മനുഷ്യൻ

മനുഷ്യനോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

 

മനുഷ്യനെക്കുറിച്ച് പഠിക്കുമ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്?

മനുഷ്യവിജ്ഞാനീയത്തിൽ ഉയരുന്ന ചോദ്യങ്ങളാണ് ഇവ: (1) ഞാൻ ആരാണ്? (2) ഞാൻ ഇവിടെ എന്തിനു വന്നിരിക്കുന്നു? (3) ഞാൻ എവിടെ നിന്നാണ് വന്നത്? (4) ഞാൻ ഇപ്പോൾ ആയിരിക്കുന്നതുപോലെ ആകുവാനുള്ള കാരണം എന്താണ്?

മനുഷ്യന്റെ ആരംഭം എങ്ങിനെയാണ്? 

മനുഷ്യൻ ആരാണ് എന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ അവൻ എവിടെനിന്ന് വന്നു എന്നതിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആശ്രയിച്ചിരിക്കുന്നത്. നിസ്സാരജീവരൂപങ്ങളിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്നുള്ള വിശ്വാസം മനുഷ്യനെ മറ്റുള്ള മൃഗജാലങ്ങളിൽ നിന്ന് വലുതായൊന്നും വ്യത്യസ്തനാക്കുന്നില്ല. അതുകൊണ്ട് ദൈവവുമായ് അവന് വലിയ ബന്ധം ഉണ്ടാകേണ്ട ആവശ്യവുമില്ല. എന്നാൽ മനുഷ്യൻ ദൈവത്താൽ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവനാണെങ്കിൽ അവന്റെ സത്തയെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഒട്ടനവധികാര്യങ്ങൾ പറയുവാനുണ്ട്.

ആദ്യമനുഷ്യനായ ആദം ദൈവത്താൽ നേരിട്ടും പ്രകൃത്യാതീതമായും സൃഷ്ടിക്കപ്പെട്ടു. ഉൽ‌പ്പത്തി 1:26-27, 2:7, മത്തായി 19:4-5; മർക്കോസ് 10:6-7; 1 കൊരിന്ത്യർ 15:45; 1 തിമൊ. 2:13.

ആദാമിന്റെ സൃഷ്ടി പെട്ടന്നുള്ളതും നേരിട്ടുള്ളതും ആയിരുന്നു. 24 മണിക്കൂറുള്ള ഒരു ദിവസത്തിലാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയത്. നിലനിന്നിരുന്ന വസ്തുക്കളിൽ നിന്നാണ് ആദാമിന്റെ ശരീരം ഉണ്ടാക്കിയത്. മനുഷ്യനെ ഉണ്ടാകട്ടെ എന്ന് കൽ‌പ്പിച്ചുകൊണ്ട് ഉണ്ടാക്കിയതല്ല, നമുക്ക് ഉണ്ടാക്കാം എന്നു പറഞ്ഞ് ഉണ്ടാക്കിയതാണ്. നിലത്തെ പൊടികൊണ്ട്/മണ്ണുകൊണ്ടാണ് മനുഷ്യന്റെ ശരീരത്തെ ഉണ്ടാക്കിയത്. ദൈവത്തിന്റെ ശ്വാസത്താൽ ആദാമിനു് തന്റെ ദേഹി ലഭിച്ചു. ഇത് മനുഷ്യനു മാത്രം നൽകപ്പെട്ട ദൈവത്തിന്റെ സ്വരൂപമാണ്.

ഹവ്വയും നേരിട്ടും പ്രകൃത്യാതീതമയും സൃഷ്ടിക്കപ്പെട്ടു. ഉൽ‌പ്പത്തി 1:27, 2:21-22. മനുഷ്യനും സ്ത്രീയും ദൈവത്തിന്റെ സ്വരൂപ്പത്തിലുള്ളവരാണ്. ദൈവം ഹവ്വയെ നേരിട്ടു സൃഷ്ടിച്ചുവെങ്കിലും ഹവ്വ ആദാമിൽ ആയിരുന്നു. ഹവ്വയെ മണ്ണിൽ നിന്ന് നേരിട്ട് സൃഷ്ടിച്ചിരുന്നുവെങ്കിൽ മാനവരാശിയുടെ തല എന്ന നിലയിൽ അവളും ആദാമിനോട് തുല്ല്യ സ്ഥാനം വഹിക്കുമായിരുന്നു. 1 കൊരി. 11:7-9. ഹവ്വയെ ആദാമിനുവേണ്ടിയാണ് സൃഷ്ടിച്ചത്. ഉൽ‌പ്പത്തി 2:18-22. ശാരീരിക പ്രത്യേകതമാത്രമല്ല ആദാം നോക്കിയത്, ബുദ്ധിപരമായും, വൈകാരികമായും ഇച്ഛാപരമായും ഭൂമിയുടെ രാജാവ് എന്നനിലയിൽ തന്റെ യോഗ്യതക്കനുസരിച്ചുള്ള ഒരാളെയാണ് ആദാം നോക്കിയത്. ആദാം കുറവുള്ളവനായ് സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ടല്ല, തനിക്ക് ലഭിച്ചിരിക്കുന്ന ദൈവീക ഉത്തരവാദിത്വങ്ങൾ തനിയെ പൂർത്തീകരിക്കുവാൻ കഴിയുകയില്ല. പരിണാമ സിദ്ധാന്തത്തിനു വിശദീകരിക്കുവാൻ പറ്റാത്ത ഒരു കാര്യമാണ് സ്ത്രീ-പുരുഷ ആരംഭം.

ആദാമിൽ നിന്നും ഹവ്വയിൽ നിന്നും ജനിച്ചാണ് സകല മാനവരാശിയുമുണ്ടായത്. ഉൽ‌പ്പത്തി 3:20, അ. പ്ര. 17:26, ഉൽ‌പ്പത്തി 9:19. ആറു ദിവസം കൊണ്ട് ദൈവത്തിന്റെ സൃഷ്ടി അവസാനിച്ചു എന്ന് ഉൽ‌പ്പത്തി 2:1-3 ൽ പറയുന്നു. അതിന്റെ അർത്ഥം ദൈവം പിന്നീട് മനുഷ്യനെ സൃഷ്ടിച്ചില്ല എന്നുള്ളത് തന്നെയാണ്. അതുമാത്രമല്ല, പാപം മനുഷ്യനിലേക്ക് പ്രവേശിക്കുന്നതും ജനനത്തിൽക്കൂടിയാണ്. ദൈവം പാപിയായ മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. സങ്കീ. 51:5, 58:3.

പാപം ജനത്തിൽക്കുടിയാണ് ഒരു മനുഷ്യനിലേക്ക് പ്രവേശിക്കുന്നതെങ്കിൽ ക്രിസ്തു എങ്ങിനെ പാപിയല്ലാതായി?

ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് വ്യക്തിത്വം എടുക്കുവാനല്ല, മറിച്ച് മനുഷ്യശരീരം പ്രാപിക്കുവാനാണ്. ക്രിസ്തുവിന്റെ വ്യക്തിത്വം നിത്യമാണ്. എല്ലാ മനുഷ്യരും തങ്ങളുടെ മതാപിതാക്കളിൽ നിന്ന് വ്യക്തിത്വവും ജഡവും സ്വീകരിക്കുമ്പോൾ ക്രിസ്തു വ്യക്തിത്വമില്ലാത്ത ഒരു ജഡമാണ് തന്റെ മാതാവിൽ നിന്ന് സ്വീകരിച്ചത്. താൻ നിത്യനും പരിശുദ്ധനുമായ വ്യക്തി ആയതുകൊണ്ട് ആ വ്യക്തിത്വത്തിന് ഒരു ശരീരം മാത്രം ആവശ്യമായിരുന്നുള്ളു. അങ്ങിനെ മറിയയിൽ ജനിച്ചപ്പോൾ  തന്റെ കറയില്ലാത്ത വ്യക്തിത്വം ജഡശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അങ്ങിനെ തന്നെ “രണ്ടാം ആദം” എന്നുവിളിക്കുവാനുള്ള അവസരം ഒരുങ്ങി. 1 കൊരി. 15:45-47, യോഹ. 6:38. അതുകൊണ്ട് പാപമില്ലാത്ത ഒരു വിശിഷ്ട വ്യക്തിയായി യേശുവിന് ജനിക്കുവാൻ കഴിഞ്ഞു.

മനുഷ്യന്റെ ഘടന എങ്ങിനെയാണ്?

മനുഷ്യൻ അടിസ്ഥാനപരമായി ഒരു ഐക്യമാണ്. ദൈവത്തിൽ നിന്നും ദൂതന്മാരിൽ നിന്നും വ്യത്യസ്തമായി, മനുഷ്യൻ ശരീരത്തിന്റേയും ആത്മാവിന്റേയും ഒരു ഐക്യമാണ്. മരണത്തിൽ മനുഷ്യന്റെ ആത്മാവിനു തൽക്കാലികമായി ശരീരമില്ലാത്ത ഒരു അവസ്ഥ വരുന്നുവെങ്കിലും അത് ശാശ്വതമായ ഒരു ക്രമീകരണമല്ല. 2 കൊരി. 5:2, സങ്കീ 88:10.

മനുഷ്യനു അടിസ്ഥാനമായി രണ്ട് വശങ്ങൾ ഉണ്ട്, ഭൌതികവും ആത്മീയവും; മൂർത്തവും അമൂർത്തവും (മത്തായി 10:28, യാക്കോബ് 2:26, 2 കൊരി.4:16). ഭൌതീകമായ വശം: പരിപൂർണ്ണമായ മാനുഷികതക്ക് ഭൌതീക സാഹചര്യങ്ങളിൽ നിന്നുള്ള ഘടകങ്ങൾ മനുഷ്യശരീരത്തിൽ ആവശ്യമാണ് ഉൽ‌പ്പത്തി 2:7. ഉയിർത്തെഴുന്നേൽക്കുമ്പോൾ ശാശ്വതമായ ഒരു ശരീരം ക്രിസ്തുവിനുള്ളതുപോലെ മനുഷ്യർക്കും ലഭിക്കും. 2 കൊരി. 5:1-4. ആത്മീയമാ‍യ വശം: മനുഷ്യന്റെ ദേഹി, ആത്മാവ്, മനസ്സ്, ഹൃദയം, ശക്തി. എന്നിങ്ങനെ വ്യത്യസ്തമായ പദങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യാത്മാവിന്റെ സങ്കീർണ്ണതകളാണ്.

മനുഷ്യൻ ദ്വിഭാജിയാണോ ത്രിഭാജിയാണോ?

മനുഷ്യന്റെ ആത്മീയ വശങ്ങളെ ദേഹി എന്നും ആത്മാവ് എന്നു രണ്ടായ് തിരിച്ചാണ് ത്രിഭാജനത്തിൽ വിശ്വസിക്കുന്നവർ വിശദീകരിക്കാറുള്ളത്. പാശ്ചാത്യ സഭ ദ്വിഭാജനത്തിൽ വിശ്വസിച്ചപ്പോൾ പൗരസ്ത്യ സഭ ത്രിഭാജനത്തിൽ വിശ്വസിച്ചിരുന്നു.

ഒന്നാമത്തെ വാദം എബ്രായർ 4:12 ൽ നിന്നാണ്. അവിടെ “പ്രാണനേയും (ദേഹി) ആത്മാവിനേയും“ എന്നു പറഞ്ഞിരിക്കുന്നു.

ആദ്യമായി ദൈവവചനം എങ്ങിനെയാണ് പ്രാണനേയും ആത്മാവിനേയും തുളച്ചുകയറുന്നത്. പ്രാണനിൽ തുളച്ചു കയറുന്നതിന്റേയും ആത്മാവിൽ തുളച്ചുകയറുന്നതിന്റേയും വ്യത്യാസം എങ്ങിനെയാണ് മനസ്സിലാക്കുക? ആ വ്യത്യാസം ആരും വിശദീകരിച്ച് കണ്ടിട്ടില്ല.  ദേഹിയുടേയും ആത്മാവിന്റേയും വേർപാടിനെക്കുറിച്ച് ഈ വാക്യം പറയുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച്, വായനക്കാരന്റെ ചിന്തകളും ലക്യങ്ങളും തിരിച്ചറിയുവാൻ തിരുവെഴുത്തിന്റെ ശക്തി അവന്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്നു എന്നുള്ളതാണ് പറയുന്നത്.

രണ്ടാമത്തെ വാദം 1 തെസ്സ. 5:23ൽ നിന്നാണ്. 23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

ആത്മാവും പ്രാണനും വ്യത്യസ്തമാണ് എന്ന ആശയത്തിലാണ് ആ വാക്യം ഉപയോഗിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. ആ വാക്യത്തിന്റെ ആദ്യം പറഞ്ഞ ആശയം വേറെ ഒരു രീതിയിൽ പിന്നെ പറഞ്ഞു. “നിങ്ങളെ മുഴുവനും ശുദ്ധീകരിക്കട്ടെ” എന്ന് പറഞ്ഞതിനുശേഷം “നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം” കർത്താവിന്റെ വരവിൽ “അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” എന്ന് പിന്നീട് പറഞ്ഞു. “മുഴുവനും,” “അശേഷം” എന്നീവാക്കുകളും ചൂണ്ടികാണിക്കുന്നത് ഇത് തന്നെയാണ്. ഇതിനോട് സാമ്യമുള്ള വേറൊരു വാക്യം ശ്രദ്ധിക്കുക: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു (‌ലൂക്കൊസ് 10:27). ഹൃദയം, ആത്മാവ്, ശക്തി, മനസ്സ് എന്നിങ്ങനെ നാല് വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. ഇത് നാലും വ്യത്യസ്തമാണ് എന്ന് വിശദീകരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, ഇത് നാലും മനുഷ്യന്റെ ആത്മീയ വശത്തിലെ വ്യത്യസ്ത ഘടകങ്ങളാണ് എന്ന് വ്യാഖ്യാനിക്കേണ്ടതായി വരും. വാസ്തവത്തിൽ പൂർണ്ണമായി ദൈവത്തെ സ്നേഹിക്കണം എന്നു മാത്രമേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അതുപോലെ 1 തെസ്സ. 5:23 ൽ മനുഷ്യന് മൂന്ന് ഘടകങ്ങൾ ഉണ്ട് എന്ന് പൌലോസ് വാദിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഒരു വ്യക്തിയെ സമൂലമായ് ദൈവം കാക്കും എന്നാണ് പറയുന്നത്.

യോഹ.12:27ഉം 13:21ഉം താരതമ്യം ചെയ്തു നോക്കുക

യോഹ.12:27 ഇപ്പോൾ എന്റെ ഉള്ളം( പ്സൂഖെ- soul- ദേഹി) കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.

യോഹ.13:21 ഇതു പറഞ്ഞിട്ടു യേശു ഉള്ളം (പ്ന്യൂമാ- spirit- ആത്മാവ് ) കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

ലൂക്കൊസ് 1:46ഉം 47ഉം താരതമ്യം ചെയ്തുനോക്കുക:

46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം (പ്സൂഖെ- soul- ദേഹി) കർത്താവിനെ മഹിമപ്പെടുത്തുന്നു;

47 എന്റെ ആത്മാവു (പ്ന്യൂമാ- spirit- ആത്മാവ് )  എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.

യാക്കോബ് 1:21ഉം 1 കൊരി 5:5ഉം താരതമ്യം ചെയ്തുനോക്കുക

21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ (പ്സൂഖെ- soul- ദേഹി) രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.

ആത്മാവു (പ്ന്യൂമാ- spirit- ആത്മാവ് )  കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

യോഹന്നാൻ 10:11ഉം 19:30ഉം താരതമ്യം ചെയ്ത് നോക്കുക

11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ (പ്സൂഖെ- soul- ദേഹി) കൊടുക്കുന്നു.

30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ (പ്ന്യൂമാ- spirit- ആത്മാവ് )  ഏല്പിച്ചുകൊടുത്തു.

1 രാജാക്കന്മാർ 17:21ഉം ലൂക്കൊസ് 8:55ഉം താരതമ്യം ചെയ്തു നോക്കുക

21 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ (നെഫെഷ്- soul- ദേഹി) അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.

55 അവളുടെ ആത്മാവു (പ്ന്യൂമാ- spirit- ആത്മാവ് )   മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.

ഈ വാക്യങ്ങളിൽ നിന്നും ഒരു കാര്യം നാം മനസ്സിലാക്കണം. ദേഹിയും ആത്മാവും തമ്മിൽ വലിയ വ്യത്യാസമൊന്നും വേദപുസ്തകം രേഖപ്പെടുത്തിയിട്ടില്ല.

മനുഷ്യന്റെ ആത്മാവ് പ്രവർത്തിക്കുന്നത് എങ്ങിനെയാണ്?

ഒരു വ്യക്തിയുടെ കേന്ദ്രമാണ് ആത്മാവ്. ആത്മാവിന്റെ സംവേദങ്ങൾ പ്രകടിപ്പിക്കുവാനുള്ള മാദ്ധ്യമമാണ് ശരീരം. തലച്ചോറിൽക്കൂടി ആത്മാവ് ശരീരവുമായി ബന്ധപ്പെടുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ ജീവകേന്ദ്രവുമാണ് ആത്മാവ്. മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഇരിപ്പിടവും തന്റെ ധാർമ്മികതയുടെ കേന്ദ്രമാണ് ആത്മാവ്. മനുഷ്യന്റെ ബുദ്ധി, വികാരം, ഇച്ഛ എന്നിവയുടെ കേന്ദ്രവും ഇത് തന്നെയാണ്.

ആദ്യമനുഷ്യന് ആത്മാവ് എവിടെ നിന്ന് ലഭിച്ചു?

ദൈവത്തിൽ നിന്നാണ് 1ആദ്യമനുഷ്യന് തന്റെ ആത്മാവ് ലഭിച്ചth (ഉൽ. 2:7)

പൊതുവായി മനുഷ്യർക്ക് ആത്മാവ് ലഭിക്കുന്നതിനെക്കുറിച്ച് വിവിധ ആശയങ്ങൾ ഉണ്ടല്ലോ. അവ ഏതൊക്കെയാണ്?

മനുഷ്യർക്ക് ആത്മാവ് ലഭിക്കുന്നതിനെക്കുറിച്ച് മൂന്ന് സിദ്ധാന്തങ്ങളാണ് ഉള്ളത്.

ഒന്നാമത്തേത് പൂർവാസ്ഥിത്വ സിദ്ധാന്തം– ജനനത്തിനുമുമ്പ് ആത്മാവ് നിലനിന്നിരുന്നു, ഗർഭധാരണസമയത്തോ ജനന സമയത്തോ നേരത്തെ നിലനിന്നിരുന്ന ആത്മാവിനെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു എന്നതാണ് ഈ സിദ്ധാന്തം കൊണ്ടുദ്ദേശിക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ കുഴപ്പം പാപത്തിന്റെ വ്യാപനം വിശദീകരിക്കുന്നതിൽ ആണ്.  റോമർ 5:14-19ൽ ആദാമിന്റെ പാപമാണ് മാനവരാശിയിലേക്ക് പാപം കൊണ്ടുവന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ആദാമിനെപോലെ ഓരോരുത്തരും വ്യക്തിപരമായി പാപം ചെയ്താണ് പാപികളായി തീരുന്നു എന്നാണ് പൂർവാസ്ഥിത്വ വാദം പഠിപ്പിക്കുന്നത്.

