Author Archives

Saji Thannikottil

കഷ്ടതയും വിശുദ്ധിയും-Trials and holiness

കഷ്ടതയും വിശുദ്ധിയും

പാപത്തോടുള്ള പോരാട്ടം എപ്പോഴും കഠിനമാണ്. അതിനോട് പോരാടാത്ത ദൈവമക്കൾ ഇല്ല. പാപത്താൽ ശപിക്കപ്പെട്ട ലോകത്ത് പാപത്തിന്റെ സാന്നിദ്ധ്യവും അതിനോടുള്ള പരീക്ഷണവും വളരെ ശരിയാണ്. അതിനെതിരെ പോരാടി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വിജയം നേടുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. പിശാചും ജഡവും ഈ ലോകവും ശത്രുക്കളായി എതിർപക്ഷത്തു നിൽക്കുന്നു. നമ്മുടെ ശക്തികൊണ്ട് അതിനെ പരാജയപ്പെടുത്താൻ നമ്മുക്ക് കഴിയുമോ? ഒരിക്കലുമില്ല. “ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” (മത്തായി 26:41) എന്ന കർത്താവിന്റെ വാക്കുകൾ നാം ശ്രദ്ധിക്കണം. സാധാരണ ജീവിതത്തിൽ തന്നെ പാപത്തോടുള്ള പോരാട്ടം ദുഷ്കരമാണെങ്കിൽ, കഷ്ടതയിൽക്കൂടെ കടന്നുപോകുമ്പോൾ അതിനോടുള്ള നമ്മുടെ പോരാട്ടം എത്ര കഠിനം ആയിരിക്കും?

വ്യത്യസ്തമായ പരിശോധനകളിൽക്കൂടി ദൈവം എന്താണ് നമ്മിൽ നിറവേറ്റുന്നത്? വലിയ നന്മയാണ് ദൈവം നമ്മുടെ ആത്മാവിൽ നിറവേറ്റുന്നത്. “യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ച്ചക്കും തേജസ്സിനും മാനത്തിനുമായി” അതു കാരണമാകും (1 പത്രൊസ് 1:6). കഷ്ടത എത്ര നന്മക്കാണെങ്കിലും അപ്പുറത്ത് ദുഷ്ടൻ ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ട് “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു” (1 പത്രൊസ് 5:8) എന്ന് പത്രൊസ് മുന്നറിയിപ്പ് തരുന്നു.

കഷ്ടതയിൽക്കൂടി കടന്നുപോകുമ്പോൾ പാപത്തോടുള്ള പോരാട്ടം വലുതായിട്ടൊന്നും നമുക്ക് തോന്നുകയില്ല. പക്ഷെ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. പഴയ പരീക്ഷകൻ അത്ര നീതിയുള്ളവനൊന്നുമല്ല. പാപം വിനീതനായ ഒരു അതിഥി അല്ല. നമ്മുടെ കഷ്ടത കണ്ടിട്ട്, “ഇന്ന് നീ വലിയ പ്രയാസത്തിൽക്കുടി കടന്നുപോകുകയല്ലെ. അതുകൊണ്ട് ഞാൻ ശല്യം ചെയ്യുന്നില്ല” എന്നൊന്നും പാപം പറയുകയില്ല. പിശാച് തന്ത്രശാലിയാണ്.  പാപം വാതിൽക്കൽ തന്നെയുണ്ട്. നമ്മൾ ശാരീരികമായി തളരുമ്പോൾ നമ്മെ കീഴടക്കാൻ അതു ശ്രമിക്കും.പിശാചിന്റെ യുദ്ധത്തിനു നിയമങ്ങളൊന്നുമില്ല. അവൻ പിന്നിൽ നിന്നു കുത്തുന്നവനാണ്. വഞ്ചകനാണ്. എല്ലാവരേയും തകർത്ത് നിലം പരിചാക്കുന്നതുവരെ അവൻ യുദ്ധം ചെയ്യും. അതുകൊണ്ട് ഉണർന്നിരിക്കണം എന്ന് പത്രൊസ് പറയുമ്പോൾ ആ വാക്കുകളുടെ ആഴം വളരെയധികമാണ്.

ഓരോരുത്തരും അഭിമുഖീകരിക്കുന്ന കഷ്ടത വിവിധങ്ങളാണ്. അതിന്റെ മദ്ധ്യത്തിൽ പിശാചിനോടുള്ള പോരാടുമ്പോൾ വിശ്വാസികൾ അഭിമുഖീകരിക്കുന്ന ചില പരീക്ഷകൾ നോക്കാം.

കഷ്ടതയുടെ മദ്ധ്യത്തിൽ കാണുന്ന ഒന്നാമത്തെ പരീക്ഷണം ആത്മാനുകമ്പയാണ്.  “ഞാൻ ഇത് അർഹിക്കുന്നില്ല” എന്ന് പറയുന്നത് കേട്ടിട്ടുണ്ടാവും. കഷ്ടത ഞാൻ അർഹിക്കുന്നില്ല എന്ന ചിന്തയെ ആത്മാനുകമ്പ എന്നാണ് വിളിക്കുന്നത്. നമ്മൾ എവിടെ നോക്കിയാലും അന്യായമാണ് പലപ്പോഴും കാണാറുള്ളത്. ബലവാന്മാർ ബലഹീനരോട് അന്യായമായി പെരുമാന്നു. പണമുള്ളവർ പണമില്ലാത്തവരോട് അന്യായമായി പെരുമാറുന്നു. എല്ലായിടത്തും അന്യായം നടമാടുന്നു. നമ്മൾ എത്ര കഠിനാദ്ധ്വാനം ചെയ്താലും എന്തോ അന്യായം ചെയ്തവരെപ്പോലെ പെരുമാറുന്ന മുതലാളിമാർ ഉണ്ട്.  ചില സമയങ്ങളിൽ നമ്മുടെ പ്രയാസങ്ങൾ സഹിക്കാവുന്നതിലപ്പുറമാണെന്ന് നമുക്ക്  തന്നെ തോന്നുകയാണ്. “ദൈവം എനിക്കുവേണ്ടി ഒന്നും പ്രവർത്തിക്കുന്നില്ല” എന്ന തോന്നൽ നമ്മിൽ ഉണ്ടാകുന്നു. പ്രയാസമുണ്ടാകുമ്പോൾ ദുഖിക്കുക്കുന്നത് സാധാരണമാണ്. എന്നാൽ ആത്മാനുകമ്പയിൽ നാം മുങ്ങിത്താഴുമ്പോൾ അത് യഥാർത്ഥ ആശ്വാസത്തിൽ നിന്നും നമ്മെ അകറ്റുകയണ് ചെയ്യുന്നത്. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം നാം അനുഭവിക്കുന്ന ദുരിതമാണെന്നു നാം ചിന്തിക്കുന്നു. സത്യത്തിൽ നാം അനുഭവഹിക്കുന്ന ദുരിതം അല്ല നമ്മുടെ പ്രശ്നങ്ങളുടെ കാരണം. ദുരിതങ്ങൾ നമ്മുടെ പ്രശ്നത്തിന്റെ പരിണിത ഫലം തന്നെയാണ്. ഈ ലോകവും നാമും ശപിക്കപ്പെട്ട അവസ്ഥയിലേക്ക് അല്ലെങ്കിൽ ദുരിതത്തിലേക്ക് വന്നെത്തിയതിന്റെ മൂല കാരണം പാപം ആണ്. അതിനെ കണുന്നില്ല എങ്കിൽ ദൈവ കരുണയെ കാണുവാനോ ദൈവത്തോട് നന്ദിപറയുവാനോ നമുക്ക് കഴിയുകയില്ല. “ഞാൻ ഇതൊന്നും അർഹിക്കുന്നില്ല” എന്നു തോന്നുമ്പോൾ യാഥാർത്ഥ്യം മറിച്ചാണ്.  നാം മരണമാണ് അർഹിച്ചത് (റോമർ 6:23). പാപത്തിന്റെ ശമ്പളം മരണമാണ്. നമ്മുടെ അർഹതക്കനുസരിച്ച് ദൈവം തന്നിരുന്നുവെങ്കിൽ നിത്യമായ നരകമാണ് നമുക്ക് തരേണ്ടത്. നാം അർഹിച്ചത് തരാതെയിരിക്കുന്നതാണ് ദൈവത്തിന്റെ കരുണ.  “നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” (റോമർ 5:8). അതുകൊണ്ട് ക്രിസ്തു നിത്യജീവൻ ദാനമായി നമുക്ക് തരുന്നു. നിത്യജീവൻ അല്ലെങ്കിൽ രക്ഷ നാം ഒരിക്കലും അർഹിച്ചിരുന്നില്ല. അർഹിക്കാത്തത് തരുന്നതാണ് ദൈവത്തിന്റെ കൃപ. എന്തുകൊണ്ട് നാം ദുരിതത്തിൽ ആയി എന്നുള്ളത് ശരിക്ക് മനസിലാക്കുമ്പോൾ ആത്മാനുകമ്പ മാറി ദൈവ കരുണയോടുള്ള കൃതജ്ഞത നമ്മിൽ ഉണ്ടാകും. മരണം അർഹിച്ച നമ്മോട് അവൻ വലിയ കരുണയാണ് കാണിച്ചിരിക്കുന്നത്.

കഷ്ടതയുടെ മദ്ധ്യത്തിൽ നാം അഭിമുഖീകരിക്കുന്ന രണ്ടാമത്തെ പരീക്ഷണം ഉൽക്കണ്ഠയാണ്. എന്താണ് ഉൽക്കണ്ഠ? ദൈവീക പരമാധികാരത്തിലുള്ള ആശ്രയക്കുറവാണ് ഉൽക്കണ്ഠ. നമ്മുടെ കഷ്ടതകൾ നമ്മുടെ നന്മാക്കായി ദൈവം വെച്ചിരിക്കുന്നു എന്ന് ഉൽക്കണ്ഠക്ക് കാണാൻ കഴിയില്ല. “അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ” (2 കൊരി 1:9) വേണ്ടി തന്നെയാണ് ദൈവം ഇതൊക്കെയും ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ കൊണ്ടുവന്നിരിക്കുന്നത് എന്നു വളരുന്ന ഒരു ദൈവപൈതലിനേ കാണാൻ കഴിയുകയുള്ളൂ. കഷ്ടതിയില്ലാത്ത ജീവിതമല്ല ഉൽക്കണ്ടയുടെ മറുമരുന്ന്. തന്റെ ശക്തികൊണ്ട് നമുക്കുവേണ്ടി കരുതുന്നവന്റെ മുമ്പിൽ ഭാരങ്ങൾ ഇറക്കിവെക്കുകയാണ് ചെയ്യേണ്ടത് (1 പത്രൊസ് 5:7). പ്രാർത്ഥനയോടെയുള്ള ആശ്രയത്തിൽ ഉൽക്കണ്ഠക്ക് സ്ഥാനമില്ല.

കഷ്ടതുയുടെ മദ്ധ്യത്തിൽ നാം പോരാടേണ്ടാതായ മുന്നാമത്തെ പരീക്ഷണം നിരാശയാണ്. “ഇനി ഞാൻ ഒന്നിനും ഇല്ല” എന്നു സാധാരണ കേൾക്കാറുണ്ട്. “കർത്താവിനുവേണ്ടി ഇത്രയൊക്കെ ജീവിച്ചിട്ട് എനിക്ക് ഇതൊക്കെയാണ് ലഭിച്ചത്”. “കർത്താവിനുവേണ്ടി അദ്ധ്വാനിച്ചിട്ട് എനിക്കു കിട്ടിയതുകണ്ടോ” എന്ന് പറയുന്നവരും ഉണ്ട്. നന്മചെയ്യുന്നതിൽ മടുത്തുപോകാൻ പാടുള്ളതല്ല. നിരാശ അദ്ധ്വാനം ആവശ്യപ്പെടുന്നില്ല. മടുത്തുപോകുന്നത് നിരാശയുടെ ലക്ഷണമാണ്. കഷ്ടതയുടെ മദ്ധ്യത്തിൽ പോരാടണമെങ്കിൽ ദീർഘവീക്ഷണം അല്ലെങ്കിൽ നിത്യമായ കാഴ്ചപ്പാട് ആവശ്യമാണ്.  ലഭിക്കുവാൻ പോകുന്ന തേജസ്സിന്റെ നിത്യഘനം ഓർക്കുന്നുവെങ്കിൽ (2 കൊരി. 4:17) കഷ്ടതയുടെ മദ്ധ്യത്തിലുള്ള നിരാശയിൽ നിന്ന് കരകയറാൻ കഴിയും.

നാലാമത് ഒരു വിഷയം കൂടെ ഓർക്കുന്നത് നല്ലതാണ്. കഷ്ടതയെ അതിജീവിച്ചു കഴിയുമ്പോൾ ദൈവമഹിമയെ ചിലർ മോഷ്ടിക്കാറുണ്ട്. കഷ്ടതയിൽ എല്ലാ ശ്രദ്ധയും തന്നിലേക്ക് കിട്ടുവാൻ ചിലർ ആഗ്രഹിക്കുന്നു. സുവിശേഷത്തിന്റെ വ്യാപനത്തിനുവേണ്ടിയും സ്വാർത്ഥമായ നേട്ടത്തിനുവേണ്ടിയും കഷ്ടതയെ ഉപയോഗിക്കാൻ കഴിയും. നമ്മുടെ കഴിവുകൊണ്ടല്ല കഷ്ടതയെ നാം അതിജീവിച്ചത്. ദൈവകൃപകൊണ്ടാണ്. “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും” എന്നാണ് യാക്കോബ് (1:12) പറയുന്നത്. അതു കർത്താവിന്റെ അടുക്കൽ ചെല്ലുമ്പോൾ ലഭിക്കും. ചിലർക്ക് എല്ലാ മാനവും മഹത്വവും ഇപ്പോൾ തന്നെ വേണം. അത് പിന്നീട് അനവധിയായി കർത്താവ് തരും എന്ന് ഓർത്താൽ ഈ പരീക്ഷണത്തിൽ നിന്നും രക്ഷ നേടാൻ കഴിയും.

പിശാചിന്റെ കയ്യിലുള്ള ചില ശരങ്ങളെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. വിശുദ്ധിക്കായിട്ടുള്ള പോരാട്ടം നിസാരമല്ല. അത് അത്യാവശ്യമാണ്. യാക്കോബും, പത്രൊസും, പൌലോസും മരണവിധികളെ അഭിമുഖീകരിച്ചത് ഈ വാഗ്ദത്തങ്ങളെ ശരിയായി മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ്.

കർത്താവിന്റെ മാതൃക ഒന്നു നോക്കുക.  കർത്താവായ യേശുക്രിസ്തു പരീക്ഷകളെ നേരിട്ടതും ശോധനകളിൽക്കൂടി തന്നെയാണ് (മത്തായി 4).  താൻ സകലത്തിലും പരീക്ഷിക്കപ്പെട്ടു (എബ്രാ 4:15). സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മ സേനകളോട് താൻ പോരാടി (എഫെ 6:12). ഇയ്യോബിനുവേണ്ടി വാദിക്കുവാൻ ദൈവത്തിനും മനുഷ്യനും ഇടയിൽ ഇയ്യോബ് (9:33) ആഗ്രഹിച്ച മദ്ധ്യസ്ഥൻ കർത്താവ് ആയിരുന്നു.  പത്രൊസിനെ പോലെ ബലഹീനരായവരെ സാത്താൻ കോതമ്പുപോലെ പാറ്റേണ്ടതിനു അപേക്ഷിക്കുമ്പോൾ അവർക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നവനാണ് കർത്താവ്. നമുക്ക് ദൈവത്തെ ആരാധിക്കുവാനുള്ള ബലവും ജീവനും തരേണ്ടതിനു കർത്താവ് പിശാചിനെയും ബലഹീനതയേയും മരണത്തേയും തോൽപ്പിച്ചു. വിശുദ്ധിയോടുകൂടെ കഷ്ടതയെ അതിന്റെ പരിപൂർണ്ണതയിൽ അഭിമുഖീകരിച്ചത് യേശുക്രിസ്തുമാത്രമാണ്. അവനാണ് നമ്മുടെ മാതൃക.

അതുകൊണ്ട് “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു” എന്ന് പൌലോസിനോട് ചേർന്നു പറയാൻ നമ്മുക്കും കഴിയണം.