാളങ്ങൾ ദൂതന്മാരിൽ കാണാം: മനസ്സ്, ഇച്ഛ, വികാരം, സ്വയബോധം, സ്വയനിർണ്ണയം. ദൂതന്മാർ കേവലം ശക്തികളാണെന്നു ചിന്തിക്കുന്നത് ശരിയല്ല.

 1. അവ സംസാരിക്കുന്നു (മത്താ. 28:5).
 2. അവർ പഠിക്കുവാൻ താല്പര്യപ്പെടുന്നു. (1 പത്രൊസ് 1:12).
 3. അവർക്ക് വിവേകം ഉണ്ട് (2 ശമു. 14:20).
 4. അവർക്ക് അറിവ് ഉണ്ട്  (മർക്കോസ് 1:24, 35).
 5. അവർക്ക് സന്തോഷമുണ്ട്  (ഇയ്യോ. 38:7; ലൂക്കോസ് 15:10).
 6. അവർ ദൈവത്തെ ആരാധിക്കുന്നു (യെശയ്യാവ് 6:3; എബ്രാ. 1:6).
 7. അവർക്ക് നിർണ്ണയ ശേഷി ഉണ്ട്  (എബ്രാ. 1:6).

ദൂതന്മാർ ദൈവസ്വരൂപത്തിലാണോ ഉണ്ടാക്കപ്പെട്ടത്?

അത്ര എളുപ്പത്തിൽ ഉത്തരം പറയാവുന്ന ഒരു ചോദ്യം അല്ല അത്. ദൂതന്മാർ ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് വേദപുസ്തകം പറയുന്നില്ല. എന്നാൽ മനുഷ്യനിലുള്ള ദൈവത്തിന്റെ സ്വരൂപത്തിൽ നിന്നും എന്താണ് ദൂതന്മാർക്ക് കുറവുള്ളത് എന്ന് തിരിച്ചറിയുവാൻ വളരെ പ്രയാസമുള്ള കാര്യമാണ്. ദൂതന്മാർക്കും മനുഷ്യർക്കും വ്യക്തിത്വത്തിന്റെ ഘടകങ്ങളായ ഭാഷ, ആരാധിക്കുവാനുള്ള കഴിവ്, സന്മാർഗ്ഗികത, ആത്മീയത, അക്ഷയത്വം എന്നിവ ഉണ്ട്. ദൂതന്മാരെ മനുഷ്യർ ന്യായം വിധിക്കും (1 കൊരി.6:3) എന്നുള്ളത് സത്യമാണെങ്കിലും രണ്ടുകൂട്ടരും ദൈവത്തിന്റെ പ്രതിനിധികളാണ്. മനുഷ്യർ ദൂതന്മാരേക്കാൾ അല്പം താഴ്ന്നവരാണ് എന്നുള്ള ഒരു ആശയവും വേദപുസ്തകം മുന്നോട്ട് വെക്കുന്നു. എന്നാൽ ദൂതന്മാരേക്കാൾ മനുഷ്യർക്ക് ശരീരം, പ്രത്യുലപ്പാദന കഴിവ്, വർഗ്ഗപരമായ ഐക്യദാർഢ്യം, വീണ്ടെടുപ്പിനുള്ള സാദ്ധ്യത തുടങ്ങിയവയുമുണ്ട്. എന്നാൽ ദൈവത്തിന് ഈ പ്രത്യേകതകളൊന്നുമില്ലാത്തതുകൊണ്ട് ഇത് ദൈവസ്വരൂപാത്തിന്റെ ഭാഗമാണെന്ന് പറയുവാൻ പ്രയാസമാണ്. ഈ ചോദ്യത്തിനു ഉത്തരം പറയുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമാണ്, മാത്രമല്ല, ഉത്തരം പറഞ്ഞതുകൊണ്ട് വലിയ ഫലമുണ്ടെന്നു തോന്നുന്നുമില്ല.

ദൂതന്മാരുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

അവർ ആത്മസത്തകളാണ്. ഭൌതീക ശരീരങ്ങളുമായ് അവർക്ക് നൈസർഗ്ഗികമായതോ അനിവാര്യമായതോ ആയ ബന്ധമൊന്നുമില്ല. എബ്രായർ 1:14— അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന  സേവകാത്മാക്കളല്ലയോ?

ദൂതന്മാർക്ക് ശക്തിയുണ്ടെങ്കിലും പരിമിതിയുള്ളവരാണ്.-  പത്രൊസ് 2:11; മത്തായി 24:36;  ദാനിയേൽ 9:23; 2 പത്രൊസ് 2:4; യൂദാ 6; ദാനിയേൽ 10:10–14.

ദൂതന്മാർ എങ്ങിനെയാണ് പ്രത്യക്ഷപ്പെടാറുള്ളത്?

ദൂതന്മാർ പലപ്പോഴും മാനുഷിക രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും അത് അവരുടെ പരമമായ രുപമല്ല. ശരീരമില്ലാത്തവരാണ് അവർ (ഉൽ‌പ്പത്തി 18:1–8; ദാനിയേൽ 9:21; ലൂക്കോസ് 24:4)

മൃഗത്തിന്റെ ലക്ഷണങ്ങളോടുകൂടിയും ദൂതന്മാർക്ക് പ്രത്യക്ഷപ്പെടുവാൻ കഴിയും (          യെശയാവ് 6:2; യെഹസ്ക്കേൽ 1:5–8; വെളിപ്പാട് 8:13; 14:6; വെളിപ്പാട് 9:1–11; യെശയ്യാവ് 13:21–22; 34:13­–14.

നല്ല ദൂതന്മാർ എത്രപേർ ഉണ്ട്?

അവരുടെ സംഖ്യ എണ്ണമറ്റതാണ്. ദാനിയേൽ 7:10; മത്തായി 26:53; വെളിപ്പാട് 5:11

നല്ല ദൂതന്മാരെ എങ്ങിനെയാണ് വിഭജിച്ചിരിക്കുന്നത്?

ചുരുങ്ങിയത് നാലുതരത്തിൽ ദൂതഗണങ്ങളെ വിഭജിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കുവാൻ. അതിൽ ഒന്നാമതായിട്ടുള്ളത് പ്രധാന ദൂതന്മാർ ആകുന്നു. തിരുവെഴുത്തിൽ പേരെടുത്ത് പറഞ്ഞിട്ടുള്ള ഒരു പ്രധാന ദൂതനാണ് മീഖായേൽ.പക്ഷെ അവനെ പ്രധാന പ്രഭു എന്നും വിളിച്ചിരിക്കുന്നു (ദാനി. 10:13). പ്രധാന പ്രഭു എന്നതിൽ നിന്നും മനസ്സിലാക്കുന്നത് വേറയും ദൂതന്മാർ ഉണ്ട് എന്നാണ്. പിശാചും ഗബ്രിയേലുമായിരിക്കണം മറ്റുള്ളവർ. യിസ്രായേൽ എന്ന രാജ്യത്തോടുള്ള ബന്ധത്തിലാണ് മീഖായേൽ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. (ദാനിയേൽ 10:13; 12:1; യൂദാ 9). എന്നിരുന്നാലും സഭയുടെ ഉല്പ്രാപണത്തിൽ ഈ പ്രധാന ദൂതന്റെ ശംബ്ദവും കേൾക്കാം (1 തെസ്സ 4:16). ഗബ്രിയേലിന് പ്രധാനമായും കാര്യങ്ങൾ വിളംബരം ചെയ്യുവാൻ/ അറിയിക്കുവാനുള്ള ചുമതലയാണുള്ളത്. (70 ആഴ്ചവട്ടം—ദാനിയേൽ 9:21; യെശുവിന്റേയും യോഹന്നാൻ സ്നാപകന്റേയും—ലൂക്കൊസ് 1:19–21; 26). എന്നാൽ അതുമാത്രമാണ് തന്റെ ജോലി എന്നു പറയുവാനും കഴിയുകയില്ല.

രണ്ടാമത്തെ ദൂതഗണത്തെ കെരൂബുകൾ എന്ന് വിളിച്ചിരിക്കുന്നു. കെരൂബുകളെക്കുറിച്ചു ചുരുക്കമായി മാത്രം തിരുവെഴുത്തിൽ പ്രതിപാദിച്ചിട്ടുള്ളുവെങ്കിലും അവരെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന്റെ പരമാധികാരം, ന്യായം, മഹത്വം എന്നിവയോടെ ചേർന്നാണ് പരാമർശിക്കാറുള്ളത്.ഏദൻ തോട്ടത്തെ കാത്ത് വീണുപോയ മനുഷ്യർക്ക് മേലുള്ള ദൈവീക ന്യയവിധി നടപ്പിലാക്കികൊണ്ടാണ് അവർ ആദ്യം പ്രത്യക്ഷപ്പെടുന്നത് (ഉൽ‌പ്പത്തി 3:24).  “തേജസ്സിന്റെ കെരൂബുകൾ” കൃപാസനത്തിന്മേൽ പ്രത്യക്ഷപ്പെടുകയും ദൈവസിംഹാസനത്തിന്മേൽ ഉണ്ടായിരുന്ന തേജസ്സിന്റെ മേഘങ്ങളെ സൂക്ഷിക്കുകയും ചെയ്തു  ദേവാലയത്തിൽ നിന്ന് തേജസ്സിന്റെ മേഘത്തെ അനുഗമിക്കുന്നതും കെരൂബുകൾ ആണ്. (യെഹസ്ക്കേൽ 10;  25:17–22; എബ്രായർ 9:5).

മുന്നാമത്തെ ദൂതഗണങ്ങളെ സെറാഫുകൾ എന്ന് വിളിക്കുന്നു. എരിയുന്നവർ/ജ്വലിക്കുന്നവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. യെശയ്യാവ് 6 ൽ മാത്രമാണ് നാം ഇവയെക്കുറിച്ചു കാണുന്നത്. അവരുടെ വാക്കുകളും (പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ) പ്രവർത്തികളും (യെശയ്യാവിന്റെ അധരത്തെ ശുദ്ധീകരിക്കുന്നത്) കാണിക്കുന്നത് അവർ ദൈവ പരിശുദ്ധിയുടെ സംരക്ഷകരും അത് വിളംബരം ചെയ്യുന്നവരാണ് എന്നാണ്.

നലാമത്തെ ദുതഗണത്തെ  ജീവികൾ എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക കൂട്ടം ദൂതന്മാർക്കുള്ള പദവിയാണോ അതോ മറ്റുള്ളവരുടെ കൂട്ടത്തിലുള്ളവരാണോ എന്നു പറയുവാൻ വളരെ പ്രായാസമുള്ള കാര്യമാണ്. വെളിപ്പാട് പുസ്തകത്തിൽ അവർ ദൈവത്തെ ആരാധിക്കുന്നതായും (വെളിപ്പാട് 4, 5, 7, 19), പീഠനകാല ന്യായവിധികൾക്ക് മേൽനോട്ടം കൊടുക്കുന്നതായും കാണുന്നു (വെളിപ്പാട് 6:1, 3, 5, 7; 15:7; etc.).

നല്ല ദൂതന്മാരുടെ പ്രവർത്തികൾ എന്തൊക്കെയാണ്?

ദൂതന്മാരുടെ പ്രവർത്തികളെക്കുറിച്ച് പരിശോധിക്കുമ്പോൾ, അനേക കാര്യങ്ങൾ തിരുവെഴുത്ത് പഠിപ്പിക്കുന്നുണ്ട്.

ദൈവത്തോടുള്ള ബന്ധത്തിൽ അവർ ദൈവത്തെ ആരാധിക്കുന്നു (സങ്കീ 29:1; 148:1–2; etc.), ദൈവത്തിന് വിവരങ്ങൾ കൈമാറുന്നു (ഇയ്യോബ്1:6; 2:1), ദൈവത്തിന്റെ ശുശ്രൂഷകന്മാ‍രായും ദുത് അറിയിക്കുന്നവരായും പ്രവർത്തിക്കുന്നു (സങ്കീ. 103:20; ലൂക്കോസ്2; etc.). അവസാന കാലത്തിൽ വലിയ ഒരു കൂട്ടമായ് അവർ പ്രത്യക്ഷപ്പെടുകയും ദൈവത്തിന്റെ കൽ‌പ്പനകളും വിധികളും നടപ്പിലാക്കുന്നു.

ക്രിസ്തുവുമായിട്ടുള്ള ബന്ധത്തിൽ, ദൂതന്മാർ വളരെ സജീവമായി പ്രവർത്തിച്ചു എന്നുള്ളത് കാണുവാൻ സാധിക്കും. തന്റെ ജനനത്തെ മുൻ കൂട്ടി പ്രവചിച്ചു. (ലൂക്കോസ് 1:26–28), തന്റെ ജനനത്തെ വിളംബരം ചെയ്തു. (ലൂക്കൊസ് 2:8–15), ഹെരോദാവിന്റെ കയിൽ നിന്നും രക്ഷിച്ചു (മത്തായി2:13), പരീക്ഷക്കുശേഷം തന്നെ ശുശ്രൂഷിച്ചു (മത്തായി 4:11), കഷ്ടാനുഭവത്തിൽ തന്നെ ശക്തീകരിച്ചു (Luke 22:43), ഉയിർത്തെഴുന്നേൽ‌പ്പിൽ പങ്കുകൊള്ളുകയും ഉയിർത്തെഴുന്നേൽപ്പ് വിളംബരം ചെയ്യുകയും ചെയ്തു. (മത്തായി 28:1, 6), പുനരുത്ഥാനത്തിൽ പങ്കെടുക്കുകയും രണ്ടാം വരവ് അറിയിക്കുകയും ചെയ്തു (അ. പ്ര. 1:11).

രാജ്യങ്ങളോടുള്ള ബന്ധത്തിൽ, ചുരുങ്ങിയത് പഴയനിയമ കാലത്തിലെങ്കിലും, വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുവാൻ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. (ദാനിയേൽ 4:17; 10:20–21).

വിശുദ്ധന്മാരുടെ ബന്ധത്തിൽ, വെളിപ്പാടിന്റെ പ്രതിനിധികളായും, (ഗലാത്യർ 3:19; ലൂക്കൊസ് 1:26–28; വെളിപ്പാട് 1:1ff), പ്രാർത്ഥനകൾക്ക് അത്ഭുതപരമായി ഉത്തരങ്ങൾ കൊണ്ടുവന്നും (അ. പ്ര്.  12:5–7), വ്യക്തമായ മർഗ്ഗനിർദ്ദേശങ്ങൾ നൽകിയും (അ. പ്ര.  8:26; 10:1–8), അപകടത്തിൽ ആശ്വാസം നൽകിയും (അ. പ്ര. 27:23–24) ദൂതന്മാർ വേദപുസ്തക കാലങ്ങളിൽ പ്രവർത്തിച്ചു.

അവസാനകാ‍ലത്തുള്ള ദൈവീകപരിപാടിയുടെ പ്രതിനിധികളായി കർത്താവിന്റെ മടങ്ങിവരവിൽ കൂടെ ഉണ്ടായിരിക്കും, (മത്തായി 25:31; ലൂക്കൊസ് 9:26; 1 തെസ്സ. 4;16; 2 തെസ്സ.1:7), തിരഞ്ഞെടുക്കപ്പെട്ടവരെ തങ്ങളുടെ പീഡകരുടെ കയിൽ നിന്ന് രക്ഷിക്കും, (മത്തായി 13:49; 24:31), സാധാരണമായ ആപത്തുകളിൽ നിന്നും സഹസ്രാബ്ദവാഴ്ചയിലെ പൌരന്മാരെ രക്ഷിക്കുകയും ചെയ്യും. (സങ്കീ. 91:11–12).

ദൂതന്മാരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് തിരുവെഴുത്തിൽ അധികമായിട്ടൊന്നും പറഞ്ഞിട്ടില്ല. പുരാതനകാലത്ത് നടന്നുതുപോലെയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ലായെങ്കിലും, സഭയുടെ പ്രവർത്തികൾ അവർ വീക്ഷിക്കുന്നുണ്ട് (ലൂക്കൊസ് 10:15; 1 കൊരി. 4:9; 11:10; 1 തിമൊ. 5:21; 1 പത്രൊ 1:12), രക്ഷ പ്രാപിക്കാനുള്ള ആത്മാക്കളുടെ സേവാത്മാക്കളായി പ്രവർത്തിക്കുന്നു(എബ്രായർ 1:14). യാദൃശ്ചികമായ് അവർ ഇപ്പോഴും കാണപ്പെടാം, അങ്ങിനെയാണെങ്കിലും തങ്ങൾ ദൂതന്മാർ എന്ന രീതിയിൽ വെളിപ്പെടുത്തണമെന്നില്ല (എബ്രായർ 13:2). ഇതിനപ്പുറമായ് അവരുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങളെക്കുറിച്ച് തിരുവെഴുത്ത് ഒന്നും തന്നെ പറയുന്നില്ല.

അവിശ്വാസികളുടെ ബന്ധത്തിൽ, താൽക്കാലികമായ ന്യായവിധിയും (അ. പ്ര. 12:23—ഹേരോദാവ്) അവസാനകാലത്തിൽ പിശാചിനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കുകയും  പിന്നീട് അവനെ ചങ്ങലയിടുകയും (വെളിപ്പാട് 12:7, 9; 20:1–2), യുഗാവസാനത്തിൽ അവിശ്വാസികളെ ഒരുമിച്ചുകൂട്ടുകയും (മത്തായി 13:39ff; 24:31),നരകത്തിലേക്ക് എറിയുകയും ചെയ്യും (മത്തായി 20:10, 14, 15).

ഭൂതങ്ങളുടെ ആരംഭത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്?

വിവിധങ്ങളായ സിദ്ധാന്തങ്ങൾ ഭൂതങ്ങളുടെ ആരംഭത്തെക്കുറിച്ച് പലരും മുന്നോട്ട് വെക്കുന്നുണ്ട്. ഒന്നാമതായി, മരിച്ചുപോയ മനുഷ്യാത്മാക്കളാണ് ഭൂതങ്ങൾ എന്ന് ചിലർ വിശ്വസിക്കുന്നു. മനുഷ്യർ മരിച്ചുകഴിഞ്ഞാൽ അവർ ദുതന്മാരാകും എന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. വേദപുസ്തകത്തിൽ ഇങ്ങിനെയുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല. ദുഷ്ടന്മാരുടെ ആത്മാക്കൾ മരണത്തിനുശേഷം ഭൂമിയിൽ തിരിച്ചുവന്നു ഇവിടെയുള്ളവരെ വേട്ടയാടുക എന്ന രീതിയിലല്ല പാപത്തിനെതിരെയുള്ള ദൈവത്തിന്റെ ന്യായവിധി ക്രമീകരിച്ചിരിക്കുന്നത്. പാപത്തിൽ മരിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നത്. അവിടെ നിന്നും ഭൂമിയിലെ എന്തെങ്കിലും ചെയ്യുവാൻ അവർക്ക് കഴിയുകയില്ല. (ലൂക്കൊസ് 16:22–31; സഭാപ്രസംഗി 9:10; യെഹസ്കേൽ 32:18, 26–27 എന്നീ വാക്യങ്ങൾ ശ്രദ്ധിക്കുക)

രണ്ടാമതായി, പൂർവ്വ—ആദ്യാമ്യ പരമ്പരയാണ് ഭൂതങ്ങൾ എന്ന് ചിലർ വിശ്വസിക്കുന്നു. ആദാമിനു മുമ്പ് മനുഷ്യകുലം ഉണ്ടായിരുന്നു. പാപം ചെയ്ത് ദൈവത്തിന്റെ ന്യായവിധിയിൽ അവർ നശിച്ചുപോയി. ആ നശിച്ചുപോയ മനുഷ്യകുലം ആണ് പിന്നീട് ഭൂതങ്ങളായി വന്നത് എന്ന് ഇക്കൂട്ടർ വിശദീകരിക്കുന്നു. തിരുവെഴുത്തിന് വിരുദ്ധമായ ഒരു പഠിപ്പിക്കൽ തന്നെയാണ് ഇത്. ആദ്യമനുഷ്യനായ ആദാമിൽക്കൂടിയാണ് പാപം മാനവരാശിയിലേക്ക് പ്രവേശിച്ചത് എന്ന് വേദപുസ്തകം പറയുമ്പോൾ അതിനു മുമ്പ് ഒരു മനുഷ്യകുലം ഉണ്ടായിരുന്നു. അവർ പാപം ചെയ്തു. ആ മനുഷ്യർ ആണ് ഭൂതങ്ങൾ എന്ന് പഠിക്കുന്നത് തെറ്റാണ്

മൂന്നാമതായി, മല്ലന്മാരുടെ/ നെഫിലിം സിദ്ധാന്തം. ഉലപ്പത്തി 6:2–4 -ൽ മനുഷ്യരും ഒരുകൂട്ടം ദൂതന്മാരും കൂടിച്ചേർന്നതുമൂലം ഉണ്ടായ സന്തതികളാണ് ഭൂതങ്ങൾ എന്ന് ഇക്കൂട്ടർ പറയുന്നു. ഈ നെഫിലുകളുടെ മാനുഷികത ജലപ്രളയത്താൽ നശിപ്പിക്കപ്പെട്ടു എങ്കിലും ഭൂതങ്ങളുടെ രൂപത്തിൽ അവരുടെ ദൂത പ്രത്യേകതകൾ തുടരുന്നു. എന്നാൽ നെഫീലുകളും ദുഷ്ട ദൂതന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വേദപുസ്തകം ഒന്നും തന്നെ പറയുന്നില്ല. മാത്രമല്ല, പഴയനിയമത്തിനും പുതിയനിയമത്തിനും ഇടക്കുള്ള കാലഘട്ടത്തിൽ ഉണ്ടായിരുന്ന യെഹൂദന്മാരുടെ അന്ധവിശ്വാസത്തിൽ നിന്നാണ് ഇത് ഉടലെടുത്തത്. കൂടാതെ പിശാചിന്റെ ഭൃത്യന്മാരെ ദൂതന്മാർ എന്നും ഭൂതങ്ങൾ എന്നുള്ള വേർതിരിവിനെ ഇക്കൂട്ടർക്ക് വിശദീകരിക്കുവാനും കഴിയുകയില്ല. (മത്തായി 25:41; വെളിപ്പാട് 12:9; cf. മത്തായി 12:24; ലൂക്കൊസ് 10:17–18). മാത്രമല്ല, ഈ ലോകത്ത് കാണുന്ന എണ്ണമറ്റ ഭൂതങ്ങൾ എങ്ങിനെയുണ്ടായി എന്നുള്ളതും ഈ സിദ്ധാന്തത്തിന് വിശദീകരിക്കുവാൻ കഴിയുകയില്ല.

നാലാമതായി, വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ട സത്തകളാണ് ഭൂതങ്ങൾ എന്ന് ചിലർ വിശ്വസിക്കുന്നു. ഭൂതങ്ങളെ ഒരിക്കലും ദൂതന്മാർ എന്ന് വിളിച്ചിട്ടില്ല എന്നും ഇക്കൂട്ടർ വാദിക്കുന്നു.    ഈ സിദ്ധാന്തത്തിന്റെ വീഴ്ചകൾ നോക്കുക: പിശാചിന്റെ ഭൃത്യന്മാരെ ദൂതന്മാരായും (മത്തായി 25:41; വെളി 12:9) ഭൂതങ്ങളായും വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മത്തായി 12:24). മാത്രമല്ല, ദുഷ്ടത പ്രവർത്തിക്കുവാനായ് ദൈവം ഒരു കൂട്ടരെ സൃഷ്ടിച്ചിരിക്കുന്നു എന്ന വലിയ ഒരു കുഴപ്പവും ഇവിടെ ഉണ്ട്.

വേദപുസ്തകം പഠിപ്പിക്കുന്നത്, ഭൂതങ്ങൾ വീണുപോയ ദൂതന്മാരാണ്.എന്നാണ്. പിശാചിന്റെ സേനകളെ ദൂതന്മാർ എന്നും ഭൂതങ്ങൾ എന്നും വിളിച്ചിരിക്കുന്നു. (മത്തായി 25:41; വെളിപ്പാട് 12:7, 9; cf. മത്തായി 12:24).  പലഭാഗങ്ങളിലും ഭൂതങ്ങളെ പിശാചിന്റെ സേനകൾ എന്നു വിളിച്ചിരിക്കുന്നു (വെളിപ്പാട് 12:3-4, 7). മനുഷ്യർ, ദൂതന്മാർ, ദൈവം എന്നിവർക്കു പുറമേയുള്ള ഒരു വ്യക്തി സത്തകളെക്കുറിച്ചും വേദപുസ്തകം പൂർണ്ണമായും നിശബ്ദമാണ്.

ഉൽ‌പ്പത്തി 1:31-ൽ ദൈവത്തിന്റെ സകല സൃഷടിയും നല്ലതായിരുന്നു എന്നു നാം കാണുന്നു. പിന്നെ എങ്ങിനെ ഈ നല്ല ദൂതന്മാർ തരം താഴ്ന്ന് ഭൂതങ്ങൾ ആയി? 

പാപത്തിന്റെ യഥാർത്ഥ ആരമഭം ദൂതമണ്ഡലത്തിൽ തന്നെയാണ് ഉണ്ടായത്. (1) മനുഷ്യരെ പോലെ ഉറപ്പിക്കപ്പെടാത്ത പരിശുദ്ധ പ്രകൃതവും പാപം ചെയ്യുവാനോ ചെയ്യാതിരിക്കുവാനോ ഉള്ള സ്വാതന്ത്ര്യത്തോടെയുമാണ് ദൂതന്മാർ സൃഷ്ടിക്കപ്പെട്ടത്. (ഉൽ.1:31; 2:1). (2) മനുഷ്യരെപ്പോലെ തങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുവാനുള്ള ഒരു ശോധനാ കാലം ഉണ്ടായിരുന്നു.  (3) ദൂതന്മാർ പാപം ചെയ്തപ്പോൾ അവർ പാപത്തിൽ ഉറപ്പിക്കപ്പെടുകയും ചെയ്തു. (4)       മനുഷ്യരിൽ നിന്നും വ്യത്യസ്തമായ് എല്ലാ ദൂതന്മാരും വ്യക്തിപരമായ് പാപം ചെയ്തു. ഒരു വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് പാപം വ്യാപിക്കുകയായിരുന്നില്ല, മറിച്ച് ഒരു വിഭാഗം ദൂതന്മാർ പിശാചിന്റെ പാത പിന്തുടർന്ന് വ്യക്തിപരമായ് ദൈവത്തിനെതിരായ് മത്സരിച്ചു. ഒരു പരീക്ഷകനും ഇല്ലാതെ തന്നെ അവർ പാപം ചെയ്തു. (5) അതുകൊണ്ട് ദൂതന്മാർക്ക് വീണ്ടെടുപ്പ് ഇല്ല. (എബ്രായർ 2:14).

ദുഷ്ടദൂതന്മാരുടെ പ്രവർത്തികൾ എന്തൊക്കെയാണ്.

 1. ദൈവീക പദ്ധതികളെ അവർ എതിർക്കുന്നു. (ലൂക്കോസ് 4:41).
 2. ദൈവ ജനങ്ങളെ അവർ എതിർക്കുന്നു. (എഫ്യേ. 6:12).
 3. നല്ല ദൂതന്മാരുടെ പ്രവർത്തികളെ എതിർക്കുകയും തടയുകയും ചെയ്യുന്നു. (ദാനി. 10:13; വെളി.12:7).
 4. അവർ മനുഷ്യന്റേയും മൃഗങ്ങളുടേയും ശരീരത്തേയും മനസ്സിനേയും നിയന്ത്രിക്കുന്നു. (ലൂക്കോ. 8:27–33).
 5. അവർ ശാരീരിക ക്ഷതങ്ങൾ ഏൽ‌പ്പിക്കുന്നു (മർക്കോസ് 9:17, 25; 2 കൊരി.12:7).
 6. ധാർമ്മിക അശുദ്ധിയെ അവർ പ്രോത്സാഹിപ്പിക്കുന്നു (മർക്കോസ് 5:2).
 7. അവർ പിശാചിന്റെ പ്രവർത്തികളെ സഹായിക്കുന്നു (വെളി. 12:7), മാത്രമല്ല, അതിനുവേണ്ടി അൽഭുതങ്ങളും ചെയ്യുന്നു (വെളി. 16:13–14).
 8. അവർ വ്യാജ ഉപദേശം പരത്തുന്നു. (1 തിമൊ 4:1–3).

Note: ഇവർ ഇങ്ങനെ പ്രവർത്തിക്കുമ്പോഴും ഇവർ ദൈവത്തിന്റെ നിയന്ത്രണത്തിൻ കീഴിലാണെന്നുള്ളതും ഇവരുടെ ശക്തിക്ക് പരിമിതികളുണ്ടെന്നും നാം മറക്കരുത്.

ചില കാലഘട്ടത്തിലും ചില ദേശങ്ങളിലും ഭൂതങ്ങൾ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നതെന്തുകൊണ്ട്?

കർത്താവിന്റെ കാലത്തിൽ പിശാചിന്റേയും ഭൂതങ്ങളുടേയും പ്രവർത്തികൾ വളരെ കൂടുതൽ ആയിരുന്നു. അവസാന കാലത്തിലും ഇത് വളരയധികമായിരിക്കും. കാരണം ഈ രണ്ടുകാലഘട്ടത്തിലും ദൈവത്തേയും തന്റെ രാജ്യത്തേയും തകർക്കുവാൻ പിശാച് പരിശ്രമിക്കുന്നു. ഈ രണ്ടു അവസരങ്ങളിലും ദൈവം തന്റെ അധികാരം ഉപയോഗിച്ച് പിശാചിന്റെ രാജ്യം പിടിച്ചടക്കുകയാണ് ചെയ്യുന്നത്. (മത്താ 12:25ff).

ചില സ്ഥലങ്ങളിൽ പിശാചിന്റെ ഉയർന്ന തരത്തിലുള്ള പ്രവർത്തനങ്ങളൊന്നും ഇല്ലെങ്കിലും ജനങ്ങൾ അങ്ങിനെ പ്രതീക്ഷിക്കുന്നതുകൊണ്ട് അങ്ങിനെ ഉള്ളതായ് തോന്നാറുമുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ദൈവീക സത്യങ്ങളെ തടുത്തുകൊണ്ട് ഭൂതങ്ങളുമായ് സജീവ ബന്ധത്തിൽ മനുഷ്യൻ ഏർപ്പെടാറുണ്ട്. അങ്ങിനെയുള്ള സ്ഥലങ്ങളിലും കാലഘട്ടത്തിലും ദൈവം തന്റെ സാധാരണ കൃപയുടെ പ്രയോഗം കുറക്കുമ്പോൾ ഭൂതങ്ങളുടെ ശക്തമായ പ്രവർത്തികളെ കാണുവാൻ കഴിയുന്നു.

 

എന്താണ് ഭൂത ബാധ?

ഭൂതത്താൽ മനസ്സും ശരീരവും പൂർണ്ണമായി നിയന്ത്രിക്കപ്പെടുന്നതിനേയാണ് ഭൂത ബാധ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഭൂതബാധയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

ഭൂതങ്ങളുമായ് ബന്ധപ്പെടുന്നതും ഭൂതബാധയും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. ന്യായപ്രമാണത്തിൽ കരുണ ലഭിക്കാത്ത കുറ്റമാണ് ആദ്യത്തേത് (ലേവ്യ. 20:27; ആവ.18:10­–15). ഭൂതം ബാധിക്കപ്പെട്ടവൻ നിഷ്കളങ്കനൊന്നുമല്ലെങ്കിലും അവൻ ഒരു തരത്തിൽ ഒരു ഇരയാണ്. അതുകൊണ്ട് ദൈവീക കരുണക്ക് അർഹരാണ്. (മത്താ. 4:25).

ഭൂതത്താൽ ബാധിക്കപ്പെടുമ്പോൾ ഭൂതം ഒരു വ്യക്തിയുടെ ശരീരത്തിൽ വസിക്കുകയും വേറെ ഒരു വ്യക്തിയെ പോലെ ഭൂതം പ്രവർത്തിക്കുകയും ആ വ്യക്തിക്ക് ഭൂതത്തിന്റെ പ്രവർത്തിയെ എതിർക്കുവാൻ കഴിവില്ലാതെയും വരുന്നു.

ഭൂതബാധ ഭൂതങ്ങളുടെ കേവലം ഒരു സ്വാധീനമല്ല, വിശ്വാസികളുടെ മേലും ഭൂതങ്ങൾ സ്വാധീനം ചെലുത്തിക്കൊണ്ട് തെറ്റായ ഉപദേശങ്ങളെ സ്വീകരിക്കുവാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. (1 തിമൊ 4:1, യാക്കോ. 3:14–16). ഇവിടെ ഭൂതം വേറെ ഒരുത്തന്റെ രൂപത്തിൽ വന്ന് ഇരയെ പൂർണ്ണമായി അടക്കിവാഴുകയും അവന് എതിർക്കാൻ പറ്റാത്തവിധത്തിൽ യുക്തിരഹിതവും സ്വയമായി ദുഷിപ്പിക്കുന്ന സ്വഭാവത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.

ഭൂതബാധയാൽ ഇരക്ക് പലവിധത്തിലുള്ള ക്ഷതങ്ങളും ഉണ്ടാകാറുണ്ട്.

മാനസ്സിക ക്ഷതവും നഗ്നതയും (മർക്കോ.5:5, 15).

ബധിരത(മത്താ.9:32–34; 12:22)

അന്ധത (മത്ത.12:22)

സന്മാർഗ്ഗിക അശുദ്ധി (മർക്കൊ.5:2)

രക്ഷിക്കപ്പെട്ട വിശ്വാസിയെ ഭൂതം ബാധിക്കുമോ?

രക്ഷിക്കപ്പെടുമ്പോൾ വിശ്വാസികൾ ദൈവീക പ്രകൃതത്തിൽ പങ്കാളികൾ ആകുകയും (2 പത്രൊ 1:4) ക്രിസ്തുവിന്റെ മനസ്സുള്ളവരുമായി തീരുന്നു (1 Cor 2:16). അതുകൊണ്ട് വിശ്വാസിയുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിനെ ആർക്കും പുറത്താക്കുവാൻ കഴിയുകയില്ല. യഥാർത്ഥ വിശ്വാസിക്ക് ഭൂതങ്ങളുടെ സ്വാധീനത്തെ എല്ലായ്പ്പോഴും എതിർക്കുവാൻ കഴിയും (യാക്കൊ. 4:7; 1 പത്രൊ.5:9). യോഹന്നാൻ പറയുന്നത് നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനേക്കൾ വലിയവനായതുകൊണ്ട് നിങ്ങൾ അവരെ ജയിച്ചിരിക്കുന്നു എന്നാണ്. (1യോഹ. 4:4).

മത്തായി 12:43-ൽ ഒരു മനുഷ്യനെ വിട്ടുപോയ അശുദ്ധാത്മാവ് വേരെ ആരെയെങ്കിലും കിട്ടുമോ എന്ന് അറിയുവാൻ അന്വോഷിച്ചു, പക്ഷെ കണ്ടെത്തിയില്ല. അതു സൂചിപ്പിക്കുന്നത് ഭൂതത്തിന് ഇഷ്ടം പോലെ അരിലും പ്രവേശിക്കുവാൻ കഴിയുകയില്ല എന്നുള്ളതാണ്. ഭൂതത്തെ സ്വികരിക്കുവാൻ സമ്മതമുള്ളവരിലാണ് അവർ പ്രവേശിക്കുന്നത്. അതുകൊണ്ടാണ് ചിലരിൽ ഒന്നിലധികം ഭൂതങ്ങൾ പ്രവേശിക്കുന്നത് (v. 45; മർക്കോ.5:9; ലൂക്കോ.8:2). യഥാർത്ഥ വിശ്വാസി ഒരിക്കലും ഇങ്ങിനെ ചെയ്യുകയില്ല.

ഭൂതങ്ങൾ വിശ്വാസികളെ ആക്രമിച്ചേക്കാം (എഫ്യേ. 6:11) ശാരീരിക ക്ഷതവും ഏൽ‌പ്പിച്ചേക്കാം (2 കൊരി 12:7), പക്ഷെ ഭൂതം അവരെ ബാധിക്കുകയില്ല.

ദുഷ്ടദൂതന്മാരുടെ ന്യായവിധി എങ്ങിനെയായിരിക്കും?

അഗാധഗർത്തത്തിൽ ചിലരെ നേരത്തെതന്നെ ചങ്ങലയിൽ ഇട്ടു വെച്ചിരിക്കുകയാണ്. (2 പത്രൊ.2:4; യൂദ 6; ലൂക്കൊ.8:31; വെളി.9:1–11).

മഹാദിവസത്തിലെ വിധിയിൽ എല്ലവരേയും ന്യായം വിധിക്കും (യൂദാ.6).

എല്ലാവരേയും തീതടാകത്തിലേക്ക് വലിച്ചെറിയും (മത്താ.25:41).

പിശാചിനുള്ള പേരുകൾ എന്തൊക്കെയാണ്?

പിശാചിനു ലഭിച്ചിട്ടുള്ള പേരുകൾ തന്റെ പ്രവർത്തികളെക്കുറിച്ച് ചിലത് നമ്മോട് പറയുന്നു.

സാത്താൻ—(52 പ്രാവശ്യം) “എതിരാളി.”

പിശാച്—(35 പ്രാവശ്യം) “ദൂഷകൻ.”

ബേത്സെബൂബ്— (മത്താ.12:24) “ഈച്ചകളുടെ കർത്താവ്,” പശ്ചാത്തലത്തിൽ, “ഭൂതങ്ങളുടെ കർത്താവ്.”

ബെലിയാൽ— (ആവ. 13:13) “നീചന്മാർ.” അല്ലെങ്കിൽ അയോഗ്യർ

പരീക്ഷകൻ (മത്താ.4:3)

ദുഷ്ടൻ (യോഹ.17:15; 1 യോഹ. 2:14, 5:18)

ഈ ലോകത്തിന്റെ ദൈവം (2 കൊരി.4:4) ഈ ലോകത്തിന്റെ പ്രഭു (യോഹ.12:31)

ആകാശത്തിലെ അധികാരത്തിന്റെ അധിപതി (എഫ്യേ.2:2)

അപവാദി (വെളി.12:10)

വഞ്ചകൻ (വെളി.12:9)

പാമ്പ് (വെളി. 12:9)

മഹാസർപ്പം (വെളി.12:3, 7, 9)

പിശാചിന്റെ പ്രകൃതം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

പിശാച് ഒരു വ്യക്തിയാണ്.

 • പിശാചിനെ വ്യക്തിപരമായ സർവ്വ നാമങ്ങൾ ഉപയോഗിച്ചിരിക്കുന്നു. (ഇയ്യോ.1:6–12; 2 കൊരി.11:14–15; യാക്കോ.4:7).
 • വ്യക്തിത്വത്തിന്റെ പ്രത്യേകത പിശാചിനുണ്ട്.

(1)      അവൻ ഭാഷ ഉപയോഗിക്കുന്നു (മത്താ.4:1–11).

(2)      അവൻ തന്ത്രങ്ങൾ മെനയുന്നു. (ഉൽ.3; Job 1:6–12; എഫ്യേ.6:11). പിശാചിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ അനവധിയണ്. എല്ലാം ഇവിടെ കൊടുക്കുന്നില്ല.

ഒരു ദൂത സത്തയായി സൃഷ്ടിക്കപ്പെട്ടവനാണ് പിശാച്.

 • സ്വർഗ്ഗത്തിലേക്ക് പ്രവേശനമുള്ള “ദൈവപുത്രന്മാരിൽ“ ഒരുവനാണ് താൻ. അതുകൊണ്ട് ആരംഭ സൃഷ്ടിയുടെ ഭാഗവുമാണ്. (ഇയ്യോ.1:6; 2:1 cf. സങ്കീ.148:2, 5).
 • ദുഷ്ട ദൂതന്മാരുടെ നേതാവാണ് അവൻ (മത്ത. 25:41; വെളി.12:9).
 • അവൻ വെളിച്ച ദൂതന്റെ വേഷത്തിൽ വരുന്നു (2 കൊരി.11:14).

പിശാച് എങ്ങിനെയാണ് ഉണ്ടായത്?

പിശാച് പ്രപഞ്ചത്തിന്റെ പ്രാരംഭ സൃഷ്ടിയുടെ ഭാഗമായി പരിശുദ്ധമായി സൃഷ്ടിക്കപ്പെട്ട ദൂതനായിരുന്നു.  ഹവ്വയെ പരീക്ഷിക്കുന്നതിനു മുമ്പോ അല്ലെങ്കിൽ പരീക്ഷിച്ച സമയത്തോ ആണ് താൻ പാപത്തിലേക്ക് വീണുപോയത്.

പിശാചിന്റെ പാപ പ്രകൃതം എന്തയിരുന്നു?

അഹങ്കാരമായിരുന്നു പിശാചിനു പാപം ചെയ്യുവാൻ പ്രചോദനമായിരുന്നത്. (1 തിമൊ 3:6). നാശോദ്ദേശമുള്ള ഒരു നുണയായിരുന്നു പിശാചിന്റെ അറിയപ്പെടുന്ന ഒന്നാമത്തെ പാപം (ഉൽപ്പത്തി 3:3-4; യോഹ. 8:44)

പിശാചിന്റെ കാലഗതി എന്താണ്?

 1. സൃഷ്ടിയുടെ ആരംഭത്തിൽ പിശാചിന് പൂർണ്ണവും പാപമില്ലാത്തതുമായ ഒരു അസ്ഥിത്വം ഉണ്ടായിരുന്നു. (ഉൽ.1:31).
 2. പാപത്തിനുശേഷം അവൻ അപമാനിക്കപ്പെട്ടുവെങ്കിലും ഇപ്പോഴും അവന് സ്വർഗ്ഗത്തിൽ പ്രവേശനമുണ്ട്. (ഇയ്യോ.1:6; 2:1; വെളി.12:3–4).
 3. ചരിത്രത്തിലെ പ്രത്യേക സമയങ്ങളിൽ അവൻ ഭൂമിയിലേക്ക് പ്രധാനമായും മാറ്റപ്പെടുന്നു (വെളി12:3–4). ക്രിസ്തുവിന്റെ ജനനം, ക്രിസ്തുവിന്റെ ശുശ്രൂഷ സമയം (ലൂക്കൊ. 10:18), മഹാപീഢനകാലം എന്നിവയായിരിക്കാം അത്.
 4. പിശാച് മീഖായേലിനോടും തന്റെ ദൂതന്മാരോടും മഹാപീഢനകാലത്തിന്റെ മദ്ധ്യത്തിൽ യുദ്ധം ചെയ്യുകയും എന്നന്നേക്കുമായുള്ള സ്വർഗ്ഗത്തിലേക്കുള്ള അവന്റെ പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്യും (വെളി.12:7–9).
 5. സഹസ്രാബ്ദ വാഴ്ചയിൽ അഗാധഗർത്തത്തിൽ അവനെ ചങ്ങലയിൽ സൂക്ഷിക്കും (സെഖ.13:2; വെളി.20:1–3).
 6. സഹസ്രാബ്ദ വാഴ്ചക്കു ശേഷം കുറച്ചുകാലത്തേക്ക് അവനെ അഴിച്ചുവിടും (വെളി.20:7–9).
 7. എന്നന്നേക്കുമുള്ള കഷ്ടതക്കായി അവനെ തീതടാകത്തിലേക്ക് എറിയും. (വെളി. 20:10).

Create a website or blog at WordPress.com

Up ↑

%d bloggers like this: