കൊറോണ വൈറസ്സിനോട് എങ്ങിനെ പ്രത്രികരിക്കണം?

കൊറോണ വൈറസ്സിനോട് ദൈവമക്കൾ എങ്ങിനെ പ്രത്രികരിക്കണം?

 

ആധുനിക യുഗത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാക്കിയിരിക്കുന്ന ക്ലേശങ്ങളിൽക്കൂടി മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിവിധങ്ങളായ രീതിയിലാണ് ജനം ഇതിനെ സമീപിക്കുന്നത്. ദൈവമക്കൾ ഈ മഹാമാരിയെ എങ്ങിനെ കാണണം, എങ്ങിനെ ഇതിനോട് പ്രതികരിക്കണം എന്നുള്ള ചോദ്യങ്ങൾ പലകോണുകളിലും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചെറിയവിശകലനമാണ് താഴെകൊടുത്തിരിക്കുന്നത്.

കോറോണ വൈറസ്സിനോടു നാം എങ്ങിനെ പ്രതികരിക്കണം എന്നത് വിശദീകരിക്കുന്നതിനു മുമ്പ് ചരിത്രത്തിൽ വിശ്വാസികളും അവിശ്വാസികളും മഹാമരികളോട് എങ്ങിനെ പ്രതികരിച്ചു, വേദപുസ്തകം മഹാമാരിയെക്കുറിച്ച് എന്താണ് പറയുന്നത്, ഇന്ന് അനേകർ എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നീ വിഷയങ്ങൾ പരിശോധിക്കുന്നത് നമ്മുക്ക് പ്രയോജനം ചെയ്യും.

 

  1. ചരിത്രത്തിൽ

  ലോക ചരിത്രത്തിൽ അനേക മഹാമാരികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതൊക്കെ നാം ഇപ്പോൾ കേൾക്കുന്നതും കാണുന്നതിനേക്കാളൂം പതിന്മടങ്ങ് ഭീകരവും ഭയാനകവും ആയിരുന്നു. ധാരാളം പേർ മരിച്ചുവീണ ചില മഹാമാരികൾ നോക്കുക; ആന്റിനൈൻ പ്ലേഗ് (165 എ. ഡി-മരിച്ചത് 50 ലക്ഷം പേർ), ജസ്റ്റിനിയൻ പ്ലേഗ് (541-542 എ. ഡി- മരിച്ചത് രണ്ടരക്കോടി ജനങ്ങൾ), ബ്ലാക്ക് ഡെത്ത് {കരിമരണം} (1346-1353 എ. ഡി- മരിച്ചത് ഏകദേശം ഏഴരമുതൽ 20 കോടി ജനങ്ങൾ), കോളറ, വിവിധതരത്തിലുള്ള ഇൻഫ്ലുവൻസ, മരിച്ചത അനേക ലക്ഷം ജനങ്ങൾ, എയിഡ്സ് (മരിച്ചത് മൂന്നരക്കോടി ജനങ്ങൾ) ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ഇതല്ലാതെയും വേറെ അനേക മഹാമരികൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

A. അക്രൈസ്തവലോകം

 എ. ഡി. 250-260 വരെയുള്ള കാലഘട്ടത്തിൽ റോമാനഗരത്തിൽ മഹാമാരിമുഖാന്തരം ഒരു ദിവസം 5000 പേർ വരെ മരിച്ചുവീണ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിനു സാക്ഷിയായിരുന്ന അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന ഡൈനീഷ്യസ് രോഗികളോടുള്ള അക്രൈസ്തവ ലോകത്തിന്റെ സമീപനത്തെക്കുറിച്ച് ഇങ്ങനെ എഴുതി:  “രോഗം വ്യാപിക്കുവാൻ തുടങ്ങിയപ്പോൾ, രോഗികൾ മരിക്കുന്നതിനു മുമ്പെ  തന്നെ, അവരെ റോഡരികിൽ തള്ളിയിട്ടുകൊണ്ട് അക്രൈസ്തവർ രോഗികകളെ തങ്ങളിൽ നിന്നും അകറ്റി. പലരും തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും ഓടിപ്പോയി. അടക്കം ചെയ്യാത്ത ശരീരങ്ങളെ മാലിന്യം കൊണ്ടു തള്ളുന്നതുപോലെ ഒഴിവാക്കി. അങ്ങിനെയങ്കിലും ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടും എന്ന് അവർക്ക് തോന്നി. പക്ഷെ അവർ ഇതൊക്കെ ചെയ്തിട്ടും മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു” (Easter letter of Dionysius of Alexandria (c260) recorded in Eusebius, The History of the Church).

B. ക്രൈസ്തവലോകം

രോഗത്തോടുള്ള ക്രൈസ്തവരുടെ സമീപനത്തെക്കുറിച്ച് ഡൈനീഷ്യസ് ഇങ്ങനെ വിവരിച്ചു: “ക്രൈസ്തവ സഹോദരന്മാർ തങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്താതെ മറ്റുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് തകർക്കാൻ കഴിയാത്ത തങ്ങളുടെ സ്നേഹവും കൂറും കാണിച്ചു. അപകടം നോക്കാതെ രോഗികളുടെ ആവശ്യത്തിനനുസരിച്ച് ക്രിസ്തുവിൽ രോഗികളെ ശുശ്രൂഷിച്ചു. രോഗികളുടെ വേദനയും ദുഖവും രോഗവും അവരും സ്വീകരിച്ചുകൊണ്ട് സന്തോഷത്തോടെ ഈ ലോക ജീവതത്തിൽ നിന്നും യാത്രയായി അവർ. പലർക്കും രോഗത്തിൽ നിന്ന് വിടുതൽ ലഭിച്ചപ്പോൾ തന്നെ തങ്ങൾ ശ്രുശ്രൂഷിച്ചവരുടെ രോഗം തങ്ങളുടെ മേൽ പടർന്ന് മരിച്ചുപ്പോയി. മരിക്കുന്നതിനു മുമ്പ് സഹോദരന്മാർ ഇങ്ങനെ പറഞ്ഞു, “അങ്ങയുടെ വിനീത ദാസൻ വിട ചൊല്ലുന്നു.” സഭയിലെ മൂപ്പന്മാർ, ഡീക്കന്മാർ, മറ്റു അനേക വിശ്വാസികൾ, തങ്ങളുടെ അതിശക്തമായ വിശ്വാസത്തിന്റെ ഫലമായി രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് രക്തസാക്ഷിത്വം വഹിച്ചു. സ്വയമനസ്സോടെ വിശുദ്ധന്മാരുടെ ശരീരത്തെ തങ്ങളുടെ മടിയിൽ വെച്ചു, അവരുടെ കണ്ണുകളും വായയും അടച്ചു, തങ്ങളുടെ ചുമലിൽ അവരെ ഏറ്റി, കെട്ടിപിടിച്ചു, അവരെ കുളിപ്പിച്ചു, വസ്ത്രം അണിയിച്ചു. അധികം താമസിയാതെ ഇതേശുശ്രൂഷകൾ ആദ്യം ചെയ്തവർ ഏറ്റുവാങ്ങി.. പുറകിൽ ശേഷിച്ചവർ തുടർച്ചയായി മുമ്പെ പോയവരെ അനുഗമിച്ചു” (Easter letter of Dionysius of Alexandria (c260) recorded in Eusebius, The History of the Church).  ഇങ്ങനെയാണ് പുരാതന ക്രൈസ്തവർ മഹാമാരിയെ നേരിട്ടത്.

ഇതുപോലെത്തന്നെ നാമും ഇപ്പോൾ പ്രവർത്തിക്കണം എന്നു പറയാനല്ല ഞാൻ ഇത് വിവരിച്ചത്. ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത്, പകർച്ചവ്യാധികളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും അറിവ് വളരെയധികം കുറവായിരുന്ന കാലത്ത്, ഡോക്ടർമാരും നേഴ്സുമാരും, ആശുപത്രികളും അധികം ഇല്ലാതിരുന്ന ഒരു കാലത്ത് പകർച്ചവ്യാധികളോടുള്ള ദൈവമക്കളുടെ സമീപനം എന്തായിരുന്നു അല്ലെങ്കിൽ അവർ എങ്ങിനെ കണ്ടു എന്നുള്ളത് ചൂണ്ടികാണിക്കാനാണ് ശ്രമിക്കുന്നത്.

  1. വേദപുസ്തകം എന്തുപറയുന്നു

 മഹാമാരിയെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്.

A. ഒന്ന്, ദൈവം അറിയാതെ എന്തെങ്കിലും ഈ പ്രപഞ്ചത്തിൽ നടക്കുമോ? ഒരിക്കലുമില്ല. ദൈവം സർവ്വജ്ഞാനിയാണ്. അതിനെക്കുറിച്ച് വേദപുസ്തകം പറയുന്നത് ശ്രദ്ധിക്കുക.

സങ്കീർത്തനങ്ങൾ 147:5 നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.

1 യോഹന്നാൻ 3:20 ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.

യോഹന്നാൻ 21:17 മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.

മത്തായി 10: 29-30 കാശിന്നു രണ്ടു കുരികിൽ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.

ദൈവം അറിയാതെ ഒരു മഹാമാരിയും വ്യാപിക്കുന്നില്ല. അതാണ് എനിക്ക് സമധാനം തരുന്ന ഒരു വസ്തുത. ഡിസംബർ മദ്ധ്യവാരത്തിൽ ദൈവം നോക്കിയപ്പോൾ ചൈനയിലെ വൂഹാനിൽ വൈറസ് വ്യാപിക്കുവാൻ തുടങ്ങിയിരിക്കുന്നു. “അയ്യോ, ഇത് ഞാൻ അറിഞ്ഞില്ലല്ലോ, അറിഞ്ഞിരുന്നെങ്കിൽ എല്ലാവരേയും നേരത്തെ അറിയിച്ചേനേ” എന്നുപറയുന്ന ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിൽ ആശ്രയിച്ചിട്ട് ഒരു പ്രയോജനവുമില്ല. സകലത്തിന്റേയും ആരംഭവും അവസാനവും “പൂർവ്വകാലത്തു തന്നേ” നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്. ചരിത്രം ഒരിക്കലും ആവർത്തിക്കുന്നില്ല, മറിച്ച് ദൈവം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ലക്ഷ്യത്തിലേക്ക് അത് അടുത്തുകൊണ്ടിരിക്കുകയാണ്.[1] അതും നമുക്ക് സമാധാനം തരുന്ന ഒരു വസ്തുതയാണ്.

യെശയ്യാവ് 46:10 ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.

 

B. രണ്ട്, നമ്മുടെ ആയുസ്സിനെക്കുറിച്ച് വേദപുസ്തകം എന്താണ് പറയുന്നത്?

നമ്മുടെ ജനനവും മരണവും ദൈവീക പദ്ധതിയുടെ ഭാഗമാണ്. നമ്മൾ എപ്പോൾ ജനിക്കണം, എവിടെ ജനിക്കണം, എപ്പോൾ മരിക്കണം, നാം എത്രകാലം ജീവിച്ചിരിക്കണം എന്നതെല്ലാം ദൈവീക പദ്ധതിയിൽ ഉണ്ട്.

അ. പ്രവർത്തികൾ 17: 26 ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

ഇയ്യോബ് 14:1-5 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനിൽക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു? അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു.

എത്ര വ്യക്തമായിട്ടാണ് നമ്മുടെ ആയുസ്സിന്റെ അതിരിനെക്കുറിച്ച് വേദപുസ്തകം പറയുന്നത്. ഇതും നമ്മുക്ക് സമാധാനം തരുന്ന ഒരു കാര്യമാണ്.

 

C. മൂന്ന്, മഹാമാരികളിലും രോഗങ്ങളിലുമൊക്കെ ദൈവത്തിന്റെ പങ്ക് എന്താണ്?

മഹാമാരികളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും വേദപുസ്തകത്തിൽ പലയിടങ്ങളിലായി വിവരിച്ചിട്ടുണ്ട്. ദൈവത്തിന്റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ചിലവാക്യങ്ങൾ മാത്രം നോക്കുക:

ആവർത്തനം  28:59-60. യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.

ആവർത്തനം 32:39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.

ഇയ്യോബ് 5: 17-18 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു. അവൻ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

യെശയ്യാവ് 45:5-7 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും (കൊടും ദുരിതങ്ങൾ എന്നാണ് മൂലഭാഷയിൽ കാണുന്നത്) സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.

ലോകം ഇത്രയും വലിയ ദുരിതത്തിലേക്ക് നീങ്ങിയിട്ടും അതിന്റെമേൽ ദൈവത്തിന്റെ കരം ഒരു വ്യക്തിക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ, അവൻ വേദപുസ്തകത്തിലെ ദൈവത്തെ അധികമൊന്നും മനസ്സിലാക്കിയിട്ടില്ല എന്നാണർത്ഥം. നമ്മുടെ കർത്താവ് തന്റെ സിംഹാസനത്തിൽ ഇരുന്നു ഇപ്പോഴും വാഴുന്നു എന്ന് നാം മനസ്സിലാക്കണം അതാണ് നമ്മുടെ ധൈര്യം. “ എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു” (സങ്കീ. 9:7). ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു (സങ്കീ. 45:6).

3. പൊതുവിലുള്ള പലരുടേയും പ്രതികരണം

A. കൊറോണ വ്യാധിയോട് അനേകരും എങ്ങിനെയാണ് പ്രതികരിക്കുന്നത്? ചിലർ വളരെ ഭയത്തോടെയാണ് ഇതിനെ കാണുന്നത്. വളരെ ഭീതിയോടുകൂടെയാണ് പലരും വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്നത്. ഭയം ഭീതിയും ഒന്നിനും പരിഹാരമല്ല. അതീവ ഗൗരവത്തോടും സൂഷ്മതയോടും നാം പെരുമാറേണ്ടതായിട്ടുണ്ട്. ഓർക്കുക, നമ്മുടെ ആത്യന്തികമായ ആശ്രയം ഡോക്ടർമാരിലും, ഭരണകൂടത്തിലും, ശാസ്ത്രലോകത്തിലും[2] ഒന്നുമല്ല, ദൈവത്തിൽ ആണ്. നേരത്തെ നമ്മൾ ചിന്തിച്ചതുപോലെ ചരിത്രത്തിൽ ദൈവമക്കൾ പ്രതിസന്ധികളെയും ദുരിതങ്ങളേയും ധൈര്യത്തോടെയാണ് നേരിട്ടിരുന്നത്. സങ്കീർത്തനക്കാരന്റെ ധൈര്യം വർണ്ണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 46:1-3). ദൈവം ഓർപ്പിക്കുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും” (യെശയ്യാവ് 41 9-10).

B. ചിലർ ചിന്തിക്കുന്നത് ഈ വൈറസ്സിനെയെല്ലാം മനുഷ്യന് നിയന്ത്രിക്കാൻ കഴിയും എന്നാണ്. അത് ഒരു വലിയ തെറ്റിദ്ധാരണയാണ്. ആധുനിക യുഗത്തിൽ നാം ജീവിക്കുന്നു എന്നത് ശരിയാണ്. ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്നു എന്നത് ശരിയാണ്. നമ്മുടെ വാഹനങ്ങൾ ചൊവ്വയിൽ വരെ ഇറങ്ങി എന്നതും ശരിയാണ്. പക്ഷെ അതിസൂഷ്മാണു ജീവിയായ കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നത് എന്താണെന്നറിയാമോ? ഇവിടെ കാര്യങ്ങൾ ആത്യന്തികമായി തീരുമാനിക്കുന്നത് മനുഷ്യനല്ല പരമാധികാരിയായ ദൈവം തന്നെയാണ് എന്ന വസ്തുതയാണ്. നേരത്തെ വായിച്ച വാക്യം ഒരിക്കൽകൂടി ശ്രദ്ധിക്കുക: “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും (കൊടും ദുരിതങ്ങൾ) സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു” (യെശയ്യാവ് 45:7).

C. ചിലർ ചിന്തിക്കുന്നത് ഈ വൈറസ്സ് എന്നെയൊന്നും തൊടില്ല എന്നാണ്. ഇത് പ്രായമായവരെയേ ബാധിക്കുകയുള്ളു, അവരെ മരിക്കുകയുള്ളു എന്ന് പറഞ്ഞു നടന്നവർ അനേകർ ഉണ്ട്. യാഥാർത്ഥ്യം അതൊന്നുമല്ല എന്നുള്ളത് ജനങ്ങൾ മരിച്ചുവീഴുന്നതു കണ്ടപ്പോൾ പലർക്കും മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു. അതുകൊണ്ട് അഹങ്കാരം ഉപേക്ഷിച്ച് താഴ്മയോടെ യാഥാർത്ഥ്യങ്ങളെ കാണാൻ നമ്മുക്ക് കഴിയണം. താഴ്മയെക്കുറിച്ച് യാക്കോബ് പറയുന്നത് ശ്രദ്ധിക്കുക: “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.  കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു” (യാക്കോബ് 4:12-15).

വിശ്വാസികളെ വൈറസ്സ് തൊടില്ല എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. “അഭിഷിക്തരെ” വൈറസ്സ് തൊടില്ല എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അങ്ങിനെ പ്രചരിപ്പച്ചവർ പലരും ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. പലരും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. വൈറസ്സിന് ജാതി, മത, വംശ, ഭാഷാ ഭേതമില്ല. അവിശ്വാസികൾക്കും വിശ്വാസികൾക്കും ഒരുപോലെ വരാം. വിശ്വാസി ഏതോ വലിയ പാപം ചെയ്തിട്ടാണ് ഈ രോഗം വരുന്നത് എന്നോന്നും ആരും വ്യഖ്യാനിക്കണ്ട.  ഇയ്യോബിന്റെ സ്നേഹിതന്മാർ ഇയ്യോബിന്റെ ജീവിതത്തിലെ സംഭവങ്ങളെ അങ്ങിനെയാണ് വ്യാഖ്യാനിച്ചത്. പക്ഷെ ദൈവം തന്നെ അവരെ തിരുത്തി (ഇയ്യോബ് 42:7). എല്ലാ വ്യാധിയും ന്യായവിധിയുടെ അടയാളങ്ങളാകണമെന്നില്ല, മറിച്ച് ദൈവത്തിന്റെ നന്മ നിറഞ്ഞ വലിയ പദ്ധതിയിൽ നാം ഭാഗമാകുന്നതിന്റെ അടയാളങ്ങളുമാകാം രോഗങ്ങളും വ്യാധികളും. നമ്മുടെ താൽക്കാലിക സന്തോഷത്തിന്റേയും സുഖത്തിന്റേയും അപ്പുറത്ത് ദൈവത്തിന്റെ മഹാനന്മയുടെ പൂർത്തീകരണത്തിന്റെ ഭാഗമായി ഞാനും നിങ്ങളും പ്രയാസം അനുഭവിച്ചേക്കാം. ദൈവം നോക്കുന്നത് താൽക്കാലിക നന്മയല്ല, നിത്യനന്മയാണ്. ദൈവം നോക്കുന്നത് ഇഹലോക സുഖ ജീവതമല്ല, ദുഖവും, മുറവിളിയും കഷ്ടതയും ഇല്ലാത്ത ദൈവത്തോടുകൂടെയുള്ള നിത്യജീവിതമാണ്. യജമാനന് ഉപയോഗിക്കാൻ പറ്റുന്ന ഉപകരണമാക്കി എന്നേയും നിങ്ങളേയും തീർക്കുന്ന പ്രക്രിയയുടെ (കൊല്ലൻ അരം കൊണ്ട് രാഗി മൂർച്ചവരുത്തുന്നതു പോലെ അല്ലെങ്കിൽ തീയിലിട്ട് പഴുപ്പിച്ച് അടിച്ച് പരത്തുന്നതുപോലെ) ഭഗവുമാകാം നമ്മുടെ കഷ്ടതകളും വേദനകളും. നല്ല സുഖമുള്ള ഏർപ്പാടൊന്നുമല്ല ഇത്. പക്ഷെ ആയുധത്തിന് മൂർച്ചയുണ്ടെങ്കിലേ യജമാനന് ഉപയോഗിക്കാൻ പറ്റുകയുള്ളു (പഴയ നിയമത്തിൽ യോസേഫിന്റെ ജീവിതം ശ്രദ്ധിക്കുക).

D. കൊറോണ ഉണ്ടെന്ന് തോന്നുന്നവരോട് വളരെ മോശമായി പെരുമാറുന്നവരേയും കണ്ടൂ. വിദേശികളാണ് കൊറോണ പരത്തുന്നത് എന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. അവർക്ക് താമസിക്കാൻ മുറിയോ ഭക്ഷണമോ നൽകാതെ പുറത്താക്കിയവരുണ്ട്. സാമൂഹിക അകലം (social distance) പാലിക്കണ്ട എന്നല്ല ഞാൻ പറഞ്ഞുവരുന്നത്. രോഗം ഉള്ളവരേയും രോഗം ഉണ്ടാകുവാൻ സാദ്ധ്യത ഉള്ളവരേയും വളരെ സ്നേഹത്തോടും കരുതലോടും കൂടെ കാണുവാൻ നമ്മുക്ക് സാധിക്കണം. ഈ വൈറസ് നമ്മളേയും ബാധിക്കാം, ഈ അവസ്ഥ നമ്മുക്കും വരാം എന്ന് ഓർക്കുക. കർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:  “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ” (മത്തായി 7:12).

 

  1. ദൈവമക്കളുടെ പ്രതികരണം.

 

കൊറോണ വ്യാധിയോട് ദൈവമക്കൾ എങ്ങിനെയാണ് പ്രതികരിക്കേണ്ടത്?

A. പ്രാർത്ഥിക്കണം. ദൈവത്തിന്റെ കരുണക്കായി പ്രാർത്ഥിക്കണം. പാപത്താൽ ശപിക്കപ്പെട്ട ഈ ലോകത്തിൽ ദൈവിക കരുണകൊണ്ടാണ് ഓരോ മനുഷ്യരും ജീവിക്കുന്നത്. ദൈവം കരുണാമയനല്ലായിരുന്നുവെങ്കിൽ ഒരു മനുഷ്യൻ പോലും ഭൂമുഖത്ത് ശേഷിക്കുകയില്ല. വിശ്വാസികൾ പോലും ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ കാരുണ്യമാണ്. എപ്പഫ്രൊദിത്തൊസിന്റെ രോഗസൗഖ്യത്തെക്കുറിച്ച് പൗലോസ് പറയുന്നത് “അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു” (ഫിലിപ്പിയർ 2:27) എന്നാണ്. അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം. കരുണക്കായി പ്രാർത്ഥിക്കാം. ഹബക്കുക് പ്രവാചകന്റെ പ്രാർത്ഥന ശ്രദ്ധിക്കുക “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ” (ഹബക്കൂക് 3:2). ക്രോധത്തിലും കരുണ ഓർക്കുന്ന ഒരു ദൈവം നമുക്കുണ്ട്. മുന്നണിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, നമ്മുടെ നേതാക്കന്മാർ, ശാസ്ത്രജ്ഞന്മാർ, നിയമപാലകർ എല്ലാവരേയും പ്രാർത്ഥനയിൽ നാം ഓർക്കണം.

B. അശ്രയിക്കണം. ദൈവത്തിൽ ആശ്രയിക്കണം. ആകുലപ്പെട്ടതുകൊണ്ട് ഗുണമൊന്നുമില്ല, ആശ്രയിക്കുകയാണ് വേണ്ടത്. ഏതെങ്കിലും ദൈവത്തിലുള്ള ആശ്രയമല്ല, ദൈവ വചനം പറയുന്ന ദൈവത്തിൽ ആശ്രയിക്കണം. ദൈവത്തിൽ ആശ്രയിക്കുക എന്നുവെച്ചാൽ ദൈവവചനത്തിൽ ആശ്രയിക്കുക എന്നതാണ്. മുറുകെപ്പിടിക്കണം, ഒരു പൈതൽ തന്റെ പിതാവിന്റെ കയ്യിൽ മുറുകെ പിടിച്ച് (ആശ്രയിച്ച്) നടക്കുന്നതുപോലെ നാം ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ട് പോകണം. ദൈവവചനത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ദൈവത്തിലുള്ള ആശ്രയത്തിന്റെ അടയാളം. ഒന്നുരണ്ടു വാക്യങ്ങൾ ശ്രദ്ധിക്കുക:

സങ്കീർത്തനങ്ങൾ 56:3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

1 പത്രോസ് 5:7. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.

ഫിലിപ്പിയർ 4:6-7. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

c. അനുസരിക്കണം. അധികാരികളെ അനുസരിക്കണം. ദൈവനാമമഹത്വത്തിനായി അനുസരിക്കണം. വൈറസ് വ്യാപനം തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തെ നാം സഹായിക്കുകയും അവരോട് സഹകരിക്കുകയും ചെയ്യണം. ഞായറാഴ്ചത്തെ സർവീസുകൾ ഒഴിവാക്കണെമങ്കിൽ ഒഴിവാക്കണം. നമ്മുടെ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നുകയറ്റമായി അതിനെ കാണേണ്ടതില്ല. നമ്മുടെ നന്മക്കും പൊതുനന്മക്കുവേണ്ടിയുള്ള ഒരു പ്രവർത്തിയായി മാത്രം കണ്ടാൽ മതി. പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.” റോമർ 13:1-5. അധികാരികൾക്ക് കീഴടങ്ങി ദൈവത്തെ നമ്മൾ മഹത്വപ്പെടുത്തണം.

D. സഹായിക്കണം. മറ്റുള്ളവരെ സഹായിക്കണം. സാമൂഹിക അകലം പാലിക്കുക എന്നത് തന്നെ മറ്റുള്ളവരോട് ചെയ്യുന്ന ഏറ്റവും വലിയ സഹായമാണ് ഇപ്പോൾ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏതെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ അതു ചെയ്യണം. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സഹായം നൽകണം. ഈ രോഗംമൂലം അവശത അനുഭവിക്കുന്ന ആർക്കും സഹായം ചെയ്യാൻ മടിക്കരുത്. പുരാതനകാലത്തുണ്ടായ എല്ലാ മഹാമാരികളിലും ദൈവമക്കളുടെ ത്യാഗോജ്ജലമായ പ്രവർത്തനങ്ങളെക്കുറിച്ച് നാം കണ്ടു. പൗലോസ് കർത്താവിന്റെ വാക്കുകൾ ഓർപ്പിക്കുന്നത് ശ്രദ്ധിക്കുക: “ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നങ്ങൾ തന്നേ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു” (അ. പ്രവർത്തികൾ 20:33-35).

D. സാക്ഷിയാകണം. ലജ്ജിക്കാത്ത സാക്ഷിയായിരിക്കണം. മഹാമാരിയുടെ മദ്ധ്യത്തിൽ രോഗത്തിനുള്ള സൗഖ്യമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ കൊറോണയേക്കാൾ വലിയ ഒരു വൈറസ് മാനവജാതിയിൽ വ്യാപിച്ചിട്ടുണ്ട്. പാപം എന്ന മാരക വൈറസ്. നിത്യമായ നരകത്തിൽ എത്തിക്കുന്ന വൈറസ്. ഈ മാഹാമാരിക്കുള്ള ഏക പരിഹാരം കാൽവറി ക്രൂശ് മാത്രമാണ്. കോറോണയെക്കുറിച്ചുള്ള നമ്മുടെ ചർച്ച പാപം എന്ന മാരക വൈറസ്സിലേക്ക് എത്തണം. കാരണം യഥാർത്ഥസുവിശേഷം ഒരു മനുഷ്യന്റെ ഈ ആയുസ്സിലെ നന്മയല്ല ലക്ഷ്യമാക്കുന്നത്. ഈ ആയുസ്സിനപ്പുറം ഒരു നിത്യജീവിതമുണ്ട്. അതിനെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ ലോകത്തിലുള്ള സുഖങ്ങൾക്ക് വേണ്ടിയല്ല പ്രത്യാശയുടെ സുവിശേഷം നിലനിൽക്കുന്നത്. ദൈവത്തിന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നമ്മെ നിർത്തുന്നതിനുവേണ്ടിയാണ് ഈ സുവിശേഷം നിൽക്കുന്നത്. പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: “മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.” ഇതാണ് സുവിശേഷം പ്രധാനം ചെയ്യുന്ന പ്രത്യാശ. വേദപുസ്തകത്തിലെ സുവിശേഷം പ്രത്യാശയുടെ സുവിശേഷമാണ്. നിത്യജീവനായിട്ടുള്ള പ്രത്യാശ. “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ” (1 കൊരിന്ത്യർ 15:19) എന്ന അപ്പോസ്തലന്റെ വാക്കുകൾ ഏറ്റവും അധികം ശ്രദ്ധിക്കണം. അതുകൊണ്ട് യഥർത്ഥ സുവിശേഷത്തെക്കുറിച്ച് ആർക്കും ലജ്ജിക്കേണ്ടതില്ല. ഈ സുവിശേഷത്തിനുവേണ്ടി ധൈര്യത്തോട് നിൽക്കുവാൻ നമ്മുക്ക് കഴിയണം. അപ്പോസ്തലന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ” 1 പത്രൊസ് 3:15. ലജ്ജയില്ലാത്ത (റോമർ 1:16) സാക്ഷികൾ ആകണം.

E. ആനന്ദിക്കണം. “ദുഖത്തിന്റെ പാനപാത്രം” കർത്താവ് തന്നാലും ആനന്ദിക്കാൻ സാധിക്കണം. വേദപുസ്തക വിശ്വസികളുടെ ഏറ്റവും വലിയ സവിശേഷതയാണ് ഇത്. “മരണത്തിന്റെ താഴ്വരയിൽക്കൂടി” നടക്കേണ്ടിവരും എന്നവർക്കറിയാം. പക്ഷെ അത് തങ്ങളുടെ നന്മക്കാണെന്നാണെന്നും അവർ മനസ്സിലാക്കുന്നു. യാക്കോബ് ഓർപ്പിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” യാക്കോബ് 1:2. ദൈവം നമ്മളിൽ ഉദ്ദേശിച്ച ആ മഹാനന്മ കർത്താവ് വരുമ്പോൾ തീർച്ചയായും വെളിപ്പെട്ടുവരും. പരിശോധനകളിലൂടെ കടന്നുപോകുന്നവരോട് അപ്പൊസ്തലന് പറയാനുള്ളത് കേൾക്കുക: “അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും” 1 പത്രൊസ് 1:6.

F. കൃതജ്ഞതയുള്ളവരായിരിക്കണം. ദൈവത്തിന് സ്തോത്രം ചെയ്യണം. ഇത്രത്തോളം നിലനിർത്തിയ ദൈവത്തിനു സ്തോത്രം ചെയ്യണം. അവൻ നല്ലവനാണ്. “യെഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു” സങ്കീർത്തനങ്ങൾ 118:1. ഈ പോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കുന്ന ഡോക്ടർമാരേയും നേഴ്സുമാരേയും ഓർത്ത് ദൈവത്തിനു നന്ദി പറയാം. നമ്മുടെ നേതാക്കന്മാർ, ഭരണപക്ഷമോ പ്രതിപക്ഷമോ ആയിക്കോട്ടെ, കേന്ദ്രത്തിലുള്ളവരോ സംസ്ഥാനത്തിലുള്ളവരോ ആയിക്കോട്ടെ, അവർക്കായി ദൈവത്തിനു നന്ദി പറയാം. നിയമ പാലകന്മാർ, മറ്റു ആരോഗ്യപ്രവർത്തകന്മാർ എന്നിവർക്കായി ദൈവത്തിന് സ്തോത്രം ചെയ്യാം. ഏതു സാഹചര്യത്തിലും സ്തോത്രത്തോടെ (നന്ദിയോടെ) ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലണം എന്നല്ലെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്? (ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. ഫിലിപ്പിയർ 4:6). അങ്ങിനെയെങ്കിൽ ഈ മഹാമാരിയെ നാം എങ്ങിനെയാണ് സമീപിക്കേണ്ടത്? അപ്പോസ്തലൻ പറയുകയാണ്: “എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം” 1 തെസ്സലോനിക്യർ 5:17. അങ്ങിനെയെങ്കിൽ കൊറോണ വൈറസ്സിനായും ദൈവത്തിനു നാം നന്ദി പറയണം. വേദപുസ്തക ക്രിസ്ത്യാനികൾ ഈ മാരക വൈറസ് വ്യാപനത്തിന്റെ മദ്ധ്യത്തിലു, ദൈവവചനത്തിനനുസരിച്ച് പ്രതികരിക്കാൻ സർവ്വശക്തൻ സഹായിക്കട്ടെ!

*****************

കൊറോണ വൈറസ്സിനെക്കൊണ്ട് ദൈവം ധാരാളം കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ദൈവത്തെ മാനിക്കാതെ അതിവേഗം ബഹുദൂരം (ചൊവ്വ വരെ) സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ ബാക്ടീരിയയേക്കാൾ അതിസൂഷ്മമായ ഒരു വൈറസ് വന്നപ്പോഴേക്കും അവൻ വീട്ടിൽ ഇരുന്ന് ദൈവമേ! എന്താണ് ഈ ലോകത്ത് നടക്കുന്നത് എന്നു ചോദിക്കുന്നു. ഇത് ദൈവത്തിന്റെ ന്യായവിധിയാണോ എന്ന് പലരും പാസ്റ്റർമാരോട് ചോദിക്കാൻ തുടങ്ങി. ഞായറാഴ്ച്ച ആരാധനക്കു പോകാൻ സമയ മില്ലാത്തവന് ദൈവത്തെ ആരാധിക്കാൻ മനസ്സുവന്നുതുടങ്ങി. തോന്നിവാസ ജീവിതമൊക്കെ അവസാനിപ്പിച്ച് മാനസാന്തരപ്പെട്ട് കർത്താവിന്റെ അടുക്കലേക്ക് വരണം എന്ന് പാസ്റ്റർമാർ ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാത്തവർ മാനസാന്തരപ്പെട്ട് സ്നാനപ്പെടാൻ വരെ റെഡിയായിട്ടുണ്ട്. പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും സമയമില്ലാത്തവർ വീട്ടിലിരുന്ന് കരഞ്ഞു പ്രാർത്ഥിക്കുന്നു. ബൈബിളിലെ ഒരു പുസ്തകം മുഴുവനായി വായിക്കുന്നു. കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ച് ഓർക്കാൻ പോലും സമയമില്ലാത്ത വിശ്വാസികൾ വെളിപ്പാടുപുസ്തകത്തിലെ ബാധകളെക്കുറിച്ചും ക്രോധകലശത്തെക്കുറിച്ചും സംശയങ്ങൾ ഇപ്പോൾ ചോദിക്കുന്നു. എത്രയെത്ര നല്ലകാര്യങ്ങൾ കൊറോണ നമ്മെ പഠിപ്പിച്ചു. പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ദൈവത്തെ ഓർക്കാൻ പോലും സമയമില്ലാതെ തിരക്കിലായ മനുഷ്യനെ ദൈവമേ എന്നു വിളിപ്പിക്കുന്ന കൊറോണ. ന്യായവിധിയെക്കുറിച്ച് ചിന്തിപ്പിക്കുന്ന കൊറോണ. ആരാധിക്കാൻ സമയമില്ലാത്തവന് ആരാധിക്കാൻ പ്രേരിപ്പിക്കുന്ന കൊറോണ. പാപത്തിൽ ജീവിക്കുന്നവന് മാനസ്സാന്തരപ്പെട്ട് സ്നാനപ്പെടാൻ വരെ ആഗ്രഹം കൊടുക്കുന്ന കൊറോണ. പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും സമയമില്ലാത്തവന് കരഞ്ഞുപ്രാർത്ഥിക്കാനും വേദപുസ്തകം ഇരുന്ന് വായിപ്പിക്കാനും പഠിപ്പിക്കുന്ന കൊറോണ. കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ച് ഓർക്കാൻ പോലും സമയമില്ലാത്തവരെ വെളിപ്പാടുപുസ്തകത്തിൽ നിന്നു പോലും ചോദ്യങ്ങൾ ചോദിപ്പിക്കുന്ന കൊറോണ. കൊറോണക്കായി സ്തോതം. താങ്ക് ഗോഡ് ഫോർ കൊറോണ.

 

 

[1] We do not believe in a cyclical view, but a linear view of history. Cyclical View: Endless cycle of destruction and rebirth. Linear View: Moving toward one direction with a purpose.

[2] ദൈവ നാമ മഹത്വത്തിനും മനുഷ്യനന്മക്കുമായി ദൈവം നിയമിച്ചാക്കിവെച്ചിരിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ് അവർ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: