പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവിനോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ അതോ ഒരു ശക്തിയാണോ?

ദൈവത്തിന്റെ ശക്തിയുടെ പേരാണ് പരിശുദ്ധാത്മാവ് എന്ന് ചിന്തിക്കുന്ന അനേകർ ഈ ലോകത്തിൽ ഉണ്ട്. എന്നാൽ സർവ്വശക്തനായ വ്യക്തിയാണ് പരിശുദ്ധാത്മാവ് എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. വ്യക്തിത്വങ്ങളുടെ ലക്ഷണമുള്ളതിനെയാണ് നാം വ്യക്തി എന്ന് നാം വിളിക്കുന്നത്. ആ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് പല തർക്കങ്ങളും ഉണ്ട്. സ്വയ-അവബോധവും സ്വയ-നിർണ്ണയ ശേഷിയുമാണ് ആ ലക്ഷണങ്ങൾ എന്ന് ചിലർ കാണുന്നു. ചിന്താശേഷി, തീരുമാനശേഷി, വൈകാരിക ശേഷി (ബുദ്ധിശക്തി, വികാരം, ഇച്ഛ) എന്നിവയാണ് വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ എന്ന് കാണുന്നവരുമുണ്ട്. ഞാൻ ഇതിനെ കുറച്ചുകൂടി വിശദമായിട്ടാണ് കാണുന്നത്. ആത്മീയത, ജീവൻ, ബുദ്ധിശക്തി, ഉദ്ദേശ്യം, പ്രവർത്തനം, സ്വയ-അവബോധം, സ്വാതത്ര്യം, വികാരം, സാന്മാർഗ്ഗികത എന്നിവ  വ്യക്തിത്വത്തിന്റെ വ്യത്യസ്ത വശങ്ങൾ ആണെന്ന്. ഇതെല്ലാം പരിശുദ്ധാത്മാവിന് ഉണ്ട്.  അ. പ്ര. 5:3-4, 8:28, 13:2, 15:28; റോമർ 8:14, 26; യോഹന്നാൻ 14:26, 15:26, 16:8; 1കൊരിന്ത്യർ 2:10,13; എഫേ. 1:13–14,:4:30 1 യോഹന്നൻ 2:20-21;  ഉൽപ്പത്തി 1:2, സെഖര്യാവ് 4:6.

പരിശുദ്ധാത്മാവ് ദൈവമാണോ?

തിരുവെഴുത്തിലെ വലിയ ഒരു ഉപദേശമാണ് പരിശുദ്ധാത്മാവിന്റെ ദൈവീകത്വം. ചിലവാക്യങ്ങൾ പരിശോധിച്ചു നോക്കുക

2 ശമു.23:2–3, സങ്കീ.139:7; : അ. പ്ര 5:3–4 ; 1 കൊരി.  3:16;:മത്തായി 28:18–20; 2 കൊരി. 13:14,

ത്രിത്വത്തിലെ മൂന്നുപേരിൽ പരിശുദ്ധാത്മാവിനെ വ്യത്യസ്തനായ വ്യക്തിയായി തന്നെ വേദപുസ്തകം അവതരിപ്പിച്ചിട്ടുണ്ടോ?

ഒരു വ്യക്തി ചരിത്രപരമായി മൂന്ന് രൂപത്തിൽ വന്നതാണ് ത്രിത്വം എന്ന “മോഡലിസ്റ്റ്” ചിന്താഗതിക്ക് വിരുദ്ധമായി, പരിശുദ്ധാത്മാവിനെ ത്രിത്വത്തിലെ മൂന്നുപേരിൽ ഒരുവാനായി തന്നെയാണ് വേദപുസ്തകം വിവരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക:

മത്തയി 3:16–17: പുത്രൻ വെള്ളത്തിൽ നിന്ന് വെളിയിലേക്ക് വരുന്നു. പിതാവ് സംസാരിക്കുന്നു. പ്രാവിന്റെ രൂപത്തിൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നു.

മത്തായി 4: ആത്മാവ് പുത്രനെ മരുഭൂമിയിലേക്ക് നടത്തുന്നു. അവിടെ പുത്രൻ പിതാവിനെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്തുന്നു.

മത്തായി 28:19: പിതാവിന്റേയും പുത്രന്റേയും, ആത്മാവിന്റേയും നാമത്തിലാണ് സ്നാനപ്പെടുത്തേണ്ടത്.

യോഹന്നാൻ14:16–17, 26; 15:26: യേശു പിതാവിനോട് പ്രാർത്ഥിക്കുന്നു. പിതാവ് കാര്യസ്ഥനായ പരിശുദ്ധാത്മാവിനെ അയക്കുന്നു.

2 കൊരിന്ത്യർ 13:14: കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

എഫ്യേസർ 2:18: അവൻ (ക്രിസ്തു) മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.

1 പത്രൊസ് 1:2: പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു:

ഈ വാക്യങ്ങളെല്ലാം വ്യക്തമാക്കുന്നത് പരിശുദ്ധാത്മാവ് ത്രിത്വത്തിൽ മൂന്നാമത്തെ വ്യക്തി തന്നെയാണ് എന്നുള്ളത്.

ഒരു വിശ്വാസി വീണ്ടും ജനിക്കുമ്പോൾ അതിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എന്താണ്?

പുതിയ ഒരു പ്രകൃതം നൽകികൊണ്ട് ആത്മീയമായി മരിച്ച അവിശ്വാസിയുടെ ദൈവത്തോടുള്ള പ്രതിരോധം അവസാനിപ്പിക്കുന്ന ദൈവത്തിന്റെ ഫലവത്തായ പ്രവർത്തിയാണ് വീണ്ടുംജനനം. നിഘണ്ടുവിന്റെ അർത്ഥത്തിൽ ആത്മീയ ജീവൻ നൽകുന്നതാണ് വീണ്ടും ജനനം.   തൽക്ഷണവും അപ്രതീക്ഷിതവുമായി (യോഹ. 3:8; യോഹ. 1:13) പുതിയ പ്രകൃതത്തെ (പുതിയ മനസ്സ്- യെര. 24:7, പുതിയ വികാരങ്ങൾ—ആവ. 30:6; പുതിയ ഇച്ഛ— യെഹ. 11: 19-20; 36:26-27, സെഫ. 3:9, 1 യോഹ. 5:1) പ്രദാനം ചെയ്യുന്ന അത്ഭുതകരമായ (യോഹ. 1:12-13; തീത്തോസ് 3:5) ദൈവത്തിന്റെ പ്രവർത്തിയാണ് വീണ്ടും ജനനം.–തീത്തൊസ് 3:5, 1 പത്രൊസ് 1:3, യോഹ. 1:13, 1 യോഹ. 5:2, 2 കൊരി 5:17, യെഹ.36:26, ആവ. 29:4, 30:6, അ. പ്ര. 16:14.

പഴയനിയമത്തിൽ വീണ്ടും ജനനം ഉണ്ടോ?

പാപത്താലുംള്ള ആത്മീയ മരണം എവിടെയൊക്കെയുണ്ടോ, അവടെയൊക്കെ വീണ്ടുംജനനം ഉണ്ടായേ മതിയാകൂ. പാപത്തിൽ കഴിയുന്ന വ്യക്തിയുടെ മനസ്സിന് (ഹൃദയം) ദൈവം മാറ്റം കൊടുക്കാതെ ഈ ഭൂമിയിൽ ഒരു വ്യക്തിക്കും യഥാർത്ഥമായി ദൈവത്തിൽ വിശ്വസിക്കാൻ സാധിക്കുകയില്ല. ഒരു കാര്യം നാം മനസ്സിലാക്കണം. വീണ്ടും ജനനം എന്ന വാക്ക് പഴയ നിയമത്തിൽ ഇല്ല എങ്കിലും അതിനു തതുല്യമായ വേറെ വാക്കുകൾ പഴയ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: ഹൃദയത്തിന്റെ പരിഛേദന (ആവ.10:16; 30:6; യിരെ. 4:4; 9:25; യെഹെ. 44:7, 9), പുതിയ ഹൃദയം(യെഹ. 18:31; 36:26), പുതിയ ആത്മാവ് (യെഹ. 11:19; 18:31; 36:26), മാംസമായ ഹൃദയം (യെഹ. 11:19; 36:26), നിർമ്മലമായുള്ള അധരം (സെഫ. 3:9). നിക്കോദിമോസിനോടുള്ള ക്രിസ്തുവിന്റെ ശകാരവും പഴയ നിയമത്തിലുള്ള വീണ്ടും ജനനത്തിനു തെളിവാണു. (യോഹ. 3:3-10). പുതിയ നിയമത്തിൽ മാത്രമല്ല, പഴയനിയമത്തിലുള്ളവരും ധാർമ്മികമായി അധ:പതിച്ചവരായതുകൊണ്ട് വീണ്ടുംജനനം എല്ലാകാലത്തും അത്യാവശ്യമാണ് (സദൃ. 4:23; മത്തായി 7:18; മർക്കോസ് 7:21–23; ലൂക്കോസ് 6:43–45; യിരെ. 13:23). ഒരു കാര്യവും കൂടെ നാം മനസ്സിലാക്കണം. രക്ഷിക്കപ്പെടുക എന്ന സംഭവത്തേക്കൾ രക്ഷയുടെ തെളിവുകൾക്കാണ് പഴയനിയമം പ്രാധാന്യം നൽകിയത്. പഴയനിയമത്തിൽ പ്രവർത്തിയാലും പുതിയനിയമത്തിൽ വിശ്വാസത്താലും ആണ് രക്ഷ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ട്.  പഴയനിയമത്തിലുള്ള പ്രവർത്തികൾ രക്ഷക്കുള്ള വ്യവസ്ഥകൾ അല്ല, മറിച്ച് രക്ഷയുടെ അടയാളങ്ങൾ ആയിരുന്നു. മീഖ. 6:8, യെശ. 1:16-17, ദാനി. 4:27.

