സുവിശേഷം

 

എന്താണ് ശരിയായ സുവിശേഷം?

സുവിശേഷത്തെക്കുറിച്ച് പല വ്യത്യസ്തമായ ചിന്തകളും ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ട്. എങ്ങിനെയാണ് രക്ഷിക്കപ്പെട്ടത് എന്ന് ഒരു വ്യക്തിയോട് ചോദിച്ചപ്പോൾ, “എനിക്ക് ഒരു രോഗം ഉണ്ടായിരുന്നു. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം എന്നെ സൌഖ്യമാക്കി. അങ്ങിനെ ഞാൻ രക്ഷിക്കപ്പെട്ടു” എന്ന് അദ്ദേഹം പറയുകയുണ്ടായി. മാമോദീസ ഏറ്റാൽ രക്ഷിക്കപ്പെടും എന്നു ചിന്തിക്കുന്നവർ ഉണ്ട്. മുഴുകൽ സ്നാനം ഏറ്റാൽ രക്ഷിക്കപ്പെടും എന്നു വിശ്വസിക്കുന്നവർ ഉണ്ട്. ഏറ്റുപറഞ്ഞാൽ രക്ഷിക്കപ്പെടും എന്നു വിശ്വസിക്കുന്നവരുണ്ട്. എല്ലാവരും സ്വർഗ്ഗത്തിൽ പോകും എന്നു വിശ്വസിക്കുന്നവരും ഉണ്ട്.

നമ്മുടെ നാട്ടിൽ അനേകരും എല്ലാ മതങ്ങളേയും ഒരുപോലെയാണ് കാണുന്നത്. ദൈവം ഏതായാലും എങ്ങിനെയുള്ളതായലും മനുഷ്യന് കുഴപ്പമില്ല, ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വസിച്ചാൽ മതി എന്ന് അവർ ചിന്തിക്കുന്നു. എന്നാൽ എന്താണ് യഥാർത്ഥ്യം? ഈ പ്രപഞ്ചത്തിന് സൃഷ്ടിതാവ് ഒന്നല്ലേയുള്ളൂ? ആ സൃഷ്ടിതാവ് പറയുന്നത് അല്ലെ മനുഷ്യൻ അനുസരിക്കേണ്ടത്? അത് അനുസരിച്ചില്ലായെങ്കിൽ എന്തായിരിക്കും മനുഷ്യന്റെ അവസാനം? ചിന്തിച്ചിട്ടുണ്ടോ?

ഈ ലോകത്തിൽ ജീവിക്കുവാൻ രണ്ടു വഴികളാണ് ഉള്ളത്. ഒന്നുകിൽ സൃഷ്ടിതാവായ ദൈവത്തിന്റെ വഴി, അല്ലെങ്കിൽ മനുഷ്യൻ കണ്ടുപിടിച്ച വഴികൾ. ഇതിൽ ഏതെങ്കിലും ഒരു വഴിയിൽക്കൂടി നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കണ്ടുപിടിച്ച വഴികളെക്കുറിച്ച് ഇതിൽ വിശദീകരിക്കുന്നില്ല, മറിച്ച് ദൈവം പറഞ്ഞിരിക്കുന്ന വഴിയെക്കുറിച്ച് ചുരുക്കി താഴെ പ്രതിപാദിക്കുന്നു.