സൃഷ്ടി സിദ്ധാന്തം— ഒരോ ദേഹിയേയും ദൈവം വെവ്വേറെ സൃഷ്ടിക്കുകയും ഗരഭധാരണ സമയത്തോ ജനനസമയത്തോ ശരീരത്തോട് ചേർക്കപ്പെടുന്നു എന്നു ഈ സിദ്ധാന്തം വിശദീകരിക്കുന്നു. ദൈവത്താൽ പാപം ഒരോവ്യക്തിയിലും ആരംഭിക്കുന്നു എന്ന അവസ്ഥ ഇത് സൃഷ്ടിക്കുന്നു. അതമാത്രമല്ല, പാപം എങ്ങിനെ വ്യാപിക്കുന്നു എന്നുള്ളത് വിശദീകരിക്കുന്നതിലും ഈ സിദ്ധാന്തം പരാജയപ്പെടുന്നു. അത് മാത്രമല്ല, ദൈവത്തിന്റെ സൃഷ്ടി ഇപ്പോഴും തുടരുന്നു എന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നു.

പരമ്പരാപ്രാപ്തി (ട്രഡൂഷ്യൻ) സിദ്ധാന്തം—സാധാരണജനനത്തിൽക്കൂടി മാതാപിതാക്കന്മാരിൽ നിന്ന് മുഴുവൻ വ്യക്തിത്വവും മനുഷ്യനു ലഭിക്കുന്നു എന്നാണ് ഈ സിദ്ധാന്തം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദാം ദൈവത്തിന്റെ സ്വരുപത്തിൽ ഉണ്ടായി. സേത്ത് ആദാമിന്റെ സ്വരൂപത്തിൽ ജനിച്ചു. ആദാമിന്റെ സന്തതികളെല്ലാം ദൈവത്തിന്റെ സ്വരൂപത്തിൽ മാത്രമല്ല, ആദാമിന്റെ സ്വരൂപത്തിലുമാണ് ഉണ്ടാകുന്നത്. അ. പ്ര. 17:26; റോമർ 5:12-19

മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്നു ബൈബിൾ പറയുമ്പോൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ദൈവത്തിന്റെ സ്വരൂപവും (Heb. tselem) സാദൃശ്യവും (Heb. demuth) തമ്മിൽ പ്രത്യേക വ്യതാസങ്ങൾ ഒന്നും തന്നെയില്ല എന്നുള്ളതാണ്. രണ്ടും പര്യായ പദങ്ങളാണ്. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായ് ദൈവത്തോട് മാത്രമുള്ള മനുഷ്യന്റെ സാദൃശ്യമാണ് മനുഷ്യനിലുള്ള ദൈവത്തിന്റെ സ്വരൂപം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വേദപുസ്തക വാക്യങ്ങൾ ശ്രദ്ധിക്കുക:  ഉൽ‌പ്പത്തി 1:26-27, 5:1,3. 9:6, 1 കൊരി. 11:7

ദൈവീക സ്വരൂപത്തിന്റെ പ്രത്യേകതകൾ വേദപുസ്തകത്തിൽ എവിടേയും പ്രത്യേകമായി കൊടുത്തിട്ടില്ല. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ് മനുഷ്യനിലുള്ളത് എന്താണെന്നു മനസ്സിലാക്കിയാണ് പ്രത്യേകതകൾ തീരുമാനിക്കുന്നത്.