പരിശുദ്ധാത്മാവിന്റെ അധിവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

പരിശുദ്ധാത്മാവിന്റെ അധിവാസം എന്നുള്ളതുകൊണ്ട് കേവലം ആത്മാവിനു വസിക്കുവാനുള്ള ഒരിടം അല്ലെങ്കിൽ നമ്മളിലുള്ള ആത്മാവിന്റെ താമസം എന്ന രീതിയിലല്ല കാണേണ്ടത്. ആത്മാവിന്റെ ഒരു പ്രത്യേക പ്രവർത്തനം ആണ് ഇത്. വീണ്ടും ജനനത്തിന്റെ ഫലമാ‍യി ഒരു പുതിയ പ്രകൃതം ഉണ്ടാകുകയും വിശ്വാസിയുടെ ചിന്തകളും, ഉദ്ദേശ്യങ്ങളും, വികാരങ്ങളും പരിശുദ്ധാത്മാവിന്റെ ഭരണത്തിൻ കീഴിലേക്ക് വരുന്നു. വീണ്ടും ജനനത്തിൽ ലഭിച്ച ഈ അവസ്ഥ പരിശുദ്ധാത്മാവിന്റെ അധിവാസത്താലാണ് നിലനിർത്തി പോകുന്നത്. വീണ്ടും ജനനത്താൽ ലഭിച്ച പ്രകൃതം നിലനിർത്തികൊണ്ടുപോകുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് അധിവാസം. വേറൊരുതരത്തിൽ പറഞ്ഞാൽ എല്ലാ യഥാർത്ഥവിശ്വാസികളുടെ ഹൃദയത്തോടും ഉള്ള പരിശുദ്ധാത്മാവിന്റെ നിരന്തരമായ പുതുജനന സംയോജനമാണ് അധിവാസം.

പഴയനിയമത്തിൽ പരിശുദ്ധാത്മ അധിവാസം ഉണ്ടോ?

നേരത്തെ പറഞ്ഞതുപോലെ, ആത്മീയ മരണം പഴയനിയമത്തിൽ ഉണ്ടെങ്കിൽ വീണ്ടും ജനനവും ഉണ്ട്. വീണ്ടും ജനനം പഴയനിയമത്തിൽ ഉണ്ടെങ്കിൽ അത്മാവിന്റെ അധിവാസവും ഉണ്ടായേ മതിയാകൂ. കാരണം വീണ്ടും ജനനത്താൽ ലഭിച്ച പ്രകൃതം നിലനിർത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് അധിവാസം. വീണ്ടും ജനനത്തെപ്പോലെ തന്നെ ആത്മാവിന്റെ അധിവാസം എന്ന ആശയം പഴയ നിയമത്തിൽ പൂർണ്ണമായും വികസിച്ചിരുന്നില്ല. അതുകൊണ്ട് പഴയനിയമത്തിൽ അധിവാസം ഇല്ല എന്ന് പലരും വിശ്വസിക്കുന്നു. പഴയ നിയമത്തിൽ പലയിടത്തും ആത്മാവും വന്നും പോയും (e.g., 1 Sam 16:14) കൊണ്ടിരുന്നു എന്നുള്ള ചില വാക്യങ്ങൾ അവരുടെ ഈ വിശ്വാസത്തിനു ബലമേകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പഴയ നിയമത്തിൽ സാധാരണ വിശ്വാസികൾക്കും ആത്മാവിന്റെ അധിവാസം ഉണ്ടായിരുന്നു എന്നതിനുള്ള ചില വാക്യങ്ങൾ ശ്രദ്ധിക്കുക: സംഖ്യ. 27:18; സദൃ. 1:23; ഉൽപ്പ. 41:38; സങ്കീ. 143:10. വീണ്ടും ജനനത്തിന്റെ പ്രകൃതം പഴയ നിയമത്തിലും അധിവാസം നിർബന്ധമാക്കുന്നു. (യെഹ. 36:26; റോമ. 8:9-11). നമ്മുടെ ജഡീക ശരീരത്തിൽ നിന്നും ആത്മാവ് മാറിപ്പോകുമ്പോൾ നമ്മുടെ ജീവൻ നഷ്ടപ്പെടുന്നതുപോലെ ആത്മാവിന്റെ അധിവാസം നഷ്ടപ്പെട്ടാൽ ആത്മീയ ജീവനും നഷ്ടപ്പെടും. വിശുദ്ധീകരണ പ്രക്രിയയും എല്ലാ യുഗങ്ങളിലും അധിവാസം നിർബന്ധമാക്കുന്നു.

പഴയനിയമത്തിൽ പരിശുദ്ധാത്മാവ് “വന്നും പോയ്ക്കൊണ്ടുമാണിരുന്നത്” എന്ന് പറയാറുണ്ടായിരുന്നല്ലോ? അങ്ങിനെയായിരുന്നോ പഴയ നിയമത്തിൽ പരിശുദ്ധാത്മാവ്  പ്രവർത്തിച്ചിരുന്നത്?

വളരെ പ്രസിദ്ധമായ ഒരു പഠിപ്പിക്കലാണ് ഇത്. പഴയ നിയമത്തിൽ പരിശുദ്ധാത്മാവിന്റെ നിരന്തരമായ അധിവാസം ഉണ്ടായിരുന്നില്ല. മറിച്ച്, പരിശുദ്ധാത്മാവ് വന്നും പോയ്ക്കൊണ്ടുമിരുന്നു എന്ന് അനേകർ പഠിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനു ആധാരമായി ഉപയോഗിക്കുന്ന ഒരു പ്രധാന വാക്യം 1 ശമു. 16:13-14 ആണ്. അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി. എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

ഇവിടെ ആദ്യമായി നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പരിശുദ്ധാത്മാവ് ദൈവമാണ്. അതുകൊണ്ട് സർവ്വവ്യാപിയുമാണ്. വരികയും പോകുകയും ചെയ്യേണ്ട ആവശ്യം ഇല്ല. അപ്പോൾ പിന്നെ എന്തുകൊണ്ടാകാം ബൈബിളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത്? പരിശുദ്ധാത്മാവിന്റെ പ്രത്യേക ശുശ്രുഷകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ആലങ്കാരിക വാക്കുകളാണ് ഇവ. “ഒരു കാര്യസ്ഥനെ ഞാൻ നിങ്ങളുടെ അടുക്കൽ അയക്കും” എന്ന് കർത്താവ് പറയുമ്പോൾ ഈ കാര്യസ്ഥൻ/പരിശുദ്ധാത്മാവ് ഇതുവരെയായിട്ടും ഭൂമിയിൽ ഉണ്ടായിരുന്നില്ല, കർത്താവ് പോയതിനുശേഷം പരിശുദ്ധാത്മാവ് ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്നു എന്നാണോ നാം മനസ്സിലാക്കേണ്ടത്, അതോ പെന്തകോസ്ത് നാളുമുതൽ പരിശുദ്ധാത്മാവിന്റെ ഒരു പുതിയ ശുശ്രൂഷ ആരംഭിക്കും എന്നാണോ നാം മനസ്സിലാക്കേണ്ടത്? സർവ്വവ്യാപിയായ പരിശുദ്ധാത്മാവ് ഈ ഭൂമിയിൽ സദാകാലവും ഉണ്ട്. പക്ഷെ കാലകാലങ്ങളിൽ അവന്റെ ശുശ്രൂഷക്ക് മാറ്റങ്ങൾ ഉണ്ട്. അതുപോലെ പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക ശുശ്രൂഷ വിവരിക്കുന്നതാണ് ഈ വാക്യത്തിൽ നാം കാണുന്നത്. അത് അധിവാസമല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ വിവരിക്കുന്നതാണ്. യിസ്രായേൽ ദൈവത്തിന്റെ ഒരു രാജ്യം ആയിരുന്നതുകൊണ്ട്, ദൈവം തന്റെ പ്രതിനിധികളെ ഭരിക്കുവാനായി നിയോഗിച്ചു. പരിശുദ്ധാത്മാവിന്റെ പ്രത്യേക അഭിഷേകത്തോടെ ആണ് അവരെ നിയമിച്ചാക്കിയിരുന്നത്.

ഈ പ്രാപ്തിപ്പെടുത്തലിനെ “ദൈവീക ഭരണത്തിനായുള്ള അഭിഷേകം” (Theocratic Anointing) എന്നാണ് പൊതുവിൽ അറിയപ്പെട്ടിരുന്നത്. ദൈവം വിളിച്ചു വേർതിരിച്ച ഒരു രാജ്യം എന്ന നിലയിൽ യിസ്രായേലിനെ ഭരിക്കുവാൻ ദൈവം ആക്കിവെക്കുന്ന പ്രതിനിധിക്ക് ഭരണചുമതലകൾ വഹിക്കുവാനുള്ള കഴിവാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ കഴിവ് ഒരു വ്യക്തിയിൽ നിന്നും വേറെ ഒരു വ്യക്തിയിലേക്ക് മാറിയിരുന്നു. ഇതാണ് “വന്നും പോയ്ക്കൊണ്ടിരുന്നു” എന്ന പൊതുവിൽ വേദപുസ്തകത്തിൽ വിവരിച്ചിരുന്നത്. പരിശുദ്ധാത്മാവ വന്നതും പോയതുമല്ല, ഭരിക്കുവാനുള്ള ഈ കഴിവ് (അഭിഷേകം) ഒരു വ്യക്തിയിൽ നിന്ന് വേറെ വ്യക്തിയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ഇത് ചരിത്രത്തിൽ എങ്ങിനെയാണ് വെളിപ്പെട്ടിരിക്കുന്നത് എന്നു നോക്കുക:

  • ഈ അഭിഷേകം മോശക്കു ലഭിച്ചു.

അ. പ്ര. 7:35 നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

സഖ്യ. 11:16-17- അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.  അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.

  • മോശയുടെ കുറച്ച് അഭിഷേകം 70 മൂപ്പന്മാർക്ക് വിതരണം ചെയ്തു. സഖ്യ. 11:17
  • ഈ അഭിഷേകം പിന്നീട് യോശുവയിലേക്ക് പകർന്നു.

ആവ. 34: 9- നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.

യോശു. 1:5– ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

  • അതിനുശേഷം ഈ അഭിഷേകം ന്യായാധിപന്മാരുടെമേൽ[1] വന്നു.

ഒത്നിയേൽ (3:10); ഗിദയോൻ (6:34); യിഫ്താഹ് (11:29); ശിംശോൻ (15:14).

  • അഭിഷേകം ശൌലിന്റെ മേൽ വന്നു.

1 ശമു. 10:1, 6-10 – അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

1 ശമു. 11:6 ശൌൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

(1 ശമു[2]. 12:3, 5; 24:6, 10; 26:9ff).

  • ഈ അഭിഷേകം ശൌലിനെ വിട്ട്[3] ദാവിദിലേക്ക് വന്നു.