ഈ പ്രപഞ്ചിത്തിന്റെ ഭരണാധികാരിയാണ് ദൈവം. താനാണ് ഈ പ്രപഞ്ചത്തെ ഉണ്ടാക്കിയത്. ഈ ലോകത്തിലെ സകല ഭരണാധികാരികളും തനിക്ക് കീഴിലുള്ളവരാണ്. തിരുവെഴുത്ത് പറയുന്നത് ശ്രദ്ധിക്കുക: കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞു (വെളിപ്പാട് 4:11).  ഒരു കുശവൻ കളിമണ്ണ്കൊണ്ട് തനിക്കിഷ്ടമുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്നതുപോലെ, ദൈവം താൻ ആഗ്രഹിച്ച രൂപത്തിൽ, അതിശയമായിരിക്കുന്ന വിശദാംശങ്ങളോടെ ഈ പ്രപഞ്ചത്തെ ഉണ്ടാക്കി. ദൈവം തന്റെ രൂപത്തിൽ മനുഷ്യരെ ഉണ്ടാക്കുകയും, ഈ ലോകത്തെ ഭരിക്കുവാനും, പരിപാലിക്കുവാനും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അതിലെ ഭംഗിയും നന്മയും ആസ്വദിക്കുവാനുമായി മനുഷ്യർക്ക് ചുമതലകൾ നൽകി. ദൈവീക അധികാരത്തിന്റെ കീഴിൽ ഇരുന്ന് ദൈവത്തെ ബഹുമാനിച്ചും അവന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് ഈ ലോകത്തെ സംരക്ഷിക്കുവാൻ ദൈവം മാനവരാശിയെ നിയമിച്ചു.

പക്ഷെ അതാണോ ഇപ്പോൾ നടക്കുന്നത്? തീർച്ചയായും അല്ല. ദൈവമില്ലാതെ നമ്മുടെ സ്വന്ത വഴികളിൽക്കൂടി ജീവിതം നയിച്ചുകൊണ്ട് സർവ്വാധികാരിയായ ദൈവത്തെ നാമെല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു. നമ്മേയും സമൂഹത്തേയും ലോകത്തേയും ഭരിക്കുന്നതിൽ നാം തോൽവിയടഞ്ഞിരിക്കുന്നു. തിരുവെഴുത്ത് പറയുന്നത് ശ്രദ്ധിക്കുക: നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല. ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരു പോലെ കൊള്ളരുതാത്തവരായിത്തീർന്നു. നന്മ ചെയ്യുന്നവനില്ല. ഒരുത്തൻ പോലും ഇല്ല” (റോമർ 3:10-12). ആരംഭം മുതൽ സകലരും തങ്ങളുടെ സ്വന്തം ഇച്ഛക്കനുസരിച്ച് പ്രവർത്തിച്ച് ദൈവത്തെ ഉപേക്ഷിച്ചു എന്നുള്ളതാണ് ദുഖകരമായ സത്യം. നമ്മളും ഇതു തന്നെയാണ് ചെയ്യുന്നത്. എന്തു ചെയ്യണം, എങ്ങിനെ ജീവിക്കണം എന്ന് ഒരു മനുഷ്യൻ പറയുന്നതു പോലും നമുക്കിഷ്ടമല്ല. പിന്നെ ദൈവം പറയുന്നത് നമ്മൾ അഗീകരിക്കുമോ? അങ്ങിനെ വ്യത്യസ്തമായ രീതിയിൽ നാം ദൈവത്തിനെതിരായി മൽസരിച്ചു. “നാം ദൈവത്തെ കണ്ടിട്ടില്ല” എന്ന് നടിച്ചുകൊണ്ട് നമ്മുടെ ഇഷ്ടപ്രകാരം ജീവിക്കുന്നു. ദൈവത്തിന്റെ ലോകത്തിൽ ജീവിക്കുമ്പോൾ തന്നെ തന്റെ നിർദ്ദേശങ്ങളെ നാം ലംഘിക്കുന്നു. ചിലപ്പോൾ “നിന്നെ ഞങ്ങൾക്ക് വേണ്ട“ എന്നു പറഞ്ഞുകൊണ്ട് അവനെതിരായ് ബലഹീനമായ നമ്മുടെ മുഷ്ടികൾ നാം ചുരുട്ടുകയാണ്. നാം നമ്മുടെ ആഗ്രഹങ്ങളെ പിന്തുടർന്ന്, ദൈവമില്ലാതെ, നമ്മുടെ രീതിയിൽ കാര്യങ്ങളെ മുന്നോട്ട് നീക്കുന്നു. ഈ നിഷേധാത്മകവും സ്വയം-പര്യാപ്തവുമായ മനോഭാവത്തെ തിരുവെഴുത്ത് ‘പാപം’ എന്നു വിളിക്കുന്നു. ഇതു മാത്രമല്ല, ദൈവത്തിനെതിരെ നാം മത്സരിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം മാത്രമല്ല, സമൂഹവും ഈ ലോകവും താറുമാറായിരിക്കുന്നു. നമ്മൾ നമ്മുടെ കിരീടവും ധരിച്ചു പരസ്പരം മത്സരിച്ചുകൊണ്ട് കുട്ടിദൈവങ്ങളെപ്പോലെ പെരുമാറുകയാണ്. ദുരിതം മാത്രമാണ് അതിന്റെ ഫലം. ഇന്നുകാണുന്ന കഷ്ടതകളും അന്യായങ്ങളും ദൈവത്തിനെതിരായിട്ടുള്ള മത്സരത്തിന്റെ ഫലമായിട്ട് ഉണ്ടായതാണ്.