  1. മനുഷ്യനു ദൈവത്തോട് ഒരു ബോധ സാദൃശ്യമുണ്ട്. സ്വയ=ബോധം, ദൈവ-ബോധം, ലോക-ബോധം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  1. മനുഷ്യനു ദൈവത്തോട് യുക്തിസിദ്ധമായ സാദൃശ്യമുണ്ട്. വിവേചിച്ചറിയുവാനുള്ള കഴിവ്, ബുദ്ധിശക്തി, പ്രസ്താവനാപരമായ ഭാഷയുടെ ഉപയോഗം എന്നിവ ഇതിൽ പെടുന്നു.
  1. മനുഷ്യനു ദൈവത്തോട് ഇച്ഛാപരമായ സാദൃശ്യമുണ്ട്. ഉദ്ദേശ്യം, പ്രവർത്തനങ്ങൾ, സ്വയ-നിർണ്ണയം, ഇച്ഛാപരമായ സ്വാതന്ത്ര്യം എന്നിവ അതിൽ ഉൾപ്പെടുന്നു.
  1. മനുഷ്യനു ദൈവത്തോട് സാന്മാർഗ്ഗികമായ ഒരു സാദൃശ്യമുണ്ട്. മനസാക്ഷിയും ധാർമ്മികതയും അതിൽ ഉൾപ്പെടുന്നു.
  1. മനുഷ്യനു ദൈവത്തോട് വൈകാരികമായ ഒരു സാദൃശ്യമുണ്ട്. വികാരങ്ങളുടെ പ്രത്യേകതകൾ, സാമൂഹിക ബന്ധങ്ങൾ, വർഗ്ഗപരമായ ബന്ധങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
  1. മനുഷ്യനു ദൈവത്തോട് ആത്മീയമായ ഒരു ബന്ധമുണ്ട്. ആരാധിക്കുവാനും ദൈവത്തോടുള്ള കൂട്ടായ്മക്കും അദ്രവത്വം പ്രാപിക്കുവാനുള്ള കഴിവും ഇതിൽ ഉൾപ്പെടുന്നു.

സൃഷ്ടിക്കപ്പെട്ടപ്പോൾ മനുഷ്യന്റെ അവസ്ഥ എന്തായിരുന്നു?

ആരംഭത്തിൽ മനുഷ്യന് ഇച്ഛാപരമായ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. തീരുമാനങ്ങൾ എടുക്കുവാനുള്ള സ്വാതന്ത്ര്യം.( ഉൽ‌പ്പത്തി 2:17).  രണ്ടാമതായി മനുഷ്യന് പരിശുദ്ധ പ്രകൃതം ഉണ്ടായിരുന്നു. പരിശുദ്ധ പ്രകൃതം താൽക്കാലികമാണ്. പാപം ചെയ്താൽ അത് പാപ പ്രകൃതമായി തീരും (ഉൽ‌പ്പത്തി 1:31, സഭാപ്രസംഗി 7:29).പരിശുദ്ധ പ്രകൃതം ഒരിക്കലും പരിശുദ്ധ സ്വഭാവം അല്ല. പ്രകൃതം അനുഭവങ്ങളിൽക്കൂടി കടന്നുപോകുമ്പോഴാണ് സ്വഭാവമായി തീരുന്നത്.

 

ഇച്ഛയുടെ സ്വാതന്ത്ര്യം എന്നതുകൊണ്ട് വേദപുസ്തകം എന്താണ് ഉദ്ദേശിക്കുന്നത്?

നൈതികമായ തിരഞ്ഞെടുപ്പുകൾ നടത്തുവാനുള്ള കഴിവും സ്വാതന്ത്ര്യത്തോടും കൂടിയാണ് ദൈവം മനുഷ്യനെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ തങ്ങളുടെ പ്രകൃതത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ മനുഷ്യന് എന്ത് തിരഞ്ഞെടുപ്പും നടത്തുവാൻ കഴിയുമായിരുന്നുള്ളൂ.

ദൈവത്തിനുപോലും വ്യത്യാസമില്ല. ദൈവത്തിനും തന്റെ പ്രകൃതത്തിനു വിരോധമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. ഉദാഹരണത്തിനു ദൈവത്തിനു നുണപറയുവാൻ കഴിയുകയില്ല.

മനുഷ്യൻ പാപം ചെയ്തപ്പോൾ അവന്റെ പരിശുദ്ധ പ്രകൃതം പാപ പ്രകൃതമായി തീരുന്നു. പാപ പ്രകൃതത്തിലുള്ള മനുഷ്യന് (പ്രാകൃത മനുഷ്യൻ) അവന്റെ പ്രകൃതത്തിനു വിരോധമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുകയില്ല. എന്നുവെച്ചാൽ തന്റെ ഒരു പ്രവർത്തികൊണ്ടും ദൈവത്തെ പ്രസാധിപ്പിക്കുവാൻ കഴിയുകയില്ല. അവൻ എന്തു നന്മ പ്രവർത്തി ചെയ്താലും സ്വാർത്ഥതയുടെ കറപറ്റാത്ത പ്രവർത്തി ചെയ്യാൻ കഴിയുകയില്ല. അതേ സമയം മനുഷ്യൻ ഏതു തെറ്റും തന്റെ സ്വയ-നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. (റോമർ 8:7-8).

 

പാപത്തിലേക്ക് മനുഷ്യൻ വീണത് എങ്ങിനെയാണ്?

പരിപൂർണ്ണ അറിവോടും സ്വമനസ്സോടെയുമാണ് ആദാമും ഹവ്വയും പാപം ചെയ്തത്. സൃഷ്ടിച്ചതിനുശേഷം അധികം താമസിയാതെ ദൈവം മനുഷ്യനെ പരിശോധിച്ചു. ശരിയും തെറ്റും അനുഭവപരമായ് തിരിച്ചറിയുവാനുള്ള ഒരു പരിശോധനയയിരുന്നു അത്. വൃക്ഷത്തിന്റെ ഫലത്തിനുള്ള കുഴപ്പം കൊണ്ടല്ല മനുഷ്യൻ പാപിയായി തീർന്നത്. കൽപ്പന ലംഘിച്ചതാണ് കുഴപ്പമായി തീർന്നത്. അനുസരണക്കേടാണ് പാപം.

തന്റെ വക്താവായ് പിശാച് പാമ്പിനെ ഉപയോഗിച്ചു. ആദ്യം സംശയം എന്ന തന്ത്രം ഉപയോഗിച്ചു (3:1). പിന്നെ ദൈവം പറഞ്ഞതിനെ വളച്ചൊടിച്ചു. (3:1, 5). അതിനുശേഷം ദൈവം പറഞ്ഞതിനെ നിഷേധിച്ചു (3:4).

ആദാം പാപം ചെയ്തു. അതിന്റെ ഫലമായ് ആത്മീയ മരണമുണ്ടായി. (3:8). പാപത്തിന്റെ ഫലമായ് ശാരീരക മരണവുമുണ്ടായി. (3:19). അധികാരം നഷ്ടപ്പെട്ടു. 3:17-19. ശാരീരിക ബലഹീനതയുണ്ടായി. (3:16). തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു 3:23-24. ആദാമിന്റേയും ഹവ്വയുടേയും ബന്ധത്തിൽ മാറ്റം സംഭവിച്ചു. (3:16). മാനവരാശി മുഴുവൻ പാപത്തിൻ കീഴിലായി. പാമ്പിനു ശാരീരിക മാറ്റം ഉണ്ടായി. പാമ്പിനു സ്ത്രീയുടെ സന്തതിയാലുള്ള മരണം നിശ്ചയിക്കപ്പെട്ടു. സകല സൃഷ്ടിയും ശാപത്തിൻ കീഴിലായി. (റോമർ 8:20-22).

 

 

Create a website or blog at WordPress.com

Up ↑

%d bloggers like this: