രക്ഷയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.
ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ഘടന എങ്ങിനെയാണ്?
ദൈവത്തിന്റെ രക്ഷാപദ്ധയിയുടെ ഘടനയെക്കുറിച്ചും അതിന്റെ ക്രമത്തെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. തിരഞ്ഞെടുപ്പിൽ ആരംഭിച്ച് തേജസ്സ്വീകരണത്തിലാണ് ദൈവത്തിന്റെ രക്ഷൈക പദ്ധതി അവസാനിക്കുന്നു എന്നാണ് ചില വർഷങ്ങളായിട്ടുള്ള വേദപഠനത്തിന്റെ അടിസ്ഥനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അതിന്റെ ഒരു രൂപരേഖ ചുവടെ കൊടുത്തിരിക്കുന്നു:
1 |
തിരഞ്ഞെടുപ്പ് |
ക്രിസ്തുവിന്റെ പ്രായ്ചിത്തയാഗത്തിന്റെ, സകല രക്ഷൈക പ്രയോജനങ്ങളുടേയും സ്വീകർത്താക്കളാകുവാൻപോകുന്ന വ്യക്തികളെ, കഴിഞ്ഞകാല നിത്യതയിൽ, തിരഞ്ഞെടുക്കുന്ന ദൈവത്തിന്റെ പരമാധികാരപരമായ ഒരു പ്രവർത്തി. |
2 |
പ്രാശ്ചിത്തയാഗം |
ക്രൂശിൽ മനുഷ്യന്റെ കുറ്റം ഏറ്റെടുത്തുകൊണ്ട് ദൈവത്തോടുള്ള മനുഷ്യന്റെ തകർന്നുപോയ ബന്ധത്തെ പുൻസ്ഥാപിക്കുകയും ദൈവത്തിന്റെ നിയപരമായ ആവശ്യങ്ങളെ നിറവേറ്റിക്കൊണ്ട് മനുഷ്യന് നീതി ദാനമായ നൽകുകയും ചെയ്യുന്ന ഒരു പ്രവർത്തി. |
3 |
ക്രിസ്തുവുമായിട്ടുള്ള ഐക്യത |
മനുഷ്യനു ലഭിക്കുന്ന എല്ലാ ആത്മീയ അനുഗ്രഗ്രഹങ്ങളുടേയും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ പ്രാശ്ചിത്തപ്രവർത്തനത്തോടുള്ള ഒരു വ്യക്തിയുടെ അനുരൂപതയാണ് ഇത്. |
4 |
ഫലവത്തായ വിളി/ വീണ്ടും ജനനം |
ഒരു വ്യക്തിക്ക് പുതിയ ഒരു പ്രകൃതം നൽകികൊണ്ട് ദൈവം ഫലവത്തായി തന്നോടുള്ള ആ വ്യക്തിയുടെ എതിർപ്പിനെ അവസാനിപ്പിക്കുവാൻ വേണ്ടിയുള്ള കൃപയോടുകൂടിയുള്ള ദൈവത്തിന്റെ വിളിയാണ് ഇത്. |
5 |
സുനിശ്ചിതമായ വിശുദ്ധീകരണം |
ഒരു വ്യക്തിയെ ദൈവത്തിങ്കലേക്ക് വേർതിരിക്കുകയും പാപത്തോടുള്ള അടിമത്വത്തിൽ നിന്നും പാപത്തിനുള്ള ശിക്ഷയിൽനിന്നും ഒരു വ്യക്തിയെ അകറ്റുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തി. |
6 |
മാനസ്സാന്തരം |
ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും പാപത്തെക്കുറിച്ചുള്ള മനസ്സിന്റേയും സ്വഭാവത്തിന്റേയും മാറ്റം |
7 |
വിശ്വാസം |
ക്രിസ്തുവിനോടുള്ള പരിപൂർണ്ണപ്രതിബദ്ധതയാൽ ലഭ്യമാകുന്ന മാപ്പും ക്ഷമയും ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന പൂർത്തീകരിക്കപ്പെട്ട വീണ്ടെടുപ്പിൽ ആശ്രയിക്കുക. |
8 |
നീതീകരണം |
കണക്കിടപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ നീതിയുടെ അടിസ്ഥാനത്താൽ ഒരു വിശ്വാസിയെ നീതിമാനായ് പ്രഖ്യാപിക്കുകയും അവനോട് അതുപോലെ പെരുമാറുകയും ചെയ്യുവാനായ് അവനെ ദൈവം സ്വീകരിക്കുന്ന ഒരു പ്രക്രിയ. |
9 |
ദത്തെടുക്കൽ |
ദൈവത്തിന്റെ ഉപകാരങ്ങളും കരുതലുകളും പ്രാപിക്കുവാനായ് ഒരു വിശ്വാസിയെ മകൻ എന്ന നിലയിലും അവകാശി എന്ന നിലയിലും ദൈവത്തിന്റെ കുടുംബത്തിലേക്ക് ആക്കിവെക്കുന്ന ഒരു പ്രവർത്തി. |
10 |
പുരോഗമനപരമായ വിശുദ്ധീകരണം |
പാപപ്രകൃതത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുകയും ക്രിസ്തീയ കൃപകളിൽ വളർന്നുകൊണ്ടും തന്റെ ആത്മീയ ജീവതത്തിൽ ഒരു വിശ്വാസിക്കുണ്ടാകുന്ന പുരോഗതി. |
11 |
ഉറപ്പ് |
ഒരു വിശ്വാസി കൃപയുടെ അവസ്ഥയിൽ ആയിരിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അറിവും ഉറപ്പും. |
12 |
സ്ഥിരത/സഹിഷ്ണത |
വിശ്വാസത്തിലും, ശരിയായ ഉപദേശത്തിലും, സൽപ്രവർത്തികളിലുമുള്ള ഒരു വിശ്വാസിയുടെ തുടർച്ച. |
13 |
തേജസ്സ്വീകരണം |
പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുള്ള സ്വതന്ത്രമാക്കപ്പെടുകയും ദത്തെടുക്കലിന്റേയും പുനരുദ്ധാന ജീവന്റെയും പൂർണ്ണത പ്രാപിക്കുകയും ചെയ്തുകൊണ്ട് രക്ഷയുടെ അവസാന പൂർണ്ണത പ്രാപിക്കൽ |
വേദപുസ്തകത്തിൽ തിരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
തിരഞ്ഞെടുപ്പ് എന്ന വാക്ക് പലരീതിയിലും വേദപുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ രക്ഷക്കായിട്ടുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് വേദപുസ്തകം പഠിപ്പിക്കുന്നത് എന്താണെന്ന് നോക്കാം. ദൈവം തന്റെ പരമാധികാരത്തിൽ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ സകല രക്ഷൈക പ്രയോജനങ്ങളേയും സ്വീകരിക്കുവാൻ പോകുന്നവരെ കഴിഞ്ഞകാല നിത്യതയിൽ, തിരഞ്ഞെടുക്കുന്നതാണ് തിരഞ്ഞെടുപ്പ് എന്ന വേദപുസ്തക ഉപദേശം.
തിരഞ്ഞെടുപ്പും മുന്നിയമനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ദൈവം തന്റെ ഹിതത്തിന്റെ ആലോചനപ്രകാരം പ്രപഞ്ചത്തിലെ സകല സംഭവങ്ങളും (നിത്യമായും, സ്വതന്ത്രമായും, സുനിശ്ചിതമായും) നിർണ്ണയിക്കുന്നതും സകല ഉദ്ദേശങ്ങളും ആലോചനകളും അടങ്ങിയിരിക്കുന്നതുമായ ദൈവത്തിന്റെ പദ്ധതിയാണ് മുന്നിയമനം. മുന്നിയമത്തിൽ പ്രപഞ്ചത്തിലെ സകല സംഭവങ്ങളും ഉൾപ്പെടുമ്പോൾ തിരഞ്ഞെടുപ്പിൽ രക്ഷക്കുവേണ്ടി മാത്രമുള്ളവരുടെ മുന്നിയമനമാണ് അടങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പും മുന്നറിവും തമ്മിലുള്ള വ്യത്യാസം എന്താണ്?
