പാപത്തോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.
എന്താണ് പാപം?
പ്രവർത്തിയിലും, മനോഭാവത്തിലും, അവസ്ഥയിലും ദൈവത്തിന്റെ നൈതീക നിയമത്തിനു പൊരുത്തപ്പെടാത്തതിനെയാണ് പാപം എന്നു പറയുന്നത്.
എന്താണ് മൂല പാപം?
മനുഷ്യർ ജനിക്കുമ്പോളുള്ള പാപാവസ്ഥയെയാണ് മൂല പാപം എന്ന് പറയുന്നത്. അതിൽ പാപപൈതൃകവും (പരമ്പരയായി ലഭിക്കുന്ന പാപം) പാപാരോപവും (ആദാം സകലമനുഷ്യരുടേയും പ്രതിനിധി ആയിരുന്നതുകൊണ്ട് ആദാമ്യപാപത്തിന്റെ കുറ്റം സകലമനുഷ്യരും വഹിക്കുന്നു).
പ്രശ്നം | ദൈവശാസ്ത്ര പദം | ഇതിന്റെ പ്രസരണം | ഇതിന്റെ പരിഹാരം | ക്രിസ്തുവിന്റെ വിടുതൽ |
നമ്മളിൽ കുറ്റം ഉണ്ട് |
പാപാരോപം |
നമ്മുടെ പ്രതിനിധിയിൽ നിന്നും നമ്മുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടു | നീതീകരണം: പാപം ക്രിസ്തുവിന്റെ കണക്കിലേക്കും ക്രിസ്തിവിന്റെ നീതി നമ്മുടെ കണക്കിലേക്കും മാറ്റപ്പെട്ടു. | രണ്ടാമത്തെ ആദാമായി ദൈവം ക്രിസ്തുവിനെ നിയമിച്ചു |
നമ്മൾ പാപികളാണ് |
പാപപൈതൃകം |
ആദാമിൽ നിന്ന് പാപ പ്രകൃതി പ്രാപിക്കുന്നു |
സുനിശ്ചിത വിശുദ്ദീകരണം: പഴയ മനുഷ്യന്റെ മരണവും പാപത്തിന്റെ അടിമത്വത്തിൽ നിന്നുള്ള മോചനവും | കന്യകാ ജനനം
ക്രിസ്തു പുതിയ ഒരു വ്യക്തിയല്ല. അതുകൊണ്ട് പാപ പ്രകൃതി ഇല്ല. |
നമ്മൾ പാപം ചെയ്യുന്നു | അനീതി, അക്രമം, അധർമ്മം, etc. | പാപ പ്രകൃതിയുടെ ഉൽപ്പന്നം | വീണ്ടും ജനനം: പുതിയ പ്രകൃതി പ്രാപിക്കൽ | പാപപ്രകൃതി ഇല്ല |
പ്രപഞ്ചത്തിലുള്ള പാപത്തിന്റെ ആരംഭം എവിടെ നിന്നാണ്?
ഒരോ മനുഷ്യരിലും പാപം ആരംഭിക്കുന്നത് അവരുടെ പാപം നിറഞ്ഞ ഹൃദയത്തിൽ നിന്നാണ് (മർക്കോസ് 7: 21-23). മാനവരാശിയിൽ പാപം ആരംഭിക്കുന്നത് ആദാമിൽ നിന്നാണ് (റോമർ 5:12-21). പ്രപഞ്ചത്തിലുള്ള പാപത്തിന്റെ ആരഭം പിശാചിൽ നിന്നാണ് (1 യോഹ. 3:8).
പാപാരോപത്തെക്കുറിച്ചുള്ള വിവിധ ചിന്താഗതികൾ എന്തൊക്കെയാണ്?
പെലേജിയൻ സിദ്ധാന്തം: മനുഷ്യർ നിഷകളങ്കരായി ജനിക്കുന്നു എന്ന് പെലേജിയസ് പഠിപ്പിച്ചു. അതുകൊണ്ട് പൂർവികരുടെ (ആദാമിന്റെ) പാപത്തിന് നാം കുറ്റക്കാരല്ല. നന്മ ചെയ്യുവാനുള്ള കഴിവ് മനുഷ്യനുണ്ട് എന്നായിരുന്നെ അദ്ദേഹത്തിന്റെ വാദം. ഈ ആശയം ശരിയല്ല എന്നുള്ളത് മനസ്സിലാക്കുവാനുള്ള ചില വാക്യങ്ങൾ ശ്രദ്ധിക്കുക: പുറ. 20:5, 1 ശമു. 15:2-3; സങ്കീ. 137:9, ഹോശ.13:16.
അർമ്മീന്യ സിദ്ധാന്തം: ആദാമിൽ നിന്ന് പാപ പൃകൃതം ലഭിച്ചു എങ്കിലും ആദാമ്യ പാപത്തിന്റെ കുറ്റം ആദാമിന്റെ സന്തതികൾക്കില്ല എന്ന് അർമ്മീനിയസ് പഠിപ്പിച്ചു. ആദാമ്യ പാപത്തിന്റെ പരിണിത ഫലം നമ്മൾ അനുഭവിക്കുന്നു എങ്കിലും ആ പാപത്തിന്റെ കുറ്റം നമ്മുക്ക് ഇല്ല.
കാൽവിന്റെ സിദ്ധാന്തം: ആദാമിന്റെ ആദ്യ പാപം സകല മുനുഷ്യരിലും ദൈവം കണക്കിടുന്നു എന്ന് ജോൺ കാൽവിൻ പഠിപ്പിച്ചു. അങ്ങിനെ ആദാമിന്റെ പാപത്തിന്റെ കുറ്റം സകലർക്കും ഉണ്ട്. പാപാരോപ ഉപദേശത്തിൽ ഉൾപ്പെടുന്ന പാപം ആദാമിന്റെ ആദ്യ പാപമാണ് എന്ന് തന്നെയാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. അതായത് മാനവരാശിക്ക് പാപ പ്രകൃതം മാത്രമല്ല ജനിക്കുമ്പോൾ ലഭിക്കുന്നത്. ആദാമിന്റെ പാപവുംകൂടെ ലഭിക്കുന്നു. ഇതിനെക്കുറിച്ചാണ് റോമർ 5:12—19 ൽ പറയുന്നത്.
റോമർ 5:12 –അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
ആദാമിന്റെ പാപത്താൽ പാപ പ്രകൃതം മാത്രമല്ല നമുക്ക് ലഭിച്ചത്. ആദാം പാപം ചെയ്തപ്പോൾ, ആദാം സകല മാനവാരാശിയുടെയും പ്രതിനിധി ആയതുകൊണ്ട്, സകലരും ആദാമിൽ പാപം ചെയ്തു. അങ്ങിനെ “എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നാണ് പൗലോസ് പറയുന്നത്. ആദാമിന്റെ പാപ സമയത്ത് അപ്പോൾ തന്നെ ആദാമിന്റെ പാപത്തിന്റെ കുറ്റം എല്ലാവരിലേക്കും വന്നു.
സമ്പൂർണ്ണപതനത്തെക്കുറിച്ചുള്ള വിവിധ കാഴ്ച്ചപ്പാടുകൾ ഏതൊക്കെയാണ്?
പെലേജിയനിസം: ആദാമിന്റെ വീഴ്ച്ചക്കുമുമ്പുള്ള അവസ്ഥിൽ ദൈവം എല്ലാവരേയും സൃഷ്ടിക്കുന്നു. അതുകൊണ്ട് മനുഷ്യൻ പാപം ചെയ്ത് പാപിയാകുന്നു. പാപ പ്രകൃതത്താൽ ആരും ജനിക്കുന്നില്ല. വീണ്ടുംജനനം പ്രാപിക്കുവാൻ ദൈവത്തിന്റെ കൃപ ആവശ്യമില്ല എന്നും പെലേജിയസ് പഠിപ്പിച്ചു.
അർദ്ധപെലേജിയനിസം: ആദാമിന്റെ പാപം മൂലം നന്മ ചെയ്യുവാനുള്ള മനുഷ്യന്റെ കഴിവിന് ഭംഗം വന്നിരിക്കുന്നു. പക്ഷെ സമ്പൂർണ്ണപതനം ഉണ്ടായിട്ടില്ല. വീണ്ടുംജനനം മനുഷ്യന്റെ സ്വയ പ്രയത്നത്താൽ ആരംഭിക്കുന്നു എങ്കിലും പിന്നീടെ ദൈവം കൃപകൊടുത്ത് അവനെ സഹായിക്കുന്നു. മനുഷ്യന്റേയും ദൈവത്തിന്റേയും സഹകരണത്താലാണ് വീണ്ടും ജനനം ഉണ്ടാകുന്നത് എന്ന് ജോൺ കാസിയൻ പഠിപ്പിച്ചു.
അർമ്മീനിയനിസം: ആദാമിന്റെ പാപം മനുഷ്യനെ പൂർണ്ണമായി ദുഷിപ്പിച്ചു എങ്കിലും ആദാമിന്റെ പാപത്തിന്റെ കുറ്റം മറ്റുള്ളവർക്ക് ഇല്ല. തന്റേതായ തെറ്റുകൾക്ക് മാത്രം മനുഷ്യൻ ഉത്തരവാദിയായിരിക്കുന്നുള്ളു. അതുകൊണ്ട് ദൈവം ദൈവത്തിന്റെ അടുക്കൽ രക്ഷക്കായ് വരുവാൻ എല്ലാവർക്കും ഒരു മുൻകൃപ കൊടുത്തിട്ടുണ്ട്. അത് ആരുപയോഗിച്ചാലും അവർക്ക് ദൈവത്തിന്റെ അടുക്കൽ വരുവാൻ കഴിയും.
അഗസ്റ്റീനിയനിസം: ആദാമ്യ പാപത്തിന്റെ കുറ്റം എല്ലാവരുടെ കണക്കിലും ചുമത്തുന്നു. അതുകൊണ്ട് മനുഷ്യന് പാപപൈതൃകവും പാപാരോപവും ഉണ്ട്. മനുഷ്യൻ സമ്പൂർണ്ണപതനത്തിൽ ആയിരിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുവാൻ ദൈവം എല്ലാവർക്കും കൃപ കൊടുക്കുന്നില്ല. ദൈവം ചിലർക്ക് മാത്രമേ ആ കൃപ കൊടുത്തിട്ടുള്ളൂ. അവർ തീർച്ചയായും ദൈവത്തിന്റെ അടുക്കലേക്ക് വരും എന്ന് അഗസ്റ്റിൻ പഠിപ്പിച്ചു. വേദപുസ്തകം പഠിപ്പിക്കുന്ന ആശയവും ഇതു തന്നെയാണ്
സമ്പൂർണ്ണ പതനത്തെക്കുറിച്ചുള്ള വാക്യങ്ങൾ ഏതൊക്കെയാണ്?
സമ്പൂർണ്ണ പതനത്തെക്കുറിച്ച് ധാരളം വാക്യങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്. ചില വാക്യങ്ങൾ ശ്രദ്ധിക്കുക:
മത്തായി 19:25-26 അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 26 യേശു അവരെ നോക്കി: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
യോഹന്നാൻ 6:44, 65- എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. 65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു.
റോമർ 8:6-8 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. 7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.
1 കൊരി. 2:14- എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
എഫ്യേസർ 2:1, 8- അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. 8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.