സൃഷ്ടിതാവിനെതിരെ മത്സരിക്കുന്ന മനുഷ്യനെതിരെ ദൈവം എങ്ങിനെ പ്രവർത്തിക്കും?ഇങ്ങനെ എന്നന്നേക്കും മത്സരികളായി ജീവിക്കുവാൻ ദൈവം സമ്മതിക്കില്ല. ദൈവത്തിനെതിരായിട്ടുള്ള മത്സരങ്ങൾക്കുള്ള ശിക്ഷ മരണവും ന്യായവിധിയുമാണ്. “ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനായി നിയമിച്ചിരിക്കുന്നു” (എബ്രായർ 9:27). നമ്മുടെ മത്സരത്തെ ദൈവം വളരെ ഗൗരവമായിത്തന്നെയാണ് കാണുന്നത്. ദൈവത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ മോശമായ പെരുമാറ്റത്തിനു നമ്മൾ ണക്കുകൊടുക്കേണ്ടിവരും. നമ്മുക്കെതിരായിട്ടുള്ള ന്യായവിധി വളരെ ന്യായമുട്ടുള്ളതായിരിക്കും. കാരണം, ദൈവത്തിനെതിരായി മത്സരിച്ചുകൊണ്ട്, “പോ! ഞാൻ എന്തുചെയ്യണമെന്ന് നീ എന്നോട് പറയണ്ട. എന്നെ ഒറ്റക്ക് വിട്ടേക്കു” എന്നാണ് നാം അവനോട് പറയുന്നത്. ഇതു തന്നെയാണ് ദൈവം ചെയ്യാൻ പോകുന്നത്. മനുഷ്യർ ദൈവത്തിനെതിരെ മത്സരിക്കുന്നതുകൊണ്ട്, എന്നന്നേക്കുമായി തന്നിൽ നിന്നും അവരെ അകറ്റികളയുവാൻ പോകുന്നു. ജീവന്റേയും സകല നന്മകളുടേയും ഉറവിടം ദൈവമായിരിക്കുന്നതുകൊണ്ട് അവനിൽ നിന്നു മനുഷ്യൻ എന്നന്നേക്കുമായ് വേർപെട്ട്, മരിച്ച് നിത്യമായ നരകത്തിലേക്കു പോകും. മത്സരികൾക്കെതിരായിട്ടുള്ള ദൈവത്തിന്റെ ന്യായവിധി ഒരിക്കലും അവസാനിക്കാത്ത നരകശിക്ഷയാണ്. ദൈവീക ന്യായവിധിയിലേക്ക് വീഴുന്നത് ഭയങ്കരമാണ്. ദൈവത്തിനെതിരായി മത്സരിക്കുന്നു എന്നുള്ള കുറ്റം നാം എല്ലാവരും അഭിമുഖീകരിക്കുന്നു.