തിരഞ്ഞെടുപ്പിന്റെ ഒരു പര്യായ പദമാണ് മുന്നറിവ്. ചിലവസ്തുതകളെക്കുറിച്ച് നേരത്തെയുള്ള അറിവല്ല വേദപുസ്തകതിലെ മുന്നറിവ്. വസ്തുതകളോ സംഭവങ്ങളോ അല്ല, വ്യക്തികളെയാണ് ദൈവം മുന്നറിഞ്ഞിട്ടുള്ളത് (proginwvskw). ദൈവം ഒരു വ്യക്തിയെ അറിയുന്നു എന്ന് പറയുമ്പോൾ, ആ വ്യക്തിയെക്കുറിച്ചുള്ള ചില അറിവ് ദൈവത്തിനു ഉണ്ട് എന്നല്ല, മറിച്ച് ആ വ്യക്തിയോടുള്ള ദൈവത്തിന്റെ ബന്ധവും രക്ഷക്കയിട്ടുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പും വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയാണ് (മത്തായി 7:23; ഗലാ. 4:9; 2 തിമ. 2:19).
തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യത്യസ്തമായ ചിന്താഗതികൾ നിലനിൽക്കുന്നുണ്ടല്ലോ? അവ ഏതൊക്കെയാണ്?
തിരഞ്ഞെടുപ്പിനെക്കുറിച്ച് വേദപുസ്തകാനുസ്രതമല്ലാത്ത ചിന്താഗതികൾ നിലനിൽക്കുന്നുണ്ട്: (1) സമൂഹപരമായ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് വ്യക്തിപരമല്ല, മറിച്ച് സമൂഹപരമാണ്. ദൈവം യിസ്രായേലിനെ തിരഞ്ഞെടുത്തു; ദൈവം സഭയെ തിരഞ്ഞെടുത്തു. ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നിങ്ങനെ പലരും പഠിപ്പിക്കുന്നുണ്ട്. (2) വിശുദ്ധീകരണത്തിനായുള്ള തിരഞ്ഞെടുപ്പ്. വേറെ ചിലർ പഠിപ്പിക്കുന്നത് വേദപുസ്തകത്തിലെ തിരഞ്ഞെടുപ്പ് രക്ഷക്കായിട്ടല്ല, മറിച്ച് വിശുദ്ധിക്കായിട്ടാണ് എന്ന് ചിലർ വിശദീകരിക്കുന്നു. (3) മുൻകണ്ട വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്. ഓരോ വ്യക്തിയുടേയും വിശ്വാസം ദൈവം നേരത്തെ കണ്ടു. അങ്ങിനെ വിശ്വസിക്കും എന്ന് ദൈവത്തിനുറപ്പുള്ളവരെ ദൈവം തിരഞ്ഞെടുത്തു. ഇതൊക്കെയാണ് പൊതുവിൽ പഠിപ്പിക്കാറുള്ള ആശയങ്ങൾ.
തിരഞ്ഞെടുപ്പിനെക്കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്ന ചില വേദവാക്യങ്ങൾ ഏതൊക്കെയാണ്?
തിരഞ്ഞെടുക്കപ്പെട്ടവരെ മലയാളത്തിൽ വൃതന്മാർ എന്ന വാക്ക് ചിലാപ്പോൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ആ വാക്ക് പ്രത്യേകം ശ്രദ്ധിക്കണം.
മർക്കോസ് 13:20-കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
യോഹന്നാൻ 15:16, 19-നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ. 19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
അ. പ്ര. 13:48- ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
എഫേ. 1:4, 5, 11 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു. അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
റോമർ 8:33- ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
റോമർ 9:11-12- അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ ഗർഭം ധരിച്ചു, 11 കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:
1 തെസ്സ. 1:4- ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.
2 തെസ്സ 2:13- ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
കൊലോ 3:12- അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു.
2 തിമൊ 2:10- അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.
2 പത്രൊസ് 1:10- അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.
തിരഞ്ഞെടുപ്പിനെ പ്രതിഫലിപ്പിക്കുന്ന വേറെ വാക്കുകൾ വേദപുസ്തകത്തിലുണ്ടോ?
തീർച്ചായുയും ഉണ്ട്. പ്രധാനപ്പെട്ട ചിലവാക്യങ്ങൾ ശ്രദ്ധിക്കുക:
- ദൈവത്താൽ മുന്നറിഞ്ഞവർ. റോമർ 8:29; 1 പത്രൊസ് 1:2;
- ക്രിസ്തുവിന് നൽകപ്പെട്ടിട്ടുള്ളവർ. യോഹന്നാൻ 6:37, 17:2, 6, 9.
- ക്രിസ്തുവിന്റെ ആടുകൾ യോഹന്നാൻ 10:2,3,4,11,16
- കൊരിന്തിലുള്ള “അനേകർ”. അ. പ്ര. 18:10.
ദൈവീക തിരഞ്ഞെടുപ്പിനെ എങ്ങിനെയാണ് നാം മനസ്സിലാക്കേണ്ടത്?
ദൈവീക തിരഞ്ഞെടുപ്പിന്റെ വലിപ്പവും ആവശ്യകതയും മനസ്സിലാകണമെങ്കിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ചട്ടക്കൂട് നാം പഠിക്കണം. തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടിൽ നാല് പ്രാധാനകാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യന്റെ സമൂല ധാർമ്മിക അധ:പതനം/പാപക്കേട്, ദൈവകൃപ, ദൈവസ്നേഹം, ദൈവഹിതം എന്നിവയാണ് അവ.
മനുഷ്യന്റെ സമൂല ധാർമ്മിക അധ:പതനം/പാപക്കേട് – സകല മനുഷ്യരും അകൃത്യങ്ങളിലും പാപത്തിലും മരിച്ചവരാകുന്നു എന്നാണ് ബൈബിൾ പറയുന്നത്. അങ്ങിനെ അത്മീയ മരിച്ചവരായിരിക്കുന്നതുകൊണ്ട്, അവർക്ക് സ്വയമായി ദൈവത്തെ പ്രസാധിപ്പിക്കുവാനോ ദൈവവചനത്തിനനുസരിച്ച് ജീവിക്കുവാൻ കഴിയുകയില്ല (യോഹന്നാൻ 6:44, 65, 14:17; റോമർ 3:10-11, 8:7-8; 1 കൊരി. 2:14; എഫ്യേസർ 2:1). ദൈവത്തെ തിരസ്ക്കരിക്കാനല്ലാതെ സ്വയമായി ദൈവത്തിനുവേണ്ടി ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിന്റെ മദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അങ്ങിനെ ആത്മീയ ജീവൻ ഇല്ലാത്തവരെയാണ് ദൈവം തിരഞ്ഞെടുത്തത്.
ദൈവകൃപ -ന്യായമായി ന്യായംവിധിക്കപ്പെട്ട പാപികളോട് ദൈവം കാണിക്കുന്ന ദാക്ഷിണ്യമാണ് കൃപ. മനുഷ്യന്റെ അർഹതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് പ്രാശ്ചിത്തയാഗത്തിലൂടെയുള്ള യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽ പ്രവർത്തിക്കുവാൻ ദൈവം എടുത്തതീരുമാനമാണ് ഇത്. യോഗ്യതയില്ലാത്തവരും, അദ്ധ്വാനിച്ച് സമ്പാദിക്കുവാൻ കഴിയാത്തവരും, മറുവില കൊടുക്കുവാൻ കഴിയാത്തവരും, ആഗ്രഹിക്കാത്തവരുമായ കുറ്റവാളികൾക്കാണ് ദൈവം തന്റെ കൃപകൊടുത്തത്. ആരേയും രക്ഷിക്കാതെ എല്ലാവരേയും നിത്യമായി ശിക്ഷിച്ചാലും ദൈവം പരിശുദ്ധനും ന്യായവാനും ആയിരിക്കും. ചിലരെ രക്ഷക്കായ് തിരഞ്ഞെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചത് കൃപയാണ്. (2 തിമൊ. 1:9; റോമ. 11:5-6).
ദൈവസ്നേഹം -വ്യക്തിസത്തകൾക്ക് തന്നേയും തന്റെ ദാനങ്ങളേയും സൗജന്യമായി നൽകുവാൻ തന്നെ പ്രേരിപ്പിക്കുന്ന ഘടകമാണ് സ്നേഹം. തിരഞ്ഞെടുപ്പ് ദൈവസ്നേഹത്തിന്റെ ഒരു പ്രകടനമാണ്.
