യുഗാവസാനം

ഭാവികാലത്തോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

ഭാവികാല വിജ്ഞാനീയത്തിൽ ഉപയോഗിക്കാറുള്ള പ്രാധന പദങ്ങൾ ഏതൊക്കെയാണ്?

ഭാവികാല വിജ്ഞാനീയം [എസ്കറ്റോളജി]: അവസാന കാലത്തെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള പഠനം. [എസ്കറ്റോൻ=അവസാന ദിവസങ്ങൾ]

രണ്ടാം വരവ്: പുതിയ ഒരു ലോകക്രമം സ്ഥാപിക്കുവാനുള്ള ക്രിസ്തുവിന്റെ രണ്ടാം വരവ്.

ഉൽപ്രാപണം: ലോകത്തിൽ നിന്നും സഭയെ മാറ്റുവാനുള്ള ക്രിസ്തുവിന്റെ പെട്ടന്നുള്ള വരവ്.

സഹസ്രാബ്ദ വാഴ്ച്ച [മില്ലേനിയം] : രണ്ടാം വരവിനുശേഷം1000 വർഷം നീണ്ടുനിൽക്കുന്ന ക്രിസ്തുവിന്റെ ഭൗമഭരണം.

പൂർവ്വസഹസ്രാബ്ദം [പ്രീമില്ലേനിയം]: സഹസ്രാബ്ദവാഴ്ച്ചക്കുമുമ്പുള്ള ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലുള്ള വിശ്വാസം.

സഹസ്രാബ്ദാനന്തരത്വം [പോസ്റ്റ്മില്ലേനിയം]: ക്രിസ്തുവിന്റെ അദൃശ്യമായിരിക്കുന്ന ഭരണം തുടരുകയും ഈ കാലങ്ങളിൽ ലോകത്തിന്റെ അവസ്ഥ പുരോഗമിക്കുകയും അതിന്റെ അവസാനം ക്രിസ്തുവിന്റെ രണ്ടാം വരവുണ്ടാകുകയും ചെയ്യും എന്നുള്ള വിശ്വാസം.

സഹസ്രാബ്ദ നിഷേധവാദം [അമില്ലേനിയം]: സഹസ്രാബ്ദവാഴ്ച്ചയില്ല, മറിച്ച് ക്രിസ്തുവിന്റെ രാജ്യം നമ്മുടെ ഹൃദയങ്ങളിലാകുന്നു എന്നുള്ള വിശ്വാസം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ ഈ ലോകം അവസാനിക്കുകയും ഉടനെ നിത്യത ആരംഭിക്കുകയും ചെയ്യുന്നു.

പീഡനകാലം: ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനുമുമ്പുള്ളതും ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കുഴപ്പങ്ങളുടെ കാലം.

പൂർവ്വപീഡനകാല ഉൽപ്രാപണം: പീഡനകാലത്തിനുമുമ്പ് ഉൽപ്രാപണം നടക്കും എന്നുള്ള വിശ്വാസം.

മദ്ധ്യപീഡനകാല ഉൽപ്രാപണം: പീഡനകാലത്തിന്റെ മദ്ധ്യത്തിൽ ഉൽപ്രാപണം നടക്കും എന്നുള്ള വിശ്വാസം. ആ സമയത്ത് തീവ്രമായ പീഠനം ആരംഭിക്കുമെന്നും വിശ്വസിക്കുന്നു.

പീഡനകാലാന്തര ഉൽപ്രാപണം: പീഡനകാലത്തിനുശേഷം ഉൽപ്രാപണം നടക്കും എന്നുള്ള വിശ്വാസം.

മരണത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നത് എന്താണ്?

നിരന്തരമായ അബോധാവസ്ഥയോ ഇല്ലാതായി തീരുന്നതോ അല്ല മരണം. വേർപാട് എന്ന ആശയമാണ് മരണത്തിന് ഉള്ളത്.

ദൈവത്തിൽ നിന്നുള്ള വേർപാടിനെ ആത്മീയ മരണം എന്നാണ് തിരുവെഴുത്ത് വിശദീകരിക്കുന്നത്.

ദൈവകൂട്ടായ്മയിൽ നിന്നുള്ള വേർപാട്. യെശ. 59:2, റോമ. 11:15

ദൈവീകകാര്യങ്ങളോടുള്ള പൂർണ്ണമായ നിർവികാരത. എഫേ. 2:1, 5, 12; 4:18, 19.

എല്ലാമനുഷ്യരും ജനനത്തിൽ തന്നെ ആത്മീയമായി മരിച്ചവരാണ്. ഇതിനുള്ള ഏകപരിഹാരം വീണ്ടും ജനനമാണ്.

ദൈവത്തിൽ നിന്നും അവസാനത്തേതും എന്നന്നേക്കുമായ വേർപാടിനെ രണ്ടാമത്തെ മരണം അല്ലെങ്കിൽ നിത്യമരണം എന്ന് വേദപുസ്തകം പറയുന്നു (വെളി. 20:14, 21:18). വീണ്ടും ജനിക്കാത്ത എല്ലാ അവിശ്വാസികളുടേയും അവസാനമായിരിക്കും ഇത്. ഇതിൽ നിന്ന് രക്ഷയില്ല.

ആത്മീയ മരണത്തിന്റെ അനന്തരഫലമായിട്ടുള്ളതാണ് ശാരീരിക മരണം. ശരീരത്തിൽ നിന്നും ദേഹിയുടെ വേർപാടാണ് ഇത് (ഉൽ. 35:18, യാക്കോ. 2: 26. 2 കൊരി. 5:1-4).

മരണത്തെക്കുറിച്ച് വേദപുസ്തകത്തിന്റെ വിലയിരുത്തൽ എന്താണ്?

