വേദപുസ്തക സൃഷ്ടിപ്പ്

 

ആറു ദിവസത്തിലെ സൃഷ്ടിയിൽ ഓരോ ദിവസവും ദൈവം എന്തൊക്കെയാണ് സൃഷ്ടിച്ചത്?

ദൈവം എങ്ങിനെയാണ് സൃഷ്ടിച്ചത്?

പരിണാമവാദക്കാരും സൃഷ്ടിവാദാക്കാരും തമ്മിലുള്ള വ്യത്യാസം എന്താണ്?

എത്ര ആകാശ മണ്ഡലങ്ങൾ ഉണ്ട്?

എന്തുകൊണ്ട് ആദ്യം ദൈവം ഭൂമിയെ സൃഷ്ടിച്ചത്?

നക്ഷത്രങ്ങളെലാം ചന്ദ്രനേക്കാൾ വലുതായിരിക്കുമ്പോൾ നക്ഷത്രങ്ങളെ ചെറിയ വെളിച്ചങ്ങളുടെ പട്ടികയിൽ ദൈവം എന്തുകൊണ്ട് ഉൾപ്പെടുത്തി?

ദൈവം ഭൂമിയെ എങ്ങിനെയാണ് സൃഷ്ടിച്ചത്?

ഉൽപ്പത്തി അദ്ധ്യായം ഒന്നിൽ കാണുന്ന ദിവസം നാം ഇന്ന് കാണുന്നതുപോലെയുള്ള ദിവസങ്ങളല്ല, മറിച്ച് ഓരോ ദിവസവും ഓരോ യുഗങ്ങൾ ആണ്. അതുകൊണ്ട് അനേക ലക്ഷം വർഷങ്ങൾ എടുത്താണ് ദൈവം ഭൂമിയും അതിലുള്ള സകലതും സ്രഷ്ടിച്ചത് എന്ന് ചിലർ പഠിപ്പിക്കുന്നുണ്ടല്ലോ. അത് ശരിയാണോ?

സങ്കീർത്തനം 90:4ൽ “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. അതിന്റെ അർത്ഥം എന്താണ്?

2 പത്രൊസ് 3:8ൽ “എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു” എന്ന് പറഞ്ഞിരിക്കുന്നു. ഈ വാക്യം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

ഭൂമി ദശലക്ഷകണക്കിന് വർഷം പഴക്കം ഉണ്ടെന്ന ശാസ്റ്റ്രീയ നിഗമനങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത വിവിധ സിദ്ധാന്തങ്ങൾ ഏതൊക്കെയാണ്?

എന്താണ് ഇടവേള സിദ്ധാന്തം (ഗ്യാപ് തീയറി)?

ഭൂമിക്ക് എത്ര വർഷം പഴക്കമുണ്ട്?

കാർബൺ-14 കൊണ്ടുള്ള കാലഗണനത്തിന്റെ ന്യൂനതകൾ എന്തൊക്കെയാണ്?

***************

 

ആറു ദിവസത്തിലെ സൃഷ്ടിയിൽ ഓരോ ദിവസവും ദൈവം എന്തൊക്കെയാണ് സൃഷ്ടിച്ചത്?

          A. ആദ്യ ദിവസം, vv. 1–5

ഇരുണ്ട ആകാശവും അതിനോട് ചേർന്ന് വെളിച്ചം, സമയം, വെള്ളത്താൽ ചുറ്റപ്പെട്ട അന്തരീക്ഷം എന്നിവ ദൈവം സ്രഷ്ടിച്ചു. ഇടം (ആകാശം), ഊർജ്ജം (വെളിച്ചം) പദാർത്ഥം (ഭൂമി) എന്നിവ അതിൽ ഉൾപ്പെടുന്നു.

          B. രണ്ടാം ദിവസം, vv. 6–8

ഭൂമിക്കു മീതെയുള്ള വെള്ളത്തെ വേർതിരിച്ച് ഒരു വിതാനം ഉണ്ടാക്കി. ഈ വിതാനത്തിലാണ് ദൈവം സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളും സ്ഥാപിച്ചത്. (ഉൽ 1:15, 17), ഭൂമിക്ക് അപ്പുറമുള്ള നക്ഷത്രങ്ങളുടെ ഇടയിലുള്ള സ്ഥലമാണ് വിതാനം.

          C. മുന്നാം ദിവസം, vv. 9–13

കരയും കടലും വേർതിരിയുവാൻ ദൈവം കൽ‌പ്പിച്ചു. കരയിൽ ഫലം കായ്ക്കുന്ന ചെടികളും മരങ്ങളും ഉണ്ടാകുവാനും കൽ‌പ്പിച്ചു.

          D. നാലാം ദിവസം, vv. 14–19

സൂര്യനേയും, ചന്ദ്രനേയും നക്ഷത്രങ്ങളെയും ദൈവം സൃഷ്ടിച്ചു. അതിൽ നിന്നും മനസ്സിലാക്കേണ്ടത് ഒന്നാം ദിവസം ദൈവം സൃഷ്ടിച്ച വെളിച്ചം താൽക്കാലികമായിരുന്നു. ഇപ്പോൾ അതിനു പകരം സൂര്യനെ ദൈവം സൃഷ്ടിച്ചു.

          E. അഞ്ചാം ദിവസം, vv. 20–23

വലിയ ജീവികളടങ്ങിയിരിക്കുന്ന സമുദ്രത്തിലെ ജന്തുക്കളെയും ആകാശത്തിൽ പറക്കുന്ന പക്ഷികളെയും ദൈവം സൃഷ്ടിച്ചു.

          F. ആറാം ദിവസം, vv. 24–31

കന്നുകാലികൾ, വയലിലെ ജന്തുക്കൾ, ഇഴജാതികൾ(ഉരഗങ്ങളും കീടങ്ങളും), മനുഷ്യൻ എന്നിവയും ദൈവം സൃഷ്ടിച്ചു. മനുഷ്യരെ മാത്രം ദൈവം സ്വന്ത സാദൃശ്യത്തിൽ തനിക്കു പകരം ഭരിക്കുവാൻ താൻ സൃഷ്ടിച്ചു. എന്നാൽ അതിനു പകരമായി ഏക കോശ ജീവിയിൽ നിന്നാണ് എല്ലാ തരത്തിലുള്ള ജീവികളും ഉണ്ടായതെന്ന് പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നു.

ദൈവം എങ്ങിനെയാണ് സൃഷ്ടിച്ചത്?

ഒന്നുമില്ലായ്മയിൽ നിന്നാണ് ദൈവം ആകാശത്തേയും ആകാശത്തിലുള്ള സകലതും ഭൂമിയേയും തന്റെ വചനം കൊണ്ട് സൃഷ്ടിച്ചത്. “ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു (എബ്ര. 11:3) എന്നുള്ളത് വേദപുസ്തക സൃഷ്ടിപ്പിലുള്ള ഒരു പ്രധാനപ്പെട്ട വേദഭാഗമാണ്. ഒന്നുമില്ലായ്മയിൽ ദൈവം പറഞ്ഞപ്പോൾ സകലതും ഉണ്ടായി എന്ന് ഈ വേദഭാഗം ഉറപ്പിക്കുന്നു. ഇത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല മറിച്ച് വിശ്വാസത്താൽ നാം അംഗീകരിക്കേണ്ടതാണ് എന്നും ഈ ഭാഗം പഠിപ്പിക്കുന്നു. വേദപുസ്തകം എന്തു പഠിപ്പിക്കുന്നോ അതാണ് നാം സ്വീകരിക്കേണ്ടത്.

പരിണാമവാദക്കാരും സൃഷ്ടിവാദാക്കാരും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ശാസ്ത്രം ഈ കാലങ്ങളിൽ വളരെയധികം പുരോഗിമിച്ചിരിക്കുന്നതുകൊണ്ട് ശാസ്ത്രം പറയുന്നതാണ് നാം അംഗീകരിക്കേണ്ടത് എന്ന് അനേകർ വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തെ മനസ്സിലാക്കുവാൻ നമ്മുടെ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങൾ ഉൾപ്പെടുന്നതാണ് അടിസ്ഥാനപരമായ ശാസ്ത്രം. പക്ഷെ പരിണാമ വാദം നിരീക്ഷിച്ചു ഉറപ്പുവരുത്താവുന്ന ഒരു ശാസ്ത്രമല്ല, അത് കേവലം നിഗമനങ്ങൾ മാത്രമാണ്. ശാസ്ത്രജ്ഞന്മാരുടെ കയ്യിൽ ജന്തുക്കളുടേയും ചെടികളുടേയും ഫോസിലുകളാണ് ഇപ്പോൾ ശേഷിക്കുന്നത്. അതിൽ മാത്രമേ നിരീക്ഷണം നടത്തുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് പരിണാമവാദക്കാരുടെ നിരീക്ഷണം കേവലം നിഗമനങ്ങൾ മാത്രമായിതീരുന്നത്. അതുകൊണ്ടാണ് പരിണാമ വാദം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള പടിപ്പിക്കൽ മാത്രമായി തീരുന്നത്. പരിണാമവാദക്കാരനോ സൃഷ്ടിവാദാക്കാരനോ “ആദിയിൽ” ഇല്ലായിരുന്നതുകൊണ്ട് രണ്ടുകൂട്ടരും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണങ്ങൾ നടത്തുന്നത്. സൃഷ്ടിവാദക്കാരൻ ദൈവവചനം സത്യമാണെന്നു വിശ്വസിക്കുന്നു. അതേസമയം പരിണാമവാദക്കാരൻ പരിണാമ സിദ്ധാന്തം ശരിയാണെന്നു വിശ്വസിക്കുന്നു. രണ്ടുകൂട്ടരും തങ്ങളുടെ വിശ്വാസത്താൽ നിരീക്ഷണങ്ങൾ നടത്തുമ്പോൾ അതിൽ ഒന്ന് മനുഷ്യകേന്ദ്രീകൃത കാഴ്ച്ചപ്പാടും മറ്റൊന്ന് ദൈവകേന്ദ്രീകൃത കാഴ്ചപ്പാടുമാകുന്നു. ഇതാണ് പരിണാമവാദക്കാരും സൃഷ്ടിവാദക്കാരും തമ്മിലുള്ള വ്യത്യാസം.

എത്ര ആകാശ മണ്ഡലങ്ങൾ ഉണ്ട്?

മൂന്ന് ആകാശ മണ്ഡലങ്ങളെക്കുറിച്ചാണ് ബൈബിൾ വിശദീകരിക്കുന്നത്. 2 കൊരി.12:1-4; ദൈവത്തിന്റെ പ്രത്യേക സാന്നിദ്ധ്യമുള്ള സ്ഥലത്തെ മൂന്നാം സ്വർഗ്ഗം എന്നാണ് പൌലോസ് വിളിച്ചത്. അങ്ങിനെയെങ്കിൽ ഭൌമ അന്തരീക്ഷം ഒന്നാം സ്വർഗ്ഗവും അതിനുവെളിയിലുള്ള ആകാശം രണ്ടാം സ്വർഗ്ഗവും ആയിരിക്കണം.

എന്തുകൊണ്ട് ആദ്യം ദൈവം ഭൂമിയെ സൃഷ്ടിച്ചത്?

പരിണാമ സിദ്ധാന്ത പ്രകാരം സൂര്യനിൽ നിന്ന് അല്ലെങ്കിൽ ആദ്യ സൂര്യനിൽ നിന്നാണ് ഭൂമിയുണ്ടായത്. ഉൽ‌പ്പത്തിയിൽ ഭൂമി ഒന്നാം ദിവസവും സൂര്യൻ നാലാം ദിവസവുമാണ് സൃഷ്ടിക്കപ്പെട്ടത്. ദൈവത്തിന്റെ നിത്യ പദ്ധതികൾ പ്രധാനമായും സൂര്യകേന്ദ്രീകതമായിരുന്നില്ല, മറിച്ച് ഭൌമകേന്ദ്രീകൃതമാണ്.

നക്ഷത്രങ്ങളെലാം ചന്ദ്രനേക്കാൾ വലുതായിരിക്കുമ്പോൾ നക്ഷത്രങ്ങളെ ചെറിയ വെളിച്ചങ്ങളുടെ പട്ടികയിൽ ദൈവം എന്തുകൊണ്ട് ഉൾപ്പെടുത്തി?

വെളിച്ചങ്ങളെ ചെറുതും വലുതുമായ തിരിച്ചിരിക്കുന്നത് നഗ്നനേത്രനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. വലിയ വെളിച്ചം സൂര്യനും ചെറിയ വെളിച്ചങ്ങൾ ചന്ദ്രനും നക്ഷത്രങ്ങളുമാണ്. വെളിച്ചങ്ങളെ ഉണ്ടാക്കുമ്പോൾ ദൈവം തന്റെ രണ്ട് ഉദ്ദേശങ്ങളേയും കൊടുത്തിട്ടുണ്ട്. (1) രാത്രിയും പകലും വേർതിരിച്ചറിയുവാൻ വാ. 14, 16-18. പകൽ വെളിച്ചത്തിനായ് സൂര്യനും രാത്രി വെളിച്ചത്തിനായ് ചന്ദ്രനും സൃഷ്ടിക്കപ്പെട്ടു. (2) അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും സൃഷ്ടിക്കപ്പെട്ടു (വ.14)

ദൈവം ഭൂമിയെ എങ്ങിനെയാണ് സൃഷ്ടിച്ചത്?

സ്വർഗ്ഗങ്ങളെപ്പോലെ ഭൂമിയും ഒന്നുമില്ലായ്മയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. ഭൂമിയിൽ കാണുന്ന സർവ്വ പദാർത്ഥങ്ങളും അത്ഭുതകരമായി ഒരേ സമയത്ത് സൃഷ്ടിക്കപ്പെട്ടു. ഒന്നാം ദിവസം മുതൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുവാൻ തുടങ്ങി. അതുകൊണ്ട് ഒന്നാം ദിവസം മുതൽ രാവും പകലും ഉണ്ടായിരുന്നു. ഭൂമി വെള്ളത്താൽ ആവ്രതമായിരുന്നതുകൊണ്ട് ജീവ ജന്തുക്കളൊന്നും അതിൽ ഉണ്ടായിരുന്നില്ല. ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ഉൽ.1:2 ൽ ഇപ്രകാരം പറയുന്നു, “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.”

സൃഷ്ടിവിവരണത്തിൽ ഈ രണ്ടാമത്തെ വാക്യം വളരെ അടിസ്ഥാനപരമാണ്. രൂപമില്ലാത്തതും (പാഴ്) ഒഴിഞ്ഞതും (ശൂന്യം) ആയ ഭൂമിയും ഇരുണ്ട ആകാശവും എങ്ങിനെ ദൈവം നിറച്ചു എന്നതിന്റെ വിശദീകരണമാണ് ബാക്കിയുള്ള വേദഭാഗങ്ങൾ. ജീവനില്ലാത്ത ഭൂമിയിൽ ദൈവം ആദ്യം ഒരു പരിസ്ഥിതി ഉണ്ടാക്കുന്നു (വെളിച്ചം, ഭൌമാന്തരീക്ഷം, കടൽ, കര, കരയിലുള്ള സസ്യങ്ങൾ), പിന്നെ ആ പരിതസ്ഥിതിയിൽ വസിക്കുവാൻ പോകുന്ന നിവാസികളെ ഉണ്ടാക്കുന്നു (ആകാശ സൃഷ്ടികൾ, ജലജന്തുക്കൾ, പറവജാതി, കന്നുകാലികൾ, ഇഴജാതി, കാട്ടുമൃഗങ്ങൾ തുടങ്ങിയവ്.,).  

ഉൽപ്പത്തി അദ്ധ്യായം ഒന്നിൽ കാണുന്ന ദിവസം നാം ഇന്ന് കാണുന്നതുപോലെയുള്ള ദിവസങ്ങളല്ല, മറിച്ച് ഓരോ ദിവസവും ഓരോ യുഗങ്ങൾ ആണ്. അതുകൊണ്ട് അനേക ലക്ഷം വർഷങ്ങൾ എടുത്താണ് ദൈവം ഭൂമിയും അതിലുള്ള സകലതും സ്രഷ്ടിച്ചത് എന്ന് ചിലർ പഠിപ്പിക്കുന്നുണ്ടല്ലോ. അത് ശരിയാണോ?

നവീകരണ കാലത്തിനു ശേഷം ക്രിസ്ത്യാനികൾ പൊതുവിൽ ബൈബിളിനെ ആക്ഷരികമായിട്ടാണ് (സാധാരണമായ രീതിയിൽ) വ്യഖ്യാനച്ചിരുന്നത്. ഉൽപ്പത്തി പുസ്തകവും അങ്ങിനെ വ്യാഖ്യാനിച്ചിരുന്നതുകൊണ്ട് ഒന്നാം അദ്ധ്യായത്തിലെ ദിവസങ്ങൾ 24 മണിക്കൂറുള്ള ദിവസങ്ങളായിട്ടാണ് എല്ലാവരും മനസ്സിലാക്കിയിരുന്നുത്. അതുകൊണ്ട് 24 മണിക്കൂറുള്ള ആറുദിവസങ്ങൾ കൊണ്ട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നുള്ളത് എല്ലാവരും അംഗീകരിച്ച പോന്ന ഒരു വസ്തുതയായിരുന്നു.

എന്നാൽ ആധുനിക ഭൂമിശാസ്ത്രത്തിന്റെ വളർച്ചയോടുകൂടി ഭൂപ്രകൃതി വിശദീകരിക്കണമെങ്കിൽ അനേക ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി നില നിന്നിരുന്നു എന്ന് അനുമാനിക്കേണ്ടതായി വന്നു. ഭൂവിജ്ഞാനീയ വിവരങ്ങൾ ശരിയാണെന്ന് അനേക ക്രിസ്ത്യാനികൾ വിശ്വസിച്ചു. അതിന്റെ ഫലമായി ഉൽ‌പ്പത്തി പുസ്തകത്തിന്റെ ആക്ഷരീക വ്യാഖ്യാനം പലരും  പുന:പരിശോധിച്ചു. അങ്ങിനെയാണ് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉടലെടുത്തത്. ആക്ഷരികമായ് വ്യാഖ്യാനിക്കുന്ന ഒരു ഗ്രൂപ്പും ആലങ്കാരികമായി വ്യഖ്യാനിക്കുന്ന മറ്റൊരു ഗ്രൂപ്പും നിലവിൽ വന്നു. ആലങ്കാരികമായ് ഉൽ‌പ്പത്തി പുസ്തകം വ്യാഖ്യാനിക്കുന്നവർ ഉൽ‌പ്പത്തിപുസ്തകത്തിലെ ഒരോ ദിവസവും ആയിരകണക്കിനു വർഷങ്ങളുള്ള യുഗങ്ങളാണ് എന്നു വിശ്വസിക്കുന്നു. അവരുടെ ഇടയിൽ വ്യത്യസ്ത വിശ്വാസങ്ങളും സിദ്ധാന്തങ്ങളൊക്കെയും ഉണ്ട്. ദൈവീക പരിണാമം, പുരോഗമനപരമായ സൃഷ്ടി,സാങ്കൽപ്പിക ചട്ടക്കൂട്, ദിന-യുഗ സിദ്ധാന്തം എന്നിവ അതിൽ എറ്റവും പ്രധാനമായതാണ്. എന്നാൽ ഞാൻ വേദപുസ്തകത്തിന്റെ ആക്ഷരിക വ്യാഖ്യാനത്തിലാണ് വിശ്വസിക്കുന്നത്. ഉൽപ്പത്തി ഒന്നാം അദ്ധ്യായത്തിലെ ദിവസങ്ങൾ 24 മണിക്കൂറുള്ള ദിവസങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുള്ള കാരണങ്ങൾ തഴെ കൊടുത്തിരിക്കുന്നു:       

കാരണം 1: ഉൽപ്പത്തി 1:1-2:3 വരെയുള്ള വേദഭാഗങ്ങളിൽ കാണുന്ന ദിവസം എന്ന വാക്ക് സാധാരണ ദിവസങ്ങളായി തന്നെയാണ് എബ്രായ ഭാഷ നിഘണ്ടുകളിൽ കൊടുത്തിരിക്കുന്നത് (Brown, Driver, and Briggs, A Hebrew and English Lexicon of the Old Testament, p. 398; Koehler and Baumgartner, The Hebrew and Aramaic Lexicon of the Old Testament, 2:399 [hereafter cited as HALOT]; New International Dictionary of Old Testament Theology and Exegesis, s.v. “µ/y,” by P. A. Verhoef, 2:420 [hereafter cited as NIDOTTE]).

കരണം 2: “ദിവസം” അല്ലെങ്കിൽ “യോം” എന്ന വാക്കിനെ ദിവസം, കാലം, സംവത്സരം, സുദീർഘമായ കാലയളവ് എന്നോക്കെ പരിഭാഷപ്പെടുത്തുവാൻ സാധിക്കും. എന്നാൽ ഈ വാക്കിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയാണെങ്കിൽ, സംയുക്ത വ്യാകരണ ഘടനയുടെ ഭാഗമല്ലാതെ- compound grammatical construction- ‌(ഉദാ. “in-the-day-of എന്നുള്ളത് ഒരു സംയുക്ത വ്യാകരണ ഘടനയാണ്) ഏകവചനത്തിൽ യോം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ എപ്പോഴും ഒരു ആക്ഷരിക ദിവസത്തിന് വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. 2,304 പ്രാവശ്യം യോം എന്ന വാക്ക് പഴയ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ 1452 പ്രാവശ്യം ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഉൽ‌പ്പത്തിയിൽ തന്നെ ഈ വാക്ക് 152 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ 83 പ്രാവശ്യവും ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഉൽ‌പ്പത്തി 1:1-2:3 വരെ 14 പ്രാവശ്യം ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതിൽ 13 പ്രാവശ്യവും ഏകവചനത്തിലും ഒരു പ്രാവശ്യം (1:14) ബഹുവചനത്തിലും ഉപയോഗിച്ചിരിക്കുന്നു.   

കാരണം3:  ഉൽ‌പ്പത്തി 1ൽ പറഞ്ഞിരിക്കുന്ന ദിവസം 24 മണിക്കൂറുള്ള ഒരു ദിവസമാണെന്നു കാണിക്കുവാൻ ദിവസത്തിനു വിശേഷണങ്ങൾ ഉപയോഗിച്ചിരിക്കുന്നു. സന്ധ്യയുമായി ഉഷസുമായി എന്നു പറയുമ്പോൾ അത് പൊതുവിൽ 24 മണിക്കൂറുള്ള ഒരു ദിവസത്തിന് ഉപയോഗിക്കുന്ന വിശേഷണങ്ങളാണ്. (പുറപ്പാട് 27:21; ലേവ്യ 24:3)

കാരണ 4. ഇത് ആക്ഷരികമായ ഒരു ദിവസമാണെന്ന് കാണിക്കുവാൻ മോശ സംഖ്യാ വിശേഷണം ഉപയോഗിച്ചിരിക്കുന്നു: ഒന്നാം ദിവസം, രണ്ടാം ദിവസം മുതലായവ., സംഖ്യാവിശേഷണത്തോടെ യോം ഉപയോഗിക്കുമ്പോൾ വേദപുസ്തകത്തിൽ ഒരിടത്തിലും ആലങ്കാരികമായി ഉപയോഗിച്ചിട്ടില്ല. ഉദാ. ലേവ്യ 12:3, സംഖ്യ 7:12

കരണം 5: പുറ. 20:11ൽ “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. ഇവിടെ യോം എന്നുള്ളത് ആലങ്കാരികമാണെങ്കിൽ ഈ വാക്യം എങ്ങിനെ പരിഭാഷപ്പെടുത്തും? “ആറു യുഗം കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം യുഗം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തു യുഗത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു”  എന്ന് പരിഭാഷപ്പെടുത്തേണ്ടതായിട്ടുവരും.  പുറപ്പാട് 31:14-17ൽ അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. 15 ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം. 16 ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം. 17 അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു”. മോശ യോം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ മനസ്സിൽ ആക്ഷരികമായ ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നു എന്നതിനുള്ള ഒരു തെളിവാണ് ഇത്. 

കാരണം 6: സംഭവങ്ങളുടെ ക്രമവും ആക്ഷരീക ദിവസം അനിവാര്യമാക്കുന്നു. സൃഷ്ടിയുടെ മുന്നാം ദിവസം ഫലം കൊടുക്കുന്ന വൃക്ഷങ്ങളും വിത്തുള്ള സസ്യങ്ങളും ദൈവം സൃഷ്ടിച്ചു. മിക്കവാറും ചെടികളിൽ പരാഗണം നടക്കണമെങ്കിൽ കീടങ്ങൾ ആവശ്യമാണ്. ആറാം ദിവസം വരെ കീടങ്ങളെ സൃഷ്ടിച്ചിട്ടില്ല. ഈ ചെടികളുടെ നിലനിൽ‌പ്പ് പരാഗണത്തെ ആശ്രയിച്ചാണ്. ഒരു ദിവസം ഒരു യുഗമാണെങ്കിൽ ഈ ചെടികൊളുന്നും തന്നെ നിലനിൽക്കുകയില്ല. 

ഈ ആറു കാരണങ്ങൾ ഉൽ‌പ്പത്തി 1:1-2:3 വരെയുള്ള വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ദിവസം, യോം 24 മണിക്കുർ അടങ്ങിയിട്ടുള്ള 6 ദിവസങ്ങൾ ആണെന്നതിനുള്ള വ്യക്തമായ തെളിവ് നൽകുന്നു. മാത്രമല്ല, ഒരു യുഗമാണ് മോശ ഉദ്ദേശിച്ചതെങ്കിൽ “ഒലാം” എന്ന എബ്രായ വാക്ക് മോശക്ക് ഉപയോഗിക്കാമായിരുന്നു

സങ്കീർത്തനം 90:4ൽ “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. അതിന്റെ അർത്ഥം എന്താണ്?

ഈ വാക്യം ഒരു താരതമ്യമാണ്.  ഒരു ഉപമ ഉപയോഗിച്ചുകൊണ്ട് ആയിരം വർഷത്തെ ഇന്നലെകൊണ്ട് താരതമ്യം ചെയ്യുകയാണ് ഈ സങ്കീർത്തനത്തിൽ ചെയ്യുന്നത്. ഉൽ‌പ്പത്തിയിൽ അങ്ങിനെയുള്ള താരതമ്യങ്ങൾ ദൈവം ചെയ്യുന്നില്ല. ദൈവത്തിന് മനുഷ്യന്റെ ആയിരം വർഷം ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും, രാത്രിയിലെ ഒരു യാമം പോലെയും ആണ് ഇരിക്കുന്നത്.  മനുഷ്യൻ സമയത്തെ വിലയിരുത്തുന്നതുപോലെ ദൈവം സമയത്തെ വിലയിരുത്തുന്നില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, സംയുക്ത വ്യാകരണ ഘടനയിലാണ് ഇവിടെ യോം ഉപയോഗിച്ചിരിക്കുന്നത്. “കെയോം” എന്നാണ് പറഞ്ഞിരിക്കുന്നത്.

2 പത്രൊസ് 3:8ൽ “എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു” എന്ന് പറഞ്ഞിരിക്കുന്നു. ഈ വാക്യം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

ഇത് സൃഷ്ടിയെക്കുറിച്ച് പറയുന്ന ഒരു വേദഭാഗമല്ല. അതുമാത്രമല്ല, ഇവിടെയും ഒരു ഉപമയാണ് ഉപയോഗിച്ചിരിക്കുന്നത്. “ദൈവത്തിന്റെ ഒരു ദിവസം 1000 വർഷം ആകുന്നു” എന്നല്ല പറയുന്നത്, മറിച്ച് “ഒരു ദിവസം 1000 വർഷത്തെപ്പോലെയാണ്” എന്നാണ് പറയുന്നത്. ദൈവം സമയത്തിനു വിധേയനല്ല. മനുഷ്യൻ ദീർഘമായ കാലങ്ങൾ കൊണ്ട് നിവർത്തിക്കാൻ കഴിയുന്ന കാര്യങ്ങൾ ദൈവത്തിനു നിസ്സാരസമയം കൊണ്ട് പൂർത്തികരിക്കാൻ കഴിയും എന്ന ആശയത്തിലാണ് ഈ വാക്യം ഉപയോഗിച്ചിരിക്കുന്നത്.. 

ഭൂമി ദശലക്ഷകണക്കിന് വർഷം പഴക്കം ഉണ്ടെന്ന ശാസ്റ്റ്രീയ നിഗമനങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത വിവിധ സിദ്ധാന്തങ്ങൾ ഏതൊക്കെയാണ്?

ദൈവീക പരിണാമ സിദ്ധാന്തം– ഇപ്പോൾ കണ്ടുവരുന്ന വ്യത്യസ്തമായ ജൈവരൂപങ്ങളിലേക്ക് പരിണമിക്കാൻ സാദ്ധ്യതയുള്ള ജീവനില്ലാത്ത പദാർത്ഥം ദൈവം ആദിയിൽ സൃഷ്ടിച്ചു എന്നതാണ് ദൈവീക പരിണാമക്കാർ പറയുന്നു.. പരിണാമസിദ്ധാന്തം പറയുന്നതുപോലെ കോടികണക്കിനു വർഷങ്ങളുടെ പരിണാമംകൊണ്ട് മനുഷ്യനും മറ്റു ജീവജാലങ്ങളും ഉണ്ടായി എന്ന് ഇവരും പറയുന്നു.

ദിന-യുഗ കാഴ്ചപ്പാട്– സൃഷ്ടിവാരത്തിലെ ആറു ദിവസങ്ങളും ആറു ഭൂവിജ്ഞാനീയയുഗങ്ങളാണ് എന്നതാണ് ഈ ചിന്താഗതി. നേരത്തെ കണ്ടതുപോലെ യോം എന്ന വാക്ക് ആലങ്കാരികമായി വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ഇതിന്റെ വിലയിരുത്തൽ നേരത്തെ നൽകിയിട്ടുണ്ട്.  

പുരോഗമന സൃഷ്ടിവാദം– ദൈവീക പരിണാമവാദത്തിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്താഗതിയാണ് ഇത്. പ്രകൃതിദത്തമായ പരിണാമം നടക്കാത്ത  പ്രത്യേക സാഹചര്യങ്ങളിൽ വ്യത്യസ്ത ജൈവരൂപങ്ങൾ ഉണ്ടാകുവാൻ ദൈവം ഇടപെടുന്നു എന്നതാണ് ഈ ചിന്താഗതിയുടെ പ്രത്യേകത. ദൈവീക പരിണാമത്തിൽ പരിണമിക്കുവാൻ കഴിവുള്ള ആദ്യ പദാർത്ഥങ്ങൾ ദൈവം സൃഷ്ടിക്കുകമാത്രമാണു ചെയ്തത്. എന്നാൽ പുരോഗമന സൃഷ്ടിവാദത്തിൽ ദൈവം പ്രത്യേക സാഹചര്യങ്ങളിൽ ഇടപെടുന്നു എന്ന വ്യത്യാസമുണ്ട്.

സാങ്കൽപ്പിക ചട്ടക്കൂട് വാദം–  ദൈവീക സ്രഷ്ടിപ്പിന്റെ വിവരണം ക്രമാനുഗതമായിട്ടല്ല, മറിച്ച് വിഷയപരമായി കാണണം. സൃഷ്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാലക്രമത്തിൽ മനസ്സിലാക്കാനുള്ളതല്ല, മറിച്ച് വിഷയക്രമത്തിലാണ് മനസ്സിലാക്കേണ്ടത് എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഇവിടെ ആറ് ആക്ഷരിക ദിവസങ്ങളെക്കുറിച്ചല്ല പറയുന്നത്, “ആറ് പ്രവർത്തി-ദിന ചട്ടക്കൂട്” എന്ന് ഒരു സാഹിത്യരൂപമാണ് സ്രഷ്ടിവാരത്തിൽ കാണുന്നത്. സൃഷ്ടിവാരത്തിലെ ഓരോദിവസവും ആരംഭിക്കുന്നത് “ദൈവം പറഞ്ഞു” എന്നു പറഞ്ഞുകൊണ്ടാണ്. മാത്രമല്ല, മൂന്നാം ദിവസവും (1:9, 11) ആറാം ദിവസവും (1:24, 26)  “ദൈവം പറഞ്ഞു” എന്ന് രണ്ട് പ്രാവശ്യം പറഞ്ഞിരിക്കുന്നു. അതുകൊണ്ട് എട്ട് സൃഷ്ടി സംഭവങ്ങൾ ഉണ്ട് എന്നും ഇക്കൂട്ടർ പറയുന്നു.

സൃഷ്ടി രാജ്യങ്ങൾസൃഷ്ടി രാജാക്കന്മാർ
ഒന്നാം ദിവസം: വെളിച്ചംനാലാം ദിവസം:       ജോതിസ്സുകൾ
രണ്ടാം ദിവസം: വിതാനം: ആകാശവും സമുദ്രങ്ങളുംഅഞ്ചാം ദിവസം: നിവാസികൾ: സമുദ്രത്തിലുള്ളതും പറവജാതികളും
മുന്നാം ദിവസം: കരയും സസ്യജാലങ്ങളുംആറാം ദിവസം:  കരയിലെ മൃഗങ്ങൾ, മനുഷ്യൻ
സ്രഷ്ടാവായ രാജാവ് ഏഴാം ദിവസം: സ്വസ്ഥത

സൃഷ്ടിതാവായ രാജാവിന്റെ സ്വസ്ഥതയിൽ അവസാനിക്കുന്ന ദൈവീക സൃഷ്ടിപ്രവർത്തനങ്ങളാണ് ഇത്. നാലാം ദിവസത്തെ ജോതിസ്സുകൾ ഒന്നാം ദിവസത്തെ നിയന്ത്രിക്കുന്നു. അഞ്ചാം ദിവസത്തെ ജീവികൾ രണ്ടാം ദിവസത്തെ ഭരിക്കുന്നു. ആറാം ദിവസത്തെ ജീവികൾക്ക് മൂന്നാം ദിവസത്തിന്മേലുള്ളതിൽ അധികാരവും ലഭിച്ചിരിക്കുന്നു. ഇതാണ് സാങ്കൽപ്പിക ചട്ടക്കൂട്.

എന്താണ് ഇടവേള സിദ്ധാന്തം (ഗ്യാപ് തീയറി)?

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളോടുകൂടെ ഭൂഗർഭശാസ്ത്രം വളരുന്നതുവരെ  അവസാദശിലകളിൽ കാണുന്ന ഫോസിലുകൾ നോഹയുടെ ജലപ്രളയം മൂലം ഉണ്ടായതാണെന്ന് ക്രിസ്ത്യാനികൾ പൊതുവിൽ വിശദീകരിച്ചിരുന്നത്. ഭൂഗർഭശാസ്ത്രത്തിന്റെ വളർച്ചയോടെ ഫോസിലുകളുടെ കാലപ്പഴക്കം വളരെ ദൈർഘ്യമുള്ളതാണ് എന്ന വാദം ഉണ്ടായി. ഈ വാദം വേദപുസ്തകത്തിൽ ഉൾപ്പെടുത്തുവാനായി  1814ൽ സ്കോട്ട്ലന്റിലെ തോമസ് ചാൾമെർസ്  ഉൽപ്പത്തിയിലെ ആദ്യ രണ്ട് വാക്യങ്ങളിൽ പൂർവ്വ ആദാമ്യ വംശത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്ന് പറഞ്ഞു.  വലിയ കെടുതികളാൽ ഈ വംശം നശിച്ചു പോയി. അങ്ങിനെയാണ് ഭൂമി പാഴും ശൂന്യവുമായി തീർന്നത്.  അതിന്റെ ഫലമായിട്ടാണ് ഇന്ന് നാം കാണുന്ന ഫോസിലുകൾ ഉണ്ടായത് എന്നും അദ്ദേഹം വിശദീകരിച്ചു. ഈ സിദ്ധാന്തത്തെയാണ് നശീകരണ-പുനരുദ്ധാരണ സിദ്ധാന്തം അല്ലെങ്കിൽ ഇടവേള സിദ്ധാന്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വേദപുസ്തകം വിശ്വസിക്കുന്ന അനേക വിശ്വാസികൾക്ക് ഇത് പത്ഥ്യമായി തോന്നി. കാരണം ഉൽപ്പത്തി 1ൽ പറഞ്ഞിട്ടുള്ള ദിവസങ്ങൾ സാധാരണമായ ദിവസമാണെന്ന വ്യഖ്യാനത്തിനും ഉൽപ്പത്തി പുസ്തകത്തിന്റെ ആക്ഷരിക വ്യഖ്യാനത്തിനും പോറലേൽക്കാതെ ആധുനിക ശാസ്ത്രീയ നിഗമനങ്ങളെ ഉൾക്കൊള്ളൂവാൻ ഈ വാദത്തിനു കഴിഞ്ഞു. ഇടവേള സിദ്ധാന്തത്തിനു അനുകൂലമായി അഞ്ച് വാദങ്ങളാണ് നിരത്തിയിരിക്കുന്നത്.

1. സൃഷ്ടിക്കുക (bārā’)  എന്ന വാക്കിനും ഉണ്ടാക്കുക (‘āśâ) എന്ന വാക്കിനും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. സൃഷ്ടിക്കുക എന്നുള്ളത് ഒന്നുമില്ലായ്മയിൽ നിന്നാകുമ്പോൾ ഉണ്ടാക്കുക എന്നുള്ളത് നേരത്തെ നില നിന്നിരുന്ന വസ്തുക്കളിൽ നിന്നുള്ള പുനരുദ്ധാരണത്തെയാണ് കാണിക്കുന്നത് എന്ന് ഇക്കൂട്ടർ വാദിക്കുന്നു.

മറുപടി: ബാറാ (സൃഷ്ടിക്കുക) എന്ന വാക്ക് 48 പ്രാവശ്യവും ആഷാ (ഉണ്ടാക്കുക) എന്ന വാക്ക് 2,627 പ്രാവശ്യവും പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഈ രണ്ടുവാക്കുകളും പര്യായ പദങ്ങളായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ളത് ശരിയായി പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. ഉൽപ്പത്തി 1:1ഉം പുറപ്പാട് 20:11ഉം താരതമ്യം ചെയ്തുനോക്കുക. (പുറപ്പാട് 31:17, നെഹ. 9:6, ഇയോബ് 9:9, സങ്കീ 95:5, 100:3, സദൃ. 8:22-23, 26). മാത്രമല്ല, ഉൽപ്പത്തി 1:26-27, ഒരേ വാക്യത്തിൽ തന്നെ ഈ രണ്ടു വാക്കുകളും മാറി മാറി ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ഉൽപ്പത്തി 2:2-3 വേറെ ഒരു ഉദാഹരണമാണ്. (യെശ 41:20; 43:7; 45:7).    

2. ഉൽപ്പത്തി 1:1-2ലെ വ്യാകരണം- ഉൽപ്പത്തി 1:1ഉം 2ഉം തമ്മിൽ ബന്ധിപ്പിക്കുന്ന സംയോജകം ഒരു ഇടവേളയെയാണ് സൂചിപ്പിക്കുന്നത്.

മറുപടി: ഉൽപ്പത്തി 1:2ൽ waw w> വോ എന്ന സംയോജകം ഉപയോഗിച്ചിട്ടുണ്ട്. ഇത് എബ്രായ ഭാഷയിൽ വളരെ സാധാരണമാണ്. സംയോജകം രണ്ടു തരത്തിലാണ് ഉപയോഗിക്കാറുള്ളത്: ഒന്ന് ആശ്ലേഷപരമായി, രണ്ട് വിശ്ലേഷപരമായി. ആശ്ലേഷപരമായ സംയോജകത്തെ വളരെ പെട്ടന്ന് തിരിച്ചറിയാം. കാരണം അത് ക്രിയാപദത്തിനോട് മാത്രമേ ചേർക്കുകയുള്ളൂ. ക്രമാനുഗതമായ പ്രവർത്തിയെയാണ് അത് കാണിക്കുന്നത്. ഒരു പ്രവർത്തി ചെയ്ത് അടുത്ത പ്രവർത്തി ചെയ്യുമ്പോൾ ഈ പദം ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ സംയോജകം ആദ്യമായി കാണുന്നത് 1:3ൽ ആണ്.  ഉൽപ്പത്തി 1:1നും 2നും ഇടക്ക് സമയത്തിന്റെ  ഒരു ഇടവേള മോശ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ആശ്ലേഷപരമായ സംയോജകമായിരുന്നു ഉപയോഗിക്കേണ്ടത്. കാരണം കാലയളവ് കാണിക്കുവാൻ ഉപയോഗിക്കുന്നത് ആശ്ലേഷ സംയോജകമാണ്.

വിശ്ലേഷപരമായ സംയോജകവും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. ക്രിയാ പദമല്ലാത്ത പദങ്ങളോട് ചേർത്താണ് ഇത് ഉപയോഗിക്കാറുള്ളത്. വിവിധ തരത്തിലുള്ള ഉപയോഗങ്ങൾ വിശ്ലേഷ സംയോജകത്തിന് ഉണ്ട്. വൈപരീത്യ വാചകം രേഖപ്പെടുത്തുന്നതിനോ കരണം വിശദീകരിക്കുന്നതിനോ ഒക്കെ വിശ്ലേഷ സംയോജകം ഉപയോഗിക്കാം.  രണ്ടാമത്തെ വാക്യത്തിൽ  വിശ്ലേഷ സംയോജകം ആണ് നമ്മൾ കാണുന്നത്. ഒന്നാമത്തെ വാക്യവുമായി രണ്ടാമത്തെ വാക്യത്തെ ഇത് ബന്ധിപ്പിക്കുന്നു. ഒന്നാമത്തെ വാക്യത്തിനുള്ള ഒരു വിശദീകരണ ഉപവാക്യത്തെയാണ് ഈ സംയോജകം മുഖാന്തരം രണ്ടാമത്തെ വാക്യത്തിൽ അവതരിപ്പിക്കുന്നത്.  “ഇപ്പോൾ അല്ലെങ്കിൽ ഈ സമയത്ത് ഭൂമി പാഴും ശൂന്യവുമായിരുന്നു.” എന്ന് വേണം ഇതിനെ പരിഭാഷപ്പെടുത്താൻ.

.
 ഉൽപ്പത്തി 2:12ലും യോനാ 3:3ലും എബ്രായ ബൈബിളിൽ ഈ രീതികൾ അവലംഭിച്ചിട്ടുണ്ട്. 

3. ഗ്യാപ് തീയറിക്ക് പിന്താങ്ങൽ നൽകാനായി “ആയിരുന്നു” (hāye)എന്നതിനെ “ആയിതീർന്നു” എന്ന് പരിഭാഷപ്പെടുത്തുന്നു. ഉൽപ്പത്തി 1:2 ൽ പാഴും ശൂന്യവും ആയിരുന്നു എന്നതിനെ പാഴും ശൂന്യവും ആയിതീർന്നു എന്ന് പരിഭാഷപ്പെടുത്തി.

മറുപടി: യഥാർത്ഥത്തിൽ “ആയിരുന്നു” എന്നു മാത്രമേ അതു പരിഭാഷപ്പെടുത്താൻ കഴിയുകയുള്ളൂ. വിശ്ലേഷണ സംയോജകത്തിനോടൊപ്പം വിശദീകരണ ഉപവാക്യം കൊടുത്തിരിക്കുന്നതുകൊണ്ട് “ആയിരുന്നു” എന്നു മാത്രമേ പരിഭാഷപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഉദാഹരണത്തിനു:

യോന 3:3 അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു (ആയിരുന്നു- hāye).

സെഖര്യാവ് 3:1-3 അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു (ആയിരുന്നു- hāye).

4. “പാഴും ശൂന്യവും” ന്യായവിധിയെ പ്രതിഫലിപ്പിക്കുന്നു. റ്റോഹു വബോഹു- Whbow” Whto “പാഴും ശൂന്യവും” ന്യായവിധിയുടെ പശ്ചാത്തലത്തിലാണ് ഉപയോഗിക്കാറുള്ളത് (യിരെ. 4:23; യെശ. 34:11, 45:18). യിരെമ്യാവിലും യെശയ്യാവിലും ഈ വാക്കുകൾ ന്യായവിധിയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഉൽപ്പത്തിയിലും ഇത് ന്യായവിധിയെ കാണിക്കുന്നു.

മറുപടി: ശൂന്യം/ബോഹു എന്നവാക്ക് പഴയ നിയമത്തിൽ മൂന്നു പ്രാവശ്യം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് (ഉൽ. 1:2, യെശ. 34:11, യിരെ. 4:23). റ്റോഹു എന്ന വാക്കിനോട് ചേർന്നാണ്ട് ഈ വാക് എപ്പോഴും ഉപയോഗിച്ചിട്ടുള്ളത്. ഗ്യാപ് തീയറി നിലനിൽക്കണമെങ്കിൽ റ്റോഹു എന്ന വാക്ക് എപ്പോഴും ന്യായവിധിയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കണം. എന്നാൽ വാസ്തവം അതല്ല.

ഇയ്യോബ് 26:7  ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.” റ്റോഹു എന്നതിനെ ഒഴിഞ്ഞ സ്ഥലം അല്ലെങ്കിൽ ശൂന്യത എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നോക്കുക. (ആവ. 32:10; ഇയ്യോ 6:18; 12:24; സങ്കീ 107:40). പാഴും ശൂന്യവും എന്നത് എപ്പോഴും ന്യായവിധിയെ കാണിക്കണമെന്നില്ല.

യെശ. 45:18 “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല”.

വ്യർത്ഥമായിട്ടല്ല എന്നത് ശൂന്യമായി (റ്റോഹു) കിടക്കാനായിട്ടല്ല എന്നു വേണം പരിഭാഷപ്പെടുത്തേണ്ടത്.

ഈ വാക്യം ന്യായവിധിയെക്കുറിച്ചല്ല പറയുന്നത്. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ മനുഷ്യനു പാർക്കുവാൻ പറ്റാത്ത വിധത്തിൽ അതിനെ നിലനിർത്തുവാനല്ല, മറിച്ച് പാർക്കുവാനാണ്. സത്യത്തിൽ ഈ വാക്യം ഗ്യാപ് തീയറിക്ക് എതിരായിട്ട് നിൽക്കുന്ന ഒരു വാക്യമാണ്.

5. ഇരുട്ട് ന്യായവിധിയെ പ്രതിഫലിപ്പിക്കുന്നു. വെളിച്ചത്തിന്റെ ദൈവം ഇരുട്ട് ഉണ്ടാക്കുകയില്ല. ഇരുട്ട് കാണിക്കുന്നത് ന്യായവിധിയാണ്.

മറുപടി: ഒന്നാമതായ്, ഇരുട്ട് ദൈവം സൃഷ്ടിച്ചില്ലെങ്കിൽ പിന്നെ ആർ സൃഷ്ടിച്ചു? ഇരുട്ടിനു ദൈവം പേരിടുന്നുണ്ട്.

യെശ. 45:7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 104:20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

രണ്ടാമതായ്, ഇരുട്ട് ദുഷ്ടതയെ പ്രതിനിധീകരിക്കുന്നുണ്ട് ഇരുട്ട് പാപമാകണമെന്നില്ല. യീസ്റ്റ് ദുഷ്ടതയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് യീസ്റ്റ് പാപമാണോ?

6. ഗ്യാപ് തീയറിയുടെ ദൈവശാസ്ത്ര ന്യൂനതകൾ.

ഈ സിദ്ധാന്തപ്രകാരം പൂർവ്വ ആദാമ്യ വംശം നിലവിലിരുന്നു എന്നും അവരുടെ പാപം കാരണം ദൈവം ഭൂമിയെ മുഴുവനും ന്യായവിധിക്കുകയും അതിന്റെ ഫലമായി ഇന്ന് നാം കാണുന്ന ഫോസിലുകൾ ഉണ്ടായത് എന്നും വിശദീകരിക്കുന്നു. ഗ്യാപ് തീയറി ഉണ്ടായത് ഭൂഗർഭവിജ്ഞാനീയവുമായി ഒത്തുപോകുന്നതിനാണ് എന്നുള്ളത് നാം കണ്ടു. നാം ഇന്ന് കാണുന്ന അവസാദശിലകളും ഫോസിലുകളും വേദപുസ്തകം പ്രതിപാദിക്കാത്ത ഒരു പൂർവ്വ ആദാമ്യ വംശത്തിന് ലൂസിഫർ കാരണമായി ഉണ്ടായ ന്യായവിധിയുടെ ഫലമായിട്ടാണോ അതോ വേദപുസ്തകം കൃത്യമായി വിശദീകരിക്കുന്ന നോഹയുടെ കാലത്തെ ജലപ്രളയം മൂലം ഉണ്ടായതാണോ? നോഹയുടെ കാലത്തെ പ്രളയത്തെക്കുറിച്ച് പഴയനിയമത്തിലും പുതിയ നിയമത്തിലും ആവർത്തിച്ച് പറയുമ്പോൾ ആദാമിനു മുമ്പുള്ള പ്രളയത്തെക്കുറിച്ച് വേദപുസ്തകം ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ആദാമിന്റെ കാലത്തിനു മുമ്പ് പാപമില്ലാത്ത കാലത്ത് ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മരണവും നാശവും നിലനിന്നിരുന്നു എന്ന് നാം വിശസിക്കണോ? ഈ സിദ്ധാന്ത പ്രകാരം സകലവും നശിച്ച് ഭൂമി ഒരു ശവപറമ്പായി ശേഷിക്കുമ്പോൾ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ദൈവം പറയുന്നത് നമ്മൾ എങ്ങിനെയാണ് വ്യാഖ്യാനിക്കേണ്ടത്? മാനവരാശിയിലുള്ള പാപത്തിന്റെ ആരംഭത്തെക്കുറിച്ച് ഉൽപ്പത്തി 3ൽ വ്യക്തമായി പറയുമ്പോൾ, അതല്ല അതിനു മുമ്പ് മനുഷ്യരുണ്ടായിരുന്നു. മനുഷ്യൻ പാപം ചെയ്തു, എല്ലാവരും മരിച്ചുപോയി എന്നൊക്കെ പഠിപ്പിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. റോമർ 5:12, 14ഉം ശ്രദ്ധിക്കുക: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” പാപവും മരണം ആദാം മുതൽ ആണ് ഈ ലോകത്തിൽ ആരഭിച്ചത് എന്ന് വേദപുസ്തകം എത്ര കൃത്യമായി പറഞ്ഞിരിക്കുന്നു.

ഭൂമിക്ക് എത്ര വർഷം പഴക്കമുണ്ട്?

പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുവരെ വേദപുസ്തകത്തിലെ, പ്രത്യേകിച്ച് ഉൽപ്പത്തി 5ഉം 11ഉം അദ്ധ്യായങ്ങളിലെ, വംശാവലി ഉപയോഗിച്ചുകൊണ്ടാണ് മാനവരാശിയുടെ കാലയളവ് നടത്തിയിരുന്നത്. ഈ കണക്കുകൂട്ടലിന്റെ പ്രയാസങ്ങളും ആദ്യകാല പണ്ഡിതന്മാർ മനസ്സിലാക്കിയിരുന്നു. ഭൂമിക്ക് ഏകദേശം 6000 വർഷം പഴക്കമാണ് ഈ കണക്കുകൂട്ടലിൽ നിന്ന് ലഭിച്ചിരുന്നത്.

ആർച്ച് ബിഷപ്പ് ജെയിംസ് അഷെർ (1581-1656) വംശാവലിയിലെ സംവത്സരങ്ങൾ അളന്നുകൊണ്ട്  4004 ബി.സി.യിൽ ഭൂമിയുടേയും ആദാമിന്റേയും സൃഷ്ടി നടന്നത് എന്ന് വിശദീകരിച്ചത്. പിതാക്കന്മാരുടെ പ്രായത്തിൽ നിന്ന് മകൻ ഉണ്ടാകുന്ന പ്രായവും അവരുടെ മരണ സമയവും അളന്നിട്ടാണ് കാലഗണനം നടത്തിയത്. മകൻ എന്ന വാക്ക് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്വന്തം മകൻ (biological son) എന്നാണ്. 

ഉൽപ്പത്തി അഞ്ചിലുള്ള വംശാവലിയുടെ അഷറിന്റെ വിലയിരുത്തൽ

പിതാക്കന്മാർ  മരിക്കുമ്പോളുള്ള പ്രായംമരണ വർഷം
ആദാം9303074
ശേത്ത്9122962
ഏനോശ്9052864
കേനാൻ9102769
മഹലേൽ8952714
യാരെദ്9622582
ഹാനോക്ക്3653017
മെഥുശലഹ9692349
ലാമേക്ക്7772353
നോഹ9501998

ഉൽപ്പത്തി പതിനൊന്നിലുള്ള വംശാവലിയുടെ അഷറിന്റെ വിലയിരുത്തൽ

പിതാക്കന്മാർ  മരിക്കുമ്പോളുള്ള പ്രായംമരണ വർഷം
ശേം6001846
അർപ്പക്ഷാദ്5651910
ശാലെഹ്4601878
എബെർ5041817
പെലെഗ്3392008
രെയു3391978
ശെരുഗ്3301955
നാഹോർ2082007
തേരഹ്701922

അഷെറിന്റെ നിരീക്ഷണപ്രകാരം ബി.സി. 4004ൽ ആദ്യ സൃഷ്ടി നടന്നു. അബ്രഹാം ബി.സി. 2166ൽ ജനിച്ചു. ബി.സി. 2349ൽ ജലപ്രളയം നടന്നു.

മകൻ എന്ന വാക്ക് അകന്ന അനന്തരാവകാശിക്കും വേദപുസ്തകത്തിൽ ഉപയോഗിക്കാറുണ്ട്. മത്തായി 1:1ൽ യേശുവിനെ തന്നെ ദാവീദിന്റെ മകൻ എന്നു പറഞ്ഞിരിക്കുന്നു.യേശുവും ദാവീദും തമ്മിൽ 1000 വർഷത്തെ അകലം ഉണ്ട്. ദാവീദ് അബ്രഹാമിന്റെ മകനാണെന്നു പറയുന്നു. അബ്രഹാമും ദാവീദും തമ്മിൽ 1000 വർഷത്തെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് മകൻ എന്ന വാക്ക് പൌത്രനോ പൌത്രപൌത്രനോ ഉപയോഗിക്കാം.

യാലഡ്  എന്ന വാക്ക് ജനിപ്പിച്ചു അല്ലെങ്കിൽ അവന്റെ പിതാവായി തീർന്നു/ജനനം നൽകി എന്നീ രീതിയിലാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാൽ ഇതേ വാക്കു തന്നെ അകന്ന അനന്തരാവകാശിക്കും ഉപയോഗിക്കാറുണ്ട്. ഉൽപ്പത്തി 11:12ഉം ലൂക്കോസ് 3:35-36ഉം താരതമ്യം ചെയ്യുക.

ഉൽപ്പത്തി 11:12- അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.

ലൂക്കോസ് 3:35-36 ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ, 36 കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ,

ശാലെഹിന്റെ അപ്പന്റെ പേർ കയിനാൻ എന്നാണെന്നുള്ള വസ്തുത ലൂക്കോസ് വായിക്കുമ്പോഴേ നമുക്ക് മനസ്സിലാകുകയുള്ളൂ. ലൂക്കോസ് ഇതിനെക്കുറിച്ച് പറഞ്ഞില്ലായിരുന്നുവെങ്കിൽ അർഫക്സാദിന്റെ സ്വന്തം മകനാണ് (immediate biological son) ശാലെഹ് എന്ന് നമ്മൾ വിചാരിച്ചേനെ.

വേറെ ഒരു ഉദാഹരണം എസ്രാ 7:1-5ഉം 1 ദിനവൃത്താന്തം 6:3-14ഉം ആണ്. എസ്രാ 7:1-5 വരെയുള്ള വാക്യങ്ങളിലുള്ള വംശാവലിയിൽ 16 പേരുകൾ ഉണ്ട്. 1 ദിനവൃത്താന്തം 6:3-14ൽ ഈ പേരുകൾ എല്ലാം ഉണ്ട്. പക്ഷെ ആറ് വേറെ പേരുകളും ചേർത്ത് 22 പേരുകൾ ഉണ്ട്. എസ്രാ 7:3-4ൽ അസര്യാവ് മെരായോത്തിന്റെ മകനാണ്. എന്നാൽ 1 ദിന. 6:6-10ൽ അസര്യാവിനും മെരായോത്തിനും ഇടയിൽ ആറു മക്കളുടെ പേരു ചേർത്തിരിക്കുന്നു. ഈ വംശാവലികൾ കൃത്യമായ കണക്കുകളല്ല നൽകുന്നത്, മറിച്ച് കുടുംബത്തിലെ പ്രധാന വ്യക്തികളുടെ പേരുകളാണ് പലപ്പോഴും കൊടുത്തിരിക്കുന്നത് എന്ന് നാം ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അതിന്റെ അർത്ഥം എല്ലാ വംശാവലികളിലും ഇങ്ങനെ അകലം ഉണ്ടെന്നല്ല, ചിലയിടങ്ങളിൽ ഉണ്ടെന്നുള്ളത് വസ്തുത തന്നെയാണ്. അതുകൊണ്ട് ഭൂമിയുടെ കാലപ്പഴക്കം കൃത്യമായി പറയാൻ കഴിയുകയില്ല. 6000-25000 വർഷങ്ങൾ വരെ പഴക്കം ഭൂമിക്ക് ഉണ്ടായേക്കാം. അതിൽ കൂടുതൽ പഴക്കം ഒരു കാരണവശലും ഉണ്ടാകില്ല എന്ന് എല്ലാ വേദപുസ്തക പണ്ഡിതന്മാരും സമ്മതിക്കുന്നു. അതെ പ്രപഞ്ചത്തിനു കോടാനുകോടി വർഷം പഴക്കം ഇല്ല. നാം പാർക്കുന്നത് ഒരു യുവഭൂമിയിലാണ്. 

 

കാർബൺ-14 കൊണ്ടുള്ള കാലഗണനത്തിന്റെ ന്യൂനതകൾ എന്തൊക്കെയാണ്?

 

കാർബൺ-14 വളരെ പ്രസിദ്ധമായ ഒരു കാലഗണന രീതിയാണ്. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുവാൻ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയാണ് ഇത്. റേഡിയോ കാർബൺ എന്നും കാർബൺ-14 നെ പറയാറുണ്ട്.  കാർബണിന്റെ 3 തരത്തിലുള്ള ഐസോടോപ്പുകൾ ആണ് ഉള്ളത്. അതിൽ കാർബൺ-12, കാർബൺ -13 എന്നിവ സുസ്ഥിരമാണ്, ക്ഷയിക്കാറില്ല. എന്നാൽ കാർബൺ-14 അപചയത്തിന് വിധേയമാകുന്നു.

ആകെയുള്ള കാർബണിൽ, കാർബൺ-12,  98.89 ശതമാനവും കാർബൺ-13  1.11ശതമാനവും,  കാർബൺ-14, 0.00000000010 ശതമാനവും ആണ് ജൈവമണ്ഡലത്തിൽ ഉള്ളത്. അതിന്റെ അർത്ഥം ഒരു ലക്ഷം കോടി കാർബൺ-12 ഐസോടോപ്പുകൾക്ക് ഒരു കാർബൺ -14 ഐസോടോപ്പ് എന്ന തോതിൽ കാർബണിന്റെ സാന്നിദ്ധ്യം ജൈവ പദാർത്ഥങ്ങളിൽ ഉണ്ട്.  ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ച് ഡോ. വില്ലാർഡ് എഫ്.  ലിബി ആണ് കാർബൺ-14 ഉപയോഗിച്ചിട്ടുള്ള കാലഗണന രീതി (1948ൽ) ആദ്യമായി അവതരിപ്പിച്ചത്.

എങ്ങിനെയാണ് റേഡിയോ കാർബൺ ഉണ്ടാകുന്നത്? ഭൂമിയുടെ അന്തരീക്ഷത്തിന്റെ മേൽതട്ടിൽ തുടർച്ചയായി രൂപപ്പെടുന്ന കാർബൺ ആണ് റേഡിയോ കാർബൺ. ഭൗമാന്തരീക്ഷത്തിലേക്ക് തുടർച്ചയായി പ്രവേശിച്ചുകൊണ്ടിരിക്കുന്ന സൂര്യകിരണങ്ങൾ അതിവേഗ ചലനശേഷിയുള്ള ന്യൂട്രോൺസിനെ ഉൽപാദിപ്പിക്കുന്നു. ഈ ന്യൂട്രോൺസ് നൈട്രജൻ-14 മായി കൂട്ടിയിടിക്കുമ്പോൾ അവ കാർബൺ-14 അല്ലെങ്കിൽ റേഡിയോ കാർബൺ ആയിമാറുന്നു.

 

ഈ കാർബൺ എങ്ങിനെയാണ് ജൈവ മണ്ഡലത്തിൽ പ്രവേശിക്കുന്നത്?  പ്രഭാകലനത്തിൽ (Photosynthesis) കൂടിയാണ് സസ്യങ്ങളിലേക്കും വൃക്ഷങ്ങളിലേക്കും റേഡിയോ കാർബൺ പ്രവേശിക്കുന്നത്.  ഈ സസ്യ വർഗ്ഗങ്ങളെ മനുഷ്യനും മൃഗങ്ങളും ഭക്ഷിക്കുമ്പോൾ റേഡിയോ കാർബൺ അവരിലേക്കും പ്രവേശിക്കുന്നു.

റേഡിയോ കാർബണിന്റെ ഗണനം തുടങ്ങുന്നത് എപ്പോഴാണ്? ജീവികൾക്ക് നാശം സംഭവിച്ചതിനു ശേഷം/മരിച്ചതിനു ശേഷം മാത്രമാണ് കാലഗണനം തുടങ്ങുന്നത്. മരണത്തിനുശേഷം അവകളിൽ പ്രവേശിച്ചിട്ടുള്ള റേഡിയോ കാർബൺ അപചയത്തിന് (ക്ഷയം) വിധേയമാകാൻ തുടങ്ങും. കാർബൺ-14 ആറ്റത്തിന്റെ ന്യൂക്ലിയസ് ക്ഷയിച്ച് ക്ഷയിച്ച് അവസാനം നൈട്രജൻ-14 ആയിതീരുന്നു.

മരണത്തിനു ശേഷം ഒരു ജീവിയിലുള്ള കാർബൺ-14 പകുതിയാകുവാൻ 5730 വർഷം എടുക്കും എന്നതാണ് കണക്ക്. എന്നുവെച്ചാൽ കാർബൺ-14ന്റെ  അർദ്ധായുസ്സ് 5730 വർഷങ്ങളാണ്. 2 അർദ്ധായുസ് പൂർത്തിയാകണമെങ്കിൽ 11,460 വർഷങ്ങൾ എടുക്കും.

റേഡിയോ കാർബണിന്റെ അപചയത്തിന്റെ തോതനുസരിച്ച് നശിച്ചുപോയ ഒരു ജീവിയിൽ 10 അർദ്ധായുസ് കഴിയുമ്പോൾ അതായത് 57300 വർഷങ്ങൾ കഴിയുമ്പോൾ പിന്നെ അതിൽ അധികമൊന്നും റേഡിയോ കാർബൺ കാണുകയില്ല.

ഇവിടെ ഉയരുന്ന ന്യായമായ ചില ചോദ്യങ്ങൾ ഉണ്ട്.

(1)  ഫോസിലുകൾക്ക് കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട് എന്നാണ് പരിണാമവാദ ശാസ്ത്രജ്ഞർ പറയാറുള്ളത്. പക്ഷെ ഫോസിലുകളിലും, കൽക്കരിയിലും, പ്രകൃതിവാതകങ്ങളിലും അങ്ങിനെ ഭൂമിക്കടിയിൽ നിക്ഷേപിക്കപ്പെട്ട ഈ വസ്തുക്കളിലെല്ലാം അളക്കുവാൻ പറ്റുന്ന രീതിയിൽ റേഡിയോ കാർബൺ കാണുന്നുണ്ട്. കോടിക്കണക്കിനു വർഷം പഴക്കുമുണ്ടെങ്കിൽ അതെങ്ങിനെയാണ് സാദ്ധ്യമാകുക?

(2) റേഡിയോ കാർബണിന്റെ ഉൽപാദനം എല്ലാ കാലത്തും ഒരുപോലെ ആകുന്നു എന്ന ധാരണയിലാണ് കാർബൺ-14 കാലഗണനം നടത്തുന്നത്. എല്ലാകാലത്തും ഒരു പോലെയാണെന്നതിന് തെളിവ് എന്താണ്?

ഭൂമിയുടെ അക്ഷാംശ മേഖലകളിൽ പോലും റേഡിയോ കാർബണിന്റെ  ഉൽപാദന തോത് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാർ തന്നെ  കണ്ടെത്തിയിട്ടുണ്ട് (S. Bowman, ref. 3, pp. 16–30; G. Faure and T. M. Mensing, Isotopes: Principles and Applications, 3rd edition (Hoboken, New Jersey: John Wiley & Sons, 2005), pp. 614–625; A. P. Dickin, Radiogenic Isotope Geology, 2nd edition (Cambridge: Cambridge University Press, 2005), pp. 383–398).

അതുമാത്രമല്ല, പുരാതനകാലങ്ങളിൽ ഭൂമിക്ക് ഇന്നത്തേക്കാൾ ശക്തമായ കാന്തിക വലയം (magnetic field) ഉണ്ടായിരുന്നു എന്നും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് (T. G. Barnes, “Decay of the Earth’s Magnetic Field and the Geochronological Implications,” Creation Research Society Quarterly 8.1 (1971): 24–29). ആ കണ്ടുപിടുത്തത്തിന് വലിയ പ്രാധാന്യം ഉണ്ട്. സൂര്യ കിരണങ്ങളുടെ അതിപ്രസരത്തെ തടയുന്നത് ഈ കാന്തിക വലയമാണ്. സൂര്യകിരണങ്ങൾ റേഡിയോ കാർബൺ ഉൽപാദിപ്പിക്കുന്നത് എങ്ങിനെയാണെന്ന് നമ്മൾ നേരത്തെ പരിശോധിച്ചതാണ്. ശക്തമായ കാന്തിക വലയം ഭൂമിക്കുണ്ടാകുമ്പോൾ കാർബണിന്റെ ഉൽപാദനം കുറവായിരിക്കും. അതിന്റെ അർത്ഥം ഇന്ന് നാം കാണുന്ന അത്രയും റേഡിയോ കാർബണിന്റെ അളവ് പുരാതന കാലങ്ങളിൽ ഭൂമിയിൽ ഉണ്ടായിരുന്നില്ല എന്നതാണ്.

ഇന്ന് കാണുന്ന കാന്തിക വലയത്തിന്റെ ഇരട്ടി ശക്തമായ കാന്തിക വലയം 1400 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എന്നും അതിന്റേയും ഇരട്ടി ശക്തമായ കാന്തിക വലയം 2800 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എന്നും പൊതുവായി വിലയിരുത്തപ്പെടുന്നു. അത് ശരിയാണെങ്കിൽ നോഹയുടെ പ്രളയത്തിനു മുമ്പുള്ള ഭൂമിയുടെ കാന്തിക വലയം വളരെയധികം ശക്തവും അന്തരീക്ഷത്തിലുള്ള റേഡിയോ കാർബണിന്റെ അളവ് വളരെ കുറവും ആയിരുന്നു എന്നുവേണം മനസ്സിലാക്കുവാൻ. അതുകൊണ്ടാണ്, “We know that the assumption that the biospheric inventory of C14 has remained constant over the past 50,000 years or so is not true” എന്ന് പ്രശസ്ത ശാസ്ത്രജ്ഞ ആയ എലിസബെത്ത് റാൽഫ് പറഞ്ഞത് (Elizabeth K. Ralph and Henry M. Michael, “Twenty-five Years of Radiocarbon Dating,” American Scientist, Sep/Oct 1974).

അന്തരീക്ഷത്തിലെ റേഡിയോ കാർബണിന്റെ അളവ് കുറവായിരുന്നുവെങ്കിൽ, അന്ന് ജീവിച്ചിരുന്ന ജീവജാലങ്ങളിലും റേഡിയോ കാർബണിന്റെ അളവ് കുറവായിരിക്കണം. അങ്ങിനെ ആ കാലത്ത് നശിച്ചുപോയ ജീവജാലങ്ങളുടെ ഫോസിലുകളിലും താരതമ്യേന റേഡിയോ കാർബണിന്റെ അളവും കുറവായിരിക്കും. അതിന്റെ അനന്തരഫലം എന്താണ്? ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ റേഡിയോ കാർബൺ/ കാർബൺ-14 ഇല്ലാത്ത ഫോസിലുകളും വളരെ കുറച്ചുമാത്രം കാർബൺ-14 ഉള്ള ഫോസിലുകളും ധാരളം കാണപ്പെടുന്നു. ഫോസിലുകൾക്ക് കോടിക്കണക്കിന് വർഷം പഴക്കമുള്ളതുകൊണ്ടല്ല ഫോസിലുകളിൽ കാർബൺ-14 ഇല്ലാത്തത്, പുരാതന കാലങ്ങളിലെ അന്തരീക്ഷങ്ങളിൽ കാർബൺ-14ന്റെ അളവ് വളരെ കുറവായതുകൊണ്ടാണ് ഫോസിലുകളിൽ കാർബൺ-14 ഇല്ലാത്തത്.

(3) കാർബൺ- 14ലും കാർബൺ-12ഉം തമ്മിലുള്ള അനുപാതം എല്ലാകാലത്തും ഒരുപോലെ ആയിരുന്നോ? ഒരു ലക്ഷം കോടി കാർബൺ-12 ഐസോടോപ്പുകൾക്ക് ഒരു കാർബൺ -14 ഐസോടോപ്പ് എന്ന അനുപാതത്തിലാണ് കാർബണിന്റെ സാന്നിദ്ധ്യം ജൈവ പദാർത്ഥങ്ങളിൽ ഇപ്പോൾ ഉള്ളത്. നോഹയുടെ കാലത്തെ ജലപ്രളയത്തിൽ അനേക ജീവജന്തുക്കൾ മണ്ണിനടിയിൽ അകപ്പെട്ടപ്പോൾ അവയോടുകൂടെ ധാരാളം കാർബണും (മിക്കതും കാർബൺ-12) മണ്ണിനടിയിൽ നിക്ഷേപിക്കപ്പെട്ടു. ഇപ്പോഴുള്ള സാധാരണ കാർബണിന്റെ 100 മടങ്ങ് അധികം കാർബൺ അന്ന് മണ്ണിനടിയിൽ നിക്ഷേപിക്കപ്പെട്ടു. അവയാണ് ക്രൂഡോയിൽ ആയും കൽക്കരിയായും നമുക്ക് ലഭിക്കുന്നത്. ഇത് എല്ലാവരും സമ്മതിക്കുന്നതാണ്. ഇതിന്റെ അർത്ഥം എന്താണ്? പ്രളയത്തിനു മുമ്പുള്ള ജൈവമണ്ഡലത്തിലെ കാർബൺ ഡൈയോക്സൈഡിന്റെ തോത് ഇന്നത്തേതിനേക്കാളും വളരെ വ്യത്യസ്തമായിരുന്നു.

രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കണം. ഒന്നാമത്, പുരാതനകാലങ്ങളിൽ ഭൂമിയുടെ ശക്തമായ കാന്തിക വലയം കാരണം കാർബൺ-14ന്റെ ഉൽപാദനം ഇന്നത്തേക്കാൾ വളരെ കുറവായിരുന്നു. രണ്ടാമത്, കാർബൺ-12ന്റെ അളവ് ഇന്നത്തേതിനേക്കാളും അനവധി അധികം മടങ്ങ് പുരാതനകാലങ്ങളിലെ ജൈവമണ്ഡലങ്ങളിൽ ഉണ്ടായിരുന്നു. ഈ വസ്തുതകൾ കണക്കിലെടുക്കാതെ, ഇന്നത്തെ കാർബണിന്റെ അനുപാതത്തിൽ  കാർബൺ-14 കാലഗണനം നടത്തുമ്പോൾ, അത് തെറ്റായ നിഗമനത്തിലേക്ക് കൊണ്ട്ചെന്ന് എത്തിക്കുന്നു. ഇതാണ് ഈ കാലഗണന രീതിയുടെ ഏറ്റവും വലിയ ന്യൂനത.

ഫോസിലുകൾക്ക് ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കം ഉണ്ട് എന്നത് ശാസ്ത്രലോകത്തിന്റെ ഒരു വിശ്വാസം മാത്രം ആണ്. അത് ആവർത്തിച്ച് വിവിധ മാദ്ധ്യമങ്ങളിൽകൂടി കേൾക്കുമ്പോൾ പൊതുജനങ്ങളും അത് വിശ്വസിച്ച് പോകാറുണ്ട്. രാഷ്ട്രീയമണ്ഡലങ്ങളിൽ മാത്രമല്ല, ശാസ്ത്രീയ മണ്ഡലങ്ങളിലും ഇങ്ങനെയുള്ള ഗീബൽസിയൻ തന്ത്രങ്ങൾ ഉപയോഗിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രം.

ശാസ്ത്രജ്ഞന്മാരുടെ തെറ്റുള്ളതും കുറവുകളൂള്ളതുമായ നിഗമനങ്ങൾ “വിശ്വസിക്കുന്ന” തിനേക്കാൾ തെറ്റില്ലാത്ത ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുന്നതാണ് അത്യുത്തമം

നാം പാർക്കുന്ന ഭൂമി ഏതാനും ചില ആയിരിങ്ങൾ മാത്രം വർഷം പഴക്കം ചെന്നതാണ്. അത് ഒരു യുവഭൂമിയാണ്.

യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
 അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി” സങ്കീർത്തനങ്ങൾ 33:6-9.