യിസ്രായേലിന്റെ രാജ്യപരമായ തിരഞ്ഞെടുപ്പ്— ആവർത്തനം 7:6-8; 10:15, മലാഖി 1:2-3.
വിശ്വാസികളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്— 1 തെസ്സ 1:4, 2 തെസ്സ 2:13
ദൈവഹിതം – മനുഷ്യന്റെ ഇച്ഛയുടെ അടിസ്ഥാനത്തിലല്ല ദൈവീക തിരെഞ്ഞെടുപ്പ് (റോമർ 9: 16)
മനുഷ്യന്റെ പ്രവർത്തിയുടെ അടിസ്ഥാനത്തിലല്ല ദൈവീക തിരെഞ്ഞെടുപ്പ് (റോമർ 9: 11; 2 തിമൊ 1:9)
മനുഷ്യന്റെ വിശുദ്ധിയുടെ അടിസ്ഥാനത്തിലല്ല ദൈവീക തിരെഞ്ഞെടുപ്പ് (എഫ്യേസർ 1:4)
മനുഷ്യന്റെ അനുസരണത്തിന്റെ അടിസ്ഥാനത്തിലല്ല ദൈവീക തിരെഞ്ഞെടുപ്പ് (1 പത്രൊസ് 1:1-2)
മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുമല്ല ദൈവീക തിരെഞ്ഞെടുപ്പ് (യോഹ. 15:16)
ദൈവത്തിന്റെ കൃപയുടേയും സ്നേഹത്തിന്റേയും അടിസ്ഥാനത്തിലുള്ള തന്റെ പരമാധികാരത്തോടെയുള്ള നല്ല സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം തിരഞ്ഞെടുത്തത്. ദൈവത്തിന്റെ പരമാധികാര കൃപയുടെ ഉൽപ്പന്നമാണ് തിരഞ്ഞെടുപ്പ്. എഫ്യേസർ 1:5, 1:11, റോമർ 9:11, 2 തിമൊ 1:9, യോഹ 15:16.
പാപ പരിഹാര യാഗത്തെക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ടല്ലോ? അവ ഏതൊക്കെയാണ്?
പാപ പരിഹാര യാഗത്തെക്കുറിച്ച് പല തരത്തിലുള്ള പഠ്പ്പിക്കലും നിലനിൽക്കുന്നുണ്ട്? അതിൽ ഒന്ന് ഭരണകൂട കാഴ്ചപ്പാട് (Governmental View of Atonement) ആണ്. ഭരണകൂടം എന്ന് ഉദ്ദേശിക്കുന്നത് ദൈവത്തിന്റെ സാന്മാർഗ്ഗിക ക്രമം ആണ്. ദൈവത്തിന്റെ സാന്മാർഗ്ഗിക ക്രമത്തിൽ മനുഷ്യന്റെ പാപത്തിനു വലിയ അനന്തരഫലങ്ങൾ ഉണ്ട്. ആ അനന്തരഫലങ്ങൾ സമൂഹത്തെ താറുമാറാക്കുന്നതാണ്. ദൈവത്തിനു വേണമെങ്കിൽ വെറുതെ പാപത്തെ ക്ഷമിക്കുവാൻ കഴിയും. പക്ഷെ അത് സമൂഹത്തെ സഹായിക്കുകയില്ല. ദൈവത്തിന്റെ സാന്മാർഗ്ഗിക ക്രമത്തിൽ പാപാത്തിന്റെ അനന്തരഫലത്തിന്റെ ഭീകരത്വം വെളിപ്പെടുത്തുവാൻ ക്രിസ്തുവിനെ അനുവദിക്കുകയും അങ്ങിനെ മനുഷ്യനെ നവീകരിക്കുന്നതിനും കൂടെ വേണ്ടിയിട്ടാണ് ക്രിസ്തു മരിച്ചത്.
രണ്ടാമത്തേത് സാന്മാർഗ്ഗിക സ്വാധീന സിദ്ധാന്തമാണ്. പാപത്തിനു മറുവില കൊടുക്കുവാനല്ല, മറിച്ച് ജീവിതത്തിലും മരണത്തിലും ഒരു സമ്പൂർണ്ണമായ മാതൃകയാണ് യേശുക്രിസ്തു. അത് മനുഷ്യനെ ഒരു സാന്മാർഗ്ഗിക ജീവിതം നയിക്കാൻ ഇടയാക്കും. ഇതാണ് സാന്മാർഗ്ഗിക സ്വാധീന സിദ്ധാന്തം.
മൂന്നാമത്തേത് വിജയ സിദ്ധാന്തമാണ്. ക്രൂശു മരണം പിശാചിന്റെ മേലുള്ള ദൈവത്തിന്റെ വിജയം ആണ്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം ആണ്. ഈ ലോക ജീവിതത്തിലും വരുവാനുള്ള ജീവിതത്തിലും പ്രത്യാശയുടെ വിജയവും ആശ്വാസവും നമ്മുക്ക് തരുന്നു എന്നതാണ് ഈ സിദ്ധാന്തം.
നാലാമത്തേത് മറുവില സിദ്ധാന്തമാണ്. സാത്താൻ കൈവശം വെച്ചിട്ടുള്ള ആത്മാക്കളെ വിലക്കുവാങ്ങുവാൻ പിശാചിനു കൊടുത്ത മറുവിലയാണ് ക്രിസ്തുവിന്റെ മരണം എന്നാണ് ഈ കാഴ്ചപ്പാട് വിശദമാക്കുന്നത്.
അടുത്തത് തൃപ്തീകരണ സിദ്ധാന്തം ആണ്. രാജ്യത്തിലെ ജനങ്ങൾ അവരുടെ രാജാവായ ദൈവത്തെ അവഹേളിച്ചത് പരിഹരിക്കുവാനായിട്ടണ് ക്രിസ്തു മരിച്ചത്. താൻ ചെയ്യാത്ത പാപങ്ങൾക്കെതിരായിട്ടുള്ള ക്രോധം ശമിപ്പിച്ചതുകൊണ്ട് തനിക്കാവശ്യമില്ലാത്ത ധാരാളം പുണ്യം തന്റെ കൈവശം വരികയുണ്ടായി. തന്നെ പ്രാസാദിപ്പിക്കുന്നവർക്ക് തന്റെ ഇഷ്ടംപോലെ ഈ പുണ്യം വിതരണം ചെയ്യുവാൻ തനിക്ക് സാധിക്കും എന്നതാണ് തൃപ്തീകരണ സിദ്ധാന്തം.
പാപ പരിഹാരയാഗത്തെക്കുറിച്ച് വേദപുസ്തകം പഠിപ്പിക്കുന്നത് എന്താണ്?
വേദപുസ്തകം പഠിപ്പിക്കുന്ന പാപ പരിഹാര യാഗത്തിൽ രണ്ട് ആശയങ്ങൾ ഉണ്ട്: തൃപ്തിപ്പെടുത്തലും പ്രതിനിധാനവും (പകരം വെക്കൽ).
തൃപ്തീകരണ പാപ പരിഹാര യാഗം
റോമർ 3:25-26 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, 26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.
ദൈവത്തിന്റെ സമ്പൂർണ്ണമായ പരിശുദ്ധി ശരിയുടെ സമ്പൂർണ്ണമായ അളവുകോൽ സ്ഥാപിക്കുന്നു. എല്ലാ വ്യക്തികളും ദൈവം വെച്ച അളവുകോലിനൊപ്പം (ലക്ഷ്യത്തിലും, വാക്കുകളിലും, ചിന്തയിലും, പ്രവർത്തിയിലും) വരേണ്ടതാണ്. ദൈവീക പൂർണ്ണതകൾക്ക് അനുരുപപ്പെടാതെ ഇരിക്കുകയോ അത് ലഘിക്കുകയോ ചെയ്യുന്നതാണ് പാപം എന്നു പറയുന്നത്. മാത്രമല്ല, ന്യായമായ് ശിക്ഷിക്കപെടേണ്ട കുറ്റവും ഇതുമൂലം ഉണ്ടാകുന്നു. ആ കുറ്റത്തെ ശിക്ഷിക്കുമ്പോൾ മാത്രമാണ് ദൈവീക പരിശുദ്ധി തൃപ്തിയടയുന്നത്. ക്രിസ്തു മരിച്ചപ്പോൾ പാപത്തിന്റെ കുറ്റത്തിനുമേലുള്ള ദൈവീക കോപത്തിനു ശമനം ഉണ്ടായി.
പ്രതിനിധാന പാപപരിഹാരയാഗം
യെശ 53:6- നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
2 കൊരി 5:21- പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
ഗലാ 3:13- മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
1 പത്രൊസ് 2:24- നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
1 പത്രൊസ് 3:18- ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
പ്രതിനിധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാപിയുടെ സ്ഥാനത്തുള്ള ക്രിസ്തുവിന്റെ മരണമാണ്. പാപി തന്റെ പാപത്തിനു വിലകൊടുക്കണം എന്നു ദൈവം ആവശ്യപ്പെടുന്നു (റോമർ 3:23). ക്രിസ്തു സ്വമനസ്സോടെ പാപികളുടെ പകരക്കാരനായിതീരുകയും അവർക്കു പകരമായ് അവരുടെ സ്ഥാനത്ത് അവരുടെ പാപങ്ങളുടെ ശിക്ഷ സഹിച്ചു.
പാപപരിഹാരയാഗത്തിന് വിവിധ വശങ്ങൾ ഉണ്ടല്ലോ. അവ ഏതൊക്കെയാണ്?
പാപപരിഹാരത്തിനു നാലുവശങ്ങൾ ഉണ്ട്. അത് മനസ്സിലാക്കണമെങ്കിൽ നാലു വാക്കുകൾ പഠിക്കേണ്ടതുണ്ട്. കുറ്റം, അടിമത്വം, കോപം, ശത്രുത എന്നിവയാണ് അവ. കുറ്റത്തിനു പ്രായ്ശ്ചിത്തം ആവശ്യമാണ്. അടിമത്വത്തിൽ നിന്ന് വീണ്ടെടുപ്പ് ആവശ്യമാണ്. കോപനത്തിനു ശമനം ആവശ്യമാണ്. ശത്രുതയിൽ നിന്നു നിരപ്പ് ആവശ്യമാണ്. തന്റെ പാപപരിഹാര യാഗത്തിലൂടെ ക്രിസ്തു നിവർത്തീകരിച്ചത് പ്രാധാനമയും ഈ നാലുകാര്യങ്ങളാണ്.
കുറ്റം, അടിമത്വം, കോപം, ശത്രുത എന്നീ മേഘലകളിലുള്ള ദൈവത്തിന്റെ പരിശുദ്ധമായ ആവശ്യങ്ങൾ നിവൃത്തീകരിക്കുവാൻ പറ്റുന്ന രീതിയിൽ ക്രിസ്തുവിന്റെ രക്തത്തിന് കാര്യക്ഷമത കൊടുക്കുന്നത് എന്താണ്?
അനുസരണം എന്നുള്ളതാണ് അതിനുള്ള ഉത്തരം. സകല പാപങ്ങളേയും ശുദ്ധീകരിക്കുവാൻ പറ്റുന്ന രീതിയിൽ തന്റെ രക്തത്തെ ആക്കിത്തീർത്തത് ക്രിസ്തുവിന്റെ അനുസരണം തന്നെയാണ് (1 യോഹ. 1:9). നമ്മുടെ അനുസരണക്കേടിന്റെ കണക്കിലേക്ക് ക്രിസ്തുവിന്റെ അനുസരണത്തെ ദൈവം നിക്ഷേപിക്കുന്നു. ക്രിസ്തുവിന്റെ അനുസരണം രണ്ടുതരത്തിലാണ് ഉള്ളത്.
ഒന്ന് സഹനാനുസരണം (Passive obedience). പാപത്തിനു പ്രയ്ശ്ചിത്തമായിതീരുവാൻ തന്നെ തന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കുന്നതാണ് സഹനാനുസരണം. പാപത്തിനുള്ള പിഴ ക്രിസ്തു കൊടുത്തു തീർത്തു. പാപക്ഷമയും മാപ്പും ഒരു വിശ്വാസി പ്രാപിക്കുന്നു.
ഫിലി. 2:8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
രണ്ടാമതായ്, സജീവാനുസരണം (Active obedience) പാപക്ഷമയും മാപ്പും സ്വീകരിച്ചാൽ മാത്രം സ്വർഗ്ഗത്തിൽ പോകുവാനുള്ള യോഗ്യതയാകുകയില്ല. ന്യായപ്രമാണം പൂർണ്ണമായി പാലിക്കണം. സ്വർഗ്ഗത്തിൽ പോയി ദൈവമുമ്പാകെ നിൽക്കണമെങ്കിൽ നീതി ആവശ്യമാണ്. കർത്താവായ യേശുക്രിസ്തു പിതാവിനെ പൂർണ്ണമായ് അനുസരിച്ച്, ന്യായപ്രമാണം നിറവേറ്റി ആ നീതി നമ്മുടെ കണക്കിൽ നിക്ഷേപിച്ചു.
റോമർ 5:19 ഏകമനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.
പാപപരിഹാരയാഗത്തിന്റെ പ്രയോജനം ആർക്കൊക്കെയാണ് ലഭിക്കുന്നത്?
ക്രിസ്തുവിന്റെ മരണത്തിന് അനന്തമായ മൂല്യമുണ്ട്. ക്രിസ്തു മരിച്ചപ്പോൾ അനന്തനായ ദൈവം ക്രിസ്തുവിൽ ഈ ലോകത്തെ തന്നോട് നിരപ്പിച്ചു (2 കൊരി. 5:19). ക്രിസ്തുവിന്റെ വ്യക്തിത്വമാണ് തന്റെ മരണത്തിന് അനന്തമായ മൂല്യം നൽകിയത്. ഈ ലോകത്തിന്റെ പാപം എത്ര വലുതായാലും എത്ര എണ്ണമുണ്ടായാലും അതെല്ലാം പരിഹരിക്കുവാൻ ക്രിസ്തുവിന്റെ മരണം മതിയായതാണ്. ക്രിസ്തുവിന്റെ ദൈവീക പ്രകൃതം തന്നെയാണ് തന്റെ മരണത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത്.
പൊതുവായി മാനവരാശിയോടുള്ള ദൈവകൃപയുടെ അടിസ്ഥാനവും ക്രിസ്തുവിന്റെ മരണം തന്നെയാണ്. ദൈവത്തിനെതിരായി മാനവരാശി പാപം ചെയ്തതുകൊണ്ട് ദൈവത്തിൽ നിന്നും ഒരു നന്മക്കും മനുഷ്യർ അർഹരല്ല. നന്മക്കല്ല മനുഷ്യൻ അർഹർ, മറിച്ച് ശിക്ഷക്കാണ് അർഹർ. എല്ലാ നന്മയും ദൈവകൃപതന്നെയാണ്. രക്ഷിക്കുന്ന കൃപമാത്രമല്ല, പൊതുവായ കൃപയും ക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലാണ് മാനവരാശിക്ക് ദൈവം നൽകുന്നത്. അതുകൊണ്ടാണ് ക്രിസ്തു വിശ്വാസികളുടെ മാത്രമല്ല, സകലരുടേയും രക്ഷിതാവായിരിക്കുന്നത് (1 തിമൊ 4:10, മത്തായി 5:45). പൊതുവായ കൃപ മാത്രമല്ല, സകല സൃഷ്ടിയുടേയും വീണ്ടെടുപ്പിന്റെ അടിസ്ഥാനവും ക്രിസ്തുവിന്റെ മരണമാണ്— റോമർ 8:21-23. മുഖപക്ഷമോ വേർതിരിവോ ഇല്ലാതെ സകലർക്കും വേണ്ടിയുള്ളതാണ് ക്രിസ്തുവിന്റെ മരണം. തീത്തൊസ് 2:11
സകലരുടേയും പാപാത്തിന് ക്രിസ്തുവിന്റെ മരണം കൊണ്ട് പരിഹാരം വരുത്തിയെങ്കിൽ പിന്നെ എന്തുകൊണ്ട് എല്ലാവരും സ്വർഗ്ഗത്തിൽ പോകുന്നില്ല?
ദൈവം സകല മനുഷ്യരുടെ പാപത്തിനും ക്രിസ്തുവിന്റെ മരണം മുലം പരിഹാരം വരുത്തിയിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് വിശ്വസിക്കുന്നവർക്ക്/തിരഞ്ഞെടുക്കപ്പെട്ട വർക്ക് മാത്രമാണ്.
1 തിമൊ 4:10- അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
യോഹ 10:11- ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
യോഹ 10: 14-15- ഞാൻ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു.
യോഹ 10: 26- നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
2 കൊരി 5:14-15- ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.
ക്രിസ്തുവുമായിട്ടുള്ള ഐക്യത അല്ലെങ്കിൽ ഏകീഭാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
സകല ആത്മീയ അനുഗ്രഹങ്ങളുടേയും ഉറവിടമായി പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ പ്രാശ്ചിത്തയാഗത്തോട് ഒരു വിശ്വാസി തന്റെ ജീവിതകാലത്തിൽ താദാത്മ്യം പ്രാപിക്കുന്നതിനേയാണ് ക്രിസ്തുവുമായിട്ടുള്ള ഏകീഭാവം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. എഫ്യേസർ 1:3- സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
എന്താണ് ഫലവത്തായ വിളി?
ഒരു വ്യക്തിക്ക് പുതിയ ഒരു പ്രകൃതം നൽകികൊണ്ട് ദൈവം തന്നോടുള്ള ആ വ്യക്തിയുടെ എതിർപ്പിനെ അവസാനിപ്പിക്കുവാൻ വേണ്ടിയുള്ള കൃപയോടുകൂടിയുള്ള ദൈവത്തിന്റെ വിളിയാണ് ഇത്.
എത്രതരത്തിലുള്ള ദൈവവിളികൾ ഉണ്ട്?
ദൈവീകവിളി ഒന്നെയുള്ളൂ. പക്ഷെ അതിനു രണ്ട് വശങ്ങൾ ഉണ്ട്. ഒന്നാമത്തേത് പൊതുവായവിളി അല്ലെങ്കിൽ സുവിശേഷ വിളി. തിരഞ്ഞെടുക്കപ്പെട്ടവരാണെന്നോ തിരഞ്ഞെടുക്കപ്പെടാത്ത വരാണെന്നോ നോക്കാതെ സുവിശേഷം കേൾക്കുന്ന എല്ലാവരേയും രക്ഷിക്കപ്പെടുവാൻ ദൈവം ആഹ്വാനം ചെയ്യുന്നു.
പൊതുവായവിളി വിവേചനരഹിതമാണ് (യെശ. 45:22; മത്തായി 11:28; അ. പ്ര. 17:30; വെളി. 22:17).
പൊതുവായവിളി മിക്കപ്പോഴും തിരസ്കരിക്കപ്പെടുന്നു(യെശ 65:12; സദൃ 1:24. മത്തായി 13:19, 22:14, 23:37).
പൊതുവായവിളിയുടെ നിഷേധത്തിനു മനുഷ്യൻ തന്നെയാണ് ഉത്തരവാദി (2 തെസ്സ 1:7-9; എബ്രാ 12: 25.)
രണ്ടാമത്തേത്, ഫലവത്തായ വിളി. ഇത് നേരായ ഫലമുണ്ടാക്കുന്ന വിളിയാണ്. ഒരു വ്യക്തി സുവിശേഷം കേൾക്കുമ്പോൾ പരിശുദ്ധാത്മാവ് പാപിയെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച് ആ വ്യക്തിയെ മാനസന്തരത്തിലേക്കും വിശ്വാസത്തിലേക്കും കൊണ്ടുവരുന്നു (യോഹ. 6:44, 6:65, റോമർ 8:28, 30, 1 കൊരി. 1: 23-24, 2 പത്രൊസ് 1:10).
ഈ വിളിയെ ഫലവത്താക്കുന്നത് വീണ്ടും ജനനമാണ് (1 കൊരി 2:14).
ഫലവത്തായ ഈ വിളിയുടെ മാദ്ധ്യമം ദൈവവചനമാണ് (സുവിശേഷം) (1 കൊരി. 1:18, 1 തെസ്സ 1:5, 2 തെസ്സ 2:14).
ഫലവത്തായ വിളി മനുഷ്യ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നില്ല. ഇത് മനുഷ്യന്റെ ഇച്ഛയുടെ മേൽ സമർദ്ദം ചെലുത്തുന്നുമില്ല. മറിച്ച് മനുഷ്യന്റെ സ്വയ സമ്മതം ദൈവം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. (സങ്കീ 110:3, ഫിലി. 2:13, യോഹ. 6:45, അ. പ്ര. 16:14).
ഫലവത്തായ വിളി പിൻ വലിക്കുവാൻ കഴിയുകയില്ല. യോഹ. 6:44, റോമ. 8:30; 11:29, 1 തെസ്സ 11:29, 1 തെസ്സ 5:24.
എന്താണ് വീണ്ടും ജനനം?
തൽക്ഷണവും അപ്രതീക്ഷിതവുമായി (യോഹ. 3:8; യോഹ. 1:13) പുതിയ പ്രകൃതത്തെയും (പുതിയ മനസ്സ്- യെര. 24:7, പുതിയ വികാരങ്ങളേയും —ആവ. 30:6; പുതിയ ഇച്ഛയേയും— യെഹ. 11: 19-20; 36:26-27, സെഫ. 3:9, 1 യോഹ. 5:1) പ്രദാനം ചെയ്യുന്ന അത്ഭുതകരമായ (യോഹ. 1:12-13; തീത്തോസ് 3:5) ദൈവത്തിന്റെ പ്രവർത്തിയാണ് വീണ്ടും ജനനം (തീത്തൊസ് 3:5, 1 പത്രൊസ് 1:3, യോഹ. 1:13, 1 യോഹ. 5:2, 2 കൊരി 5:17, യെഹ.36:26, ആവ. 29:4, 30:6, അ. പ്ര. 16:14).
സുനിശ്ചിതമായ വിശുദ്ധീകരണം എന്താണ്?
ഒരു വ്യക്തിയെ ദൈവത്തിങ്കലേക്ക് വേർതിരിക്കുകയും പാപത്തോടുള്ള അടിമത്വത്തിൽ നിന്നും പാപത്തിനുള്ള ശിക്ഷയിൽനിന്നും ഒരു വ്യക്തിയെ അകറ്റുകയും ചെയ്യുന്ന ദൈവത്തിന്റെ തൽക്ഷണമായ പ്രവർത്തി. റോമർ 6:2-7, 14, 18, 7:4-6, 1 പത്രൊസ് 2:24.
വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടി ആകുമ്പോൾ പഴയമനുഷ്യൻ മരിക്കുന്നു (എഫ്യേ 4:20-24; കൊലോ 3:9-10). ആദാമിലുള്ള മനുഷ്യൻ പാപത്തിന്റേയും മരണത്തിന്റേയും ജന്മിത്വത്തിൽ ജീവിക്കുന്ന പഴയമനുഷ്യനാണ്. ഈ പഴയമനുഷ്യൻ ക്രൂശീകരക്കപെട്ട് മരിച്ചു പോയി. അതിന്റെ സ്ഥാനത്ത് പുതിയ മനുഷ്യൻ, പൂർണ്ണനല്ല, വിശുദ്ധീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ആകുകയും അങ്ങിനെ പഴയ പ്രകൃതത്തിനെതിരായി പോരാടുവാനുള്ള കഴിവ് ലഭിക്കുകയും ചെയ്യുന്നു.
എന്താണ് മടങ്ങിവരവ്/തിർച്ചുവരവ് (Conversion) എന്നതുകൊണ്ട് വേദപുസ്തകം ഉദ്ദേശിക്കുന്നത്?
മാനസാന്തരവും വിശ്വാസവും കൂടിച്ചേരുന്നതാണ് മടങ്ങിവരവ് അല്ലെങ്കിൽ തിരിച്ചുവരവ്. പാപമോചനത്തിനായ് പാപത്തിൽ നിന്നും ദൈവത്തിങ്കലേക്ക് മനഃപൂർവ്വമായി വീണ്ടുംജനിക്കപ്പെട്ട വ്യക്തി തിരിയുന്നതാണ് തിരിച്ചുവരവ് എന്നതുകൊണ്ട് 1ഉദ്ദേശിക്കുന്നത്. അ. പ്ര. 3:19, 3:26, 14:15, 26:18. 1 തെസ്സ 1:9, യെശ. 55:7
എന്താണ് മാനസാന്തരം?
നല്ലരീതിയിൽ ജീവിക്കുവാനായി ഒരു പുതിയ തീരുമാനം എടുക്കുന്നതല്ല മാനസ്സാന്തരം.
മാനസന്തരത്തിൽ ദുഖം ഉൾപ്പെടുന്നുവെങ്കിലും ദുഖിച്ചതുകൊണ്ട് മാനസാന്തരം ആകുന്നില്ല. പുറ. 9:27, സംഖ്യ 22:34, മത്തായി 27:4, ലൂക്കോ 18:23, എബ്രാ. 12:17. 2 കൊരി. 7:10.
അഭിപ്രായം മാറുന്നതുമല്ല മാനസ്സാന്തരം.
കുമ്പസാരവുമല്ല മാനസ്സാന്തരം. പ്രവർത്തിയിൽക്കൂടിയുള്ള പാപമൊചനമാണ് ഇതിൽ ഉദ്ദേശിക്കുന്നത്.
ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും, പാപത്തെക്കുറിച്ചും ഉള്ള മനസ്സിന്റേയും സ്വഭാവത്തിന്റേയും മാറ്റമാണ് വേദപുസ്തകത്തിലെ മാനസാന്തരം. യെശ. 55:7, യെഹ 33:11, ഇയ്യോ. 42:6, യോവേൽ 2:12-13, അ. പ്ര. 20:21, വെളി 9:21.
മാനസാന്തരത്തിന് വിവിധ വശങ്ങൾ ഉണ്ടെന്ന് പറയുന്നു. അവ ഏതൊക്കെയാണ്?
ഒന്നാമത് ബുദ്ധിപരമായ വശം. പാപത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അറിവ് ആവശ്യമാണ്. ഒരു വശത്ത് പാപത്തിന്റെ ഭയങ്കരത്വം തിരിച്ചറിയുകയും, മറുവശത്ത് ദൈവത്തിന്റെ പരമാധികാരം തിരിച്ചറിയുകയും ചെയ്യണം. സങ്കി 51:3, രോമർ 10:9
രണ്ടാമത് വൈകാരികവശം. ദുഖം മനസാന്തരം ഉറപ്പാക്കുന്നില്ലെങ്കിലും യഥാർത്ഥ മനസാന്തരത്തിൽ ദുഖം ഉൾപ്പെടുന്നു. പാപത്തെക്കുറിച്ചുള്ള ദുഖവും ദൈവത്തിനെതിരായി കുറ്റം ചെയ്തതിലുള്ള ദുഖവും അതിൽ ഉൾപ്പെടുന്നു. ഇയ്യോ 42:5-6, 2 കൊരി. 7:10
മൂന്നമത് ഇച്ഛാപരമായ വശം— ഇവിടെയാണ് തീരുമാനം ഉൾപ്പെടുന്നത്. അനുസരണക്കേട് ഉപേക്ഷിക്കുവാനും ക്രിസ്തുവിന്റെ കർതൃത്വത്തോട് സമർപ്പിക്കുവനുമുള്ള തീരുമാനം ഇതിൽ ഉൾപ്പെടുന്നു. മാനസാന്തരത്തിൽ സൽപ്രവർത്തികൾ ഉൾപ്പെടുന്നില്ലായെങ്കിലും മാനസാന്തരം സൽപ്രവർത്തികളിലേക്ക് നയിക്കുന്നു. മത്താ 3:8, അ. പ്ര. 26:20.
മാനസാന്തരം മനുഷ്യന്റെ പ്രവർത്തിയാണോ?
മാനസാന്തരം മനുഷ്യനിലാണ് നടക്കുന്നതെങ്കിലും ഇതിന് ആരംഭം കുറിക്കുന്നത് ദൈവമാണ്. കാരണം
പ്രാകൃതമനുഷ്യനു മാനസാന്തരപ്പെടുവാനുള്ള ജന്മ സിദ്ധമായ കഴിവ് ഇല്ല. സെഖ. 12:10, അ. പ്ര. 5:31, 11:18, 2 തിമൊ 2:24-25.
എന്താണ് (രക്ഷൈക) വിശ്വാസം(saving faith)?
തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ പൂർത്തീകരിക്കപ്പെട്ട പ്രവർത്തിയെക്കുറിച്ചുള്ള അറിവും യോജിപ്പും അതിലുള്ള കാപട്യമില്ലാത്ത ആശ്രയവുമാണ് രക്ഷിക്കുന്ന വിശ്വാസം.
രക്ഷിക്കുന്ന വിശ്വാസത്തിനു വിവിധ വശങ്ങൾ ഉണ്ടോ?
മാനസാന്തരത്തിലെന്നതുപോലെ രക്ഷിക്കുന്ന വിശ്വാസത്തിനും വിവിധ വശങ്ങൾ ഉണ്ട്. ഒന്നാമത്തേത്,
ബുദ്ധിപരമായ വശം. സത്യത്തെക്കുറിച്ചുള്ള അറിവ് ഉണ്ടാകണം അറിവില്ലായ്മയിൽ നിന്നു വിശ്വാസം ഉണ്ടാകുകയില്ല. റോമർ 10:14, 17
രണ്ടാമത് മനോഭാവപരമായ വശം. അറിവുള്ള കാര്യങ്ങളോട് നമ്മുടെ പ്രതികരണം എന്തായിരിക്കണം? അറിവുള്ള കാര്യങ്ങളോട് നാം യോജിക്കുകയും അതിനോട് ചേർന്ന് നിൽക്കുകയും ചെയ്യണം. അറിയുന്ന കാര്യം സത്യമാണെന്നും ജീവിതത്തിൽ പ്രായോഗികമാണെന്നും അംഗീകരിക്കണം (യോഹന്നാൻ 3:2; അ. പ്ര. 26:27; യാക്കോബ് 2:19) സത്യമാണെന്നു പറയുകയും എന്നാൽ ആ സത്യത്തോട് ചേരാതിരിക്കുകയും ചെയ്യുന്നത് ആ സത്യത്തെ നിഷേധിക്കുന്നതിനു തുല്യമാണ്. എബ്രാ. 11:1
മൂന്നാമത്തേത് ഇച്ഛാപരമായ വശം— സത്യത്തെ അംഗീകരിക്കുക മാത്രമല്ല, അതിൽ ആശ്രയിക്കുകയും ചെയ്യണം. വാക്കുകൾ പ്രയോഗത്തിൽ വരുത്തുന്ന വശമാണ് ഇത്. യഥാർത്ഥ വിശ്വാസത്തിന്റെ അളവുകോൽ അനുസരമാണ്. റോമർ 10:10; യോഹ 1:12; 4:14; 6:37; മത്തായി 11:28-30; എബ്രാ 5:9.
വിശ്വാസവും അനുസരണവും തമ്മിലുള്ള ബന്ധം എന്താണ്?
അനുസരണക്കേടും അവിശ്വാസവും പര്യായപദങ്ങളായിട്ടാണ് പുതിയ നിയമത്തിൽ ഉപയോഗിച്ചിട്ടുള്ളത് (യോഹ 3:36; എബ്രാ 3:18-19). അതുപോലെ അനുസരണവും വിശ്വാസവും പര്യായപദങ്ങളാണ് (അ. പ്ര 6:7; റോമർ 1:5; 6:17; 10:16; 11:23; 15:18; 1 തെസ്സ 1:8; 1 പത്രൊ 4:17). അനുസരണത്തിൽ കലാശിക്കാത്ത വിശ്വാസം സത്യവിശ്വാസമല്ല.
വിശ്വാസം മനുഷ്യന്റെ പ്രവർത്തിയാണോ?
വിശ്വാസത്തെക്കുറിച്ച് പ്രാഥമികാമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇന്ദ്രിയാനുഭവങ്ങളിലല്ല വിശ്വാസം ആരംഭിക്കുന്നത്. മത്തായി 16:17; 2 കൊരി 5:7 (ലൂക്കോസ് 16:30–31; അ. പ്ര 8:13–24; 14:13).
ചരിത്രാന്വേഷണത്തിൽ നിന്നും രക്ഷിക്കുന്ന വിശ്വാസം ആരംഭിക്കുന്നില്ല. മത്തായി 28:11-15. അ. പ്ര 26:26
മാനുഷികബുദ്ധിയിൽ നിന്നും രക്ഷിക്കുന്ന വിശ്വാസം ആരംഭിക്കുന്നില്ല. 1 കൊരി 1:21; 2:4-5
രക്ഷിക്കുന്ന വിശ്വാസം ആത്യന്തികമായി ദൈവത്തിന്റെ ദാനമാകുന്നു. പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിക്കുമ്പോൾ വിശ്വാസവും മനുഷ്യനു ലഭിക്കുന്നു. സുവിശേഷം സന്ദേശം കേൾക്കുമ്പോൾ സ്വതന്ത്രമായി അതിനോട് പ്രതികരിക്കുവാനുള്ള കഴിവും ദൈവം അവനുകൊടുക്കുന്നു. അ. പ്ര 14:27; 1 കൊരി 2:5; 12:3; എഫ്യേ 2:8; ഫിലി. 1:29; 2:13; എബ്ര 12:2.
എന്താണ് നീതീകരണം?
ക്രിസ്തുവിന്റെ നീതി കണക്കിടപ്പെടുന്നതിന്റെ (ചുമത്തപ്പെടുന്ന) അടിസ്ഥാനത്താൽ ഒരു വ്യക്തിയെ ദൈവം നീതിമാനായ് പ്രഖ്യാപിക്കുകയും നീതിമാനെന്ന പോലെ അവനോട് പെരുമാറുകയും ചെയ്യുവാനായ് ദൈവം അവനെ സ്വീകരിക്കുകയും ചെയ്യുന്നതാണ് നീതീകരണം. ഒരു വ്യക്തിയെ നീതിമാനാക്കിത്തീർക്കുക എന്നുള്ളതല്ല നീതീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് നീതിമാനായ് എണ്ണുകയാണ് ചെയ്യുന്നത്. ലൂക്കോസ് 7:29, സദൃ. വാ. 17:15.
എന്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം ഒരു വ്യക്തിയെ നീതീകരിക്കുന്നത്?
പാപിയായ മനുഷ്യൻ പരിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ എങ്ങിനെ നീതിമാനായി തീരുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം (ഇയ്യോബ് 9:2). മനുഷ്യൻ പരിപൂർണ്ണമായി പാപിയും അനീതിയുള്ളവനുമാണ്. അങ്ങിനെയുള്ള മനുഷ്യനെ നീതീകരിക്കുന്നത് വലിയ കുറ്റവുമാണ്. സദൃ. 17:15. മാത്രമല്ല, ദൈവം പരിശുദ്ധനും നീതിമാനുമാണ് (ഹബ 1:13). അതുകൊണ്ട് ദുഷ്ടന്മാരെ നീതീകരിക്കുന്നത് തന്റെ നിയമത്തിനു വിരോധവുമാണ് (റോമ 2:12-13).
ഈ അവസ്ഥക്ക് എന്താണ് പരിഹാരം? മനുഷ്യന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ നീതീകരിക്കാൻ കഴിയുകയില്ല (സങ്കീ. 130:3, 143:2, സ. പ്ര. 7:20). മനുഷ്യന്റെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ നീതീകരിക്കാൻ കഴിയുകയില്ല (റോമർ 3:20, 4:5, ഗലാ. 3:11-12). മതപരമായ ഒരു ചടങ്ങളുടെ അടിസ്ഥാനത്തിലും നീതീകരിക്കാൻ കഴിയുകയില്ല (റോമർ 4:9-11). മറിച്ച്, പാപികളുടെ അക്കൗണ്ടിലേക്ക് ചുമത്തപ്പെടുന്ന ക്രിസ്തുവിന്റെ നീതിയിലാണ് നീതീകരണം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ദൈവീകനിയമങ്ങളെ തന്റെ സഹനാനുസരണത്താലും സജീവാനുസരണത്താലും പൂർണ്ണമായി തൃപ്തിപ്പെടുത്തുകയും അങ്ങിനെ താൻ സമ്പാദിച്ച നീതി വിശ്വാസികളുടെ മേൽ ചുമത്തുകയും ചെയ്തു.
ക്രിസ്തുവിന്റെ സഹനാനുസരണവും സജീവാനുസരണവും തമ്മിലുള്ള വ്യത്യാസം എന്താണ്?
പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ജീവൻ മരണത്തിനു വിധേയപ്പെടുത്തിക്കൊടുത്ത തന്റെ അനുസരണത്തെയാണ് നിഷ്ക്രിയ അനുസരണം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അനുസരണത്തിന്റെ അടിസ്ഥാനത്തിൽ ന്യായപ്രമാണത്തിന്റെ ശിക്ഷകൾ ക്രിസ്തു കൊടുത്തുതീർത്തു. അങ്ങിനെ ഒരു വ്യക്തി പാപമോചനം പ്രാപിക്കുന്നു. ഗലാ. 3:13; റോമർ 5:9
എന്നാൽ ന്യായപ്രമാണത്തിലെ എല്ലാ ആവശ്യകതകളും പരിപൂർണ്ണമായി നിറവേറ്റുന്ന ക്രിസ്തുവിന്റെ അനുസരണമാണ് സജീവ അനുസരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ന്യായപ്രമാണം നിർദ്ദേശിച്ചിട്ടുള്ള സകലവും ക്രിസ്തു അനുസരിച്ച്, ആ സൽപ്രവർത്തികളാൽ ഉണ്ടായ നീതി നമ്മുടെ കണക്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് (റോമർ 5:18-19. 2 കൊരി. 5:21. റോമർ 5:1). സഹനാനുസരണത്താൽ പാപക്ഷമയും സജീവാനുസരണത്താൽ നീതിയും നാം പ്രാപിക്കുന്നു.
എന്താണ് ദത്തെടുപ്പ്?
ദൈവത്തിന്റെ ഉപകാരങ്ങളും കരുതലുകളും പ്രാപിക്കുവാനായ് ഒരു വിശ്വാസിയെ മകൻ എന്ന നിലയിലും അവകാശി എന്ന നിലയിലും ദൈവത്തിന്റെ കുടുംബത്തിലേക്ക് ആക്കിവെക്കുന്ന ഒരു പ്രവർത്തിയാണ് ദത്തെടുപ്പ്.
ദത്തെടുപ്പിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
ദൈവത്തെ പിതാവയി ലഭിക്കുന്നു.. മത്തായി 6:8-9, 7:11 2 തെസ്സ 2:16.
പ്രത്യേക അവകാശം ലഭിക്കുന്നു. ഗലാ 4:7, റോമർ 8:17-23.
പഴയ ബന്ധങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു. റോമർ 8:15.
നമ്മുടെ പുതിയ പദവി തിരിച്ചറിയുവാനുള്ള പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ ഉണ്ടാകുന്നു. റോമർ 8:15-16. ഗലാ 4:6.
നിത്യജീവനായുള്ള അവകാശം ലഭിക്കുന്നു. തീത്തോസ് 3:7
ഒരു വ്യക്തിയെ ദൈവം ദത്തെടുത്തിരിക്കുന്നു എന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ്?
അനുസരണം റോമർ 8:14.
ബാലശിക്ഷ എബ്ര 12:6—8.
വേർപാട്. 2 കൊരി. 6:14-18
എന്താണ് പുരോഗമനപരമായ വിശുദ്ധീകരണം?
പാപപ്രകൃതത്തിന്റെ പ്രവർത്തികളെ മരിപ്പിച്ചുകൊണ്ടും ക്രിസ്തീയ കൃപകളിൽ വളർന്നുകൊണ്ടും തന്റെ ആത്മീയ ജീവതത്തിൽ ഒരു വിശ്വാസിയുടെ പുരോഗമിക്കുന്നതാണ് ഈ വിശുദ്ധീകരണം.
ഒരുവൻ ക്രിസ്തുവിലാകുമ്പോൾ പഴയമനുഷ്യൻ മരിക്കുകയും അവൻ പുതിയസൃഷ്ടിയായിത്തീരുകയും ചെയ്യുന്നു. അപ്പോഴും അവനിലുള്ള പഴയ പ്രകൃതത്തിനെതിരായിട്ടുള്ള പോരാട്ടം അവസാനിക്കുന്നില്ല (റോമർ 6:10-14. ഗലാ 5:17. റോമർ 7:15-25). പരിശുദ്ധാത്മാവിന്റെ സഹായത്താലും വർദ്ധിതവിശ്വാസത്താലും പഴയ പ്രകൃതത്തിന്റെ ശക്തിയെ ഒരു വിശ്വാസി പുരോഗമനപരമായി പരാജയപ്പെടുത്തുമ്പോളാണ് ഈ വിശുദ്ധീകരണം പുരോഗതി പ്രാപിക്കുന്നത് (റോമർ 8:13. 1 കൊരി 9:27, കൊലോ 3:5).
പുരോഗമനപരമായ വിശുദ്ധീകരണം സാദ്ധ്യമാകുന്നത് എങ്ങിനെയാണ്?
പുരോഗമന വിശുദ്ധീകരണം പ്രാപിക്കുവാനായി മൂന്നു കാര്യങ്ങളാണ് ആവശ്യമായിട്ടുള്ളത്. ഒന്നാമതായ് താഴ്മ. സ്വയമായി ഒരു വിശ്വാസിക്ക് തന്നെ തന്നെ വിശുദ്ധീകരിക്കുവാൻ കഴിയില്ല എന്ന തിരിച്ചറിയണം. പരിശുദ്ധാത്മാവിന്റെ സഹായം അവന് ആവശ്യമാണ് (യോഹ 15:5, റോമർ 8:9-10; 12-13. 2 യോഹ 3:18).
രണ്ടാമതായി അനുസരണം. ദൈവവചനം അനുസരിക്കണം (യോഹ 17:17). വചനം പാപത്തെ കാണിച്ചുതരുന്നു (യാക്കോ 1:23-25). പാപത്തിൽ നിന്നു വചനം ഒരു വിശ്വാസിയെ വിശുദ്ധീകരിക്കുന്നു ( എഫേ 5:25-27). മാത്രമല്ല, വചനം അവനെ ക്രിസ്തുവിനോട് അനുരൂപമാക്കുന്നു (2 കൊരി 3:18. റോമർ 8:13, 2 കൊരി 7:1, എഫെ 2:10).
മുന്നാമതായി മാറ്റം. ഈ ലോകജീവിതത്തിൽ ആരും പൂർണ്ണരാകുകയില്ലെങ്കിലും തുടർച്ചയായ മാറ്റങ്ങൾ വീണ്ടുംജനിക്കപ്പെട്ട വിശ്വാസികളിൽ ഉണ്ടായിരിക്കും (1 തെസ്സ 5:23; റോമർ 7:24-25, 8:29, 2 കൊരി 12:2. പുരോഗമന വിശുദ്ധീകരണം പ്രാപിക്കുവാനായി മൂന്നു കാര്യങ്ങൾ ഇവയാണ്.
എന്താണ് രക്ഷയുടെ ഭദ്രത?
സുരക്ഷ: തന്റെ കൃപയുടെ തുടർച്ചയായ പ്രവർത്തനത്താൽ എല്ലാ യഥാർത്ഥ വിശ്വാസികളുടേയും രക്ഷ ദൈവം ഉറപ്പാക്കുന്നതാണ് രക്ഷയുടെ ഭദ്രത. 1 പത്രൊസ് 1:5. യോഹ 6:39, 10:27-30, റോമർ 8:31-39, 11:29, 1 കൊരി 1:8-9, എഫെ 4:30, ഫിലി 1:6, 1 തെസ്സ 5:23-24, എബ്രാ 7:25, യൂദാ 1, 24, 25.
വിശ്വാസത്തിന്റെ സ്ഥിരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
വിശ്വാസത്തിലും, ശരിയായ ഉപദേശത്തിലും, സൽപ്രവർത്തികളിലും എല്ലാ യഥാർത്ഥ വിശ്വാസികളും തീർച്ചയായി തുടരുകയും കൃപയിൽ നിന്ന് ആത്യന്തികമായി അവർ വീണുപോകുകയുമില്ല എന്നതാണ് വിശ്വാസത്തിന്റെ സ്ഥിരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂദാ 21, 24. ഫിലി 1:6, 1 പത്രൊ 1:5, എബ്രാ 12:14-15. സ്ഥിരതയിലുള്ള തോൽവി വ്യാജവിശ്വാസത്തെയാണ് വെളിപ്പെടുത്തുന്നത്: മത്താ 24:12-13, യോഹ 8:31, യോഹ 15:5-10, 1 കൊരി 9:27, 15:1-2, ഫിലി. 2:12-16, കൊലോ 1:22-23, 2 തിമൊ 2:12, എബ്ര 3:6, 14, 10:36, 39, യാക്കോ 2:17, 1 യോഹ 5:13, യൂദ 21,
ഏതെല്ലാം മേഖലകളിലാണ് സ്ഥിരത ഉണ്ടാകേണ്ടത്?
വ്യക്തിപരമായ വിശ്വാസത്തിലുള്ള സ്ഥിരത: 1 യോഹ 5:1, 4.
സത്യ ഉപദേശത്തിലുള്ള സ്ഥിരത യോഹ 8:31, 1 കൊരി 15:1-2, കൊലോ 1:22-23
സൽപ്രവർത്തികളിലുള്ള സ്ഥിരത: ഫിലി 2:12-16, യാക്കോ 2:17.
എന്താണ് രക്ഷയുടെ ഉറപ്പ്?
കൃപയുടെ അവസ്ഥയിലായിരിക്കുന്നതിനെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള തന്റെ അവസാനത്തെക്കുറിച്ചും ഒരു വിശ്വാസിക്കുള്ള വ്യക്തിപരമായ അറിവും നിശ്ചയവുമാണ് രക്ഷയുടെ ഉറപ്പ്.
എങ്ങിനെയാണ് ഒരു വിശ്വാസിക്ക് രക്ഷയുടെ ഉറപ്പ് പ്രാപിക്കുവാൻ കഴിയുക?
രക്ഷയുടെ ഉറപ്പ് പ്രാപിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമതായി വിശ്വാസത്തിൽ തുടരുന്നവർക്കുമാത്രമാണ് ഈ ഉറപ്പ് പ്രാപിക്കുവാൻ കഴിയുകയുള്ളൂ (വിശ്വാസ സ്ഥിരത)— യോഹ 5:24, കൊലൊ 1:23, 1 യോഹ 5:1, 13.
രണ്ടാമതായി സൽപ്രവർത്തികളിൽ തുടരുന്നവർക്കുമാത്രമാണ് രക്ഷയുടെ ഉറപ്പ് പ്രാപിക്കാൻ കഴിയുകയുള്ളൂ. (സൽപ്രവർത്തികളിലുള്ള സ്ഥിരത)—2 കൊരി 13:5; 2 പത്രൊ 1:3, 1:5-10; 1 യോഹ 1:7-8, 2:3-6, 9-11, 15, 19, 28-29, 3:9-10, 14, 18-19, 24, 4:8, 5:13.
മുന്നാമതായി പരിശുദ്ധാത്മാവിന്റെ സാക്ഷ്യപ്പെടുത്തൽ (റോമ 8:14-17, 1 യോഹ 4:13). ആത്മാവിന്റെ ഫലത്താലാണ് പ്രാധാനമായും പരിശുദ്ധാത്മാവ് നമ്മൾ ദൈവമക്കളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്. പ്രത്യേകിച്ച് പാപ പ്രവർത്തികളെ നാം മരിപ്പിക്കുന്നതിൽക്കൂടിയും എതിർപ്പിന്റേയും പീഡനത്തിന്റേയും മദ്ധ്യത്തിൽ ധൈര്യത്തോടെ നിൽക്കുന്നതിൽക്കൂടിയും പ്രാർത്ഥനയിൽക്കൂടിയും പരിശുദ്ധാത്മാവ് നാം ദൈവത്തിന്റെ മക്കളാണെന്ന് നമ്മോട് സാക്ഷീകരിക്കുന്നു (ഗലാ. 5:22-23, 18; റോമർ 8:12-13, 14, 15).
എന്താണ് തേജസ്സീകരണം?
പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുള്ള എന്നന്നേക്കുമുള്ള സ്വാതന്ത്ര്യവും ദത്തെടുക്കലിന്റെ പൂർണ്ണതയും ഉയിർത്തെഴുന്നേൽപ്പ് ജീവനും പ്രാപിക്കുന്ന രക്ഷയുടെ പൂർത്തീകരണമാണ് തേജസ്സീകരണം (1 കൊരി 15:54, റോമർ 8:19-23, 2 കൊരി. 5:8, ഫിലി. 1:23).