 1. പൊതുവിൽ മാനവരാശിക്ക്: മരണം ഒരു ശത്രുവും ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. 1 കൊരി.15:26, സഭാപ്ര. 3:19-20, എബ്രാ. 9:27
 2. അവിശ്വാസിക്ക്: മരണം സകലനന്മകളുടേയും നഷ്ടവും ന്യായവിധിയുടെ മുന്നോടിയുആണ്. ലൂക്കോ. 12:19, 1 കൊരി.15:32, എബ്രാ. 9:27.
 3. പഴയനിയമ വിശ്വാസിക്ക്: മ്ലാനവും അനിശ്ചിതവുമായ അസ്ഥിത്വത്തിന്റെ ഒരു മേഘലയാണ് മരണം. ഇയ്യോ10:21–22, എബ്രാ. 2:15. യാക്കോബ് 17:13; 1 ശമുവേൽ 2:9; Pss 6:5; 88:10–12; 143:3; വിലാ. 3:6, etc. മ്ലാനതയുടെ മദ്ധ്യത്തിലും ഒരു പ്രത്യാശയുണ്ടായിരുന്നു. ഇയ്യോ. 19:25-27. സങ്കീ. 16:10. ഹോശ. 13:14.
 4. പുതിയനിയമ വിശ്വാസിക്ക്: ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനാൽ മരണത്തോടുള്ള ഭയം ഇല്ലാതെയായിതീർന്നു. 1 കൊരി. 15:56-57. 2 തിമൊ.1:10. ക്രിസ്തു മരണത്തെ ജയിച്ചെങ്കിൽ നമ്മളും ജയിക്കും. പുതിയനിയമത്തിലുള്ള കൃത്യമായ വെളിപ്പാട് നമുക്ക് കൂടുതൽ ആത്മധൈര്യം നൽകുന്നു. 2 കൊരി. 5:8, ഫിലി. 2:13. മരണം ഇപ്പോഴും ഒരു ശത്രുവാകുന്നു. 1 കൊരി. 15:26. എന്നാൽ മരണം ഒഴിച്ചുകൂടാൻ പറ്റാത്തതോ നിരന്തരമോ അല്ല. 1 കൊരി. 15:51.

പാതാളത്തിന്റെ വിവിധ പേരുകൾ എന്തൊക്കെയാണ്?

പാതാളത്തിനും എബ്രായ ഭാഷയിൽ ഷീയോൾ എന്നും ഗ്രീക്കു ഭാഷയിൽ ഹേഡിസ് എന്നും വിളിക്കുന്നു.

പഴയനിയമ പാതാളത്തിലെ നിവാസികൾ ആരൊക്കെയായിരുന്നു.

മരിച്ചുപോയ അവിശ്വാസികൾ. സങ്കീ 9:17, 31:17, വെളി. 20:13.

മരിച്ചുപോയ വിശ്വാസികൾ. ഉൽ.37:35. 1 ശമു.12:23.

വീണുപോയ ചില ദൂതന്മാർ. ലൂക്കോ. 8:31, യൂദ 6,7.

പാതാളത്തിലുള്ളവരുടെ അവസ്ഥ എന്തായിരുന്നു?

പാതാളത്തിലെ വ്യക്തികൾ ബോധത്തോടെയാണ് വസിക്കുന്നത്. അവർക്ക് തിരിച്ചറിയുവാനും, അനുഭവിക്കുവാനും, സംസാരിക്കുവാനും, ഓർക്കുവാനും, അറിയുവാനും, കാണുവാനും, കേൾക്കുവാനും കഴിയും. ലൂക്കോ. 16:23–25, ആവ. 32:22, 1 പത്രോ. 3:18

യെശ. 14:9. മരിച്ചുപോയ ദുഷടന്മാർ യാതനയിലും ശിക്ഷയിലുമായിരുന്നപ്പോൾ (16:23–25, ആവ. 32:22. യെശ. 57:21) മരിച്ചുപോയ നീതിമാന്മാർ ആശ്വാസത്തിലും വിശ്രമത്തിലും ആയിരുന്നു. ലൂക്കോ. 16:23-25. യെശ. 57:1-2, 1 ശമു. 28:15.

ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനുശേഷമുള്ള പാതാളത്തിന് വന്ന മാറ്റം എന്താണ്?

ക്രിസ്തു മരിച്ചപ്പോൾ പാതാളത്തിലേക്ക് ഇറങ്ങിചെന്ന് അതിന്റെ ഘടനക്കു മാറ്റം വരുത്തി. അ. പ്ര 2:27–31, ലൂക്കൊസ് 23:43, റോമർ 10:7, എഫ്യേസർ 4:8–9.

അവിടെയുള്ള പഴയനിയമ വിശുദ്ധന്മാരെ വിടുവിച്ച്, ദൈവത്തോടുകൂടെ ആയിരിക്കുവാൻ കൊണ്ടുപോയി. 1 പത്രൊസ്. 4:6, എഫേ. 4:8.

മാത്രമല്ല, അവിടെയുള്ള ദുഷ്ട്ന്മാരുടെ വിധി ഉറപ്പിക്കുകയും (1 പത്രൊ.3:19) ചെയ്തു. മൂന്നാം സ്വർഗ്ഗമാണ് ഇപ്പോൾ പറുദീസ. 2 കൊരി. 12:1-4.

പുതിയനിയമ വിശ്വാസി ഇനി പാതാളത്തിൽ പോകുകയില്ല. മത്ത. 16:18. മരണശേഷം പെട്ടന്നുതന്നെ വിശ്വാസി ദൈവത്തിന്റെ അടുക്കലേക്ക് പോകുന്നു. അ. പ്ര. 7:59-60, ഫിലി. 1:23, 2 കൊരി. 5:8.

പാതാളത്തിലെ ദുഷ്ടന്മാരുടെ വാസം മാറ്റമില്ലാതെ തുടരുന്നു. 2 പത്രൊ. 2:9, വെളി. 20:13-14.

എന്താണ് സഭയുടെ ഉൽപ്രാപണം?

ഉൽപ്രാപണം എന്ന വാക്ക് വേദപുസ്തത്തിൽ ഇല്ല. റാപ്റ്റോ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഉല്പ്രാപണത്തിന്റെ ആംഗലേയ പദമായ റാപ്ചർ എന്ന വാക്ക് ഉണ്ടായത്. എടുത്തുകൊള്ളപ്പെടുക എന്നതാണ് ഇതിലുള്ള ആശയം. (1 തെസ്സ. 4:17). വേദപുസ്തകത്തിൽ പലവാക്യങ്ങളിലും ഈ ആശയം നമ്മുക്ക് കാണൂവാൻ കഴിയും. യോഹ. 14:1-3, 1 തെസ്സ്. 1:10, 4:17, 2 തെസ്സ. 2:1.

ഉൽ പ്രാപണത്തെക്കുറിച്ചുള്ള അപര്യാപ്തമായ സിദ്ധാന്തങ്ങൾ ഏതൊക്കെയാണ്?

ഭാഗികമായ ഉൽപ്രാപണ സിദ്ധാന്തം, മദ്ധ്യപീഡനകാല ഉൽപ്രാപണം, പീഡനകാലാനന്തര ഉൽപ്രാപണം എന്നിവയാണ് അപര്യാപത്മായ സിദ്ധാന്തങ്ങൾ.

സഭയുടെ പൂർവ്വപീഡനകാല ഉൽപ്രാപണത്തിനു തിരുവെഴുത്ത് മുന്നോട്ട് വെക്കുന്ന തെളിവുകൾ എന്തൊക്കെയാണ്?

വെളി. 3:10-11 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.

ഈ വാക്യത്തിൽ പരീക്ഷാകാലം ഭൂതലത്തിൽ എങ്ങും വരുവാനുള്ളതാണ് എന്നത് ഇത് കേവലം ഫിലദൽഫിയ സഭക്ക് മാത്രമുള്ളതല്ല എന്ന സൂചന തരുന്നു. വിടുതലിന്റെ ഉറവിടം കർത്താവിന്റെ ആഗമനമാണ് എന്നതും ഈ വാക്യം ചൂണ്ടികാണിക്കുന്നു. കാക്കും എന്നവാക്ക് പരീക്ഷാകാലത്തിലുള്ള സരംക്ഷണമല്ല, മറിച്ച് പരീക്ഷണാകാലത്തിൽ നിന്നുള്ള വിടുതലിനെയാണ് കാണിക്കുന്നത്. അസംഖ്യം വിശുദ്ധന്മാർ പീഢനകാലത്തിൽ മരിച്ചു വീഴും (വെളിപ്പാട് 6:9-11) ‌എന്നത് പീഢനകാലത്തിൽ വിശുദ്ധന്മാർ സംരക്ഷിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ്. ഇതും ചൂണ്ടി കാണിക്കുന്നത് “കാക്കും” എന്ന വാക്ക് പീഢനകാലത്തിൽ നിന്ന് കാക്കപ്പെടുന്നതാണ്, പീഢനകാലത്തിൽ സംരക്ഷിക്കപ്പെടുന്നതല്ല.

1 തെസ്സ്. 1:9- ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.

കോപത്തിൽ നിന്ന് വിടുവിക്കുന്നവൻ എന്ന വാക്കും പീഢനകാലത്തിൽ സംരക്ഷിക്കും എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്. കോപത്തിൽ നിന്ന് അല്ലങ്കിൽ പീഢനകാലത്തിൽ നിന്ന് വിടുവിക്കും എന്നതാണ് ഇവിടുത്തേയും ആശയം. ഈ ആശയത്തിലുള്ള വിവിധ പ്രയോഗങ്ങൾ ശ്രദ്ധിക്കുക: ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു (2 കൊരി. 1:10); നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു ( കൊലോ 1: 13); അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു (2 തിമൊ 4:17).

വരുവാനുള്ള കോപത്തിൽ നിന്നുള്ള വിടുതൽ യേശുവിന്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ആഗമനത്തോടെ ആണ്.

1 തെസ്സ. 5: 9-10. ദൈവം നമ്മെ കോപത്തിന്നല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.

പശ്ചാത്തലം പരിശോധിക്കുമ്പോൾ കോപം കർത്താവിന്റെ രണ്ടാം വരവിനോടുള്ള ബന്ധത്തിലുള്ള കോപമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

ഈ വാക്യങ്ങളെല്ലാം സഭ പീഢനകാലത്തിൽ കൂടി കടന്നു പോകില്ല എന്ന് കൃത്യമായ സൂചന തരുന്നു.

യുഗാന്ത്യത്തിൽ സഭയുടെ ഭവനം എവിടെ ആയിരിക്കും?

പീഡനകാലത്തിൽ സഭ സ്വർഗ്ഗത്തിൽ (പിതാവിന്റെ വാസ സ്ഥലം) ആണ്. യോഹ. 14:1-3. സഹസ്രാബ്ദത്തിൽ സഭയും ശേഷമുള്ള പുതിയനിയമവിശ്വാസികളും ക്രിസ്തുവിനോടുകൂടെ ഭരിക്കും (വെളി. 3:21, വെളി. 20:4).

നിത്യതയിൽ എല്ലായുഗങ്ങളിലുള്ള വിശ്വാസികളോടും ദൂത്ന്മാരോടും ദൈവത്തോടൂം കൂടെ പുതിയ യെരുശലേമിൽ വസിക്കും. വെളി. 21:2, 3 9, 10.  അബ്രഹാം (എബ്രാ. 11:10, 16), ജാതികൾ വെളി. 21:24, ദൂതന്മാർ (എബ്രാ 12:22).

സഭയുടെ വിവാഹത്തെക്കുറിച്ച് വേദപുസ്തകം എന്താണ് പറയുന്നത്?

2 കൊരി. 11:2 ൽ സഭയുടെ വിവാഹ നിശ്ചയംത്തെക്കുറിചച്ചും എഫേ. 5:25-27ൽ —, വധുവിന്റെ ഒരുക്കത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. പുരാതനകാലങ്ങളിൽ പൗരസ്ത്യ ദേശങ്ങളിൽ വിവാഹാഘോഷങ്ങൾക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് വധുവിന്റെ വീട്ടിൽ ചടങ്ങും പിന്നെ സദ്ധ്യയും. അതിനുശേഷം സകലരും വരന്റെ വീട്ടിൽ ചെന്ന് അവിടെ ഒരു സദ്ധ്യകൂടി ഉണ്ടാകും. ക്രിസ്തുവിന്റെ വിവാഹത്തിനും രണ്ടു ഘട്ടം ഉണ്ടാകും: വിവാഹവും പിന്നെ വിവാഹ സദ്ധ്യയും. (രണ്ടു ഘട്ടം- വിവാഹവും, വെളി. 19:1, 7  വിവാഹ സദ്ധ്യയും-വെളി. 19:9).

എതിർക്രിസ്തു എന്നതിന്റെ അർത്ഥം എന്താണ്?

ക്രിസ്തുവിനു എതിരായവൻ അല്ലെങ്കിൽ ക്രിസ്തുവിനു പകരമായവൻ എന്നാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. (2 തെസ്സ. 2:4, 9-11).

എതിർ ക്രിസ്തുവിന് പുതിയനിയമത്തിൽ നൽകിയിട്ടുള്ള പേരുകൾ എന്തൊക്കെയാണ്?

മൃഗം (വെളി. 13), അധർമ്മ മൂർത്തി (2 തെസ്സ. 2:3, 8), ശൂന്യമാക്കുന്ന മ്ലേച്ചത (മർക്കോസ് 13:14).

എതിർ ക്രിസ്തുവിന് പഴയയനിയമത്തിൽ നൽകിയിട്ടുള്ള പേരുകൾ എന്തൊക്കെയാണ്?

ചെറിയ കൊമ്പ് (ദാനി. 7:8), വരുവാനിരിക്കുന്ന പ്രഭു (ദാനി. 9:26), ഇഷ്ടം പോലെ പ്രവർത്തിക്കുന്ന രാജാവ് (ദാനി. 11:36), തുമ്പുകെട്ട ഇടയൻ (സെഖ. 11:16-17).

എതിർക്രിസ്തുവിനെക്കുറിച്ചുള്ള ബൈബിൾ എന്തൊക്കെയാണ് പറയുന്നത്?

അവൻ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വ്യക്തിത്വമായിരിക്കും— വലിയ ഒരു പ്രഭാഷകൻ (ദാനി. 7:8), സൈനീക ബുദ്ധിജീവി (വെളി. 13:4), രഷ്ട്രീയ തന്ത്രജ്ഞൻ (ദാനി 9:27), സർവ്വകഴിവുകളുമുള്ളവൻ (വെളി. 13:3-4) എന്നീ നിലകളിൽ താൻ അറിയപ്പെടും.

ഒരു ധാർമ്മികതയുമില്ലാത്തവനായിരിക്കും— നിയമം പാലിക്കാത്തവൻ (2 തെസ്സ. 2:3, 8.), തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നവൻ (ദാനി. 11:36-37), ദൈവദൂഷണം പറയുന്നവൻ (ദാനി. 11:36).

എതിർക്രിസ്തുവിന്റെ ആരംഭം എങ്ങിനെയായിരിക്കും?

വംശീയമായി, ഒരു യെഹൂദനായിരിക്കും (ദാനി. 11:37)

ഭൂമിശാസ്ത്രപരമായി പഴയ റോമാസാമ്രാജ്യത്തിൽ നിന്നുള്ളവനായിരിക്കും (ദാനി. 7: 7-8, 9:26, വെളി. 13:1, 17:3, 9-12. ).

സാന്മാർഗ്ഗികമായി, പൈശാചിക സ്വാധീനത്തിന്റെ ഒരു ഉൽപ്പന്നം ആയിരിക്കും. 2 തെസ്സ. 2:9, വെളി. 13:2).

ആത്യന്തികമായി, ദൈവമാണ് അവനെ എഴുന്നേൽപ്പിക്കുന്നത് (സെഖ. 11:16, വെളി. 6:1-2, 17:17).

എതിർക്രിസ്തുവിന്റെ കാലഗതി എങ്ങിനെയാണ്?

ശക്തിയിലേക്കുള്ള തന്റെ ഉയർച്ച— തടുക്കുന്നവൻ മാറിപ്പോകുമ്പോൾ താനുയർന്നുവരും (2 തെസ്സ. 2:7-8). 7 വർഷം യെഹൂദന്മാരുമായി താൻ ഒരു സഖ്യത്തിലേർപ്പെടും. യെഹൂദന്മാരും അറബികളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ടുവരും (ദാനി. 9:27). റോമാ സാമ്രാജ്യത്തിൽ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിക്കും (വെളി. 13:1, 17:12-13, ദാനി. 7:8, 20, 24). വടക്കു നിന്നുള്ള  സൈന്യത്തെ തോൽപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നേതാവായി ഉയരും (ദാനി. 11:40-43, യെഹ. 38-39).

തന്റെ കിരാത ഭരണം— പീഢനകാലത്തിന്റെ മദ്ധ്യത്തിൽ യെഹൂദന്മാരുമായിട്ടുള്ള തന്റെ സഖ്യം താൻ ലംഘിക്കും (ദാനി. 9:27). രണ്ടുസാക്ഷികളെ താൻ കൊല്ലും (വെളി. 11:3-7). രാഷ്ട്രീയ ശക്തിക്കുവേണ്ടി താൻ നേരത്തെ ഉപയോഗിച്ച വേശ്യാസഭയെ താൻ തകർത്തുകളയും (വെളി. 17:15-18). യെരുശലേം ദേവാലയത്തിലിരുന്നുകൊണ്ട് തന്നെ ആരാധിക്കുവാൻ ആവശ്യപ്പെടും (2 തെസ്സ. 2:4, ദാനി. 12:11, വെളി. 13:14-15). യിസ്രായേലിനെ അതി കഠിനമായി പീഡിപ്പിക്കും (വെളി. 12:13-17, മത്ത. 24: 15, 21). ലോകാധിപത്യത്തിന്റെ അത്യുന്നതിയിൽ താൻ എത്തിച്ചേരും (സൈനികശക്തി-വെളി. 13:4, മതാധികാരം-13:8, 15, സാമ്പത്തിക ശക്തി-വെളി.13:17-18).

തന്റെ അവസാനം—ദൈവത്തിന്റെ ഏഴാം കലശ ന്യായവിധിയിൽ എതിർക്രിസ്തുവിന്റെ തലസ്ഥാനം നശിപ്പിക്കപ്പെടും (വെളി. 16:17-21, 18:1-124). കോപിഷ്ടനായ എതിർക്രിസ്തു യെരുശലേമിനെ ആക്രമിക്കുകയും അവരുടെ രക്ഷക്കായ് ക്രിസ്തു വരികയും ചെയ്യും (വെളി. 19:19, സെഖ. 12-14). തന്റെ ശക്തിയിലും തേജസ്സിലും ക്രിസ്തു എതിർക്രിസ്തുവിനെ കൊല്ലും (2 തെസ്സ. 2:8, യെശ. 14:19-20).തീ തടാകത്തിലെ ആദ്യ നിവാസി എതിർക്രിസ്തു ആയിരിക്കും (വെളി. 19:20, 20:10).

പീഡനകാലത്തെക്കുറിച്ചുള്ള തിരുവെഴുത്തിലെ പരാമർശങ്ങൾ ഏതൊക്കെയാണ്?

ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന തീവ്രമായ പീഡനത്തെ പരാമർശിക്കുവാൻ ത്ലിപ്സിസ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്(മത്താ. 24:21, വെളി. 7:14). പരീക്ഷാകാലം (വെളി. 3:10), കഷ്ടകാലം (ദാനി. 12:1, യിരെ. 30:7), വരുവാനുള്ള കോപം (1 തെസ്സ. 1:10, വെളി. 6:16-17, ദാനി. 8:19), കർത്താവിന്റെ ദിവസം (മലാ. 4:5, യോവേ. 1:15-2:2) എന്നിങ്ങനെ വിവിധ വാക്കുകൾ പീഢനകാലത്തെ പരാമർശിച്ചുകൊണ്ട് വേദപുസ്തകത്തിൽ നൽകിയിട്ടുണ്ട്.

പീഡനകാലത്തിന്റെ കാലക്രമം എങ്ങിനെയാണ്?

ഉൽ പ്രാപണത്തിനുശേഷം പീഢനകാലം ആരംഭിക്കും. 7 വർഷത്തേക്കാണ് ഇതുള്ളത് (ദാനി. 9:24-27). ഇത് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു (1260 ദിവസങ്ങൾ). ഒന്നാം ഭാഗം യെഹൂദന്മാരുമായിട്ടുള്ള എതിർക്രിസ്തുവിന്റെ ഉടമ്പടിയാൽ ആരംഭിക്കുകയും ഉടമ്പടി ലഘിക്കപ്പെടുമ്പോൾ അത് അവസാനിക്കുകയും ചെയ്യും (ദാനി. 9:27, വെളി. 11:3).

പീഡനകാലത്തിന്റെ മദ്ധ്യത്തിൽ രണ്ടാം ഭാഗം ആരംഭിക്കുകയും ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള വരവോടുകൂടെ അത് അവസാനിക്കുകയും ചെയ്യും (വെളി. 12:6, 14; 13:5).

പീഡനകാലത്തിനു ശേഷം 75 ദിവസം കഴിഞ്ഞിട്ടാണ് സഹസ്രാബ്ദവാഴച ആരംഭിക്കുന്നത് (ദാനി. 12:11-12). ന്യായവിധിക്കും, യുദ്ധത്തിനുശേഷമുള്ള ശുദ്ധീകരണത്തിനും, വിവാഹ അത്താഴത്തിനും പുതിയ രാജ്യം ഒരുക്കുന്നതിനും വേണ്ടിയാകാം ഇത്.

പീഡനകാലത്തിന്റെ ഉദ്ദേശം എന്താണ്?

(1)വർദ്ധിച്ചുവരുന്ന പാപത്തിനുള്ള ന്യായവിധി (യോവേൽ 3:13, വെളി. 14:18-20).

(2) യിസ്രായേലിനുള്ള ശിക്ഷ (യെശ. 28:15, 18, യിരെ. 30:7, ദാനി. 12:1).

(3) യിസ്രായേലിന്റെ രക്ഷ (റോമ. 11:26, സെഖ. 12:10, 13:1, യിരെ. 30:7, ദാനി. 12:1).

(4) അനേക ജാതികൾക്കുള്ള രക്ഷ (സെഫ. 3:8-9, മത്ത. 25:34, വെളി. 7:9-17).

എന്താണ് ദൈവരാജ്യം?

പീഡനകാലത്തിന്റെ അവസാനത്തിൽ തേജസ്സിലുള്ള ക്രിസ്തുവിന്റെ വരവോടെ ആരംഭിക്കുന്നതും ആയിരം വർഷത്തേക്ക് നീണ്ടു നിൽക്കുന്നതുമായ ക്രിസ്തുവിന്റെ ഭരണമാണ് ദൈവരാജ്യം (ലൂക്കോ. 19:11-12, വെളി. 20:6, ലൂക്കോ. 21:10-33).

ഭാവിയിൽ സ്ഥാപിക്കപ്പെടുവാൻ പോകുന്ന രാജ്യത്തെക്കുറിച്ചുള്ള പഴയനിയമവിവരണങ്ങൾ എന്തൊക്കെയാണ്?

 1. രാജ്യത്തിന്റെ ഭൗതീക വശം— രോഗം ഇല്ലാതായി തീരും (യെശ. 33:24, 35:5-6, 65:20, സങ്കീ. 91:10-12). മൃഗങ്ങളുടെ ശൂരത്വം നഷ്ടപ്പെടും (യെശ. 11:6, 9, 65:25). കാലാവസ്ഥാവ്യതിയാനം കാർഷികപുരോഗതിക്ക് കാരണമാകും (യെശ. 4:5, 6; 32:15, 35:1-2, 7 ആമോ. 9:13).
 2. രാജ്യത്തിന്റെ സാമൂഹിക വശം— യുദ്ധം ഇല്ലാതെയാകും (സെഖ. 9:9-10, മീഖാ 4:3-4). വ്യവസാങ്ങളിൽക്കൂടി ദാരിദ്ര്യം ഇല്ലാതെയാകും (യെശ. 65: 21-22).
 3. രാജ്യത്തിന്റെ ധാർമ്മിക വശം— സമ്പൂർണ്ണനീതി നടപ്പിലാകും (യെശ. 32:1,5, 42:3).
 4. രാജ്യത്തിന്റെ രാഷ്ട്രീയ വശം— തന്റെ രാഷ്ട്രീയ തലസ്ഥാനമായ യെരുശലേമിൽ നിന്നുകൊണ്ട് രാജാവ് ഭരിക്കും (യെശ. 9:6, 2:4, 32:1, സങ്കി. 48:1, 2).
 5. രാജ്യത്തിന്റെ ആരാധനാവശം— യെരുശലേമിൽ ദേവലയം പണിയുകയും അത് അന്താരാഷ്ട്ര ആരാധനയുടെ കേന്ദ്രം ആകുകയും ചെയ്യും. (സെഖ. 6:12-13, യെശ. 56:7, 61:6.)
 6. രാജ്യത്തിന്റെ ആത്മീയ വശം— യോഹ. 3:3, സെഫ. 3:9. വീണ്ടും ജനിച്ചവർക്ക് മാത്രമേ രാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളു.

ഈ രാജ്യത്തിന്റെ ഭാഗമാകാൻ പോകുന്നവർ ആരൊക്കെയാണ്?

(1) രാജാവും തന്റെ വധുവും — സഭ. യെശ. 32:1, 2 തിമൊ. 2:12, വെളി. 3:21.

(2) പഴയനിയമ വിശുദ്ധന്മാരും പീഡനകാല വിശുദ്ധന്മാരും (യെശ. 32:1, വെളി. 20:4, 6, ഹഗ്ഗ. 2:23, മലാഖി. 3:16-17, യെഹ. 37:24-25; 34:23-24; യിരെ. 30:9; ഹോശ. 3:5.

(3) പീഢനകാലത്തിനുശേഷം ജീവനോടെ ശേഷിക്കുന്ന യിസ്രായേൽ— യെശ. 60:61.

(4) പീഢനകാലത്തിനുശേഷം ജീവനോടെ ശേഷിക്കുന്ന ജാതികൾ— മത്ത. 25:34.

ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് പഴയ നിയമം എന്താണ് പറയുന്നത്?

മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് പഴയനിയമ വിശുദ്ധന്മാർക്ക് അറിവ് ഉണ്ടായിരുന്നു (ഉൽ. 22:5; എബ്ര. 11:19). അവസാനത്തെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് പഴയ നിയമം വിശദീകരിക്കുന്നുണ്ട് (ഇയ്യോബ് 19:25-26; യെശ. 26:19; ദാനി. 12:2; സങ്കീ 16:10; 49:15; ഹോശ. 13:14).

ഉയിർത്തെഴുന്നേൽപ്പിന്റെ ക്രമം എങ്ങിനെയാണ്?

 1. ക്രിസ്തു ആദ്യഫലം— 1 കൊരി. 15:23, കൊലോ. 1:18, വെളി. 1:5, അ. പ്ര. 26:23.
 2. പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ.

പുതിയനിയസഭ— മരിച്ചുപോയ വിശുദ്ധന്മാർ, ജീവനോടെ ശേഷിക്കുന്നവർ (1 തെസ്സ്. 4:16)

പീഡനകാലത്തിന്റെ മദ്ധ്യത്തിൽ ഉയിർപ്പിക്കപ്പെടുന്ന രണ്ടു സാക്ഷികൾ (വെളി. 11:11-12)

പീഡനകാലത്തിന്റെ അവസാനം ഉയിർപ്പിക്കപ്പെടുന്ന പഴയനിയമ വിശ്വാസികൾ (ദാനി. 12: 2, 1,       11-13)

പീഡനകാലത്തിന്റെ അവസാനം ഉയിർപ്പിക്കപ്പെടുന്ന പീഡനകാല രക്തസാക്ഷികൾ (വെളി. 20:4-6).

 1. പിന്നെ അവസാനം.- അവിശ്വാസികളുടെ ഉയിർത്തെഴുന്നേൽപ്പ്. (1 കൊരി. 15:24, വെളി. 20:5, 11-14).

ഉയിർത്തെഴുന്നേൽപ്പിൽ ലഭിക്കുന്ന ശരീരത്തെക്കുറിച്ച് വേദപുസ്തകം എന്താണ് പറയുന്നത്?

 1. ക്രിസ്തുവിന് ഉയിർത്തെഴുന്നേൽപ്പിൽ ലഭിച്ച ശരീരത്തിന്റെ മാതൃകയിലുള്ള ശരീരം. ഫിലി. 3:21, 1 യോഹ. 3:2.
 2. ഇത് ഭൗതീക ശരീരം ആയിരിക്കും. ലൂക്കോ. 24:36-43.
 3. കാഴ്ചയിൽ യഥാർത്ഥ ശരീരത്തിന്റെ രൂപത്തിലായിരിക്കും. തന്നെ മരണത്തിനു മുമ്പ് കണ്ടവർക്ക് ക്രിസ്തുവിനെ തിരിച്ചറിയുവാൻ കഴിഞ്ഞു എങ്കിലും (മത്ത. 28:9, 17, യോഹ. 20:19-20, 26-28). പെട്ടന്ന് തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നില്ല (ലൂക്കോ. 24:16, 31, യോഹ. 20:14-16). വേദനയുടേയും പ്രായത്തിന്റേയും, ദുഖത്തിന്റേയും, അടയാളങ്ങൾ ഉണ്ടാകുകയില്ല. ലൈഗീക സാരൂപ്യം നിലനിർത്തുകയും ലൈഗീക പ്രവർത്തനം ഇല്ലാതായിതീരുകയും ചെയ്യും (മത്താ. 22:30, മർക്കോ. 12:25).
 1. യഥാർത്ഥ ശരീരത്തിന്റെ സാരൂപ്യമുണ്ടെങ്കിലും അതിന്റെ സത്ത പഴയ ശരീരത്തിൽ നിന്നും വ്യത്യസ്ഥമായിരിക്കും. 1 കൊരി. 15:37.
 1. ഇത് ഒരു ആത്മീയ ശരീരമായിരിക്കും. 1 കൊരി. 15:44.
 1. ഇത് മഹത്വമുള്ളതും നിർദ്ദോഷവുമായ ശരീരമായിരിക്കും കൊരി. 15:42, 43.

ദൈവീകന്യായവിധിയുടെ ആവശ്യകത എന്താണ്?

 1. ദൈവീകപ്രകൃതത്തിനു ന്യായവിധി ആവശ്യമാണ്. പരിശുദ്ധനായ ദൈവം പാപത്തിനെതിരെ പ്രതികരിക്കുന്നത് തന്റെ ക്രോധത്തിൽ കൂടിയാണ്. ഹബക്കുക്ക്. 1:13, സങ്കീ 89:14
 1. സാർവത്രീകമായ നീതിന്യായത്തിനു ഇത് ആവശ്യമാണ്. യഥാർത്ഥ ന്യായം പാപത്തിനെതിരായിട്ടുള്ള ശിക്ഷ ആവശ്യപ്പെടുന്നു. ഹബക്കുക്ക് 1:2–4; 12–17; സങ്കീ 73:1–18; ലൂക്കോ 16:25; etc.

ആരാണ് യഥാർത്ഥ ന്യായാധിപൻ?

ആത്യന്തികമായ ന്യായാധിപൻ പിതാവായ ദൈവം ആകുന്നു. എബ്രാ. 12:23, റോമ. 14:12

മാദ്ധ്യസ്ഥനായ ന്യായാധിപൻ ക്രിസ്തുവാകുന്നു. യോഹ. 5:22, 27, അ. പ്ര. 17:31

 • ദൈവം എന്ന നിലയിൽ ക്രിസ്തുവിന് ന്യായം വിധിക്കുവാനുള്ള സകല അറിവും വിവേചനശക്തിയുമുണ്ട്. വെളി. 2:23
 • ഒരു മനുഷ്യനെന്ന നിലയിൽ മാനുഷിക അനുഭവങ്ങളെ കൃത്യമായി തനിക്ക് തിരിച്ചറിയാം. യോഹ.  5:27

ദൈവ-മനുഷ്യൻ എന്ന നിലയിൽ ഒരു ന്യായധിപൻ/മദ്ധ്യസ്ഥനായി പ്രവർത്തിക്കുവാനുള്ള എല്ലാ കഴിവും ഉണ്ട്. 1 തിമൊ. 2:5.

എത്ര ന്യായവിധികളെക്കുറിച്ച് വേദപുസ്തകം വിശദീകരിക്കുന്നുണ്ട്?

1.ക്രിസ്തുവിന്റെ (ബീമാ) ന്യായാസനം

 • സമയം: സഭയുടെ ഉൽപ്രാപണം കഴിഞ്ഞ ഉടൻ തന്നെ. 1 കൊരി. 4:5, വെളി. 22:12
 • പങ്കാളികൾ: സഭാവിശുദ്ധന്മാർ 2 കൊരി. 5:10; റോമർ 14:10
 • ന്യായവിധിയുടെ അടിസ്ഥാനം: രക്ഷിക്കപ്പെട്ടതിനുശേഷമുള്ള പ്രവർത്തികൾ 1 കൊരി. 3:13, 2 കൊരി. 5:10
 • ഫലങ്ങൾ: ക്രിസ്തീയ വേലക്കുള്ള പ്രതിഫലങ്ങൾ. 1 കൊരി. 3:13-15, 2 കൊരി. 5:10; എഫ്യേ 6:8, കൊലോ. 3:24, 2 കൊരി. 9:6.

2.പീഡനകാല രക്തസാക്ഷികൾക്കുള്ള ന്യായവിധി. വെളി. 20:4

 • സമയം: പീഡനകാലത്തിനും ആയിരമാണ്ട് വാഴ്ചക്കുമിടയിലുള്ള 75 ദിവസങ്ങളിൽ
 • പങ്കാളികൾ: പീഡനകാല രക്തസാക്ഷികൾ
 • ന്യായവിധിയുടെ അടിസ്ഥാനം: പിഡനകാലത്തിൽ രക്ഷിക്കപ്പെട്ടതിനുശേഷമുള്ള അവരുടെ പ്രവർത്തികൾ
 • ഫലങ്ങൾ: സഹസ്രാബ്ദ രാജ്യത്തിലുള്ള അവർക്ക് ലഭിക്കുന്ന സ്ഥാനം.

3.പഴയനിയമ വിശുദ്ധന്മാരുടെ ന്യായവിധി

 • സമയം: പീഡനകാലത്തിനും ആയിരമാണ്ട് വാഴ്ചക്കുമിടയിലുള്ള 75 ദിവസങ്ങളിൽ ദാനിയേൽ 12:2–3, 11–13.
 • പങ്കാളികൾ: പഴയനിയമ വിശുദ്ധന്മാർ. ദാനിയേൽ 12:1–2.
 • ന്യായവിധിയുടെ അടിസ്ഥാനം: രക്ഷിക്കപ്പെട്ടതിനുശേഷം ദൈവം വെച്ച ഉടമ്പടികളോടുള്ള വിശ്വസ്തത. ദാനിയേൽ 12:3..
 • ഫലങ്ങൾ: സഹസ്രാബ്ദ രാജ്യത്തിൽ ലഭിക്കുവാൻ പോകുന്ന പ്രമുഖ സ്ഥാനം. ദാനിയേൽ 12:3, 13

4.പീഢനകാലത്തിനുശേഷം ജീവനോടിരിക്കുന്ന യിസ്രയേലിനുള്ള ന്യായവിധി..

 • സമയം: പീഡനകാലത്തിനും ആയിരമാണ്ട് വാഴ്ചക്കുമിടയിലുള്ള 75 ദിവസങ്ങളിൽ  മത്തായി 25:1–30; യെഹസ്ക്കേൽ 20:33–35.
 • പങ്കാളികൾ: പീഡനകാലത്തെ അതിജീവിക്കുന്ന യെഹൂദന്മാർ. യെഹസ്ക്ക് 20:34.
 • ന്യായവിധിയുടെ അടിസ്ഥാനം: രാജ്യസന്ദേശത്തോടുള്ള അവരുടെ പ്രതികരണം. 144,000 യെഹൂദന്മാർ പീഡനകാല സുവിശേഷകന്മാരായി പ്രവർത്തിക്കും. ചിലർ അവരുടെ സന്ദേശം സ്വീകരിക്കും ചിലർ തിരസ്കരിക്കും. സെഖ. 12:10–13:1; യെഹസ്ക്കിയേൽ 20:33.
 • ഫലങ്ങൾ: അവിശ്വാസികളായ യെഹൂദന്മാരെ മരണത്തിനു ഏൽപ്പിക്കും. യെഹസ്ക്കേൽ 20:38, മത്തായി 25. വിശ്വാസികളായ യെഹൂദന്മാർ രാജ്യത്തിലേക്ക് പ്രവേശിക്കും. യെഹസ്ക്കേൽ 20:37, മത്തായി 25.

5.പീഢനകാലത്തിനുശേഷം ജീവനോടിരിക്കുന്ന ജാതികൾക്കുള്ള ന്യായവിധി

 • സമയം: പീഡനകാലത്തിന്റെ അവസാനം യിസ്രായേലിന്റെ യഥാസ്ഥനത്തിനുശേഷം. യോവേൽ 3:1–2, മത്തായി 25:31–32.
 • പങ്കാളികൾ: പീഡനകാലത്തെ അതിജീവിക്കുന്ന ജാതികൾ. യോവേൽ 3, മത്തായി 25.
 • ന്യായവിധിയുടെ അടിസ്ഥാനം: രാജ്യസന്ദേശത്തോടുള്ള അവരുടെ പ്രതികരണം യോവേൽ 3:2 മത്തായി 25:40, 45.
 • ഫലങ്ങൾ: അവിശ്വാസികളായ ജാതികൾ നിത്യാഗ്നിയിലേക്ക് പോകുന്നു. മത്തായി 25:41, 25:46. വിശ്വാസികളായ ജാതികൾ രാജ്യത്തിലേക്ക് പ്രവേശിക്കും. മത്തായി 25:34, 25:46b.

6.നരകത്തിലേക്കു പോകുവാനുള്ളവർക്കുള്ള ന്യായവിധി— വെള്ളസിംഹാസന ന്യായവിധി

 • സമയം: സഹസ്രാബ്ദത്തിനു ശേഷം. വെളി. 20:5–6, 11–12
 • പങ്കാളികൾ: സകലകാലങ്ങളിലുമുള്ള അവിശ്വാസികൾ. വെളി. 20:12, 13, ദാനി. 12:2
 • അടിസ്ഥാനം: സുവിശേഷത്തോടുള്ള പ്രതികരണം. വെളി. 20:12–13
 • ഫലങ്ങൾ: വെളി. 20:14–15 മത്തായി10:15; 11:22, 24.

7.വീണുപോയ ദൂതന്മാർക്കുള്ള ന്യായവിധി

 • സമയം: കൃത്യമായി പറയുവാൻ കഴിയുകയില്ല. മിക്കവാറും സഹസ്രാബ്ദത്തിനു ശേഷം. 1 കൊരി. 6:3, യൂദാ, 6;  വെളി. 20:7–10.
 • പങ്കാളികൾ: പിശാചും പാപം ചെയ്ത മറ്റുദൂതന്മാരും യൂദാ. 6 , 2 പത്രോസ് 2:4.
 • അടിസ്ഥാനം: കൃത്യമായി പറഞ്ഞിട്ടില്ല. പിശാചിനോടുള്ള 1അവരുടെ കൂറുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്തായി. 25:41വെളി. 12:3–4, 7.
 • ഫലങ്ങൾ: തീ തടാകത്തിലേക്ക് എറിയപ്പെടും. മത്തായി 25:41; വെളി 20:10.

8.സഹസ്രാബ്ദ വിശുദ്ധന്മാർക്കുള്ള ന്യായവിധി — സഹസ്രാബ്ദ വാഴ്ചയിൽ രക്ഷിക്കപ്പെടുന്നവരും ന്യായവിധിക്കപ്പെടേണ്ടതാണ്. അതിനെക്കുറിച്ച് വേദപുസ്തകം നിശബ്ദമാണ്.

9. നല്ലദൂതന്മാർക്കുള്ള ന്യായവിധി — അതിനെക്കുറിച്ചും വേദപുസ്തകം നിശബ്ദമാണ്

നിത്യതയെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങൾ എന്തൊക്കെയാണ്?

അവിശ്വാസികളുടെ അസ്ഥിത്വം എന്നന്നേക്കുമായി ഇല്ലാതായി തീരുമെന്ന് ഉന്മുലന സിദ്ധാന്തം പഠിപ്പിക്കുന്നവർ വിശ്വസിക്കുന്നു.

യൂണിവേഴ്സൽ എക്സ്ക്ലുസീവുകൾ എല്ലാവരും ആത്യന്തികമായ ക്രിസ്തുവിന്റെ അടുക്കൽ വരുമെന്നു വിശ്വസിക്കുന്നു. ഇഹലോകജീവതത്തിനുശേഷം രണ്ടാമത് ഒരു അവസരം കൂടി ലഭിക്കുമ്പോൾ മാത്രമാണ് അവർ വരുന്നത് എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നത്.

യൂണിവേഴ്സൽ ഇങ്ക്ലുസീവുകളും എല്ലാവരും രക്ഷിക്കപ്പെടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷെ അവർ രക്ഷിക്കപ്പെടുന്നത് (1) ദൈവത്തിന്റെ കരുണക്കായ് തങ്ങളെ ഭരമേല്പിക്കുകയോ (2) അബോധത്തിലുള്ള വിശ്വാസത്താലോ (3) ക്രിസ്തുവിലുള്ള സാർവത്രീകമായ തിരഞ്ഞെടുപ്പുമൂലമോ ആണ്.

എല്ലാ മതങ്ങളിലും രക്ഷക്കുള്ള മാർഗ്ഗങ്ങൾ ഉണ്ട്. എല്ലാ വിശ്വാസ പ്രകടനങ്ങളും ദൈവം അംഗീകരിക്കുന്നു എന്നാണ് പ്ലൂരലിസ്റ്റുകൾ വിശ്വസിക്കുന്നത്.

അവസാനത്തെ ശിക്ഷ എത്ര കാലം ഉണ്ടാകും?

ഇത് നിത്യമാണ്. മത്തായി 18:8, 25:41, 25:46, 2 തെസ്സ. 1:9.

ഇത് എന്നന്നേക്കും നിലനിൽക്കുന്നതാണ്. യൂദ. 13, വെളി. 14:11, 20:10

നിത്യശിക്ഷയുടെ പ്രകൃതം എങ്ങിനെയായിരിക്കും?

 1. ഇത് ഇരുട്ടുള്ള ഒരു സ്ഥലമാണ്. മത്തായി 25:30, 2 പത്രൊസ് 2:17; യൂദ 13
 2. ഭയങ്കരമായ യാതനയുടെ ഒരു സ്ഥലമാണ്. വെളി. 14:10–11, 21:8, മർക്കോസ് 9:47–48.
 3. ഇതിലെ നിവാസികൾ ബോധമുള്ളവരാണ്. മർക്കോസ് 9:47–48.

ദൈവമക്കൾക്കുള്ള നിത്യതയുടെ ക്രമം എങ്ങിനെയായിരിക്കും?

 1. ഇപ്പോഴുള്ള ആകാശവും ഭൂമിയും ദൈവം മാറ്റിക്കളയും. വെളി. 21:1, 2 പത്രൊസ് 3:7–13.
 2. പാപത്തിന്റേയും ശാപത്തിന്റേയും എല്ലാ അടയാളങ്ങളേയും മായിച്ചുകളയുക എന്നതാണ് ഈ പുന:സൃഷ്ടിയുടെ ഉദ്ദേശം. 2 പത്രൊസ് 3:13 , വെളി. 22:3. ന്യായവിധിയുടേയും നാശത്തിന്റേയും അടയാളങ്ങളും മാറ്റിക്കളയും. “ഇനി സമുദ്രം ഉണ്ടാകുകയില്ല” 21:1.
 3. പുതിയ ലോകത്തിനു ഒരു തലസ്ഥാനം ഉണ്ടായിരിക്കും. അതാണ് പുതിയ യെരുശലേം. പുതിയ യെരുശലേം ഒരു വലിയ പട്ടണമായിരിക്കും.

പുതിയ ക്രമത്തിന്റെ ഘടന എങ്ങിനെയായിരിക്കും?

പുത്രൻ രാജ്യം പിതാവിനു ഏൽപ്പിച്ചുകൊടുക്കും. വെളി. 22:1, 3, 1 കൊരി. 15:24

പുതിയ ക്രമത്തിൽ സഹസ്രാബ്ദത്തിന്റെ പല ഘടനകളും നിലനിൽക്കും.

 • ദൈവത്തിനും കുഞ്ഞാടിനും പ്രമുഖമായ ഒരു സിംഹാസനം ഉണ്ടായിരിക്കും. വെളി. 22:1, 3.
 • അവന്റെ ദാസന്മാർ എന്നന്നേക്കും ഭരിക്കും. വെളി. 22:1,3.
 • ജാതികൾ (രാജ്യങ്ങൾ) അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. വെളി. 21:24.
 • പന്ത്രണ്ട് യിസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ട് അപ്പോസ്തലന്മാരേയും വേർതിരിച്ച് കാണിച്ചിരിക്കുന്നത് യിസ്രായേലും സഭയും തമ്മിലുള്ള തുടർച്ചയായ വ്യത്യസ്തതയെ ആയിരിക്കാം. വെളി. 21:12, 14.

പുതിയ ക്രമത്തിന്റെ അവസ്ഥകൾ എന്തൊക്കെയാണ്?

 1. ശാപത്തിന്റെ എല്ലാ അടയാളങ്ങളും മായിച്ചുകളയും. വെളി. 22:3
 2. മരണം, വേദന, ദുഖം എന്നിവക്കു പകരമായി ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഉണ്ടാകും. വെളി. 21:4
 3. നമ്മുടെ അനുഭവത്തിന്റെ കേന്ദ്രം ദൈവത്തോടുള്ള കൂട്ടായ്മയായിരിക്കും. വെളി. 21:3, 22:3–4. ആരാധന പുതിയ ക്രമത്തിലുള്ള പ്രധാന പ്രവർത്തിയായിരിക്കും.

Create a website or blog at WordPress.com

Up ↑

%d bloggers like this: