സഭ

സഭയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

“ചർച്ച്” എന്ന വാക്കിന്റെ ഉത്ഭവം എങ്ങിനെയാണ്?

കുരിയാക്കോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് [കിർക്ക്-സ്കോട്ടിഷ്; കിർഷെ-ജെർമ്മൻ] ചർച്ച് എന്ന ആംഗലേയ പദംമുണ്ടായത്. കർത്താവിനവകാശപ്പെട്ടത് എന്നാണ് കുരിയാക്കോസ് എന്നവാക്കിനർത്ഥം. (1 കൊരി 11:20; വെളി 1:10).

എക്ലിസിയ എന്ന ഗ്രീക്ക് പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?

 സഭയെക്കുറിച്ചുള്ള ഉപദേശത്തെ എക്ലീസിയോളജി എന്നു വിളിക്കുന്നു. [എക്ലിസിയ – അസംബ്ലി; ഓളജി – കുറിച്ചുള്ള പഠനം] എക്ലിസിയ എന്നവാക്കു കൊണ്ട് വേദപുസ്തകം ഉദ്ദേശിക്കുന്നത് കെട്ടിടത്തേയല്ല, വിളിച്ച് വേർതിരിക്കപ്പെട്ട ഒരു കൂട്ടം ജനത്തെയാണ്.

 

സഭയുടെ ഉദ്ദേശം എന്താണ്?

ഒരു വിശ്വാസി ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതും സഭ ഈ ലോകത്തിൽ നിലനിൽക്കുന്നതും ആത്യന്തികമായി ഒരേ ഒരു കാര്യത്തിനാണ്. അത് ദൈവമഹത്വത്തിനുവേണ്ടിയാണ്. (എഫേ 1:6, 12, 14; 3:21, കൊലോ. 1:18, 1 പത്രോ. 2:9,4:10-11).

എന്താണ് സാർവത്രിക സഭ?

പെന്തക്കോസ്ത് നാളുമുതൽ ഉൽപ്രാപണം വരെയുള്ള കാലഘട്ടത്തിൽ (സ്വർഗ്ഗത്തിലുള്ളതോ ഭൂമിയിലുള്ളതുമായ) ക്രിസ്തുവിന്റെ ശരീരത്തോട് പരിശുദ്ധാത്മ സ്നാനത്താൽ ചേർക്കപ്പെട്ട യഥാർത്ഥ വിശ്വാസികളുടെ കൂട്ടമാകുന്നു സാർവത്രീക സഭ. 1 കൊരി. 12: 12-13, എഫേ. 2:14-16

സാർവത്രീക സഭക്ക് വേറെ വാക്കുകൾ പൊതുവിൽ ഉപയോഗിക്കാറുണ്ടോ?

തീർച്ചയായും ഉണ്ട്. അദൃശ്യ സഭ, മാർമ്മിക സഭ, കത്തോലിക്ക സഭ, മണവാട്ടി, ക്രിസ്തുവിന്റെ ശരീരം ഇവയെല്ലാം അതിനു ഉദാഹരണങ്ങളാണ്.

സാർവത്രീക സഭ എന്നത് വേദപുസ്തക ഉപദേശം അല്ല.  വേദപുസ്തകത്തിൽ അതിൽ തെളിവുകളൊന്നുമില്ല എന്ന് ചിലർ പറയുന്നു. ഇതിന് മറുപടി എന്താണ്?

ക്രിസ്തു തന്റെ ശരീരമായ സഭയുടെ തലയാണ് എന്ന് വേദപുസ്തകം പറയുന്നു (എഫ്യേ 1:20-23; 5:22-23; കൊലോ. 1:18). ഈ ശരീരം ഒരു പ്രാദേശിക സഭയാണെങ്കിൽ ക്രിസ്തുവിന് ധാരാളം ശരീരങ്ങൾ ഉണ്ടെന്ന് പറയണ്ടതായിട്ടു വരും. അത് വേദപുസ്തകത്തിലെ രൂപകത്തിന്റെ അർത്ഥത്തെ തന്നെ നശിപ്പിക്കുന്നതാണ്.

സഭയെ ക്രിസ്തുവിന്റെ മണവാട്ടിയായിട്ടും ഭാര്യയായിട്ടും പ്രാവാചകൻ വിവരിച്ചിട്ടുണ്ട് (വെളി. 21:9). അത് സാർവത്രീക സഭ അല്ലെങ്കിൽ ക്രിസ്തുവിന് അനേക മണവാട്ടികളും ഭാര്യമാരും ഉണ്ട് എന്ന് വ്യഖ്യാനിക്കേണ്ടി വരും. അതും വേദപുസ്തകത്തിൽ ഉപദേശങ്ങളെ തകർക്കുന്നതാണ്.

അനേക തലമുറകളിൽ നിന്നുള്ളവർ ഈ സഭയുടെ ഭാഗമാകുന്നു എന്ന് വേദപുസ്തകത്തിൽ നാം കാണുന്നു (എഫ്യേ 3:21; എബ്രായർ 12:23).

വേദപുസ്തകത്തിലെ പല വാക്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് എല്ലാ പ്രാദേശിക സഭകളും അടങ്ങിയ ക്രിസ്തുവിന്റെ ശരീരമാകുന്ന ഒരു മണവാട്ടി സഭ ഉണ്ടെന്നതു തന്നെയാണ്.

സർവത്രീക സഭയും യിസ്രായേലും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഒന്നാമത്തേത് ആരംഭത്തിലുള്ള വ്യത്യാസമാണ്. സാർവത്രീക സഭയുടേയും യിസ്രായേലിന്റേയും ആരംഭം വ്യത്യസ്തമാകുന്നു. യിസ്രായേലിനു രണ്ടു തരത്തിലുള്ള ആരംഭം ഉണ്ട്. യിസ്രായേൽ എന്ന ജനത ആരംഭിക്കുന്നത് [വർഗ്ഗ ആരംഭം] അബ്രഹാമിൽ നിന്നാണ്. എന്നാൽ യിസ്രായേൽ എന്ന രാഷ്ട്രത്തിന്റെ ആരംഭം [രാഷ്ട്രീയ ആരംഭം] സീനായ് പർവ്വതത്തിൽ വെച്ച്  ന്യായപ്രമാണം അവർക്ക് കൊടുക്കുന്നതിൽ നിന്നാണ്.  ഒരു ആത്മീയ സത്ത എന്ന നിലയിൽ സഭ ആരംഭിക്കുന്നത് പെന്തക്കോസ്ത് നാളുമുതൽക്കാണ്.

രണ്ടാമത്തേത് സഭയുടേയും യിസ്രായേലിന്റേയും അവസാനവും വ്യത്യസ്തമാണ്. സഹസ്രാബ്ദ വാഴ്ചയിലും നിത്യതയിലും രാജ്യങ്ങളുടെ നേതാവ് എന്ന നിലയിൽ യിസ്രായേൽ പ്രവർത്തിക്കും. യെശ. 61:4-5, വെളി. 21:24; 22:2. എന്നാൽ സഭ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ക്രിസ്തുവിനോടുള്ള വിവാഹത്തിനു ശേഷം സഹസ്രാബ്ദ വാഴ്ചയിൽ ക്രിസ്തുവിനോടുകൂടെ സഹ-ഭരണാധികാരികളായി ഭരിക്കും. വെളി. 3:21.

സഭ പെന്തകോസ്ത് നാളിലാണ് ആരംഭിച്ചത് എന്നു എങ്ങിനെയാണ് തെളിയിക്കാൻ കഴിയുക?

ഒന്നാമതായി ക്രിസ്തുവിന്റെ ശരീരമായ സാർവത്രീക സഭ പണിയപ്പെടുന്നതു പരിശുദ്ധാത്മ സ്നാനത്തിൽക്കൂടിയാണ്. അത് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട് (1 കൊരി 12:13). ആദ്യമായി പരിശുദ്ധാത്മ സ്നാനം നടന്നതു എപ്പോഴാണ് എന്ന് നോക്കാം.

 1. യോഹന്നാൻ സ്നാപകൻ പരിശുദ്ധാത്മ സ്നാനം ഭാവിയിൽ നടക്കുവാൻ പോകുന്ന ഒരു കാര്യമായിട്ടാണ് പറയുന്നത്. മത്തായി 3:11
 2. അതിനുശേഷം അധികം താമസിയതെ പെന്തക്കോസ്തു നാളിൽ ആത്മ സ്നാനം നടക്കും എന്നു ക്രിസ്തു പറഞ്ഞു. അ. പ്ര. 1:5
 3. പിന്നീട് പെന്തക്കോസ്ത് നാളിൽ നടന്നത് ആത്മ സ്നാനമാണെന്ന് പത്രൊസ് ഓർക്കുന്നതും നമുക്ക് കാണുവാൻ സാധിക്കും. അ. പ്ര. 11: 16-16.

ഈ മൂന്ന് വസ്തുതകളാണ് ആത്മസ്നാനം പെന്തകോസ്ത് നാളിൽ ആണ് ആദ്യമായി നടന്നത് എന്നതിന്റെ തെളിവ്.

രണ്ടാമതായി സഭ ഒരു മർമ്മമായിരുന്നു എന്ന വസ്തുത മുൻ കാലങ്ങളിൽ ഇതു അറിയപ്പെടാതെ കിടന്നു എന്നതിന്റെ ഒരു സൂചകം ആണ്.  എഫേ. 3: 3-6, 9.

മുന്നമതായി, സഭ സ്ഥാപിക്കുന്നതിന് ക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തി പൂർണ്ണമാകേണ്ടത് അത്യാവശ്യമായിരുന്നു.

 • “പുതിയ മനുഷ്യൻ” (സഭ) ഉണ്ടാകുവാനായിട്ട് യെഹൂദന്മാരുടേയും ജാതികളുടേയും ഇടയിലുള്ള വേർപാടിന്റെ നടുച്ചുവർ ഇടിച്ചു കളയാൻ ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു.
 • സഭയിൽ പരിശുദ്ധാത്മാവിന്റെ പുതിയ പ്രവർത്തനത്തിന് ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു (യോഹന്നാൻ 16:7; അ. പ്ര. 2: 33).
 • സഭയുടെ അനുഷ്ഠാനങ്ങൾക്ക് (സ്നാനവും കർതൃമേശയും) എന്തെങ്കിലും അർത്ഥം ഉണ്ടാകണമെങ്കിൽ ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു.
 • ക്രിസ്തു സഭയുടെ തലയാകണമെങ്കിൽ താൻ സ്വർഗ്ഗാരോഹണം ചെയ്ത് ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കേണ്ടത് അത്യാവശ്യമാണ് (എഫ്യേ 1:20-23).
 • സഭക്ക് പ്രവർത്തിക്കുവാനുള്ള വരങ്ങൾ കൊടുക്കണമെങ്കിലും ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം അത്യാവശ്യമാണ് (എഫ്യേ. 4:4-12).

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ തന്റെ മരണത്തിനു ശേഷം പെന്തക്കോസ്ത് നാളിൽ വെച്ചാണ് ആരംഭിച്ചത് എന്നുള്ളതിന്റെ വേദപുസ്തക തെളിവുകളാണ് ഇത്.

എന്താണ് പ്രാദേശിക സഭ?

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുഴുകൽ സ്നാനം ഏറ്റവരും; ആരാധനക്കും പഠനത്തിനും, അനുഷ്ഠാനങ്ങൾ ആചരിക്കുന്നതിനും, വിശ്വാസത്തിനും ജീവിതത്തിനുള്ള നിയമമായി തന്റെ വചനത്തെ അംഗീകരിച്ചവരുമായ വീണ്ടുംജനിക്കപ്പെട്ടവരുടെ ഒരു കൂട്ടമാണ് പ്രാദേശിക സഭ.

പ്രദേശിക സഭയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

 1. വേദപുസ്തക പ്രകാരമുള്ള ഒരു പ്രദേശിക സഭയിൽ രക്ഷിക്കപ്പെട്ടവർ മാത്രമേ അംഗമായിരിക്കുവാൻ സാധിക്കുകയുള്ളു. അ. പ്ര. 2:41, 2: 47
 2. മുഴുകൽ സ്നാനം ഏറ്റവരായിരിക്കണം. അ. പ്ര. 2:41, മത്തായി 28:19-20
 3. വിശ്വാസത്തിന്റേയും പ്രവർത്തികളുടേയും അടിസ്ഥാനമായി വേദപുസ്തകം മാത്രം ഏടുത്തുകൊണ്ട് എല്ലാവരും അംഗീകരിക്കുന്ന ഒരു ഉപദേശ സംഹിത ഉണ്ടായിരിക്കണം. അ. പ്ര. 2:42
 4. രണ്ടു അനുഷ്ഠാനങ്ങൾ ആചരിക്കണം. അ. പ്ര. 2: 41-42.
 5. സ്വതന്ത്ര ഭരണാവകാശം ഉണ്ടായിരിക്കണം (പിന്നീട് വിശദീകരിക്കുന്നതാ യിരിക്കും)
 6. വേദപുസ്തക പദവികളാൽ സഘടിപ്പിക്കപ്പെട്ടതായിരിക്കണം. 1 തിമൊ. 3:1-13.
 7. തീരുമാനിച്ചുറപ്പിക്കപ്പെട്ട സമയങ്ങളിൽ തുടർച്ചയായി സംഗമിക്കണം. അ. പ്ര. 20:7, 1 കൊരി. 16:2

പ്രദേശിക സഭ എപ്പോഴാണ്  ആരംഭിച്ചത്?

സാർവത്രീക സഭ ആരംഭിച്ചതുപോലെ, പെന്തക്കോസ്ത് നാളിൽ തന്നെയാണ് പ്രാദേശിക സഭ ആരംഭിച്ചത്. അന്ന് 3000 പേർ രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആദ്യ പ്രാദേശിക സഭയായ യെരുശലേം സഭയിലേക്ക് ചേർന്നു. (അ. പ്ര. 2:41-47).

ഒരു പ്രാദേശിക സഭയിൽ അംഗത്വത്തിനു ആവശ്യമായ ഘടകങ്ങൾ എന്തെല്ലാം?

 1. വീണ്ടും ജനനം, അ. പ്ര. 2:41, 47, 4:4, 5:41, 11:23, 20:28
 2. മുഴുകൽ സ്നാനം, അ. പ്ര. 2:41
 3. ക്രിസ്തീയ പെരുമാറ്റം, 1 കൊരി. 5
 4. സഭയുടെ അംഗീകാരം. സഭയുടെ അംഗീകാരത്താൽ മാത്രമേ ഒരു വ്യക്തിക്ക് അംഗത്വം കൊടുക്കുവാൻ കഴിയുകയുള്ളൂ. റോമർ 14:1, മത്തായി 18:18, 1 കൊരി. 5: 9-13, 2 തെസ്സ. 2:6,14.

എന്താണ് സ്നാനം?

വിശ്വാസിയുടെ ക്രിസ്തുവുമായിട്ടുള്ള ഐക്യതയുടെ അടയാളവും, പരസ്യമായ സാക്ഷ്യവും പ്രദേശിക സഭയോട് ചേരുന്നതിന്റെ പ്രാഥമിക നടപടിയുമാണ് സ്നാനം.

റോമർ 6:4-5, ഗലാത്യർ 3: 26-27, കൊലോസ്യർ 2:12-13, 1 കൊരി. 12:13, ഗലാത്യർ 3:28, അ. പ്ര. 2:41, കൊലോ. 2: 11-12

സ്നാന ശുശ്രൂഷയുടെ മേൽനോട്ടം ആർക്കാണ്?

സ്നാനപ്പെടുത്തുവാനുള്ള അധികാരം ഉള്ളത് പ്രാദേശിക സഭക്കു മാത്രമാണ്. ഇത് കേവലം ക്രിസ്തീയ അനുഷ്ഠാനമല്ല, മറിച്ച് സഭയുടെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ്. പ്രാദേശിക സഭയൊഴികെ, വ്യക്തികൾക്കോ ഒരു സ്ഥപനത്തിനോ, സംഘടനക്കോ സ്നാനം നൽകുവാൻ അധികാരമില്ല.

സ്നാനപ്പെടുത്താനുള്ള നടപടികൾ എന്തൊക്കെയാണ്?

ഒരു വിശ്വാസി രക്ഷിക്കപ്പെട്ടവനാണെന്നു പറയുമ്പോൾ അത് പരിശോധിക്കേണ്ട കടമ സഭക്കാണുള്ളത്. സുവിശേഷത്തെക്കുറിച്ച് നല്ലപോലെയുള്ള ഗ്രാഹ്യം സ്നാനാർത്ഥിക്ക് ആവശ്യാമാണ്. ദൈവവചനം അനുസരിച്ച് ജീവിക്കുവാനുള്ള സന്നദ്ധതയും സ്നാനാർത്ഥി പ്രകടിപ്പിക്കേണ്ടതാണ്

സ്നാനം നടത്തേണ്ടത് ആരാണ്?

ഒരു പ്രാദേശിക സഭക്ക് സ്നാനം നടത്തുവാൻ  ആരേയും നിയോഗിക്കുവാനുള്ള അധികാരം ഉണ്ട്. സധാരണയായി സ്നാനം നടത്തുന്ന സഭയിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് സ്നാനം നടത്താറുള്ളത്. ആ വ്യക്തിയുടെ അഭാവത്തിൽ നിയമാനുസൃതമായി സഭ നിശ്ചയിക്കുന്ന മറ്റു വ്യക്തികൾക്ക് സ്നാനം നടത്തുവാനുള്ള അവകാശം ഉണ്ട്. ഉടനെ തന്നെ സ്നാനപെട്ടയാളെ സഭാംഗത്വത്തിലേക്ക് സ്വീകരിക്കേണ്ടതുണ്ട്.

മറ്റു സഭകളിൽ സ്നാനപ്പെട്ടവരെ എങ്ങിനെ അംഗത്വത്തിലേക്ക് സ്വീകരിക്കാം?

തിരുവചനപ്രകാരം മറ്റുസഭകളിൽ സ്നാനപ്പെട്ടവരാണെങ്കിൽ ആ സഭയിൽ നിന്നുള്ള ഒരു കത്തുമൂലം വ്യക്തിക്ക് അംഗത്വം കൊടുക്കാം. (റോമർ 14:2; 15:7; 16:2, അ. പ്ര. 15:23, 30).

ചില സാഹചര്യങ്ങളിൽ, ഒരു വിശ്വാസിയുടെ വീണ്ടുംജനനത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചുമുള്ള വിശ്വസനീയമായ സാക്ഷ്യത്താലും ആ വ്യക്തിക്കു അംഗത്വം കൊടുക്കാം.

അംഗീകരിക്കപ്പെട്ട സ്നാനം ഏതാണ്?

വിശ്വാസിയതയുടെ ക്രിസ്തുവിനോടുള്ള ഐക്യതയുടെ അടയാളമായിട്ടുള്ളതായിരിക്കണം. സഭയാൽ നടത്തപ്പെട്ടതാകണം. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിലുള്ള മുഴുകൽ സ്നാനമായിരിക്കണം.

വീണ്ടുംജനനത്തിനും സ്നാനം ആവശ്യമാണോ?

തീർച്ചയായും അല്ല. റോമൻ കത്തോലിക്കർ, ഓർത്തഡോക്സുകാർ, മർത്തോമക്കാർ, ലൂഥറൻകാർ, ചർച്ച് ഓഫ് ക്രൈസ്റ്റുകാർ, ചില പെന്തകോസ്തുകാർ എന്നിവരാണ് സ്നാനത്താലുള്ള വീണ്ടും ജനനത്തിൽ വിശ്വസിക്കുന്നത്. അവർ അതിനുവേണ്ടി ഉപയോഗിക്കുന്ന ചില വാക്യങ്ങൾ മർക്കോസ് 16:16, അ. പ്ര. 2:38, 22:16, 1പത്രൊസ് 3:21 എന്നിവയാണ്. ഈ ഉപദേശത്തിന്റെ ന്യൂനത എന്തൊക്കെയാണ്?

രക്ഷക്ക് സ്നാനം ആവശ്യമാണെങ്കിൽ മരിച്ചുപോയ അനേക ശിശുക്കൾ ഇപ്പോൾ നരകത്തിൽ ആയിരിക്കും.

രക്ഷക്ക് സ്നാനം ആവശ്യമാണെങ്കിൽ വേദപുസ്തകത്തിൽ എവിടെയൊക്കെ സുവിശേഷം പറയുന്നുവോ അവിടെയൊക്കെ സ്നാനത്തിനും ഊന്നൽ കൊടുക്കേണ്ടതായിരുന്നു. ഉദാഹരണത്തിനു അ. പ്ര. 2:38ൽ തന്റെ പ്രസംഗത്തിൽ പത്രോസ് സ്നാനം ഉൾപ്പെടുത്തിയപ്പോൾ ശലോമോന്റെ മണ്ഡപത്തിലുള്ള പ്രസംഗത്തിൽ സ്നാനം ഉൾപ്പെടുത്തിയിട്ടില്ല (അ. പ്ര 3:12-26). 1 കൊരിന്ത്യർ 15: 1-4ൽ സുവിശേഷത്തിന്റെ രത്ന ചുരുക്കം നൽകുമ്പോൾ സ്നാനത്തെക്കുറിച്ച് പറഞ്ഞില്ല.

1 കൊരിന്ത്യർ 1:17 ൽ “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു” എന്ന് പൗലോസ് പറയുമ്പോൾ സുവിശേഷത്തിൽ നിന്നും സ്നാനത്തെ മാറ്റി നിർത്തിയാണ് സംസാരിക്കുന്നത്.

പാപിയായ സ് ത്രീ (ലൂക്കൊസ് 7:37-50), പക്ഷവാതക്കാരൻ (മത്തായി 9:2), ചുങ്കക്കാരൻ (ലൂക്കൊസ്18:13-14), ക്രൂശിലെ കള്ളൻ (ലൂക്കൊസ് 23: 39-43) എന്നിവരൊക്കേയും സ്നാനപ്പെടാതെ തന്നെ രക്ഷപ്രാപിച്ചവരാണ്.

സ്നാനപ്പെടുന്നതിന്റെ മുമ്പ് തന്നെ രക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള ചില തെളിവ് വേദപുസ്തകം തരുന്നുണ്ട്. പത്രൊസ് പ്രസംഗിച്ചപ്പോൾ കൊർന്നല്യോസും കൂട്ടാളികളും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും അന്യഭാഷകളിൽ സംസാരിക്കുകയും ചെയ്തു. അതിനുശേഷമുള്ള പത്രൊസിന്റെ മറുപടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. “നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.”( അ. പ്ര. 10:47). രക്ഷിക്കപ്പെടാതെ ആരെങ്കിലും ആത്മാവ് പ്രാപിക്കുമോ?

രക്ഷ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലുള്ള വിശ്വാസത്താൽ മാത്രം എന്ന തിരുവെഴുത്തിലെ മഹത്തായ ഉപദേശത്തെ ഇകഴ്ത്തുന്നതുമാണ് ഈ ഉപദേശം. പാപമോചനത്തിനു ക്രൂശുമരണം മാത്രം പോര, മനുഷ്യൻ വെള്ളത്തിൽ മുങ്ങി അല്ലെങ്കിൽ തളിച്ച് പാപം മായിച്ചുകളയണം എന്നാണ് ഈ ഉപദേശം പഠിപ്പിക്കുന്നത്.

മുകളിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾ സ്നാനം എന്ന വലിയ അനുഷ്ഠാനത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കാൻ വേണ്ടിയിട്ടുള്ളതല്ല. പുതിയ നിയമത്തിൽ സ്നാനത്തിന് വളരെ വലിയ പ്രാധാന്യം ഉണ്ട്. ക്രിസ്തു സഭക്ക് ഏൽപ്പിച്ചുകൊടുത്ത മഹാദൗത്യത്തിന്റെ (മത്തായി 28:18-20) ഭാഗമാണ് സ്നാനം.

സഭയുടെ ആരംഭത്തിൽ യെഹൂദന്മാരുടെ ഇടയിൽ ഒരു വ്യക്തിക്കുള്ള മശിഹയിലുള്ള വിശ്വാസം പ്രദർശിപ്പിച്ചിരുന്നത് സ്നാനത്തിൽകൂടെയാണ്. ഒരുവൻ സ്നാനപ്പെട്ട് സഭയോട് ചേരാതിരുന്നാൽ അവനെ ഒരിക്കലും ഒരു വിശ്വാസിയായി കണക്കുകൂട്ടിയിരുന്നില്ല. അതുകൊണ്ടാണ് പുതിയ നിയമത്തിൽ പലയിടത്തും വിശ്വാസവും സ്നാനവും അല്ലെങ്കിൽ മാനസാന്തരവും സ്നാനവും ചേർത്ത് പറഞ്ഞത്. പാപമോചനം എല്ലാകാലത്തും വിശ്വാസത്താലും മാനസാന്തരത്താലുമാകുന്നു. സ്നാനം അതിന്റെ ഒരു പ്രദർശനമായിരുന്നു. പാപ മോചനത്തിനുവേണ്ടിയല്ല സ്നാനം, മറിച്ച് വിശ്വസിച്ച് പാപമോചനം പ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്നാനപ്പെടുന്നത്. അതുകൊണ്ട് പാപമോചനം പ്രാപിച്ചതിന്റെ ഒരു തെളിവാണ് സ്നാനം.

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിലല്ല സ്നാനപ്പെടുത്തേണ്ടത്, യേശുവിന്റെ നാമത്തിലാണ് സ്നാനപ്പെടുത്തേണ്ടത്. അപ്പോസ്തലന്മാരെല്ലാം യേശുവിന്റെ നാമത്തിലാണ് സ്നാനപ്പെടുത്തിയത്. അതുകൊണ്ട് യേശുനാമത്തിലുള്ള സ്നാനമാണ് ശരിയായ സ്നാനം എന്ന് ചിലർ പഠിപ്പിക്കുന്നു. അതിനുള്ള മറുപടി എന്താണ്?

വേദപുസ്തകത്തിലെ ആശയങ്ങളെ ശരിയായി വിലയിരുത്താതെ വചനം വായിക്കുകയാണെങ്കിൽ യേശുവിന്റെ നാമത്തിലെ സ്നാനം ശരിയാണ് എന്നൊക്കെ തോന്നിയേക്കം. അപ്പോസ്തല പ്രവർത്തികളുടെ പുസ്തകത്തിലെ ഈ വാക്യങ്ങൾ ശ്രദ്ധിക്കുക:

അ. പ്ര. 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

അ. പ്ര 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.

അ. പ്ര. 10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.

അ. പ്ര. 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.

ഈ വാക്യങ്ങളൊക്കെ വായിക്കുമ്പോൾ പെട്ടന്ന് അങ്ങിനെ തോന്നിയേക്കാം. എന്നാൽ ആരാണ് ഇത് പഠിപ്പിക്കുന്നത് എന്ന് ആദ്യം നോക്കേണ്ടതായിട്ടുണ്ട്.

ലോകത്തിലുള്ള ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും യേശുവിന്റെ നാമത്തിൽ അല്ല സ്നാനപ്പെടുത്തുന്നത്. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിലാണ്. യേശുവിന്റെ നാമത്തിൽ സ്നാനപ്പെടുത്തുന്നത് ത്രിത്വത്തിൽ വിശ്വസിക്കാത്ത പെന്തകോസ്തുകാരാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തികൾ ഇല്ല. ഒരു വ്യക്തി മൂന്ന് രൂപത്തിൽ വന്നു എന്ന ആശയമാണ് അവർ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് യെഹോവ സാക്ഷികളെപോലെ അവരും ദുരുപദേശകരുടെ (കൾട്ട്സ്) പട്ടികയിൽ വന്നത്.

“യേശുവിന്റെ നാമത്തിൽ” എന്നതിന്റെ അർത്ഥം എന്താണ്? യേശുവിന്റെ അധികാരത്തിൽ എന്നാണ് അതിന്റെ അർത്ഥം. അപ്പോസ്തല പ്രവർത്തികളിലെ ചില വാക്യങ്ങൾ ശ്രദ്ധിക്കുക:

അ. പ്ര. 3:6 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

അ. പ്ര. 4:7-10- ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും 10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.

അ. പ്ര. 9: 27 ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടു ചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.

അ. പ്ര. 16:18 ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.

ഈ വാക്യങ്ങളിൽ നിന്നും പ്രാധാനമായി മനസ്സിലാക്കേണ്ട വസ്തുത യേശുവിന്റെ നാമത്തിൽ എന്നുള്ളത് സ്നാനത്തിനുള്ള ഒരു “ഫോർമുല” അല്ല, മറിച്ച് യേശുവിന്റെ അധികാരത്തിൽ കാര്യങ്ങൾ ചെയ്യുക എന്നാണ് അർത്ഥം.

യെഹൂദന്മാർ പ്രധാനമായും നിരീശ്വരവാദികൊളൊന്നുമായിരുന്നില്ലല്ലോ. അവർ ദൈവത്തിൽ വിശ്വസിച്ചിരുന്നു. യാഹ് വെയിൽ വിശ്വസിച്ചിരുന്നു. യേശു മശിഹ ആണെന്ന് അവർക്ക് ഒരിക്കലും അംഗീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അപ്പോസ്തലന്മാർ എപ്പോഴും യേശുവിന്റെ നാമത്തെക്കുറിച്ച് പറഞ്ഞിരുന്നു. മശിഹയുടെ അധികാരത്തിലാണ് ഞങ്ങൾ ചെയ്യുന്നത്, മശിഹയുടെ അധികാരത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത് എന്ന് അവർ പ്രഖ്യാപിച്ചു.

“യേശുവിന്റെ നാമത്തിൽ” എന്നത് സ്നാനത്തിനുള്ള ഒരു ഫോർമുല അല്ല എന്ന് പറയാനുള്ള വേറെ ഒരു കാര്യവും കൂടെയുണ്ട്. “ഇൽ” (നാമത്തിൽ- IN in English) എന്ന ഉപസർഗ്ഗത്തിന് (prepositions) മൂന്ന് വ്യത്യസ്ത ഉപസർഗ്ഗങ്ങൾ ആണ് മൂല ഭാഷയിൽ അ. പ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ളത്. Ejpiv-എപി (2:38),  ejn-എൻ (10:48), eij”-എയ്സ് (8:16; 19:5). സ്നാനത്തിനുള്ള ഒരു ഫോർമുല ആയിരുന്നു എങ്കിൽ ഒരേ ഉപസർഗ്ഗം തന്നെ ഉപയോഗിക്കണമായിരുന്നു.

ശരിയായ സ്നാനപ്പെടുത്തേണ്ടത് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിലാണ്. യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. മത്തായി 28:18-21.

എന്താണ് കർതൃമേശ?

ക്രിസ്തുവിന്റെ മരണത്തേയും സഭയുടെ ഐക്യതയേയും വിളംബരം ചെയ്യുന്ന ഒരു ശുശ്രൂഷയാണ് കർതൃമേശ. സ്നാനം ക്രിസ്തുവിനോടും തന്റെ സഭയോടുമുള്ള വിശ്വാസിയുടെ ഐക്യത ആഘോഷിക്കുന്ന ഒരു പ്രവേശനാനുഷ്ഠാനമാണെങ്കിൽ കർതൃമേശ ഈ ഐക്യത യുടെ ആഘോഷത്തിന്റെ തുടർച്ചയും, ഒരു വിശ്വാസിയുടെ തുടർച്ചയായ സ്വയം ശോധനയെ കാണിക്കുന്ന അനുഷ്ഠാനവുമാണ്.

ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് ഓർക്കുവാൻ വേണ്ടി മാത്രമാണോ കർതൃമേശ?

കർതൃമേശയിൽ ക്രിസ്തുവിന്റെ മരണത്തെ (തകർക്കപ്പെട്ട ശരീരവും ഒഴുക്കപ്പെട്ട രക്തവും ക്രിസ്തുവിന്റെ മരണത്തെ കാണിക്കുന്നു) ഓർക്കുന്നു എന്നുള്ളത് സത്യം തന്നെയാണ് (മത്തായി 26:26, 1 കൊരി 10: 16, 11:24-26). എന്നാൽ അത് മാത്രമല്ല, കർതൃമേശയുടെ ഉദ്ദേശം. സഭയുടെ ഐക്യതയുടെ അടയാളം കൂടിയാണ്. കൊരിന്തു സഭക്കുണ്ടായ കുഴപ്പം അതായിരുന്നു (1 കൊരി 11:17-34). കൂടിവന്നിട്ടുള്ള സഭയുമായി ഒരേസമയത്തുള്ള സംസർഗ്ഗം ഒരു വിശ്വാസിക്ക് ഉണ്ടാകുന്നില്ലാ എങ്കിൽ ന്യായമായി ക്രിസ്തുവുമായിട്ടുള്ള സംസർഗ്ഗവും അവനുണ്ടാകുന്നില്ല എന്നതാണ് പൗലോസ് അവിടെ പറഞ്ഞത്. അതുകൊണ്ടാണ് സ്വയം പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത് (വാക്യം. 28). സ്വയം പരിശോധന മാത്രമല്ല, സഭ മുഴുവനായും തങ്ങളെ തന്നെ പരിശോധിക്കണം. ഈ സമചിത്തതയോടുള്ള പരിശോധന ചിലപ്പോൾ കർതൃമേശക്കു മുമ്പായി തന്നെ അച്ചടക്ക നടപടിയിലേക്കും നയിക്കാറുണ്ട് (1 കൊരി. 5:11). അതുകൊണ്ട് കർതൃമേശ ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് ഓർക്കുവാൻ വേണ്ടി മാത്രമല്ല, സഭയുടെ ഐക്യതയും വിശുദ്ധിയും സംരക്ഷിക്കുവാൻ കൂടിയുള്ളതാണ്.

“എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ” എന്നതിന്റെ അർത്ഥം എന്താണ്?

ഇത് കേവലം ഓർത്ത് നോക്കുന്നതല്ല. പഴയനിയമത്തിൽ “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക” എന്നു പറയുന്നുണ്ട്. ഇംഗ്ലീഷിൽ “remember the Sabbath day” എന്നാണ്. “നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ” എന്ന് എബ്രായർ 13:3 ൽ പറയുന്നു. “എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ” എന്ന് കൊലോസ്സ്യർ 4:18 ൽ പൗലോസ് പറയുന്നു.  ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ക്രിസ്തുവുമായി നമുക്ക് താദാത്മ്യം പ്രാപിക്കുവാൻ കൊടുക്കേണ്ടി വന്ന വിലയും ആ താദാത്മ്യത്തിന്റെ വെളിച്ചത്തിലുള്ള നമ്മുടെ ഉത്തരവാദിത്വവും നമ്മളെ തന്നെ ഓർപ്പിച്ച് ക്രിസ്തുവുമായി നമ്മുടെ സംസ്സർഗ്ഗം പുതുക്കുന്നതാണ് ഓർക്കുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

കർതൃമേശയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്?

സഭാചരിത്രത്തിൽ കർതൃമേശയെക്കുറിച്ച് നാല് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നമുക്ക് കാണുവാൻ കഴിയും.

 1. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ഭൗതീകശരീരവും രക്തവും ആകുന്നു. ഇതിനെ വസ്തുമാറ്റോപദേശം എന്നാണ് പറയുന്നത് (Transubstantiation).
 1. അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ശരീരവും രക്തവും അടങ്ങിയിരിക്കുന്നു. ഇതിനെ സാന്നിദ്ധ്യോപദേശം എന്നാണ് പറയുന്നത് (Consubstantiation).
 1. അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മീയമായി അടങ്ങിയിരിക്കുന്നു. ഇതിനെ ആത്മീയ സാന്നിദ്ധ്യോപദേശം എന്നാണ് പറയുന്നത് (Dynamic View).
 1. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തേയും രക്തത്തേയും പ്രതിനിധീകരിക്കുന്നു. ഇതിനെ പ്രതീകാത്മകോപദേശം എന്നാണ് പറയുന്നത് (Symbolic View).

കർതൃമേശയുടെ മേൽനോട്ടം ആർക്കാണ്?

സ്നാനത്തിൽ എന്ന പോലെ കർതൃമേശയും സഭയുടെ അനുഷ്ഠാനമായിരിക്കുന്നതുകൊണ്ട് സഭയിൽ മാത്രം നടത്തേണ്ടതാണ്. അ. പ്ര. 2: 42-44; 20:7; 1 കൊരി. 11:33. സഭ ഒരുമിച്ച് എവിടെ കൂടിവരുന്നോ അവിടെയാണ് ഇത് അനുഷ്ഠിക്കേണ്ടത്. സംഘടനകൾക്കോ, കോളേജുകൾക്കോ, വ്യക്തികൾക്ക് സ്വന്തമായോ ഇത് അനുഷ്ഠിക്കാനുള്ള അധികാരമില്ല. “നിങ്ങൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നത്” എന്ന് പൗലോസ് കൊരിന്തിലുള്ളവരോട് പറയുമ്പോൾ സഭ എല്ലാവരും ഒരുമിച്ചു കൂടിവരാതെ ഓരോരുത്തരു കഴിച്ചതുകൊണ്ടാണ്. അച്ചടക്ക നടപടികളും കർതൃമേശയോട് ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് ഇത് ഒരു സഭയുടെ നേത്രത്വത്തിൽ മാത്രം നടക്കേണ്ടതാണ്.

കർതൃമേശ അനുഷ്ഠിക്കാനുള്ള നടപടിക്രമങ്ങൾ

സ്നാനം ഒരിക്കലായ നടത്തുമ്പോൾ കർത്താവ് വരുന്നതുവരെ കർതൃമേശ തുടർച്ചയായി നടത്തേണ്ടതാണ്. എപ്പോളെല്ലാം നടത്തണം എന്നു പ്രത്യേക നിയമമൊന്നുമില്ലെങ്കിലും തുടർച്ചയായി നടത്തണം എന്നു തിരുവെഴുത്ത് പറയുന്നു. (1 കൊരി 11: 26, അ. പ്ര. 20:7). സഭയുടെ ആരംഭ നാളുകളിൽ സഭ വിവിധ ഭവനങ്ങളിൽ ഒരുമിച്ചു കൂടുകയും അപ്പം നുറുക്കുകയും (കർതൃമേശ) ചെയ്തു പോന്നതിന്റെ സൂചനകളാണ് വേദപുസ്തകത്തിൽ കാണുന്നുത് (അ. പ്ര. 2:46). സഭകൾ വിവിധ ദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടപ്പോൾ അത് ആഴ്ചയിൽ ഒരിക്കലായി എന്ന നാം അനുമാനിക്കേണ്ടതായിട്ടുണ്ട്. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ” എന്ന് നാം അ. പ്ര 20:7ൽ വായിക്കുന്നു. എല്ലാ ആഴ്ചയിലും ആദ്യത്തെ ദിവസം അവർ  അപ്പം നുറുക്കുവാൻ കൂടിവന്നു എന്നതിന്റെ സൂചനയൊന്നും നാം കാണുന്നില്ല. വേണമെങ്കിൽ അങ്ങിനെ അനുമാനിക്കാം.  എല്ലാ ആഴ്ചയിലും ഒന്നാം ദിവസം അപ്പം നുറുക്കാൻ കൂടി വരണം എന്നൊന്നും വേദപുസ്തകത്തിൽ പറയുന്നില്ല.  എന്നാൽ സ്തോത്രകാഴ്ചയോടുള്ള ബന്ധത്തിൽ “ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും” പൈസ ശേഖരിക്കുന്നതിനെക്കുറിച്ച് പൗലോസ് പറയുന്നുണ്ട് (1 കൊരി 16:2) ‘കൂടിവരുമ്പോഴൊക്കേയും എന്റെ ഓർമ്മക്കായി ചെയ്യണം’ എന്ന് ചിലർ പറയാറുണ്ട്. അങ്ങിനെ വേദപുസ്തകം പറയുന്നില്ല. “ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ” എന്നാണ് വേദപുസ്തകം പറയുന്നത്. എല്ലാ ആഴ്ചയിലും കർതൃമേശ വേണോ എന്നുള്ളതൊക്കെ സഭക്കു തീരുമാനിക്കാം. ദൈവത്തെ ആരാധിക്കാനുള്ള ഒരു മാദ്ധ്യമം എന്ന നിലയിൽ എല്ലാ ആഴ്ചയും നടത്തുന്നതിനോടാണ് എനിക്ക് താൽപര്യം.

ഇത് എപ്പോഴെല്ലാം നടത്തണം എന്നു തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അത് എങ്ങിനെ നടത്തണം എന്നുള്ളതിനു് തീരുമാനം ഉണ്ടാകണം. പൊതുവിൽ സഭയിലെ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരാണോ (അദ്ധ്യക്ഷൻ-ബിഷപ്പ്) അവരുടെ നേതൃത്വത്തിൽ തന്നെയാണ് കർതൃമേശയും നടക്കേണ്ടത്. സഭയിൽ എല്ലാവരും സമരാണ്. അതുകൊണ്ട് സഭയിലുള്ള ഓരോരുത്തർക്കും കർതൃമേശക്ക് നേതൃത്വം കൊടുക്കാൻ അവകാശവും അധികാരവുമുണ്ട് എന്ന് ചിലർ വാദിക്കാറുണ്ട്. അതിന്റെ പേരിൽ എന്തെല്ലാം പ്രശ്നങ്ങൾ സഭയിൽ വ്യക്തികൾ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കാൻ കഴിയുന്നതല്ല. പ്രാദേശിക സഭയിൽ നേതൃത്വത്തെ കർത്താവ് ആക്കിവെച്ചിട്ടുള്ളത് സഭയിലെ ശുശ്രൂഷകൾ ചന്തവും ഉചിതവുമായി നടത്തുന്നതിനായിട്ടാണ്. കത്തോലിക്ക സഭയിലുള്ളതുപോലെ പ്രത്യേക പൗരോഹിത്യ ശുശ്രൂഷ പുതിയ നിയമ സഭയിൽ ഇല്ല. എല്ലാവരും പുരോഹിതന്മാരാണ്. അതുകൊണ്ട് എല്ലാവർക്കും അപ്പം നുറുക്കുവാനുള്ള അവകാശം ഉണ്ട് എന്ന ഒരു ചിന്താഗതിയും നിലവിൽ ഉണ്ട്. പക്ഷെ അങ്ങിനെ വാദിക്കുന്നവർ സ്ത്രീകൾക്കും ഈ പൗരോഹിത്യം ഉണ്ടെന്നുള്ളത് മനപൂർവ്വം വിസ്മരിക്കുന്നു. വിശ്വാസികളുടെ പൗരോഹിത്വം അപ്പം നുറുക്കുവാനുള്ള അവകാശമാണെന്ന് വാദിക്കുന്നതൊക്കെ ബാലിശമാണ്. സഭയിൽ രണ്ടു നേതൃത്വ പദവികൾ (പാസ്റ്റർ/മൂപ്പന്മാർ- ശുശ്രൂഷകന്മാർ) ഉണ്ട് എന്ന് വിശ്വസിക്കുന്നവർ പൊതുവിൽ തങ്ങളുടെ പാസ്റ്റർ/മൂപ്പന്റെ നേത്രത്വത്തിലാണ് ഈ ശുശ്രൂഷകൾ നടത്താറുള്ളത്. ആത്യന്തികമായി കർതൃമേശക്ക് നേതൃത്വം കൊടുക്കുവാൻ സഭ ആരെ തീരുമാനിക്കുന്നോ അവർ നേതൃത്വം കൊടുക്കണം. ശുശ്രൂഷ നടത്തുന്ന ആൾ കർതൃമേശയിൽ കൂട്ടായ്മക്കുള്ള യോഗ്യതകളെ പ്രത്യേകം അറിയിക്കണം. വീണ്ടും ജനനം, മുഴു കൽ സ്നാനം, ക്രമമുള്ള ജീവിതം എന്നിവയാണ് അവ

അംഗങ്ങളല്ലാത്തവർക്ക് കർതൃമേശ കൊടുക്കുവാൻ കഴിയുമോ?

മൂന്നു തരത്തിലുള്ള കാഴ്ചപ്പാടാണ് ഇതിനോടുള്ള ബന്ധത്തിൽ ഉള്ളത്:

ഒന്നാമത്തേത് തുറന്ന സംസ്സർഗ്ഗം (Open Communion) ആണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ആർക്കും ഇതിൽ പങ്കുകൊള്ളാം. കർതൃമേശയിൽ പങ്കുകൊള്ളുന്നതിനു പ്രത്യേക വ്യവസ്ഥകളോ യോഗ്യതകളോ ആവശ്യമില്ല.

ഇത് വചനത്തിലുള്ള ഒരു രീതിയല്ല. വചനം കൈക്കോണ്ട് സ്നാനപ്പെട്ടവരാണ് (അ. പ്ര 2:41-42) അപ്പം നുറുക്കുവാൻ കൂടിവന്നിട്ടുള്ളത്. സ്നാനപ്പെടാത്ത സഭാംഗങ്ങൾ പുതിയ നിയമത്തിൽ ഇല്ല.

രണ്ടാമത്തേത് അടഞ്ഞ സംസർഗ്ഗമാണ് (Closed Communion). കർതൃമേശ പ്രാദേശിക സഭക്കുള്ള അനുഷ്ഠാനമായിരിക്കുന്നതുകൊണ്ട് സഭയുടെ അധികാരത്തിൻ കീഴിൽ വരുന്ന അംഗങ്ങൾക്ക് മാത്രമേ കർതൃമേശയിൽ പങ്കെടുക്കുവാൻ അവകാശമുള്ളൂ. സഭയിലെ അംഗങ്ങൾക്ക് മാത്രമേ നൽകുകയുള്ളൂ.

ഇതും വചനത്തിലെ രീതികൾ ഈ ചിന്താഗതിക്ക് വിപരീതമാണ്. പൗലോസ് ത്രോവസ്സിലുള്ള സഭയുടെ കർതൃമേശയിൽ പങ്കാളി ആയി എന്ന് അ. പ്ര. 20: 7, 11ൽ നിന്നും മനസ്സിലാക്കാൻ കഴിയും. പത്രൊസ് അന്ത്യോഖ്യാ സഭയിലെ അംഗമായിരുന്നു.

മൂന്നാമത്തേത് അടുത്ത സംസർഗ്ഗമാണ് (Close Communion). കർതൃമേശയിൽ സഭയിലെ അംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കുവാൻ അവകാശമുള്ളൂ എന്ന് വിശ്വസിക്കുന്നു. എങ്കിലും ആ പ്രാദേശിക സഭക്ക് വെളിയിലുള്ളവർ ആ സഭയുടെ ഉപദേശങ്ങൾ അംഗീകരിക്കുന്നു എങ്കിൽ അവർക്കും മേശയിൽ നിന്ന് പങ്കു കൊള്ളുവാൻ സാധിക്കും. ഇവിടെ മറ്റുള്ള സഭകളിൽ നിന്ന് വന്നിട്ടുള്ളവർക്ക് ഇവിടുത്തെ മേശയിൽ പങ്കു കൊള്ളുവാനുള്ള അവകാശമായിട്ടല്ല കാണുന്നത്, മറിച്ച് ഒരു മര്യാദയുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്.  വേദപുസ്തകം പിന്താങ്ങുന്ന കാഴ്ച്ചപ്പാട് ഇതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നത്.

എന്താണ് സഭാശിക്ഷണം?

തെറ്റുചെയ്ത വിശ്വാസിയെ ലജ്ജിപ്പിക്കുന്നതിനും, മാനസാന്തരത്തിലൂടെ സഭയുടെ കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തു ന്നതിനും, പാപപ്രവർത്തികളെ തുടച്ചുമാറ്റിക്കൊണ്ട് സഭയുടെ വിശുദ്ധിയും സാക്ഷ്യവും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് സഭാശിക്ഷണം.

 1. വ്യക്തിപരമായി, തെറ്റുചെയ്തവനെ ലജ്ജിപ്പിക്കുന്നതിനും മാനസാന്തരത്തി ലൂടെ സഭയുടെ കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നതിനുമാണ് സഭശിക്ഷണം നിർവ്വഹിക്കുന്നത്. 1 കൊരി 5:5, മത്താ. 18: 15-18, 2 തെസ്സ. 3:14.
 1. പൊതുവിൽ, പാപപ്രവർത്തികളെ തുടച്ചുമാറ്റിക്കൊണ്ട് സഭയുടെ വിശുദ്ധിയും സാക്ഷ്യവും സംരക്ഷിക്കുന്നതിനുമാണ് സഭാ അച്ചടക്കം നടപ്പിലാക്കുന്നത്. 1 കൊരി. 5:1, 5:6-8, 5:11-13, മത്തായി 18:18.

സഭാശിക്ഷണം നടപ്പിലാക്കുന്ന അവസരങ്ങൾ ഏതെല്ലാം?

 1. രഹസ്യ പാപങ്ങൾ— രഹസ്യമായി അറിയുന്ന പാപങ്ങൾ. മത്തായി 18:15
 1. പരസ്യ പാപങ്ങൾ— മറ്റുള്ളവർക്കെല്ലാം അറിയുന്ന പാപങ്ങൾ. 1 കൊരി 5
 1. വളരെ മോശമായ തെറ്റുകൾ — 1 കൊരി 5
 1. ദുരുപദേശങ്ങൾ — 1 തിമൊ 1:20, ഗലാ 1:6, 2 തെസ്സ 3:6, റോമർ 16:17
 1. വിഭാഗീയത — 1 തിമൊ 6:3-5
 1. ക്രിസ്തീയ ചുമതലകളെ അലക്ഷ്യമായി കാണുക — 2 തെസ്സ്.3:6-14.

സഭാശിക്ഷണത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

രഹസ്യപാപങ്ങൾക്കുള്ള നടപടിക്രമങ്ങൾ. മത്തായി 18:15-17

 1. നേരിട്ട് സംസാരിക്കുക
 2. സാക്ഷികളുമായി സംസാരിക്കുക
 3. സഭയായി സംസാരിക്കുക
 4. സഭയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കുക

പരസ്യമായ പാപങ്ങൾക്കുള്ള നടപടിക്രമങ്ങൾ. 1 കൊരി 5:4–5, 7, 11, 13. പരസ്യമായ തെറ്റുകളെ പരസ്യമായി തന്നെ നേരിടേണ്ടതുണ്ട്.

പാസ്റ്റർമാർ/മൂപ്പന്മാർ എന്നിവരോടും സഭയിലെ മറ്റു നേതാക്കന്മാരോടും വിശ്വാസികൾക്കുള്ള ചുമതലകൾ എന്തൊക്കെയാണ്?

1)സുവിശേഷവേലയിൽ അവർ ഫലമുള്ളവരാകുവാനും (1 തെസ്സ 5:25; എഫേ 6:19; Col 4:3; എബ്രാ 13:18) അകത്തുനിന്നും പുറമേനിന്നുമുള്ള ആക്രമണങ്ങളിൽ നിന്നു മുള്ള സംരക്ഷിക്കപ്പെടുവാനും പ്രാർത്ഥിക്കുക.

2) തങ്ങളുടെ ഔദ്യോഗികമായ എല്ലാ മേഘലകളിലും ഇടയന്മാരെ അനുസരിക്കുക (എബ്രാ 13:17).

3) ദൃശ്യമായ രീതിയിൽ തന്നെ അവരെ മാനിക്കുകയും ആദരിക്കുകയും ദാന ധർമ്മം എന്ന നിലയിലല്ല, മറിച്ച് കൊടുക്കുവാൻ കടമയുള്ളവർ എന്ന നിലയിൽ കൊടുക്കുകയും ചെയ്യുക (1 കൊരി 9:3–14; ഗലാ  6:6; ഫിലി  2:29; 1 തെസ്സ  5:12–13; 1 തിമൊ 5:17).

 1. സജീവമായി പിന്തുണക്കുകയും തന്നെ അപകീർത്തിപ്പെടുത്തുന്നവരെ എതിർക്കുകയും ചെയ്യുക (1 തിമൊ 5:19; 2 തിമൊ 1:16; 4:16; 3 യോഹ. 9, 10).

സഹാവിശ്വാസികളോടുള്ള ചുമതലകൾ എന്തെല്ലാമാണ്?

(1) പരസ്പര ആത്മീയ വർദ്ധനക്കും സൽപ്രവർത്തികൾ ചെയ്യുവാൻ പ്രോൽസാഹിപ്പിക്കുന്നതിനും സഭയായി കൂടിവരിക. (എബ്രാ. 10:24–25; കൊലോ 3:16; 1 തെസ്സ 4:18; 5:11), കർതൃമേശയിൽ പങ്കുകൊള്ളുവാനും ഒരുമിച്ചുകൂടണം (1 കൊരി 11:17–34).

(2) പരസ്പരം അഭിവാദനം ചെയ്യണം (റോമർ 16:16; 1 കൊരി 16:20; 2 കൊരി 13:12; 1 തെസ്സ 5:26)

(3) പരസ്പരം പ്രാർത്ഥിക്കണം (യാക്കോ 5:16).

(4) സഹവിശ്വാസികളെ അവരുടെ ദുഖത്തിലും, സാമ്പത്തിക ബുദ്ധിമുട്ടിലും രോഗത്തിലും പിന്തുണക്കണം (ഗലാ 6:10; 1 യോഹ 4:7–11; യാക്കോ1:27; 2:15–16).

(5) തമ്മിൽ തമ്മിലുള്ള പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സ്നേഹത്താലും (എഫേ 4:2; റോമ 13:8; 14:19; 1 കൊരി 12:25), ബഹുമാനത്താലും (റോമ 12:5, 10), അതിഥിസൽക്കാരത്താലും (റോമ 12:13; 1 പത്രൊ 4:9), ക്ഷമയാലും (എഫേ 4:32), താഴ്മയാലും (റോമ 15:5; ഗലാ 5;13; Eph 5:21) അവ പരിഹരിക്കണം

(6) പാപത്തിൽ അകപ്പെട്ട അംഗത്തിനെ പ്രബോധിപ്പിക്കുകയും യഥാസ്ഥാനപ്പെടു ത്തുകയും ചെയ്യണം (മത്താ 5:23–24; 18:15–18; റോമ 15:14; ഗലാ 6:1–2; 1 തെസ്സ 5:14; എബ്രാ 3:13).

(7) സ്വയയാഗത്താലും പരസ്പര സ്വീകരണത്താലും പ്രാർത്ഥനയാലും ദൂഷണങ്ങളിൽ നിന്നു ഒഴിഞ്ഞുനിന്നുകൊണ്ടും അനൈക്യതയെ തടയണം (റോമ 15:1; 1 കൊരി 13:7; 2 കൊരി 12:20; 2 തെസ്സ 3:11; 1 തിമൊ 5:13; 6:4; യാക്കോ 3:18; 4:11).

സഭാഭരണ രീതികൾ ഏതൊക്കെയാണ്?

പ്രധാനമായും മൂന്ന് തരത്തിലുള്ള ഭരണ രീതികളാണു നിലവിലുള്ളത്: (1) ഏകാ തിപത്യരീതിയിലുള്ള (മൊണാർക്കിയൽ) ഭരണരീതി (2) അൽപ്പജനാധിപത്യരീതിയി ലുള്ള (ഒലിഗാർക്കിക്കൽ) ഭരണരീതി (3) ജനാധിപത്യരീതിയിലുള്ള (ഡെമോക്രാറ്റി ക്കൽ) ഭരണരീതി.

(1) ഏകാതിപത്യരീതിയിലുള്ള (മൊണാർക്കിയൽ) ഭരണരീതി

ആത്യന്തികമായ അധികാരം ഒരുവ്യക്തിയിൽ മാത്രം നിലനിൽക്കുന്നതാണ് മോണാർക്കിയൽ ഭരണരീതി. റോമൻ കത്തോലിക്കരുടെ ഇടയിൽ ഈ രീതി കാണപ്പെടുന്നു. റോമിലെ ബിഷപ്പായ പോപ്പിനാണു ആത്യന്തികമായ അധികാരം ഉള്ളത്. എപ്പിസ്കോപ്പൽ സഭകളിൽ ആർച്ച്ബിഷപ്പാണ് അത്യന്തികമായ അധികാരി. റോമൻ കത്തോലിക്കാ സഭയിൽ ലോകത്താകമാനമുള്ള എല്ലാ സഭയുടെ മേലും പോപ്പിന് അധികാരം ഉള്ളപ്പോൾ എപ്പിസ്കോപ്പൽ സഭകളിൽ ആർച്ച്ബിഷപ്പിനു ഒരു പ്രത്യേക ദേശത്തുള്ള സഭകളുടെ അധികാരമേ ഉള്ളൂ.

(2) അൽപ്പജനാധിപത്യരീതിയിലുള്ള (ഒലിഗാർക്കിക്കൽ) ഭരണരീതി

പ്രധാനമായും പ്രസ്ബിറ്റീരിയൻ സഭയുടെ ഭരണരീതിയാണ് ഇത്. കുറച്ച് മൂപ്പന്മാ രെ തെരഞ്ഞെടുത്ത് ഭരണം മുഴുവനും അവർ തന്നെ നടത്തുന്നു.

(3) ജനാധിപത്യരീതിയിലുള്ള (ഡെമോക്രാറ്റിക്കൽ) ഭരണരീതി.

സമൂഹഭരണരീതി എന്നും ഇതിനെ പറയും. സഭയിലെ എല്ലാ വിശ്വാസികൾക്കും ഭരിക്കുവാൻ തുല്യമായ അധികാരം ഉണ്ട്. തിരുവചനത്തിന്റെ അടിസ്ഥാനത്തി ലുള്ള ഒരു ഭരണരീതിയാണ് ഇത്. അച്ചടക്ക നടപടി എടുക്കുവാനുള്ള അധികാരം സഭക്കാകുന്നു (മത്താ 18:15-17, 1 കൊരി 5:12-13, 2 കൊരി. 2:6).  സഭയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും തിരുവെഴുത്തിൽ സഭയിൽ നിന്നും വെളിയി ലുള്ളവരല്ല, സഭയാണ് എടുത്തിട്ടുള്ളത് (അ. പ്ര. 6:3, 5, 11:22, 15:3, 22, 1 കൊരി. 16:3, and 2 കൊരി.8:19).

പ്രാദേശിക സഭ തങ്ങളുടെ നേതാവിനെ (ഇടയൻ/മൂപ്പൻ) തെരഞ്ഞെടുക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട നേതാവിനു അധികാരങ്ങളും ലഭിക്കുന്നു. താൻ ആ സ്ഥാനത്ത് തുടരുന്നോടത്തോളം കാലമേ തനിക്ക് അധികാരം ഉണ്ടാകുകയുള്ളൂ. വചനവിരുദ്ധ മായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ നേതാവിനെ ആ സ്ഥാനത്തുനിന്നു നീക്കുവാനുള്ള അധികാരവും പ്രദേശിക സഭക്കു തന്നെയാ ണുള്ളത്. പാസ്റ്റർക്ക് ചില പ്രത്യേക അധികാരങ്ങൾ ഉള്ളപ്പോൾ തന്നെ വളരെ പ്രധാനമായ തീരുമാനങ്ങൾ സഭയുടെ സമ്മതത്തോടെ/വോട്ടോടെ മാത്രമേ എടുക്കു വാൻ പാടുള്ളൂ.

ഇതിന്റെ അർത്ഥം സഭ സ്വതന്ത്രമാണ്/സ്വയം ഭരണാവകാശമുള്ളതാകുന്നു എന്നാണ്. സഭക്കു വെളിയിലുള്ള ഒരുവ്യക്തിക്കും സഭയിലെ കാര്യങ്ങളിൽ ഇട പെടുവാനുള്ള അധികാരം ഇല്ല.

സഭയിൽ ജനാധിപത്യം ഉണ്ടെന്നു പറയുമ്പോൾ വിശ്വാസിക്ക് തോന്നുന്ന തീരുമാന ങ്ങളെല്ലാം എടുക്കാൻ കഴിയും എന്നല്ല ഇതിനർത്ഥം. ദൈവവചന വിരുദ്ധമായ ഒരു തീരുമാനവും വിശ്വാസികൾക്ക് എടുക്കുവനുള്ള അധികാരമില്ല. ദൈവവച നം എന്ന ഭരണഘടനയിൽ നിന്നുകൊണ്ടുവേണം സഭയിലുള്ള എല്ലാതീരുമാന ങ്ങളും എടുക്കുവാൻ.

സഭയിലെ പദവികൾ ഏതൊക്കെയാണ്?

തിരുവെഴുത്തുപ്രകാരം രണ്ടു പദവികളാണ് സഭയിലുള്ളത്. ഇടയൻ എന്ന പദവി യും ശുശ്രൂഷകൻ എന്ന പദവിയും. 1 തിമെഥെയോസ് 3: 1-13, ഫിലിപ്പിയർ 1:1 എന്നീ വാക്യങ്ങളിൽ ഈ വസ്തുത വ്യക്തമായി കാണാം. ഈ രണ്ടു പദവിക ളിൽ ശ്രേഷ്ഠമായത് ഇടയൻ എന്ന പദവിയാണ്.

ഇടയൻ എന്ന പദവിക്കുപയോഗിച്ചിരിക്കുന്ന ശീർഷകങ്ങൾ ഏതൊക്കെയാണ്

മൂന്ന് ശീർഷകങ്ങളാണ് ഇടയൻ എന്ന പദവിക്കുപയോഗിച്ചിരിക്കുന്നത്. (1) പാസ്റ്റർ, (2)ബിഷപ്പ് (3) മൂപ്പൻ

(1) പാസ്റ്റർ: വളരെയധികം സുപരിചിതമായ ഒരു വാക്കാണ് ഇത്. ഷെപ്പേർഡ് എന്നവാക്കിനുപയോഗിക്കുന്ന ലാറ്റിൻ പദമാണ് പാസ്റ്റർ. എഫേസ്യർ 4:11ൽ ഈ വാക്ക് കാണാം. അ. പ്ര. 20:28 ലും 1 പത്രോസ് 5:2 ലും ഇതിന്റെ ക്രിയാപദം കാണാം. ഒരു ഇടയൻ എന്ന നിലയിൽ തന്റെ കീഴിലുള്ള ആടുകളെ പാസ്റ്റർ നയിക്കുന്നു (സങ്കീ 23:3, വെളി. 7:17), ആഹാരം കൊടുക്കുന്നു, (ലൂക്കോസ് 17:7 യോഹ. 21:15), സംരക്ഷിക്കുന്നു (സങ്കീ. 23:4, യോഹ.10:11-15, അ. പ്ര. 20:28-29), കരുതുന്നു (Ps 23:1-4). താൻ കർത്താവായ യേശുക്രിസ്തു എന്ന ഇടയശ്രേഷ്ഠന്റെ കീഴിൽ പ്രാദേശിക സഭയിൽ ഇടയ പാലനം ചെയ്യുന്നവനാണ് പാസ്റ്റർ. (1 പത്രൊസ് 5:4; യോഹ. 10:11-16, 21:15-17, എബ്രാ.13:20, 1 പത്രൊസ് 2:25).

(2)ബിഷപ്പ്: ബിഷപ്പ് അഥവാ ഓവർസീയർ എന്ന വാക്ക് എപ്പിസ്കോപ്പോസ് എന്ന ഗ്രീക്കു വാക്കിന്റെ പരിഭാഷയാണ്. അ. പ്ര. 20:28, ഫിലിപ്പിയർ 1:1, 1 തിമൊഥെയോസ് 3:1-2, തീത്തോസ് 1:7, 1 പത്രൊസ് 5:2; എബ്രായർ 13:17 1 പത്രൊസ് 2:25 എന്നി വാക്യങ്ങളിൽ ഈ വാക്ക് കാണപ്പെടുന്നു.ബിഷപ്പ്/ഓവർ സീയർ എന്ന നിലയിൽ ഇടയൻ ഒരു പ്രാദേശികസഭയുടെമേൽ മേൽനോട്ടം നടത്തുന്നവനാണ്.

(3) മൂപ്പൻ: മൂപ്പൻ എന്ന വാക്ക് പ്രെസ്ബ്യൂറ്ററോസ് എന്ന ഗ്രീക്കു വാക്കിന്റെ പരിഭാഷയാണ്. അ. പ്ര. 14:23, 20:17, 1 തിമൊഥെയൊസ് 5:17, 19, തീത്തോസ്1:5, യാക്കോബ് 5:14, and 1 പത്രോസ് 5:1.  ഒരു മൂപ്പൻ എന്ന നിലയിൽ, ഇടയൻ തനിക്ക് ലഭിച്ചിട്ടുള്ള പ്രാദേശിക സഭക്ക് അദ്ധ്യക്ഷം വഹിക്കുന്നു. ബിഷപ്പ് ഇടയപദവിയുടെ ചുമതലയുടെ വിവരണമാകുമ്പോൾ മൂപ്പൻ എന്ന വാക്ക് ഇടയപദവിയുടെ അന്തസ്സിന്റെ വിവരണമാകുന്നു.

പാസ്റ്റർ, ബിഷപ്പ്, മൂപ്പൻ എന്നീവാക്കുകൾ ഒരു പദവിയുടെ ശീർഷകങ്ങളാകുന്നു. താഴെകാണുന്ന വാക്യങ്ങൾ നോക്കുക:

 അ. പ്ര. 20:17-38, 1 പത്രൊസ് 5:1-4, തീത്തോസ് 1:5-91 പത്രൊസ്  2:25

ഇടയനാവശ്യമായ യോഗ്യതകൾ (1 തിമൊ. 3:2–7; തീത്തൊ1:5–9) എന്തൊക്കെയാണ്?

നിരപവാദ്യനായിരിക്കണം/കുറ്റമില്ലാത്തവനായിരിക്കണം: വളരെ നാളുകളായി നല്ല സ്വഭാവത്തിനുടമയായിരിക്കണം.

തന്റെ ഭാര്യയോട് വിശ്വസ്തനായിരിക്കണം: തന്റെ ഭാര്യയോട് ആത്മാർത്ഥത കാണിച്ചവനായിരിക്കണം.

നിർമ്മദനും ജിതേന്ദ്രിയനും: ക്രിത്യമായി ചിന്തിച്ചുകൊണ്ട് പ്രതികരിക്കുന്നവനായിരിക്കണം. പെട്ടന്ന് പ്രതികരിക്കരുത്.

സുശീലൻ: മറ്റുള്ളവരുടെ അംഗീകാരം നേടുന്നരീതിയിൽ, അന്തസ്സോടുകൂടെ ശരിയായി പ്രതികരിക്കുവാൻ കഴിയണം.

അതിഥിപ്രയൻ: മറ്റുള്ളവരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് യാഗപരമായി ജീവിക്കുവാൻ മനസ്സുള്ളവരായിരിക്കണം.

ഉപദേശിപ്പാൻ സമർത്ഥൻ/പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കുന്നവൻ/ വിരോധികൾക്ക് ബോധം വരുത്തുന്നവൻ: ഇടയൻ വേദപുസ്തക ഉപദേശങ്ങളെക്കുറിച്ച് അറിവുള്ളവൻ മാത്രമല്ല, അത് മുറുകെ പിടിച്ചുകൊണ്ട് അതിനെ സംരക്ഷിക്കുന്നവനുമായിരിക്കണം. അതുമാത്രമല്ല, പത്ഥ്യോപദേശങ്ങൾ നല്ലപോലെ പഠിപ്പിക്കുവാൻ കഴിവുള്ളവനുമായിരിക്കണം.

മദ്യപ്രിയനാകരുത്: ഒരു വ്യക്തിയുടെ സ്വയ നിയന്ത്രണത്തെ ബാധിക്കുന്ന ഒരു തരത്തിലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കരുത്.

തല്ലുകാരനരുത്: സ്വയനിയന്ത്രണത്തെക്കുറിച്ചാണ് പറയുന്നത്. പ്രത്യേകിച്ച് കോപത്തിന്റെ മേഘലകളിൽ (പൊട്ടിത്തെറിക്കുന്നവനാവരുത്).

ശാന്തനായിരിക്കണം: കലഹത്തെ കെടുത്തുന്നവനും ക്ഷമയുള്ളവനും കൃപാലുവുമായിരിക്കണം.

കലഹിക്കാത്തവനായിരിക്കണം: മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്നരീതിയിൽ തന്റെ അവകാശത്തെക്കുറിച്ച് നിർബന്ധം പിടിക്കുന്നവനാകാൻ പാടില്ല.

ദ്രവ്യാഗ്രഹമില്ലാത്തവനായിരിക്കണം/ദുർലാഭമോഹിയാകരുത്: സുവിശേഷ ത്തിൽ നിന്നും ജീവിക്കാനുള്ളത് കണ്ടെത്തണമെന്ന് പൗലോസ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂലി വാങ്ങിക്കരുത് എന്നർത്ഥമില്ല. മറിച്ച്, തന്റെ അവകാശങ്ങളെ കൂടുതൽ മുറുകെ പിടിക്കുകയോ എങ്ങിനേയും പണം സമ്പാദിക്കണം എന്ന് ആഗ്രഹിക്കുകയോ ചെയ്യരുത്.

സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ/ദുർന്നടപ്പിന്റെ ശ്രുതിയോ അനു സരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവൻ: കുടുംബത്തിനു വേണ്ടി കരുതുന്നവനും കുട്ടികളെ മാതൃകയുള്ളവരായി വളർത്തുന്നവനും.

പുതിയ ശിഷ്യനരുത്: അനുഭവജ്ഞാനമില്ലാത്തവനും പരിശീലനമില്ലാത്തവനും അരുത്. അവർ നിഗളിച്ചുപോകും എന്ന് പൗലോസ് പറയുന്നു. സഭക്കുവെളിയിലുള്ളവരിൽ നിന്നും നല്ല സാക്ഷ്യം ലഭിച്ചവനായിരിക്കണം: സഭയിൽ മാത്രമല്ല, അവിശ്വാസികളുടെ ഇടയിലും നല്ല സാക്ഷ്യം കാത്തു സൂക്ഷിക്കുന്നവനായിരിക്കണം. (തീത്തോസ് 2:6-8; 1 പത്രൊസ് 3:15-16).

സൽഗുണപ്രിയനായിരിക്കണം: സ്വന്ത ജീവിതത്തിൽ സൽസ്വഭാവം വളർത്തിയെടുക്കുന്നവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലും അത് വളർത്തിയെ ടുക്കുവാൻ ആഗ്രഹമുള്ളവനായിരിക്കണം.

നീതിമാനും നിർമ്മലനും: ദൈവത്തോടും മനുഷ്യരോടും പെരുമാറുവാൻ ദൈവം വെച്ചിട്ടുള്ള നിയമങ്ങൾ അനുസരിക്കുന്നവനായിരിക്കണം.

അച്ചടക്കമുള്ളവനായിരിക്കണം (ജിതേന്ത്രിയമുള്ളവൻ): ആവേശങ്ങളോട് പ്രതികരിക്കുന്നവനല്ല, സ്വയബോധത്തോടെ ഉത്തരവാദിത്വങ്ങൾ നിരന്തരമാ യി ചെയ്യാൻ കഴിവുള്ളവനായിരിക്കണം.

ഇടയന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

മൂപ്പന്മാർ എന്ന നിലയിൽ, ഇടയന്മാർ പക്വതയുള്ളവരും മാന്യതയുള്ള നേതാക്കന്മാരുമായിരിക്കണം. (1) അദ്ധ്യക്ഷത ചെയ്യുക അല്ലെങ്കിൽ ഭരിക്കുക എന്നുള്ളതാണ് അവരുടെ പ്രധാന പ്രവർത്തനം.

1 തിമൊ 5:17

ബിഷപ്പുമാരും പസ്റ്റർമാരും എന്ന നിലയിൽ, ഇടയന്മാർ ദൈവപ്രവർത്തനങ്ങൾക്ക് (2) മേൽനോട്ടം വഹിക്കണം. ഇവിടെ തീരുമാനങ്ങൾ എടുക്കുന്നതു മാത്രമല്ല, അത് നടപ്പിലാക്കുമ്പോൾ അതിന് മേൽനോട്ടം നടത്തുകയും ചെയ്യുന്നു.

അ. പ്ര. 20:28; 1 പത്രൊസ് 2:25; 1 പത്രൊസ് 5:2; എബ്രായർ 13:17

പ്രാസംഗികന്മാർ എന്ന നിലയിൽ, (3) ദൈവവചനം ഘോഷിക്കുക എന്ന പ്രധാന ഉത്തരവാദിത്വം ഇടയ്ന്മാർക്കുണ്ട്. 1 തിമൊ. 4:13; 2 തിമൊ. 4:2

ഇടയന്മാർക്കുള്ള അധികാരം എന്തൊക്കെയാണ്?

ഒരു ഇടയനെ തിരെഞ്ഞെടുക്കുമ്പോൾ ആ പദവിയിൽ തന്നെ അധികാരം അടങ്ങിയിരിക്കുന്നു. പ്രത്യേക അധികാരം കൊടുക്കേണ്ടതില്ല. പ്രസംഗിക്കുവാനും, കർതൃമേശയും സനാനവും നടത്തുവാനും, മറ്റുള്ള ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുവാനുമുള്ള അധികാരം ഇടയന്മാർക്കുണ്ട്.

ഇടയന്മാരുടെ തെരഞ്ഞെടുപ്പ് എങ്ങിനെയാണ്?

സഭയാണ് തങ്ങളുടെ ഇടയന്മാരെ തിരഞ്ഞെടുക്കേണ്ടത്. പൗലോസും ബർന്നബാസും “സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും” ചെയ്തു എന്ന് 1അ. പ്ര 14:23ൽ കാണുന്നുണ്ട്അപ്പോസ്തലന്മാർ മൂപ്പന്മാരെ ആക്കിവെച്ചു എന്നൊക്കെ പറയുമ്പോൾ പെട്ടന്ന് അതിൽ വലിയ ജനാധിപത്യമൊന്നും കാണുകയില്ല. പക്ഷെ നിയമിക്കുക (χειροτονέω) എന്ന് വാക്ക് പടിക്കുകയാണെങ്കിൽ വോട്ടിനാൽ തിരഞ്ഞെടുക്കുക എന്നർത്ഥം ആണ് അതിനുള്ളത്. അതിന്റെ പദോൽപ്പത്തി നോക്കുകയാണെങ്കിൽ (χειρ/χειρος-കൈ) കൈ വോട്ട് കൊണ്ട് തിരഞ്ഞെടുക്കുക എന്നാണർത്ഥം. അപ്പോസ്തലന്മാരുടെ മേൽ നോട്ടാതിൽ സഭയാണ് മൂപ്പന്മാരെ നിയമിച്ചാക്കിയത്.  “അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു” എന്നു 2 കൊരി 8:19ൽ കാണുന്നതും ഇതു തന്നെ.

ശുശ്രൂഷകന്മാരുടെ യോഗ്യതകൾ എന്തൊക്കെയാണ്?

പഠിപ്പിക്കുവാനുള്ള കഴിവ് ഒഴികെ ഇടയന്മാർക്കായി മുകളിൽ പറഞ്ഞ എല്ലാ യോഗ്യതകളും ഉണ്ടായിരിക്കണം. ഉപദേശങ്ങളെക്കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.

അ. പ്ര. 6:3, 5

1 തിമൊ3:8-13

ശുശ്രൂഷകന്മാരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

 1. സഭയുടെ ഭൗതീകവും സാമൂഹികവുമായ ആവശ്യങ്ങളിൽ സഭയെ സേവിക്കണം (അ. പ്ര. 6:1-6).
 2. സുവിശേഷ പ്രവർത്തനങ്ങളിൽ അവർക്കു പങ്കാളികളാകാം (1 തിമൊ. 3:9).
 3. സഭയുടെ നല്ല നടത്തിപ്പിനുവേണ്ടി സഭ തീരുമാനിക്കുന്നതനുസരിച്ച ഇടയന്മാരെ ഏതുരീതിയിലും സഹായിക്കാം.

ശുശ്രൂഷകന്മാരുടെ അധികാരങ്ങൾ എന്തൊക്കെയാണ്?

സഭയെ ഭരിക്കുവാനുള്ള അധികാരം ശുശ്രൂഷകന്മാർക്കില്ല. അത് മുകളിൽ പറഞ്ഞതുപോലെ ഇടയന്മാർക്കാണുള്ളത്. സഭ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ചെയ്യുവാനുള്ള അധികാരമാണ് അവർക്കുള്ളത്. സഭയിൽ ഇടയൻ ഇല്ലാതെവരു മ്പോൾ സഭയെ ഒരുമിച്ചു നിർത്തുകയും പുതിയ ഇടയനെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്ക് നേതൃത്വം വഹിക്കുകയും ചെയ്യണം. തെരഞ്ഞെടുപ്പുകഴിഞ്ഞാൽ പുതിയ ഇടയന്റെ കീഴിൽ അവർ പ്രവർത്തിക്കണം.  അ. പ്ര. 6:2-6

Create a website or blog at WordPress.com

Up ↑

%d bloggers like this: