ഭയം എന്ന കെണി
“മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശ്യവാക്യങ്ങൾ 29:25)
ദൈന്യം ദിനം അനേക പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. പ്രശ്നങ്ങളുടെ കാരണങ്ങളും വിവിധങ്ങളാണ്. അതിൽ നാം അധികം ശ്രദ്ധിക്കാത്ത ഒരു കാരണം ഭയം ആണ്. എല്ലാ ഭയങ്ങളും മോശമല്ല. ചിലഭയങ്ങളെല്ലാം നല്ലതാണ്. തീയെ തൊടാൻ നാം ഭയക്കണം. പാമ്പിനെ നാം ഭയക്കണം. വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ തൊടാൻ നാം ഭയക്കണം. പാപം ചെയ്യാൻ നാം ഭയക്കണം. അങ്ങിനെ അനേക കാര്യങ്ങളെ നാം ഭയക്കേണ്ടതായിട്ടുണ്ട്. ഇതെല്ലാം ശരിയായ ഭയങ്ങളാണ്. എന്നാൽ തെറ്റായ ചില ഭയങ്ങളും ഉണ്ട്. അതിൽ ഒന്നാണ് പൊതുവിൽ മനുഷ്യരോടുള്ള ഭയം. സുവിശേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് അധികാരികൾ നിർബന്ധിച്ചപ്പോൾ പത്രോസിന്റേയും യോഹന്നാന്റേയും മറുപടി ശ്രദ്ധേയമാണ്: “അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.” അ. പ്രവർത്തികൾ 4:19-20
നമ്മൾ മനുഷ്യരെ ഭയക്കുന്നു. വാസ്തവത്തിൽ ദൈവത്തേക്കാൾ അധികമായി നാം മനുഷ്യരെ ഭയക്കുന്നു. അതാണ് അനേക പ്രശ്നങ്ങളുടേയും അടിസ്ഥാന കാരണം.
ബൈബിൾ ഈ ഭയത്തെ “കെണി” എന്നാണ് വിളിക്കുന്നത്. അല്ലെങ്കിൽ ‘കുരുക്ക്” എന്നും പറയാം. പക്ഷികളെ പിടിക്കാനാണ് കെണി ഉപയോഗിച്ചിരുന്നത്. ഇവിടെ കെണി നമ്മൾ തന്നെ വക്കുന്നതാണ്. നമ്മാൾ മനുഷ്യരെ ഭയപ്പെടുമ്പോൾ അത് ഒരു കെണിയായി തീരുന്നത്. അങ്ങിനെ നമ്മൾ നമുക്ക് തന്നെ കെണിയൊരുക്കുന്നു. നമ്മൾ തന്നെയാണ് ഈ കെണിയുടെ ഉറവിടം.
ദൈവത്തേക്കൾ മനുഷ്യരെ പ്രസാധിപ്പിക്കുവാൻ ശ്രമിക്കുന്നവരുടെ ഹൃദയം ഈ ഭയത്തിന്റെ ഉറവിടം ആണ്. ഒറ്റപ്പെടലിനെ ഭയപ്പെടുന്നവർ മനുഷ്യനെ പ്രാസാധിപ്പിക്കുവാൻ ശ്രമിക്കും. മറ്റുള്ളവരുടെ നീരസത്തെ ഭീതിയോടെ കാണുന്നവരുടെ ഹൃദയം ഭയത്തിന്റെ ഉറവിടമാണ്. ഇവിടെ ഉയരേണ്ട ചോദ്യം ഇതാണ്, മറ്റുള്ളവരാണോ നിങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നത്? ശരിയായിട്ടുള്ളത് പറയുന്നതിൽ നിന്നും ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ നിങ്ങളെ തടയുകയാണോ? നിങ്ങളുടെ ഭയം മറ്റുള്ളവർ നിങ്ങളെ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്നു എന്നത് വളരെ ഗൗരവമായ വസ്തുതയാണ്.
എങ്ങിനെയാണ് ഈ ഭയത്തെ നാം നേരിടേണ്ടത്?
ഈ സദൃശ്യവക്യത്തിൽ ഭയത്തിനുള്ള പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ്. എന്താണ് അത്? പരിഹാരം “യെഹോവ”യാണ്. വാഗ്ദത്തങ്ങളെ പാലിക്കുന്നവനായ ദൈവം സകല മനുഷ്യരേക്കാളും വലിയവനാണ്. അവൻ മാത്രം ആശ്രയിക്കുവാൻ യോഗ്യനാണ്. അവനിൽ ആശ്രയിക്കുന്നവൻ രക്ഷ പ്രാപിക്കും.
മലയാളത്തിൽ “രക്ഷപ്രാപിക്കും” എന്നാണ് എഴുതിയിട്ടുള്ളതെങ്കിൽ മൂലഭാഷയിൽ “ഉന്നതങ്ങളിൽ കാക്കും” എന്ന തീവ്രത കൂടിയ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആർക്കും പ്രവേശിക്കാൻ കഴിയാത്ത ഗോപുരത്തിന്റെ നെറുകയിൽ എന്ന ആശയത്തോടെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഭയത്തിന്റെ തിരമലാകൾ ആഞ്ഞടിക്കുമ്പോൾ നീ ദൈവത്തിൽ ആശ്രയിക്കുക. ആർക്കും സ്പർശിക്കുവാൻ പറ്റാത്ത രീതിയിൽ യെഹോവ നിന്നെ കാക്കും.
ജനങ്ങൾ ദൈവത്തേക്കാൾ വലുതായി തോന്നുമ്പോൾ ഭയം കൊണ്ട് അതിനെ പരിഹരിക്കരുത്. ദൈവത്തിൽ ആശ്രയിക്കുക. ദൈവത്തിൽ മാത്രം! ദൈവം മനുഷ്യനേക്കാൾ വലിയവനാണ്.
വേദപുസ്തകത്തിലെ ചില വാക്യങ്ങൾ ശ്രദ്ധിക്കുക:
സദൃശ്യവാക്യങ്ങൾ 1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
സങ്കീർത്തനം 56:11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?
ഭയം മൂലം വിതത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ശ്രദ്ധിക്കുക. ഏക പരിഹാര മാർഗ്ഗം ദൈവം മാത്രമാണ്. ദൈവത്തിൽ ആശ്രയിക്കുക. ദൈവം മനുഷ്യരേക്കാൾ വലിയവനാണ്. നിങ്ങൾ നിങ്ങളോടു തന്നെ പറയുക: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?” “In God I trust and am not afraid. What can man do to me?”
Leave a Reply