നാം എല്ലാവരും ഇങ്ങനെ നശിക്കുവാൻ വേണ്ടിയുള്ളവരാണോ? ദൈവം അത്ഭുതകരമായി ഇടപെട്ടിരുന്നില്ലായെങ്കിൽ അതു തന്നെയായിരിക്കും നമ്മുടെ അവസ്ഥ. ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകുവാൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. യേശുക്രിസ്തു എപ്പോഴും ദൈവത്തിന്റെ അധികാരത്തിൻ കീഴിൽ ജീവിച്ചു. മാത്രമല്ല, നമുക്കു പകരമായി മരിച്ചു നമ്മുടെ ശിക്ഷ ഏറ്റെടുക്കുകയും പാപമോചനം കൊണ്ടുവരികയും ചെയുതു. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു (1 പത്രൊസ് 3:18). ദൈവത്തിന്റെ മഹാസ്നേഹവും ഔദാര്യവും കാരണം, നമ്മുടെ മൌഢ്യമായ മത്സരത്തിന്റെ ശിക്ഷ അനുഭവിക്കുവാനായി ദൈവം നമ്മെ വിട്ടില്ല. നമ്മെ രക്ഷിക്കുവാനായി ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഒരു മനുഷ്യനായിത്തീരുവാൻ ഈ ലോകത്തിലേക്ക് അയച്ചു. നമ്മളെപോലെ യേശുക്രിസ്തു ദൈവത്തിനെതിരായി മത്സരിച്ചില്ല. മറിച്ച്, ദൈവീക ന്യായപ്രാമാണങ്ങൾ കൃത്യമായി അനുസരിച്ചു. അതുമുഖാന്തിരം ദൈവീക നീതി സമ്പാദിച്ചു. ന്യായപ്രാമാണത്തിൽ തികഞ്ഞവൻ ആയതുകൊണ്ട് മരണമോ ശിക്ഷയോ താൻ അർഹിച്ചില്ല. എന്നിട്ടും യേശു മരിച്ചു.

രോഗികളെ സൗഖ്യമാക്കുവാനും വെള്ളത്തിന്മീതെ നടക്കുവാനും മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കുവാനുള്ള ശക്തി ഉണ്ടായിട്ടും കാൽവറിക്രൂശിൽ മരിക്കുവാൻ തന്നെ ഏൽപ്പിച്ചുകൊടുത്തു. എന്തിന്? നമ്മളെപ്പോലെയുള്ള മത്സരികൾക്ക് ഒരു പകരക്കാരനായി തീരുവാൻ.  യേശു നമ്മുടെ പകരക്കാരനായി നമ്മുക്കുവേണ്ടി മരിച്ചു. നമ്മൾ ശിക്ഷ അനുഭവിക്കേണ്ട സ്ഥാനത്ത് ക്രിസ്തു നമ്മുടെ ശിക്ഷ അനുഭവിച്ചു. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി” (2 കൊരി. 5:21) ദൈവത്തോടുള്ള നമ്മുടെ കടം നമുക്കുവേണ്ടിമരിച്ചുകൊണ്ട് ക്രിസ്തു കൊടുത്തുതീർത്തു. നമുക്ക് പാപമോചനം ലഭിക്കുവാൻ ദൈവീകന്യായവിധിയുടെ പാനപാത്രം താൻ കുടിച്ചു. പാപമോചനം ലഭിക്കുവാൻ ഒരു യോഗ്യതയും നമ്മുക്കുണ്ടായിരുന്നില്ല. ഇത് ആരംഭം മുതൽ അവസാനം വരെ ഒരു ഉദാരമായ ദാനമാണ്.

അത് മാത്രമല്ല, ലോകത്തിന്റെ അധികാരിയായി ദൈവം യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ചു. യേശു മരണത്തെ ജയിച്ചു. തന്നിൽ ആശ്രയിക്കുന്നവർക്ക് താൻ ഇപ്പോൾ പുതുജീവൻ നൽകുന്നു. തന്നിൽ വിശ്വാസിക്കാത്തവരെ ന്യായംവിധിക്കുവാൻ തിരിച്ചുവരികയും ചെയ്യും. “അവൻ മരിച്ചവരുടെ ഇടയിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യ പ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി വീണ്ടും ജനിപ്പിച്ചിരിക്കുന്നു” (1 പത്രൊസ് 1:3).

നമ്മുടെ പാപത്തിന്റെ മറുവിലയായി ക്രിസ്തുവിന്റെ മരണത്തെ ദൈവം അംഗീകരിക്കുകയും ക്രിസ്തുവിനെ മരണത്തിൽ നിന്നും ദൈവം ഉയർപ്പിക്കുകയും ചെയ്തു. ഒരു മനുഷ്യൻ ജീവിക്കേണ്ടതുപോലെ ജീവിച്ചത് (ലോകത്തിന്റെ ദൈവീക ഭരണാധികാരി) ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു മാത്രമാണ്.

ദൈവത്തിന്റെ ഭരണാധികാരി എന്നനിലയിൽ യേശുക്രിസ്തുവിനെ ലോകത്തിന്റെ ദൈവീകന്യായാധിപാനായി ദൈവം നിയമിച്ചിരിക്കുന്നു. നമ്മുടെ പ്രവർത്തികൾക്ക് കണക്കുചോദിക്കുവാനായി ക്രിസ്തു തിരിച്ചുവരും എന്ന് തിരുവെഴുത്ത് പറയുന്നു.

ക്രിസ്തു പുതുജീവിതം നമ്മുക്ക് ഇപ്പോൾ വഗ്ദാനം ചെയ്യുന്നു. ക്രിസ്തുവിന്റെ മരണത്തിൽക്കൂടി നമ്മുടെ പാപങ്ങൾക്ക് മോചനവും തന്റെ പൂർണ്ണമായ ജീവിതത്തിൽ നിന്ന് തന്റെ നീതിയും നമുക്ക് ലഭിക്കും. മത്സരികളായിട്ടല്ല, സ്നേഹിതരായി ദൈവത്തോടുകൂടെ ഒരു പുതിയ ജീവിതം ആരംഭിക്കാം. ഈ പുതുജീവിതത്തിൽ, തന്റെ ആത്മാവിനാൽ ദൈവം തന്നെ നമുക്കുള്ളിൽ വസിക്കും.  ദൈവവുമായിട്ടുള്ള ഒരു പുതിയ ബന്ധത്തിന്റെ സന്തോഷം നമുക്ക് അനുഭവിക്കുവാൻ സാധിക്കും. ക്രിസ്തുവിന്റെ മരണത്താൽ പാപമോചനവും തന്റെ ജീവിതം കൊണ്ട് ദൈവീക നീതിയും ലഭിച്ചതുകൊണ്ട്, ന്യായം വിധിക്കുവാൻ താൻ തിരിച്ചുവരുമ്പോൾ നമ്മൾ സ്വീകരിക്കപ്പെടും എന്നുള്ളത് നമുക്ക് ഉറപ്പിക്കുവാനും കഴിയുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മുക്ക് പകരമായി മരിച്ചതുകൊണ്ട്, നമ്മൾ സമ്പാദിച്ചതുകൊണ്ടല്ല, നമ്മുക്ക് നിത്യജീവൻ തരും.

ഇത് നമ്മളെ എവിടേക്കാണ് കൊണ്ടുവരുന്നത്?ഒരു വലിയ തിരഞ്ഞെടുപ്പിന്റെ മുമ്പിലേക്ക് നമ്മളെ ഇത് കൊണ്ടുവരികയാണ്. ജീവിക്കുവാൻ രണ്ട് വഴികളാണുള്ളത്:

നമ്മുടെ വഴി

അധികാരിയായ ദൈവത്തെ ഉപേക്ഷിക്കുക

നമ്മുടെ സ്വന്തം വഴിയിൽക്കൂടി ജീവിക്കുക

 

ഫലം

ദൈവത്താൽ വിധിക്കപ്പെടുക

മരണവും ന്യയവിധിയും അഭിമുഖീകരിക്കുക

 

ദൈവത്തിന്റെ പുതിയ വഴി

അധികാരി എന്ന നിലയിൽ ക്രിസ്തുവിനു വിധേയപ്പെടുക

ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉയിർത്തെഴുന്നേൽപ്പിലും ആശ്രയിക്കുക

ഫലം

ദൈവത്താൽ ക്ഷമിക്കപ്പെടുക

നിത്യജീവൻ പ്രാപിക്കുക

 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു. (യോഹന്നാൻ 3:36)

ദൈവമില്ലാതെ നമ്മുടെ രീതിയിൽ തന്നെ ജീവിച്ച്  ദൈവത്തിനെതിരെയുള്ള നമ്മുടെ മത്സരം തുടരാൻ നമ്മുക്ക് കഴിയും. ഇന്ന് അനേകരും ഈ പാതയാണ് പിന്തുടരുന്നത്. എന്താണ് ഇതിന്റെ അനന്തരഫലം? നമ്മൾ ചോദിക്കുന്നത് ദൈവം തരാൻ പോകുകയാണ്. നമ്മുടെ ജീവിതത്തെ ഭരിക്കുവാനുള്ള ദൈവത്തിന്റെ അവകാശത്തോടുള്ള നമ്മുടെ നിഷേധത്തെ ദൈവം ശിക്ഷിക്കുവാൻ പോകുകയാണ്. ഈ ലോകത്തിൽ അനുഭവിക്കുന്ന കുഴപ്പങ്ങൾ മാത്രമല്ല, നിത്യമായ വലിയ ഒരു ശിക്ഷവിധി നമ്മെ കാത്തിരിക്കുകയാണ്.

ആശയറ്റ ജീവിതമാണ് നമുക്കുള്ളത് എന്ന് തിരിച്ചറിയുന്നവർക്ക് രക്ഷപെടുവാനുള്ള മാർഗ്ഗം ഇവിടെ ഉണ്ട്. ദൈവത്തിങ്കലേക്ക് തിരിഞ്ഞ്, കരുണക്കായ് അപേകക്ഷിച്ച്, ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉയിർത്തെഴുന്നേൽപ്പിലും ആശ്രയിക്കുന്നുവെങ്കിൽ ദൈവം വലിയ മാറ്റം നമ്മളിൽ കൊണ്ടുവരും. നമ്മളെ കഴുകി വെടിപ്പാക്കുകയാണ് ദൈവം ആദ്യം ചെയ്യുന്നത്. നമ്മുടെ പാപത്തിന്റെ മറുവിലയായി യേശുക്രിസ്തുവിന്റെ മരണത്തെ സ്വീകരിക്കുകയും പൂർണ്ണമായി നമ്മളോട് ക്ഷമിക്കുകയും ചെയ്യുന്നു. പിന്നെ നമ്മൾ മത്സരികളാ‍യല്ല, മറിച്ച് ദത്തെടുക്കപ്പെട്ട മക്കളായിട്ടാണ് ദൈവം നമ്മെ കാണുന്നത്. നമ്മുടെ അധികാരിയായ ക്രിസ്തുവിനോടുകൂടെയുള്ള ഒരു ജീവിതം നമ്മൾ അങ്ങിനെ ആരംഭിക്കുന്നു.

ജീവിക്കുവാൻ രണ്ടുവഴികളാണുള്ളത്. ഏത് വഴി നിങ്ങൾ തിരഞ്ഞെടുക്കും?

‘എന്റെ സ്വന്തം വഴി’ എന്നതാണ് നിങ്ങളുടെ ഉത്തരം എങ്കിൽ അതിന്റെ അർത്ഥം മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നാണ്. മത്സരികളെ ദൈവം വിധിക്കുന്നില്ല എന്നോ നിങ്ങൾ ഒരു മത്സരി അല്ലാ എന്നോ ചിന്തിച്ചേക്കാം. പക്ഷെ അത് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിപ്രായം അല്ല.

നിങ്ങൾ ദൈവത്തിനെതിരായി ജീവിക്കുന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കു ബോദ്ധ്യം വരികയും ദൈവത്തിന്റെ വഴിയിൽ ജീവിക്കുവാൻ തല്പര്യവുമുണ്ടെങ്കിൽ, നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

1) ദൈവത്തോട് സംസാരിക്കുക. നിങ്ങൾ ദൈവത്തിനെതിരായ് ജീവിച്ചവനും ദൈവശിക്ഷക്ക് അർഹതയുള്ളവനാണെന്നുള്ളതും അംഗീകരിക്കുക. നിങ്ങൾക്ക് പകരമായി ശിക്ഷ ഏറ്റെടുത്ത യേശുക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ കരുണാക്കായ് അപേക്ഷിക്കുക. ദൈവത്തിനെതിരായിട്ടുള്ള ജീവിതത്തിൽ നിന്നും ഒരു ഭരണാധികാരി എന്ന നിലയിൽ ക്രിസ്തുവിനോടൊത്തുള്ള ജീവിതത്തിലേക്ക് മാറുവാനുള്ള സഹായത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക. വേണമെങ്കിൽ ഇതുപോലെ നിങ്ങൾക്കു പ്രാർത്ഥിക്കുവാൻ സാധിക്കും:

സ്നേഹവാനായ ദൈവമേ,

എന്നെ സ്വീകരിക്കുവാനുള്ള യോഗ്യതയൊന്നും എനിക്കില്ലായെന്നുള്ളത് ഞാൻ മനസ്സിലാക്കുന്നു. അങ്ങയുടെ നിത്യജീവന്റെ ദാനം ഞാൻ അർഹിക്കുന്നില്ല. അങ്ങേക്കെതിരെ മത്സരിച്ചതിന്റേയും അങ്ങയെ അറിയാത്തവനെപ്പോലെ ജീവിച്ചതിന്റെയും കുറ്റം എന്റെ മേൽ ഉണ്ട്. എന്നോട് ക്ഷമിക്കണമേ.  എന്റെ പാപം മോചിക്കുവാൻ എനിക്കുവേണ്ടി മരിക്കുവാൻ അങ്ങയുടെ പുത്രനെ അയച്ചതിനായി നന്ദി. എനിക്ക് പുതുജീവൻ തരുവാൻ കർത്താവേ അങ്ങ് ഉയിർത്തെഴുന്നേറ്റതിനായി സ്തോത്രം. എന്റെ ഭരണാധികാരി എന്ന നിലയിൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുവാൻ എന്റെ പാപങ്ങളെ ക്ഷമിച്ച് എന്റെ ജീവിതത്തെ മാറ്റേണമേ. ആമേൻ.

2). ക്രിസ്തുവിനായ് സമർപ്പിക്കുക. പ്രാർത്ഥിച്ചത് ശീലിക്കേണ്ടത് ഇവിടെയാണ്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങൾ ആവശ്യമായിരിക്കുന്നു.  അതുകൊണ്ട് ക്രിസ്തുവിന് വിധേയപ്പെടുക.  തെറ്റായ ശീലങ്ങളിൽ നിന്നു മാനസാന്തരപ്പെട്ട് നല്ല ശീലങ്ങൾ ആരംഭിക്കുക. ഇത് നിങ്ങളുടെ ജീവിതംകാലം മുഴുവനും തുടരേണ്ടതാണ്. ബൈബിളിൽക്കൂടി ദൈവം നിങ്ങളോട് സംസാരിക്കും. നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കും. നിങ്ങളിൽ അധിവസിക്കുന്ന  പരിശുദ്ധാത്മാവിനാൽ ദൈവം നിങ്ങളുടെ ജീവതത്തിൽ മാറ്റം കൊണ്ടുവരികയും ദൈവത്തിനുവേണ്ടി ജീവിക്കുവാൻ കൃപതരികയും ചെയ്യും. മാത്രമല്ല വചനം ശരിയായ രീതിയിൽ പഠിപ്പിക്കുന്ന സഭയിൽ അംഗമാകുക. സുവിശേഷം അറിയിക്കുന്നതും ശിഷ്യന്മാരെ ഉണ്ടാക്കുന്നതും ദൈവവചനം പഠിപ്പിക്കുകയും ചെയ്യുന്ന സഭയിലാണ് നിങ്ങൾ അംഗമാകേണ്ടത്.  ആ സഭയിൽകർത്താവിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക.

 

Create a website or blog at WordPress.com

Up ↑

%d bloggers like this: