“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും
ക്രിസ്തീയ സഭ (കൾ) ആധുനികയുഗത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി ലോകത്തുള്ള ഒട്ടുമിക്ക ആരാധനാകേന്ദ്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജനങ്ങൾ ഒരുമിച്ചു കൂടരുത് എന്നുള്ള കർശനമായ മുന്നറിയിപ്പ് എല്ലാവർക്കും ലഭിച്ചിട്ടുണ്ട്. അങ്ങിനെ ഒരുമിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ പലരും വേറെ വഴികൾ തേടുന്നു. അനേകരും കണ്ടെത്തിയ മാർഗ്ഗം ഓൺലൈൻ ആരാധനയാണ്. Zoom, skype, google duo, WhatsApp, facebook അങ്ങിനെ വിവിധ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് പലരും ആരാധിക്കുന്നുണ്ട്. ഓൺലൈനിൽ ഒരുമിച്ച് സംഘടിക്കുന്നതും പ്രാർത്ഥിക്കുന്നതും വചനം പ്രസംഗിക്കുന്നതും തെറ്റാണ് എന്നർത്ഥത്തിലല്ല ഞാൻ ഇത് എഴുതുന്നത്. ഈ മധ്യമങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. അടുത്തിടെ ഒരു സഹോദരൻ “എല്ലാവരും വീട്ടിൽ ഇരുന്നാണല്ലോ ദൈവത്തെ ആരാധിക്കുന്നത്. അപ്പോൾ വീട്ടിൽ ഇരുന്ന് അപ്പം നുറുക്കുന്നതുകൊണ്ട് (കർതൃമേശയിൽ പങ്കുകൊള്ളുന്നതുകൊണ്ട്) തെറ്റുണ്ടോ?” എന്നു ചോദിച്ചു. ഈ ചോദ്യത്തിനുള്ള എന്റെ മറുപടിയാണ് ഈ ചെറിയ ലേഖനത്തിന്റെ പ്രധാന ഉള്ളടക്കം.
സഭ എങ്ങിനെയാണ് കർത്താവിനെ ആരാധിക്കുന്നത്?
സഭയായിട്ടുള്ള ആരാധനയെക്കൂറിച്ച് പുതിയ നിയമത്തിലുള്ള ആദ്യ വിവരണം നാം കാണുന്നത് അപ്പോസ്തല പ്രവർത്തികൾ രണ്ടാം അദ്ധ്യായത്തിൽ ആണ്.
അ. പ്രവർത്തികൾ 2:42-46. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു………..…..ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു.
ഈ വാക്യത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യണമെങ്കിൽ അവർ ഒരുമിച്ചു കൂടേണ്ടതുണ്ട്. അവർ ദൈവസന്നിധിയിൽ ഒരുമിച്ചുകൂടി മേൽ പറഞ്ഞകാര്യങ്ങൾ ചെയ്തുകൊണ്ട് ദൈവത്തെ ആരാധിച്ചുപോന്നു. സഭയായി നാം ദൈവത്തെ ആരാധിക്കുന്നത് എങ്ങിനെയാണ് എന്ന് ഈ രീതിയിർൽ ചുരുക്കിപ്പറയാം:
ദൈവസന്നിധിയിൽ വിശ്വാസികൾ ഒരുമിച്ചുകൂടി (1)പ്രാർത്ഥനയിൽക്കൂടിയും, (2) സ്തുതികളിൽക്കൂടിയും (3) അവരേയും അവരുടെ ധാനങ്ങളേയും ദൈവസന്നിധിയിൽ സമർപ്പിച്ചും (4)സഭയുടെ അനുഷ്ഠാനങ്ങളിൽ (സ്നാനവും കർതൃമേശയും) പങ്കെടുത്തുകൊണ്ടും (5) ദൈവവചനം പ്രഘോഷിച്ചുകൊണ്ടും (ആരാധനയുടെ പ്രധാനഭാഗം) ദൈവത്തെ മഹത്വപ്പെടുത്തിയാണ് സഭ ദൈവത്തെ ആരാധിക്കുന്നത്.
ഓൺലൈൻ ആരാധനകളിൽ മുകളിൽ പറഞ്ഞ ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷെ എല്ലാം കഴിയുകയില്ല. പ്രാർത്ഥിക്കാൻ കഴിഞ്ഞേക്കാം, ദൈവചനം വായിക്കാനും പ്രസംഗിക്കാനും കഴിഞ്ഞേക്കാം, ഒരുമിച്ച് പാട്ടുപാടി ദൈവത്തെ സ്തുതിക്കുന്നതിന് വളരെ പരിമിധിയുണ്ട്. ഒരുമിച്ചിരുന്നു പാടാൻ കഴിയാത്തതുകൊണ്ട് “ആത്മീകഗീതങ്ങളാലുള്ള” പരസ്പര പഠിപ്പിക്കൽ (കൊലോസ്യർ 3:16) നടക്കുന്നില്ല.
ഏറ്റവും വലിയ വിഷയം കർതൃമേശയാണ്. കർതൃമേശ സഭയുടെ മാത്രം അനുഷ്ടാനമാണ്. അത് ഏതെങ്കിലും വ്യക്തികൾക്കോ, സഘടനകൾക്കോ നൽകിയിട്ടുള്ളതല്ല. സഭ ഒരുമിച്ചുകൂടുമ്പോൾ മാത്രം ചെയ്യേണ്ടതാണ്. മുകളിൽ പറഞ്ഞ വാക്യങ്ങൾ കൂടാതെ വേറെ ചില വാക്യങ്ങൾ കൂടെ നോക്കുക:
അ. പ്രവർത്തികൾ 20: 7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ……
1 കൊരിന്ത്യർ 11: 20 -22 നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു. ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു. തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
കർതൃമേശയിൽ പങ്കുകൊള്ളണമെങ്കിൽ സഭ ഒരുമിച്ചു കൂടി വരണം. വീട്ടിലിരുന്ന് കഴിക്കുന്നതൊന്നും കർതൃമേശയല്ല.
യേശുക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് ഓർക്കുവാൻ വേണ്ടിമാത്രമാണല്ലോ കർതൃമേശ. അപ്പോൾ വീട്ടിലിരുന്നുകൊണ്ട് ആചരിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിലർ ചിന്തിക്കുന്നുണ്ട്. എന്നാൽ ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് ഓർക്കുവാൻ വേണ്ടി മാത്രമല്ല കർതൃമേശ അനുഷ്ഠിക്കുന്നത് സഭയുടെ ഐക്യത കൂടി കർതൃമേശയിൽക്കൂടി വിളംബരം ചെയ്യുന്നുണ്ട് (1 കൊരി11: 17-34, 1കൊരി 10:17). കൊരിന്ത്യ സഭയിൽ പൗലോസിന് അത് കാണാൻ സാധിച്ചില്ല. അതുകൊണ്ട് പൗലോസിന് അവരെ ശാസിക്കേണ്ടതായിട്ട് വന്നു.
കർതൃമേശയോടുള്ള ബന്ധത്തിൽ ഒരു കാര്യവും കൂടെ ചിന്തിക്കേണ്ടതുണ്ട്. സഭയുടെ വിശുദ്ധിയെ കാക്കുവാനുള്ള ഒരു മാദ്ധ്യമവും കൂടിയാണ് കർതൃമേശ. സഭയുടെ അംഗമാണെന്ന് അവകാശപ്പെടുന്നവനാണെങ്കിലും പാപത്തിൽ ജീവിക്കുന്നവന് കർതൃമേശയിൽ പങ്കുകൊള്ളുവാനുള്ള അവകാശമില്ല. കാരണം അവൻ സുവിശേഷത്തിനു വിരോധമായിട്ടാണ് ജീവിക്കുന്നത്. അച്ചടക്കനടപടിയുടെ ഭാഗമായി അങ്ങിനെയുള്ളവർക്ക് കർതൃമേശ വിലക്കേണ്ടതായിട്ടുവരും
1 കൊരിന്ത്യർ 5:11 – എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു. (ഈ വാക്യം പലരും സാധാരണ ഭവനങ്ങളിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കാറുള്ളത്. ഭവനങ്ങളിൽ ഭക്ഷിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് കൊരിന്തു സഭയിൽ ഒരുമിച്ച് ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇത്. സഭയിൽ ഭക്ഷിക്കുന്നത് എന്താണെന്ന് പതിനൊന്നാം അദ്ധ്യായം താരതമ്യം ചെയ്തു പഠിച്ചാൽ മനസ്സിലാകും. കർതൃമേശയോടുള്ള ബന്ധത്തിലാണ് പൗലോസ് ഇവിടെ സംസാരിക്കുന്നത്).
ഇതൊന്നും ഓൺലൈൻ കർതൃമേശയിൽ പ്രായോഗികമല്ല. വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള കർതൃമേശ അനുഷ്ഠിക്കണമെങ്കിൽ സഭ ഒരുമിച്ച് കൂടിവരണം. സഭ ഒരുമിച്ച് കൂടി വരാൻ സാധിക്കാത്തിടത്തോളം കാലം ശരിയായ ആരാധനയും നടക്കുന്നില്ല. ആരാധനയുടെ ഒരു ഭാഗമായ കർതൃമേശയും നടക്കുന്നില്ല. ആരെങ്കിലും ചെയ്യുന്നെങ്കിൽ അതു കർതൃമേശയല്ല, മറിച്ച് സൈബർ മേശയാണ് (It is not Lord’s table, but a cyber-table).
1918ന് ശേഷം ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് COVID-19. നൂറുവർഷങ്ങൾക്ക് ശേഷം (യഥാർത്ഥത്തിൽ 102 വർഷത്തിനുശേഷം) വീണ്ടും ഒരു ദുരന്തത്തിന്റെ മുമ്പാകെ മാനവരാശി ആയിരിക്കുന്നു. ആരാധനാ കേന്ദ്രങ്ങൾ അടച്ചു. സുവിശേഷ പ്രവർത്തകർ വീട്ടിൽ തന്നെയായി. 90% സുവിശേഷപ്രവർത്തനങ്ങളും നിലച്ചു. ഇത്രനാളും പ്രവർത്തിച്ച സഭയോട് വീട്ടിലിരിക്കാൻ കർത്താവ് പറഞ്ഞിരിക്കയാണ്. ഒരു കണക്കിനു പറഞ്ഞാൽ “പ്രവാസത്തിലേക്ക്” പോകാൻ പറഞ്ഞിരിക്കുകയാണ്. ദൈവത്തിന്റെ പ്രവർത്തനം നിലച്ചു എന്നൊന്നും അതിനർത്ഥമില്ല. അതിഭയങ്കരമായ രീതിയിൽ ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കണ്ണുകൾക്ക് പലതും അഗോചരമാണെങ്കിലും ദൈവം പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. താൻ തന്റെ പദ്ധതികൾ നിറവേറ്റിക്കൊണ്ടേയിരിക്കുകയാണ്.
അങ്ങിനെ വീട്ടിലിരിക്കുന്ന സഭ ദൈവം അനുവദിച്ചാൽ കുറച്ചുനാളുകൾക്ക് ശേഷം വിണ്ടും ഒരുമിച്ചുകൂടും. ഞായറാഴ്ചകളിൽ എല്ലാവരും ഒരുമിച്ചു ചേർന്ന് ദൈവത്തെ ആരാധിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഇന്ന് അനേകർ തിരിച്ചറിയുകയാണ്. ദൈവമക്കൾ ഒരുമിച്ച് ചേർന്ന് ദൈവത്തെ ആരാധിക്കുന്നതിന് പകരം വെക്കാൻ ഈ ലോകത്തിൽ വേറെ ഒന്നുമില്ല.
അങ്ങിനയല്ല, സഭയുടെ കാന്തൻ ഇതോടുകൂടെ വരുകയാണെങ്കിൽ അവനെ നേരിൽ കണ്ടാരാധിക്കും. അതിലും വലിയ ഒരു അനുഭവം ദൈവമക്കൾക്ക് വേറെയില്ല.
സജി തണ്ണിക്കോട്ടിൽ
Leave a Reply