1 ശമു. 16:13-14 അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി. എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

  • അഭിഷേകം ദാവീദിൽ നിന്ന് വിട്ടുമാറും എന്ന് മുന്നറിയിപ്പ് നൽകപ്പെട്ടു.

സങ്കീ. 51:11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ[4].

  • അഭിഷേകം ശലോമോനിലേക്ക് വന്നു.

1 രാജാ. 1:39- സാദോൿ പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.

ശലോമോനു ലഭിച്ച ജ്ഞാനമെല്ലം തന്റെ അഭിഷേകത്തിനു ശേഷം ദൈവം തനിക്കു കൊടുത്തതാണ് (1 രാജാ. 3: 7–12; 4:29–34)..

  • യെഹൂദയിലുള്ള എല്ലാ രാജാക്കന്മാരുടെ മേലും അഭിഷേകം വന്നു.

ഓരോരുത്തരേയും പ്രത്യേകം അഭിഷേകം ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന            ഭരിക്കുന്നവരെയൊക്കെയും തുടർച്ചയായി ദൈവത്തിന്റെ അഭിഷിക്തർ എന്ന് ശീർഷകമാണ് നൽകിയിരിക്കുന്നത് (2 ശമു. 22:51; സങ്കീ. 18:50; 132:10–12).

  • ഈ ദൈവീക ഭരണത്തിനായിട്ടുള്ള അഭിഷേക തുടർച്ച ബി. സി. 597ൽ അവസാനത്തെ ദാവിദീയ രാജാവായ യെഹോയാഖിൻ ബാബിലോണിലേക്ക് മാറ്റപ്പെട്ടപ്പോൾ താൽക്കാലികമായി നിർത്തപ്പെട്ടു.

ബി. സി. 592ൽ ദൈവിക ഭരണം ഔദ്യോഗികമായി യിസ്രായേലിൽ നിന്നും പിന്മാറിപോയി (യെഹ. 8-11

  • അഭിഷേകം സ്നാന സമയത്ത് യേശുവിന്റെമേൽ വന്നു.

മത്താ. 3:16-17 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

രണ്ടാം സങ്കീരത്തനത്തിലെ 2ഉം 7ഉം വാക്യങ്ങൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. പരിശുദ്ധാത്മാവിന്റെ പ്രത്യേക ശുശ്രൂഷ കർത്താവ് സ്വീകരിച്ചു. യിസ്രായേലിനു ഒരു രാജ്യം വാഗ്ദാനം ചെയ്യാനും താൻ രാജാവാണെന്നു സ്ഥിരീകരിക്കുവാനുള്ള അൽഭുതങ്ങൾ ചെയ്യുവാനുമായി ഈ അഭിഷേകം യേശുവിന്റെമേൽ വന്നു. സ്നാന സമയത്താണ് ഭരിക്കുവാനുള്ള അവകാശവും അഭിഷേകവും ക്രിസ്തുവിന് ലഭിച്ചത്.

യെശ. 11:1-2– എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

മത്താ. 12:18-21– “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.”  അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.  അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാൻ സംഗതിവന്നു.

ലൂക്കോ. 4:18–19 [cf. Isa 61:1–2]— “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

അ. പ്ര. 10:38— നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.

പരിശുദ്ധാത്മ അധിവാസത്തിന്റെ ഫലമായി ഒരു വിശ്വാസിയിൽ ഉണ്ടാകുന്നത് എന്തൊക്കെയാണ്?

അധിവാസം മുഖാന്തിരം,ഒരു വ്യക്തിയുടെ മനസ്സിനോടൂം, ഇച്ഛയോടും വികാരങ്ങളോടൂം പരിശുദ്ധാത്മാവ് നിരന്തരമായി ബന്ധപ്പെടുന്നു. ആത്മാവിന്റെ ഈ അധിവാസ സാന്നിദ്ധ്യം കൊണ്ട് ആത്മാവ് ഒരു വിശ്വാസിയുടെ അവസാന രക്ഷ ഉറപ്പാക്കുന്നു (മുദ്ര); താൻ ദൈവ പൈതൽ ആണെന്നുള്ള ഉറപ്പ് നൽകുന്നു (രക്ഷയുടെ ഉറപ്പ്); തിരുവെഴുത്തിന്റെ ആധികാരികതയെ ബോധ്യപ്പെടുത്തുന്നു (പ്രകാശനം). തിരുവെഴുത്തിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച്ച നൽകുന്നു (പ്രകാശനം); വിശുദ്ധിയിൽ പുരോഗമിക്കുവാനുള്ള (വിശുദ്ധീകരണം) സകലതും പരിശുദ്ധാത്മാവ് നൽകുന്നു. ഈ പ്രവർത്തനങ്ങളൊക്കേയും വിശദീകരീക്കുന്ന ഒരു കുടയാണ് അധിവാസം.

പരിശുദ്ധാത്മാവിന്റെ മുദ്ര എന്താണ്?

വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ രക്ഷയെ ദൈവീകമായി ഭദ്രമാക്കുന്ന പരിശുദ്ധാത്മാവിന്റെ അധിവാസ സാന്നിദ്ധ്യമാണ് പരിശുദ്ധാത്മാവിന്റെ മുദ്ര. 2 കൊരി 1:22; 5:5; എഫെ; 1:13-14; 4:30.

പരിശുദ്ധാത്മാവ് നൽകുന്ന രക്ഷയുടെ ഉറപ്പ് എന്താണ്?

വിശ്വാസികൾക്ക് അവരുടെ രക്ഷയെക്കുറിച്ച് ഉറപ്പ് നൽകുന്നു– താൻ കൃപാ‍വസ്ഥയിൽ ആയിരിക്കുന്നു എന്നുള്ളതിനെക്കുറിച്ചും, തന്റെ അവസാനം സ്വർഗ്ഗത്തിൽ ആയിരിക്കും എന്നുള്ളതിനെക്കുറിച്ചും ഉള്ള ഒരു വിശ്വാസിയുടെ വ്യക്തിപരമായ അറിവാണ് രക്ഷയുടെ ഉറപ്പ്. റോമ. 8:14-17; ഗലാ. 4:6

പരിശുദ്ധാത്മാവിന്റെ പ്രകാശനം (ആന്തരീക സാക്ഷ്യം) എന്താണ്?

തിരുവെഴുത്തിന്റെ അധികാരത്തെ ഒരു വിശ്വാസിക്കു ബോധ്യപ്പെടുത്തുകയും അവനെ അതിനു വിധേയപ്പെടുവാൻ ഒരുക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് പ്രകാശനം. 1 കൊരി. 2:4-5, 14, 1 യോഹ. 2:20, 21, 27. 1 തെസ്സ. 2:13. പ്രകാശനത്തിൽ കൂടെ ഒരിക്കലും പുതിയ വെളിപ്പാട് നൽകുന്നില്ല. തിരുവെഴുത്ത് പൂർണ്ണമാണ്. പ്രകാശനം മറഞ്ഞകിടക്കുന്നതോ ആഴത്തിലുള്ള അർത്ഥം നൽകുന്നതോ അല്ല. പ്രകാശന ശുശ്രൂഷ തിരുവെഴുത്ത് പഠനം മാറ്റി നിർത്തുന്നില്ല. സ്വയാധികാരമുള്ള തിരുവെഴുത്ത് സത്യവും ആധികാരികവുമാണെന്നുള്ള ഉറപ്പ് പ്രകാശനം നൽകുന്നു. മാത്രമല്ല, തിരുവെഴുത്തിനോടുള്ള ശത്രുതയും പ്രകാശനം അകറ്റുന്നു (റോമ. 8:7; 1:18-20,25,28).

പരിശുദ്ധാത്മ അഭിഷേകം എന്താണ്?

ആത്മാഭിഷേകത്തെക്കുറിച്ച് വേദപുസ്തകം സമ്പൂർണ്ണമായ് പരിശോധിക്കുമ്പോൾ നാലു തരത്തിലുള്ള അഭിഷേകത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ദൈവീക ഭരണത്തിനായിട്ടുള്ള അഭിഷേകം, പ്രവാചകന്മാർക്കുള്ള അഭിഷേകം, അപ്പോസ്തോലന്മാർക്കുള്ള അഭിഷേകം, വിശ്വാസികൾക്കുള്ള അഭിഷേകം എന്നിവയാണ് അവ.

അതിൽ ദൈവീക ഭരണത്തിനായുള്ള അഭിഷേകത്തെക്കുറിച്ച് മുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. (പഴയനിയമത്തിൽ പരിശുദ്ധാത്മാവ് “വന്നും പോയ്ക്കൊണ്ടുമാണിരുന്നത്” എന്ന് പറയാറുണ്ടായിരുന്നല്ലോ? അങ്ങിനെയായിരുന്നോ പഴയ നിയമത്തിൽ പരിശുദ്ധാത്മാവ്  പ്രവർത്തിച്ചിരുന്നത്? എന്ന ചോദ്യത്തിന്റെ ഉത്തരം നോക്കുക)

പ്രവാചക അഭിഷേകത്തെക്കുറിച്ചുള്ള സൂചനകൾ വേദപുസ്തകം തരുന്നുണ്ട്.

അഭിഷേകമാണ് പ്രവാചകനെ ദൈവത്തിന്റെ നേരിട്ടുള്ള വെളിപ്പാട് വഹിക്കുന്നവനാക്കി തീർക്കുന്നത്.

പുറപ്പാട് 4:16—[നിനക്കു പകരം അവൻ [Aaron] ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

2 ശമുവേൽ 23:2— യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.  (cf. സങ്കീ 22:38; ആവ 18:18; യിരെ. 1:9; യെഹ 2:7).

2 പത്രൊസ് 1:21— പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

അടുത്തതായി അപ്പോസ്തോലിക അഭിഷേകമാണ്. കർത്താവിന്റെ അസാന്നിദ്ധ്യത്തിൽ നടക്കാൻ പോകുന്ന ശുശ്രൂഷക്കായി കർത്താവ് അവരെ 3 ½ വർഷം കൊണ്ട് ഒരുക്കുകയും നിയോഗിച്ചാക്കുകയും ചെയ്തു. യോഹന്നാൻ 20: 21-22 വാക്യങ്ങളിൽ ഇങ്ങനെ നാം കാണുന്നു. യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. അപ്പോസ്തോലിക അഭിഷേകത്തെക്കുറിച്ച് പറയുന്ന ഒരു വാക്യമായിട്ടാണ് ഞാൻ ഇത് മനസ്സിലാക്കുന്നത്.

അവസാനമായി വിശ്വാസികൾക്കുള്ള അഭിഷേകമാണ്. പുതിയനിയമ വിശ്വാസികൾക്കുള്ള അഭിഷേകം എന്താണ്? പുതിയ നിയമ വിശ്വാസികൾക്കുള്ള അഭിഷേകത്തെക്കുറിച്ച് വേദപുസ്തകം അധികമൊന്നും വിശദീകരിച്ചിട്ടില്ല.  എങ്കിലും ഒന്നു രണ്ട് വാക്യങ്ങൾ ഇവിടെ ശ്രദ്ധേയമാണ്:

2 കൊരി. 1: 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.

ദൈവമക്കളെ ദൈവം അഭിഷേകം ചെയ്തിരിക്കുന്നു എന്ന് പൗലോസ് ഇവിടെ വ്യതമാക്കുന്നുണ്ട്. എന്തിനുവേണ്ടി അഭിഷേകം ചെയ്തു എന്ന് ഈ വേദഭാഗം വ്യക്തമാക്കുന്നില്ല. പഴയ നിയമത്തിലെ ആശയം കടം എടുക്കുകയാണെങ്കിൽ പ്രത്യേക ശുശ്രൂഷക്കുവേണ്ടി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് വേണം ചിന്തിക്കുവാൻ. അങ്ങിനെയെങ്കിൽ എല്ലാ ദൈവമക്കളേയും കർത്താവിന്റെ വേലക്കുവേണ്ടി അഭിഷേകം ചെയ്തിരിക്കുന്നു എന്നു വേണം മനസ്സിലാക്കുവാൻ. ഒരു കാര്യം സത്യമാണ്. ഏതെങ്കിലും പ്രത്യേക വ്യക്തികളെ മാത്രമാണ് അഭിഷേകം ചെയ്യുന്നത് എന്ന ആശയം ഇവിടെ ഇല്ല.

രണ്ടാമത് ശ്രദ്ധിക്കേണ്ട വേദഭാഗം യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ ആണ്.  1 യോഹന്നാൻ 2:20, 27-  നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

ഒന്നാമതായി, കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനത്തിൽ ദൈവം നമ്മെ “അഭിഷേകം ചെയ്തു” എന്നു പറയുമ്പോൾ യോഹന്നാൻ “പ്രാപിച്ച അഭിഷേക” ത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. “പരിശുദ്ധനാൽ” എന്ന് പറയുമ്പോൾ പരിശുദ്ധാത്മാവിനാൽ എന്ന് നമ്മൾ ചിന്തിക്കാൻ സാദ്ധ്യത കൂടുതലാണ്. പരിശുദ്ധാത്മാവിനെ പരിശുദ്ധൻ എന്ന ശീർഷകത്തിൽ പുതിയ നിയമത്തിൽ സബോധന ചെയ്തിട്ടില്ല. പിതാവായ ദൈവത്തേയും  യേശുക്രിസ്തുവിനേയും ആ രീതിയിൽ സംബോധന ചെയ്തിട്ടുണ്ട്. യോഹന്നാന്റെ വാക്കുകളുടെ പ്രയോഗം പഠിക്കുകയാണെങ്കിൽ യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണ് പരിശുദ്ധൻ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന്  മനസ്സിലാക്കാൻ സാധിക്കും (യോഹന്നാൻ 6:69; വെളിപ്പാട് 3:7). അപ്പോൾ പരിശുദ്ധനാൽ പ്രാപിച്ച അഭിഷേകം എന്നു പറയുമ്പോൾ യേശുക്രിസ്തുവിനാൽ പ്രാപിച്ച അഭിഷേകം എന്നാണർത്ഥം.

രണ്ടാമതായി എന്താണ് ഈ അഭിഷേകം എന്നതും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഈ അഭിഷേകം ഇവിടെ രണ്ടു കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. “ഈ അഭിഷേകം നിങ്ങളിൽ വസിക്കുന്നു.” കൂടാതെ, “അഭിഷേകം നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരുന്നു.” ഈ വേദഭാഗം യോഹന്നാൻ 14:17, 26മായി താരതമ്യം ചെയ്താൽ യോഹന്നാൻ ഇവിടെ പറയുന്ന അഭിഷേകവും സുവിശേഷത്തിൽ പറയുന്ന കാര്യസ്ഥനും ഒന്നു തന്നെയാണെന്നു മനസ്സിലാക്കാൻ സാധിക്കും. പ്രാപിച്ച അഭിഷേകം  പരിശുദ്ധാത്മാവ് തന്നെയാണ്. ഇവിടേയും ഏതെങ്കിലും പ്രത്യേക വിശ്വാസികൾക്ക് മാത്രമുള്ളതാണ് ഈ അഭിഷേകം എന്ന് പഠിപ്പിക്കുന്നില്ല.

പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണത്തെക്കുറിച്ചുള്ള വിവിധ ചിന്താഗതികൾ എന്തൊക്കെയാണ്?

വിവിധ തരത്തിലാണ് അനേകർ വിശുദ്ധീകരണത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. വിശുദ്ധീകരണം രക്ഷിക്കപ്പെടുന്ന സമയത്ത് ആരംഭിക്കാൻ സാദ്ധ്യത ഉണ്ടെങ്കിലും അനേകർക്ക് ഒരു ക്രൈസിസ് പോയിന്റിലാണ് വിശുദ്ധീകരണം ആരംഭിക്കുന്നത് എന്ന് ജോൺ വെസ്ലി പഠിപ്പിച്ചു. ഈ ക്രൈസിസ് പോയിന്റിൽ സമ്പൂർണ്ണ വിശുദ്ധീകരണത്തിലേക്ക് അല്ലെങ്കിൽ പാപമില്ലാത്ത അവസ്ഥയിലേക്ക് ഒരു വിശ്വാസി പ്രവേശിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചിരുന്നത്.

പരിശുദ്ധാത്മ സ്നാനം ഇല്ലാതെ ഒരു വ്യക്തിയിൽ പരിശുദ്ധാത്മവിന്റെ വിശുദ്ധീകരണം നടക്കുന്നില്ല. അതുകൊണ്ട് രക്ഷിക്കപ്പെട്ടാൽ പോര, ആത്മസ്നാനം പ്രാപിക്കണം. ഇത് ദൈവകൃപയുടെ രണ്ടാമത്തെ പ്രവർത്തിയാണ്. അതിന്റെ അടയാളമാണ് അന്യഭാഷയിലുള്ള സംസാരം എന്ന് ഒരുകൂട്ടം പെന്തക്കോസ്തുകാർ പഠിപ്പിക്കുന്നു.

വിശുദ്ധീകരണം സമ്പൂർണ്ണമായി ദൈവത്തിന്റെ പ്രവർത്തി മാത്രമാണ്. വിശ്വാസി ഒന്നും ചെയ്യേണ്ടതില്ല കെസിക്ക് (Keswick) ചിന്തകൻമാർ പഠിപ്പിക്കുന്നത്.. ദൈവം എല്ലാം ചെയ്തോളും. നാം എല്ലം ദൈവത്തിൽ അർപ്പിച്ചാൽ ദൈവം എല്ലാം ചെയ്തോളും എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. “Let go, let God” എന്ന അവരുടെ ശ്ലോകം വളരെ പ്രസിദ്ധമാണ്.  ദൈവത്തിന്റെ രണ്ടാം അനുഗ്രഹം നാം പ്രാപിക്കണം. അവിടെയാണ് സമ്പൂർണ്ണ സമർപ്പണം നടക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നു.  ഈ സമ്പൂർണ്ണ സമർപ്പണമാണ് ആത്മസ്നാനം. അങ്ങിനെ സമ്പൂർണ്ണസമർപ്പണം നടന്നുകഴിയുമ്പോൾ മാത്രമാണ് വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ കഴിയുകയുള്ളു. അപ്പോഴാണ് അവൻ ഒരു ആത്മീയനായി തീരുന്നത്.

രക്ഷിക്കപ്പെടണമെങ്കിൽ യേശുക്രിസ്തുവിനെ കർത്താവായി സ്വീകരിക്കണ്ട കാര്യമില്ല, രക്ഷിതാവായി സ്വീകരിച്ചാൽ മാത്രം മതി എന്ന് ചിലർ പഠിപ്പിക്കുന്നുണ്ട്. രക്ഷിക്കപ്പെടണമെങ്കിൽ പാപത്തിൽ നിന്ന് മാനസാന്തരപ്പെടണം എന്നു നിർബന്ധമില്ല എന്നും ചിലർ പഠിപ്പിക്കുന്നു.  ജീവിതത്തിൽ പിന്നീട് എപ്പോഴെങ്കിലും ജീവിതം ദൈവത്തിനു സമർപ്പിക്കുമ്പോഴാണ് യേശുവിനെ കർത്താവായി സ്വീകരിക്കുന്നത്. ജഡീക വിശ്വാസി അപ്പോൾ ഒരു ആത്മീയനായി തീരുന്നു എന്നാണ് പഠിപ്പിക്കുന്നത്. Chaferian ചിന്താഗതി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് (Lewis sperry chafer).

രക്ഷ ദൈവത്തിന്റെ പ്രവർത്തി (Monergism) മാത്രമായിരിക്കുമ്പോൾ തന്നെ വിശുദ്ധീകരണത്തിൽ ദൈവം തന്നെയല്ല പ്രവർത്തിക്കുന്നത്. ദൈവവും മനുഷ്യനും വിശുദ്ധീകരണത്തിൽ 100% പങ്ക് ഉണ്ടെന്നു (Synergism) തന്നെയാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കണം എന്നുള്ളത് സത്യമാണ്. പക്ഷെ അതു ഒരു അവസ്ഥയല്ല, മറിച്ച് ഒരു പ്രവർത്തിയായി കാണണം (റോമ. 8:13; 1 കൊരി. 9:27). സമർപ്പണം ജീവിതത്തിൽ ഒരിക്കലായിട്ടു നടക്കേണ്ടതല്ല, മറിച്ച് അനുദിനവും നടക്കേണ്ടതാണ് (റോമർ 12:1-2). യേശുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചാൽ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു. രക്ഷിക്കപ്പെടണമെങ്കിൽ പാപത്തിൽ നിന്നുള്ള മാനസാന്തരം അത്യന്താപേക്ഷിതമാണ്. ഈ ലോകത്തിൽ ഒരു വിശ്വാസിയും പൂർണ്ണത പ്രപിക്കുകയില്ല. അതിന്റെ അർത്ഥം അല്പമെങ്കിലും ജഡീകത്വം ഇല്ലാത്ത ഒരു വിശ്വാസിയും ഈ ലോകത്തിൽ ഇല്ല. അതുകൊണ്ട് രണ്ടുതരം വിശ്വാസികൾ (ജഡീകന്മാരും ആത്മീകന്മാരും) ഉണ്ടെന്നല്ല ഞാൻ വിശ്വസിക്കുന്നത്, മറിച്ച് എല്ലാവിശ്വാസികളിലും അല്പമൊക്കെ ജഡീകത്വം ഉണ്ടാകും. പരിശുദ്ധാത്മാവ് അധിവസിക്കുന്നുവെങ്കിൽ അവരൊക്കെ ആത്മീയരാണ് അല്ലെങ്കിൽ ആത്മ മനുഷ്യരാണ്. ആത്മീയതയിൽ ഏറ്റകുറച്ചലുകൾ ഉണ്ടാകുമെന്നുമാത്രം.

പരിശുദ്ധാത്മ വിശുദ്ധീകരണത്തിന്റെ വിവിധ വശങ്ങൾ എന്തൊക്കെയാണ്?

സുനിശ്ചിത വിശുദ്ധീകരണം: ഒരു വിശ്വാസി വീണ്ടുംജനിക്കപ്പെടുമ്പോൾ തന്നെ അവൻ സുനിശ്ചിതമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. 1 കൊരി. 6:11; എബ്രാ. 10:10. ഇത് കേവലം ഒരു സ്ഥാനം മാത്രമല്ല, മറിച്ച് പാപ ചങ്ങല തകർക്കുന്ന ദൈവത്തിന്റെ ഒരു പ്രവർത്തിയാണ് ഇത്. പാപത്തോടുള്ള അവന്റെ മരണവും ജീവന്റെ പുതുക്കത്തിലേക്കുള്ള പ്രവേശനവുമാണ് (റോമ. 6:2-7; കൊലോ. 3:1)

പുരോഗമന വിശുദ്ധീകരണം: പാപം നിറഞ്ഞ പ്രകൃതത്തിന്റെ പ്രവർത്തികളെ മരിപ്പിച്ച് ദൈവകൃപയിൽ വളരുക. റോമ. 8:13, 1 കൊരി. 9:27, കൊലോ. 3:5; 1 യോഹ. 3:3.

അവസാന വിശുദ്ധീകരണം: പാപത്തിന്റെ ശിക്ഷയിൽ നിന്നും ശക്തിയിൽ നിന്നും മാത്രമല്ല ഒരു വിശ്വാസി സ്വതന്ത്രമാകുന്നത്, മറിച്ച് തേജസ്സ്വീകരണത്തിൽ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും വിശുദ്ധീകരിക്കപ്പെടുന്നു. എഫെ. 5:25-27; 1 തെസ്സ്. 5:23.

പരിശുദ്ധാത്മ വിശുദ്ധീകരണത്തിൽ മനുഷ്യന്റെ പങ്കും ഉണ്ടെങ്കിൽ അത് പ്രാപിക്കാനുള്ള മാർഗ്ഗം എന്താണ്?

താഴ്മ– രക്ഷിക്കപ്പെട്ടവനാണെങ്കിൽ പോലും സ്വയമായി വിശുദ്ധീകരിക്കുവാൻ തനിക്കു കഴിയുകയില്ല എന്ന ബോദ്ധ്യം ഒരു വ്യക്തിക്ക് ഉണ്ടാകണം. പരിശുദ്ധാത്മാവിന്റെ ശാക്തീകരണം ആവശ്യമാണ്. യോഹ. 15:5; റോമ. 8:9-10, 12-13; 2 കൊരി. 3:18; റോമ. 7:14-25. ഇതിന്റെ ഭാഗമാണ് ആത്മനിറവ് പ്രാപിക്കുക എന്നുള്ളതും. പാപം നിറഞ്ഞ ഇച്ഛയെ മരിപ്പിച്ച് പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൽ വീണ്ടുജനിക്കപ്പെട്ട ഇച്ഛ നടപ്പിലാക്കുന്നതാണ് ആത്മനിറവ്.  വചനത്തിൽ കാണുന്ന ആത്മാവിന്റെ നിർദ്ദേശങ്ങളെ താഴ്മയോടെ അനുസരിക്കുക.

പ്രവർത്തി– വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമോത്സുകമായ ഒരു പ്രവർത്തിയായിട്ടാണ് വിശുദ്ധീകരണത്തെ തിരുവെഴുത്ത് വിശദീകരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തിയെ കുറച്ചുകാണിക്കുന്നില്ല. മറിച്ച് പരിശുദ്ധാത്മാവും വിശ്വാസിയും പരസ്പരം ചേർന്നുള്ള ഒരു പരിശ്രമമാണ് ഇത്. റോമ. 8:13; 2 കൊരി. 7:1; എഫെ. 2:10; ഫിലി. 2:12-13; 3:13-14; കൊലൊ. 3:5; 1 തെസ്സ. 4:3; തീത്തൊ. 2:11-14.

മാറ്റം– ഈ ലോക ജീവിതത്തിൽ പൂർണ്ണത നേടാൻ കഴിയുകയില്ല എന്നതാണ് വേദപുസ്തകത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് (1 തെസ്സ  5:23; റോമർ 7:24–25 cf. 8:23; 1 യോഹ.1:8). യേശുക്രിസ്തുവിനെ പോലെ ആയിതീരുന്ന ഒരു ക്രമേണയുള്ള വളർച്ചയാണ് ക്രിസ്തീയ ജീവിതം. അതുകൊണ്ട് ഒരു വിശ്വാസി എപ്പോഴും മാറ്റത്തിന്റെ അവസ്ഥയിൽ ആയിരിക്കുന്നു. റോമ. 6; 8:29; 2 കൊരി. 3:18; റോമ. 12:2.

പരിശുദ്ധാത്മ സ്നാനം എന്താണ്?

ക്രിസ്തുവിന്റെ ശരീരമാകുന്ന സാർവ്വത്രിക സഭയിലേക്ക് ഈ സഭായുഗത്തിൽ ഒരു യഥാർത്ഥ വിശ്വാസിയെ സ്ഥാപിക്കുന്ന നിയമപരവും എന്നാൽ അനുഭവപരവുമല്ലാത്ത പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ് പരിശുദ്ധാത്മ സ്നാനം. 1 കൊരി. 12:13, എഫെ. 1:22-23.

പരിശുദ്ധാത്മ സ്നാനത്തിന്റെ തുടക്കം എപ്പോഴാണ്?

പരിശുദ്ധാത്മാവിന്റെ ഈ സഭായുഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രവർത്തനമാണ് ആത്മ സ്നാനം. പരിശുദ്ധാത്മ സ്നാനത്തോടെയാണ് സഭയുടെ ആരംഭിച്ചത്. അതുകൊണ്ട് ആത്മ സ്നാനം നടന്ന സമയം തന്നെയാണ് സഭയുടെ ആരംഭ സമയവും. എപ്പോഴാണ് ആദ്യമായി ആത്മ സ്നാനം നടന്നത് എന്ന് പരിശോധിക്കേണ്ടത് ഇവിടെ ആവശ്യമാണ്. ആത്മ സ്നാനത്തെക്കുറിച്ചുള്ള സുവിശേഷത്തിലെ എല്ലാ പരാമർശവും ഭാവികാലത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. മത്തായി 3:11, മർക്കൊസ് 1:8, ലൂക്കൊസ് 3:16; യോഹ. 1:33. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം “ഏറെ നാൾ കഴിയും മുമ്പെ” ആണ് ആത്മ സ്നാനം ആദ്യമായി നടന്നത്. അ. പ്ര. 1:5ഉം 11:15-16ഉം തരതമ്യം ചെയ്യുമ്പോൾ അ. പ്രവർത്തികൾ 2ൽ ആണ് ആദ്യമായി ആത്മസ്നാനം നടന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഉൽ പ്രാപണത്തോടുകൂടി വിശ്വാസികളെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയോട് കൂട്ടിച്ചേർക്കുന്ന ആത്മ സ്നാനം അവസാനിക്കും. 1 തെസ്സ. 4:16-17, 2 തെസ്സ 2:6-7.

പരിശുദ്ധാത്മ സ്നാനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

ഈ യുഗത്തിലുള്ള എല്ലാ വിശ്വാസികളും ആത്മ സ്നാനത്താൽ ചേർക്കപ്പെടുന്ന ഒരു ഏക ശരീരം ഉണ്ട് (1 കൊരി 12:13). വീണ്ടും ജനനത്തിൽ ഒരിക്കലായാണ് ആത്മസ്നാനം നടക്കുന്നത്. അത് ആവർത്തിക്കുന്നതല്ല. അതുകൊണ്ട് നിങ്ങൾ ആത്മ സ്നാനം ഏൽക്കണം എന്ന കൽപ്പന ബൈബിളിൽ കാണാൻ കഴിയില്ല. രക്ഷിക്കപ്പെടുന്ന സമയത്ത് ആത്മസ്നാനം തനിയെ നടക്കുന്ന ഒരു പ്രവർത്തി ആണെന്നുകൂടെ ഇത് നമ്മളെ പഠിപ്പിക്കുന്നു. ആത്മസ്നാനം ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തോട് ചേർക്കുന്ന പ്രക്രിയ ആയതുകൊണ്ട് അത് ആവർത്തിച്ചാൽ വലിയ ദൈവ ശാസ്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാകും. ക്രിസ്തുവിന്റെ ശരീരത്തിൽ നിന്ന് എങ്ങിനെയെങ്കിലും പുറത്തുപോകേണ്ടിവരും വീണ്ടും അതിലേക്ക് ചേരണമെങ്കിൽ. അത് അസാദ്ധ്യമാണ്. പെന്തക്കൊസ്ത് നാളിൽ വിശ്വാസികളുടെ മേൽ ആദ്യമായി ഇത് സംഭവിച്ചുവെങ്കിലും പിന്നീറ്റു വീണ്ടുജനനത്തോടൂകൂടീയാണ് ഇത് നടന്നു കാണുന്നത്. (10:44–47; 11:15–17). യെരുശലേമിൽ വെച്ച് ആദ്യ ആത്മ സ്നാനത്തിന്റെ ഭാഗമാകാതിരുന്ന വിശ്വാസികൾക്ക് മാത്രമാണ് അ. പ്ര. 19:6ൽ പിന്നീട് നൽകിയിട്ടുള്ളത്. ആത്മ സ്നാനം അനുഭവപരമല്ല. ക്രിസ്തുവിന്റെ ശരീരത്തിലേക്ക് ചേർക്കപ്പെടുന്ന നിയമപരമായ ഒരു പ്രവർത്തിയാണ് ഇത്. എന്നാൽ അതിന്റെ ചില ഫലങ്ങൾ അനുഭവ പരമാണ്.

പരിശുദ്ധാത്മസ്നാനത്തിന്റെ ഫലങ്ങൾ എന്തെല്ലാം?

ക്രിസ്തു ശരീരത്തിലെ അംഗത്വം– 1 കൊരി 12:13.

മറ്റു വിശ്വാസികളുമായിട്ടുള്ള ഐക്യത–റോമ. 2:4–5; 1 കൊരി. 12:12.

ശുശ്രൂഷക്കായിട്ടുള്ള വരങ്ങൾ നൽകിക്കൊണ്ട് ശക്തീകരിക്കുക. 1 കൊരി. 12:13ff cf. എഫെ. 4:5ff. ആത്മ സ്നാനം ഇല്ലാതെ സഭ ഇല്ല. സഭ ഇല്ലെങ്കിൽ വിശ്വസികൾക്ക് അവരുടെ വരങ്ങൾ ഉപയോഗിക്കുവാനുള്ള ഇടവും ഇല്ല. അ.പ്രവർത്തിയിൽ ചില വരങ്ങൾ പെട്ടന്നു തിരിച്ചറിയുവാൻ കഴിയുന്നതും അത്ഭുതപരവുമായിരുന്നു. (11:15–16; 19:5–6). ആത്മ സ്നാനത്തോടൂകൂടി മാത്രമേ ആത്മ വരങ്ങൾ പ്രവർത്തിക്കുകയുള്ളു.

പരിശുദ്ധാത്മ നിറവ് എന്താണ്?

പരിശുദ്ധാത്മ നിറവ് എളുപ്പമായ ഒരു വിഷയമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ ശ്രദ്ധയോടുകൂടിയ വേദപഠനം കുറച്ച് സങ്കീർണതയിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുക. കാരണം മലയാളത്തിലും ഇംഗ്ലീഷിലും ലളിതമായ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്: ആത്മാവിൽ നിറയുക അല്ലെങ്കിൽ to be filled with the Spirit. പക്ഷെ മൂലഭാഷയിൽ രണ്ട് വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. “പിമ്പ്ലേമി” യും “പ്ലെറാവോ”യുമാണ് അവ. അതിൽ പിമ്പ്ലേമി എന്ന ആദ്യത്തെ വാക്ക് പ്രത്യേക വെളിപ്പാട് നൽകുന്നതിനോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനോ ആണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇത് എല്ലാ വിശ്വാസികൾക്കും ഉള്ള ഒരു അനുഭവമായി വേദപുസ്തകം വിശദീകരിക്കുന്നില്ല. ചില വാക്യങ്ങൾ പരിശോധിച്ച് നോക്കുക: ലൂക്കോസ് 1:15, 41, 67; അ. പ്ര. 2:4; 4:8, 31; 9:17; 13:9.

എന്നാൽ രണ്ടാമത്തെ വാക്കായ പ്ലെറാവോ ആണ് എഫ്യേസർ 5:18 ൽ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ മാത്രമല്ല, അ. പ്ര. 6:3, 5; 7:55; 11:24; 13:52 എന്നി വേദഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ നിറയുക എന്നു പറയുമ്പോൾ  ബാഹ്യമായ ശക്തിക്കോ വസ്തുക്കൾക്കോ ഇടം കൊടുക്കാതെ ആന്തരികമായ ഗുണങ്ങളുടേയും ഭക്തിയുടേയും സവിശേഷതയോടുകൂടെ ആയിരിക്കുക എന്നാണർത്ഥം. ഇതാണ് വിശ്വാസികൾക്ക് പൊതുവിൽ ഉണ്ടാകേണ്ട പ്രത്യേകതയായി വേദപുസ്തകം പഠിപ്പിക്കുന്നത്. ഈ വാക്കിന്റെ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കുക:

ക്രോധത്താൽ നിറയുക എന്നു പറഞ്ഞാൽ കോപത്തിൽ ആയിരിക്കുക എന്നാണർത്ഥം (അ. പ്ര. 19:28)

കപട്യത്താൽ നിറയുക എന്നു പറഞ്ഞാൽ സത്യസന്തത ഇല്ലാതായിരിക്കുക എന്നാണർത്ഥം (അ. പ്ര. 13:10)

സന്തോഷത്താൽ നിറയുക എന്നു പറഞ്ഞാൽ സന്തുഷ്ടനായി ഇരിക്കുക എന്നാണർത്ഥം (അ. പ്ര. 2:28; 13:52; റോമർ 15:13; 2 തിമോ 1:4).

ജ്ഞാനത്താൽ നിറയുക എന്നു പറഞ്ഞാൽ ജ്ഞാനിയയിരിക്കുക എന്നാണർത്ഥം (ലൂക്കോസ് 2:40; അ. പ്ര. 6:3)

വിശ്വാസത്താൽ നിറയുക എന്നു പറഞ്ഞാൽ വിശ്വസ്ഥനായിരിക്കുക എന്നാണർത്ഥം (അ. പ്ര. 6:5; 11:24)

ദുഷ്ടതയാൽ നിറയുക എന്നു പറഞ്ഞാൽ ദുഷ്ടനായിരിക്കുക എന്നാണർത്ഥം (റോമർ 1:29)

പിശാചിനാൽ നിറയുക എന്നു പറഞ്ഞാൽ പിശാചിനെപ്പോലെ ആയിരിക്കുക എന്നാണർത്ഥം (അ. പ്ര. 5:3)

അതുകൊണ്ട് ആത്മാവിൽ നിറയുക എന്ന് പറയുമ്പോൾ ബാഹ്യമായ ശക്തിക്കോ വസ്തുക്കൾക്കോ ഇടം കൊടുക്കാതെ ആന്തരികമായി, ആത്മാവിന്റെ ഗുണങ്ങളോടും ആത്മാവിനോടുള്ള ഭയഭക്തിയോടും കൂടെ ആയിരിക്കുക എന്നാണർത്ഥം.

എന്താണ് ആത്മീയ വരം?

പരമാധികാരിയായ ദൈവത്താൽ നൽകപെട്ടതും, പ്രാദേശിക സഭയിലുള്ള ശുശ്രൂഷക്കും സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു ശുശ്രൂഷകൾക്കുമായി സ്വാഭാവികമായോതോ അത്ഭുതകരമായതോ ആയതും, താൽക്കാലികമായോ സ്ഥിരമായോ ലഭിച്ചതും, പരിശുദ്ധാത്മാവിനാൽ ഉത്തേജിപ്പിക്കപ്പെടുന്നതുമായ കഴിവാണ് ആത്മീയ വരം.

ആത്മീയ വരം ഒരു കഴിവ് ആണ്. അത്ഭുത വരങ്ങൾ ഒഴികെ പൂർണ്ണമായി വികാസം പ്രാപിച്ച രീതിയിൽ വരങ്ങൾ വിശ്വാസിക്ക് ലഭിക്കുന്നില്ല. വരങ്ങൾ ലഭിച്ചതാണെങ്കിലും അതു വികസിപ്പിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. പഠിപ്പിക്കുവാൻ വരമുള്ളവൻ താൻ പഠിപ്പിക്കുന്നത് നല്ലപോലെ പഠിക്കുകയും തന്റെ ആശയവിനിമയ കഴിവുകളെ രാഗിയെടുക്കുകയും വേണം.

വരങ്ങൾ സ്വാഭാവികമോ അത്ഭുതകരമോ ആയിരിക്കാം. പൈതൃകമാ‍യി ലഭ്യമാകുന്നതാണ് സ്വാഭാവിക വരം. അത് ജനനത്തിങ്കൽ ലഭിക്കുന്നതാണെങ്കിലും വീണ്ടുജനനത്തിനു ശേഷം പരിശുദ്ധാത്മാവിന്റെ കൃപയാൽ ആത്മീയ ശുശ്രൂഷക്കുവേണ്ട് പ്രയോജനപ്രദമാകുന്നു. സ്വാഭാവിക താലന്തുകൾ എല്ലാവർക്കും പ്രയോജന പ്രദമാണ്. എന്നാൽ ആത്മീയ വരങ്ങൾ പ്രാദേശിക സഭയുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്.

എന്നാൽ ഒരു വ്യക്തിയുടേ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാത്ത കഴിവ് ദൈവത്തിൽ നിന്നും പരിശുദ്ധാത്മാവ് നേരിട്ട് കൊടുക്കുന്ന കഴിവാണ് അത്ഭുതവരം. അത്ഭുത വരത്തെ ഒരിക്കലും പ്രകൃതിദത്തമായ ഒന്നുകൊണ്ടും വിശദീകരിക്കുവാൻ കഴിയുന്നതല്ല.

അത്ഭുത വരങ്ങളുടെ ഉദ്ദേശ്യങ്ങൾ എന്തെല്ലാമാണ്?

വരങ്ങൾ സ്വാഭാവികമോ അത്ഭുതകരമോ ആയിരിക്കാം എന്ന് നേരത്തെ പറയുകയുണ്ടായല്ലോ. അതിൽ അത്ഭുത വരങ്ങളുടെ ഉദ്ദേശ്യങ്ങൾ നോക്കാം.

ഒന്നാമതായ്, സാക്ഷ്യപ്പെടുത്തൽ:  ക്രിസ്തുവിന്റെ മരണം, ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നിവ കഴിഞ്ഞ ഉടനെ ആ കാലത്തുണ്ടായ വിശ്വാസികൾക്ക് ദൈവവചനം ധാരാളമായി ഉണ്ടായിരുന്നില്ല. പഴയ നിയമം മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് ദൈവവചനം നൽകിയത് അപ്പോസ്തലന്മാരിൽ കൂടിയും  പ്രവാചകന്മാരിൽ കൂടിയും ആയിരുന്നു. അവരുടെ സന്ദേശത്തിന്റെ ആധികാരികതയുടെ തെളിവായിരുന്നു ദൈവം നൽകിയ അത്ഭുതകരമായ അടയാളങ്ങൾ. ക്രിസ്തുവിന്റെ വ്യക്തിത്വവും സന്ദേശവും  സുവിശേഷങ്ങളിൽ അത്ഭുതങ്ങളാൽ സാക്ഷ്യപ്പെടുത്തിയതു പോലെ, ആദ്യമ സഭയിൽ അപ്പോസ്തലന്മാരുടെ സന്ദേശവും അത്ഭുതങ്ങളാൽ സാക്ഷ്യപ്പെടുത്തി.

എബ്രായർ 2:3-4- കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?

2 കൊരി. 12:12 അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.

രണ്ടാമതായ്, ദൈവരാജ്യത്തിന്റെ അടയാളങ്ങൾ: യെഹൂദന്മാർ യേശുക്രിസ്തുവിനെ തിരസ്കരിച്ചതോടെ ദൈവരാജ്യപരിപാടിക്കു മാറ്റം ഉണ്ടായി. ഈ മാറ്റങ്ങൾ വിശദീകരിക്കുന്ന സമ്പൂർണ്ണ ദൈവവചനത്തിന്റെ അസാന്നിദ്ധ്യം കാരണം ദൈവരാജ്യപരിപാടിക്കു വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉറപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. യെഹുദന്മാരുടെ ആരാധന രീതിക്ക് ഏറ്റവും കൂടുതൽ മാറ്റം വന്നതുകൊണ്ട് അത്ഭുതങ്ങൾ അധികവും അവരുടെ ഇടയിൽ തന്നെ ആയിരുന്നു നടന്നത്. മൃഗ യാഗങ്ങൾ നീങ്ങിപ്പോയി. മശിഹയുടെ ഒന്നാം ആഗമനം അവസാനിച്ചു. രണ്ടാം ആഗമനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ന്യായപ്രാമാണം നിറവേറിയിരിക്കുന്നു. അതിൽ നിന്നും വ്യത്യസ്തമായി ജാതികൾക്ക് യെഹൂദന്മാരെ പോലെ സമസ്ഥാനം ദൈവം തന്റെ കാര്യവിചാരകത്വത്തിൽ നൽകിയിരിക്കുന്നു. ഈ മാറ്റത്തെയെല്ലാം വിമർശനപരവും സംശയാസ്പദവുമായി കണ്ട യെഹൂദന്മാർക്ക് ദൈവം തന്റ് രാജ്യ പരിപാടിക്ക് നൽകിയ മാറ്റം അത്ഭുതങ്ങളാലാണ് സാക്ഷ്യപ്പെടുത്തിയത്.

എബ്രാ. 6:5 “വരുവാനുള്ള ലോകത്തിന്റെ ശക്തി” യായിരുന്നു അത്ഭുതങ്ങൾ

അ. പ്ര. 11:15-18 ദൈവത്തിന്റെ രാജ്യ പരിപാടിയിൽ ജാതികളേയും നേരിട്ട് ഉൾപ്പെടുത്തി എന്നതിനുള്ള തെളിവ് അത്ഭുതങ്ങളാണ് നൽകിയത്

അത്ഭുത വരങ്ങൾ ഇന്നുണ്ടോ?

അത്ഭുത വരങ്ങൾ നിന്നുപോയി എന്നു സുദൃഢമായി സ്ഥാപിക്കാൻ തക്കതായ ഏതെങ്കിലും വാക്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ചിലർ 1 കൊരി. 13:8 ഇതിനു വേണ്ടി ഉപയോഗിക്കുന്നു എങ്കിലും അത് വളരെ തർക്കുമുള്ള ഒരു വാക്യമാണ്. എന്നിരുന്നാലും അത്ഭുത വരങ്ങൾ (അത്ഭുതങ്ങൾ നിന്നു പോയി എന്നല്ല. ദൈവത്തിനു എന്നും അത്ഭുതങ്ങൾ ചെയ്യുവാനുള്ള കഴിവുണ്ട്) അവസാനിച്ചു എന്ന് ചൂണ്ടിക്കാണിക്കുന്ന പല ദൈവശാസ്ത്ര സത്യങ്ങളെ തമസ്കരിക്കുനതുകൊണ്ട് ഗുണമൊന്നുമില്ല. ഏതൊക്കെയാണെന്ന് നോക്കാം:

  1. വെളിപ്പാടു പുസ്തകത്തിന്റെ അവസാന താളും എഴുതി കഴിഞ്ഞതോടുകൂടെ സമ്പൂർണ്ണ ദൈവവചനം ലഭ്യമായി കഴിഞ്ഞു. അതോടെ അത്ഭുത വരങ്ങളുടെ ആവാശ്യകത ഇല്ലാതായി. സന്ദേശകനെക്കുറിച്ചോ സന്ദേശത്തെക്കുറിച്ചോ അനിശ്ചിതത്വം ഉണ്ടാകുമ്പോളാണ് അത്ഭുതവരങ്ങളുടെ ആവശ്യമുണ്ടാകുന്നത്. അല്ലെങ്കിൽ വിശ്വാസികളോടുള്ള ദൈവീക കാര്യപരിപാടികളിൽ കാര്യമായ മാറ്റം ഉണ്ടാകണം. അപ്പോഴും അത്ഭുതവരങ്ങളുടെ ആവശ്യം ഉണ്ടായേക്കാം. പഴനിയമ പ്രവാചകന്മാരുടേയും, യേശു ക്രിസ്തുവിന്റേയും, പുതിയ നിയമ അപ്പോസ്തലന്മാരുടേയും പ്രവാചകന്മാരുടേയും വെളിപ്പാടുകൾ അത്ഭുതങ്ങളാലാണ് സാക്ഷ്യപ്പെടുത്തിയത്. (2 പത്രൊ 1:19 പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു). തിരുവെഴുത്ത് പൂർണ്ണവും പര്യാപതവുമായതുകൊണ്ട് ക്രിസ്തുവിന്റെ ആദ്യാഗമനം തെളിയിക്കുവാനോ, ന്യായ പ്രമാണത്തിന്റെ പ്രാബല്യമില്ലായ്മ തെളിയിക്കുവാനോ, സഭയിലേക്കുള്ള ജാതികളുടെ ചേരൽ ഉറപ്പിക്കുവാനോ നമുക്ക് ഇപ്പോൾ അത്ഭുത വരങ്ങളുടെ ആവശ്യമില്ല. അത്ഭുതങ്ങളേക്കാൾ അത് ചെയ്യുവാൻ ഏറ്റവും പര്യാപ്തമായത് തിരുവെഴുത്ത് തന്നെയാണ്.
  2. അപ്പോസ്തലന്മാരുടെ മരണവും അത്ഭുത വരങ്ങളുടെ ആവശ്യകതക്കു വലിയ പരിധി കൊണ്ടുവന്നു.

ചിലത് ഒഴിച്ചു നിർത്തിയാൽ അത്ഭുതങ്ങൾ പ്രധാനമായും ചെയ്തത് അപ്പൊസ്തലന്മാരാണ്. അപ്പൊസ്തലന്റെ ലക്ഷണങ്ങൾ (2കൊരി. 12:12) എന്നാണ് അത്ഭുതങ്ങളെ വിളിച്ചിരുന്നത്. എല്ലാ വിശ്വാസികൾക്കും ഇത് സാധാരണമായി ചെയ്യുവാൻ കഴിയുമായിരുന്നെങ്കിൽ ഈ നാമ നിർദ്ദേശം വെറുതെ ആയേനെ. അപ്പോസ്തലന്റെ ലക്ഷണം എന്നതിനു പകരമായി ഒരു ക്രിസ്ത്യാനിയുടേ ലക്ഷണം എന്ന് പരാമർശിക്കാമായിരുന്നു.

  1. ആധുനിക കാലത്തിലെ “അത്ഭുതങ്ങൾ” അപ്പോസ്തലന്മാർ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കുന്നു. ഉദാഹരണത്തിന് വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അന്യഭാഷ യഥാർത്ഥ മാനുഷിക ഭാഷ ആയിരുന്നതിനാൽ അതിനു ഒരു വ്യാഖ്യാതാവ് അനിവാര്യമായിരുന്നു. വേദപുസ്തകത്തിലെ അത്ഭുത രോഗ സൌഖ്യം വളരെ പരസ്യവും എല്ലവർക്കു അത് കൃത്യമായി മനസ്സിലാകുകയും ചെയ്തിരുന്നു. നിയമാനുസൃത അത്ഭുതങ്ങൾ സഭക്കു പ്രയോജനവും ശുശ്രൂഷക്ക് സഹായകവും ആയിരുന്നു. (അ. പ്ര. 2:4–11; 1 കൊരി.12, 14; 1 പത്രൊ 4:10), ഇന്നത്തെ പല അത്ഭുതങ്ങൾ രഹസ്യവും അത്ഭുതങ്ങൾ ചെയ്യുന്ന വ്യക്തിക്ക് മാത്രം പ്രയോജനമുള്ളതും ആണ്. നിയമാനുസൃത അത്ഭുതങ്ങൾ വേദപുസ്തകത്തിൽ പോലും വളരെ ചുരുക്കമായി മാത്രം നടന്നതാണ്. അതുകൊണ്ട് വേദപുസ്തക രചനാ കാലഘട്ടങ്ങളിലും ശാരീരിക പ്രായസങ്ങളെ അത്ഭുതങ്ങളാലല്ല, കൃപയാൽ നേരിടുകയും (2 കൊരി. 12:7-9) രോഗങ്ങളെ അത്ഭുതങ്ങളാലല്ല, പ്രാർത്ഥനകൊണ്ട് ചികിത്സിക്കുകയും ചെയ്തു പോന്നിരുന്നു (യാക്കോബ് 5:14).

സാധാ‍രണ (അത്ഭുതങ്ങളല്ലാത്ത) ആത്മീയ വരങ്ങളുടെ ഉദ്ദേശ്യങ്ങൾ

വ്യക്തി നന്മക്കുവേണ്ടിയല്ല, മറിച്ച് സമൂഹനന്മക്കുവേണ്ടിയാണ് വരങ്ങൾ നൽകിയിട്ടുള്ളത്. ഈ യുഗത്തിൽ നിയമാനുസൃതവും ദൃശ്യവും അച്ചടക്കവുമുള്ള ഒരു സ്ഥാപനം പ്രാദേശിക സഭ മാത്രമായിരിക്കുന്നതുകൊണ്ട് വരങ്ങളും സഭയുടേ ആഭിമുഖ്യത്തിൽ മാത്രമേ ഉപയോഗപ്പെടുത്താവു.

1 കൊരി. 12:28; 14:4, 5, 12, 23, 33, 35; എഫ്യെ. 4:12; 1 പത്രൊ. 4:10.

ആത്മീയ വരങ്ങളുടെ ചില ഉദ്ദേശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

  • പ്രാദേശിക സഭകളുടെ സ്ഥാപനം. അപ്പോസ്തലന്മാരും, പ്രവാചകന്മാരും, സുവിശേഷകന്മാരും പ്രാദേശിക സഭകൾ ആരംഭിക്കുവാൻ പ്രത്യേകിച്ച് ദൈവത്താൽ ഒരുക്കപ്പെട്ടിട്ടുള്ളവരാണ്. അവരിൽ സുവിശേഷകന്മാർ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.
  • പൊതു പ്രയോജനത്തിനു. 1 കൊരി. 12:7.
  • സഭയുടെ ആത്മീക വർദ്ധനക്ക്. 1 കൊരി. 14:12.
  • ശുശ്രൂഷയുടെ പ്രവർത്തിക്ക്. എഫെ. 4:11-12.

ആത്മീയ വരങ്ങൾ എങ്ങിനെയാണ് ലഭിക്കുന്നത്?

ദൈവീക പരമാധികാരത്തിനനുസരിച്ചാണ് ആത്മീയ വരങ്ങൾ നൽകുന്നത്. റോമർ 12:6, എബ്രാ. 2:4; 1 കൊരി. 12:11, 18, 23. വ്യക്തിപരമായ പരിശ്രമം കൊണ്ട് ആർക്കും വരം ലഭിക്കുകയില്ല. വരങ്ങളെ വാഞ്ചിക്കരുത് എന്ന് ഇതിനർത്ഥമില്ല (1 കൊരി. 12:31; 14:1, 39). വരങ്ങൾക്ക് കൊരിന്ത്യ സഭ കൊടുത്ത പ്രാധാന്യത്തെ പൌലോസ് ശ്ലാഘിക്കുന്നുണ്ട്. എന്നാൽ വരങ്ങളുടെ ആത്മീയ വർദ്ധന മൂല്യങ്ങൾക്ക് വ്യത്യാസങ്ങളുണ്ട്. ചുരുങ്ങിയ ആത്മീയ വർദ്ധനാ മുല്യമുള്ള വരങ്ങളെ അവർ ആഗ്രഹിച്ചു എന്നതാണ് അവരുടെ പ്രശ്നം (1 കൊരി. 14:12)

എല്ലാ ദൈവമക്കൾക്കു ചുരുങ്ങിയത് ഒരു വരം എങ്കിലും ഉണ്ടായിരിക്കും. മനുഷ്യ ശരീരത്തെപോലെ തന്നെയാണ് ക്രിസ്തുവിന്റെ ശരീരവും. ശരീരത്തിൽ ഒരു പ്രയോജനമില്ലാത്ത അവയവങ്ങൾ ഇല്ല. പ്രാദേശിക സഭയിൽ എല്ലാ വിശ്വാസിക്കും ഓരോ കർത്തവ്യങ്ങൾ ഉണ്ട്. അതനുസരിച്ച് ദൈവം അവർക്ക് വരം നൽകിയിരിക്കുന്നു. തനിക്കുള്ള വരങ്ങളെ ഉപയോഗിക്കുന്നതിൽ പരാജയമടയുന്നവർ ശരീരത്തിനു മുഴുവനായി തടസ്സം നിൽക്കുകയാണ് (1 കൊരി. 12:7, 1 പത്രൊ. 4:10). എല്ലാ വരങ്ങളുമുള്ള വിശ്വാസികളും ഇല്ല. ഓരോരുത്തർക്കും ഉള്ളത് വ്യത്യസ്തമായ വരങ്ങൾ ആണ്. (1 കൊരി. 12:8).

ഒരു വിശ്വാസിക്കുള്ള വരങ്ങൾ തിരിച്ചറിയുന്നത് എങ്ങിനെയാണ്?

ഓരോരുത്തരും അവനവന്റെ വരങ്ങൾ തിരിച്ചറിയാനുള്ള കൽപ്പനയോന്നും തിരുവെഴുത്തിൽ ഇല്ല. വരങ്ങൾ തിരിച്ചറിയാനുള്ള സെമിനാറുകളൊക്കെ ചിലർ സംഘടിപ്പിക്കറുണ്ട്. സെമിനാറുകളിൽ കൂടെ തിരിച്ചറിയുന്നതല്ല വരങ്ങൾ. ഓരോ വിശ്വാസിയും ചെയ്യേണ്ടത് തങ്ങളുടെ പ്രാദേശിക സഭയിൽ സജീവമായി പ്രവർത്തിക്കുക എന്നുള്ളതാണ്. കർത്താവിനുവേണ്ടി സഭയിൽ എന്തു ചെയ്യാനാണോ ആഗ്രഹിക്കുന്നത്, അത് വിശ്വസ്തതയോടെ സജീവമായി ചെയ്യുക. അങ്ങിനെ സജീവമായി പ്രവർത്തിക്കുമ്പോൾ അവരുടെ വരങ്ങൾ വെളിച്ചത്തു വരും.

വരങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. വരങ്ങൾ പ്രയോഗത്തിലേക്ക് കൊണ്ടുവരാനുള്ള യോഗ്യതകൾ കൂടെ ഉണ്ടാകണം. പാസ്റ്റർമാർ (മൂപ്പന്മാർ), ശുശ്രൂഷകന്മാർ എന്നീ പദവിയിലേക്ക് വ്യക്തികളെ ഉയർത്തിക്കൊണ്ടുവരുമ്പോൾ അവരുടെ കഴിവുമാത്രമല്ല, സ്വഭാവവും കൂടെ നോക്കണം എന്ന് തിരുവെഴുത്ത് നിഷ്കർഷിക്കുന്നത്.

താഴ്മയോടെയും വിശ്വസ്തതയോടെയും തങ്ങളുടെ പ്രാദേശിക സഭയിൽ സജീവമായി പ്രവർത്തിക്കുക. അപ്പോൾ സഭ ഓരോ വ്യക്തിയുടേയും വരങ്ങൾ തിരിച്ചറിയുകയും സഭയുടെ ആത്മീക വർദ്ധനക്കായ് ഓരോരുത്തരേയും പ്രയോജനപ്പെടുത്തുകയും ചെയ്യും.

വേദപുസ്തകത്തിലെ വരങ്ങളെ നാം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

എത്ര വരങ്ങൾ ബൈബിളിൽ ഉണ്ട്, അവയുടെ പ്രകൃതം എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ ധാരാളം തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വേദപുസ്തകം കൃത്യമായി പരിശോധിക്കുമ്പോൾ (പരിശോധിക്കാത്തവർക്ക് ഇതൊന്നും വിഷയവുമല്ല) ചില സത്യങ്ങൾ വെളിയിലേക്ക് വരുന്നുണ്ട്. അതിൽ ഒന്ന് ചില വരങ്ങൾ താൽക്കാലികമാകുമ്പോൾ ചിലത് സ്ഥിരമാണ്. താൽക്കാലിക വരങ്ങൾ എന്നു പറയുമ്പോൾ സഭയുടെ ആരംഭകാലത്തിൽ നിലനിന്നിരുന്നതും എന്നാൽ ഇപ്പോൾ നിലവിലില്ലാത്തതുമാണ്. നിലവിലില്ല എന്നു പറയുമ്പോൾ സത്യസന്ധമായി ആ വരങ്ങൾ ആരും ഉപയോഗിക്കുന്നില്ല.

താൽക്കാലിക വരങ്ങൾ ഏതൊക്കെയാണ്?

അപ്പോസ്തലൻ (എഫേ. 4:11; 1 കൊരി. 12:28). ഈ വരത്തിനു സ്ഥാനപരവും ചുമതലാപരവുമായ (functional and positional) വശങ്ങൾ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പല സഭകൾക്കു മീതെയുള്ള ഒരു അധികാര സ്ഥാനം ആയിരുന്നു ഇത്. അയക്കപ്പെട്ടവൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഏതെങ്കിലും ഉദ്ദേശത്താൽ അല്ലെങ്കിൽ സന്ദേശത്താൽ അയക്കപ്പെട്ടവരൊക്കെ അപ്പോസ്തലന്മാരാണ് എന്ന് കരുതുന്നത് തെറ്റാണ്. പ്രതിനിധീകരണം എന്ന അടിസ്ഥാന ആശയമാണ് അപ്പോസ്തലൻ എന്ന വാക്കിൽ അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിന്റെ ശുശ്രൂഷ കാലങ്ങളിൽ, പ്രത്യേകിച്ച് തന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷമുള്ള ശുശ്രൂഷാ കാലങ്ങളിൽ ക്രിസ്തുവിനോടു കൂടെ ഉണ്ടായിരുന്നവരും ആദ്യമ സഭയിൽ ക്രിസ്തുവിന്റെ പ്രതിനിധികൾ എന്ന നിലയിൽ ക്രിസ്തുവിനാൽ നിയമിച്ചാക്കപ്പെട്ടവരുമായ തന്റെ വ്യക്തിപരമായ പ്രതിനിധികളാണ് അപ്പോസ്തലന്മാർ(അ. പ്ര. 1:24). യോഹന്നാൻ അപ്പോസ്തലന്റെ മരണത്തോടുകൂടെ അപ്പോസ്തലന്മാരുടെ ചുമതല അവസാനിച്ചു.

പ്രാവചകൻ (റോമ 12:6; 1 കൊരി. 12:10, 28; 14:1–40; എഫെ. 4:11). ഈ വരത്തിനും സ്ഥാനപരവും ചുമതലാപരവുമായ വശങ്ങൾ ഉണ്ടായിരുന്നു. പക്ഷെ കൂടുതൽ പ്രാധാന്യം ചുമതലക്കായിരുന്നു. പഴയ നിയമ പ്രവാചകന്മാരെപ്പോലെ പുതിയ നിയമ പ്രവാചകന്മാരും ദൈവത്തിനുവേണ്ടി ദൈവത്താൽ അധികാരപ്പെടുത്തിയിട്ടുള്ള വക്താവ് ആയിരുന്നു. ദൈവത്തിൽ നിന്നുള്ള നേരിട്ടുള്ള വെളിപ്പാട് സ്വീകരിച്ച് മറ്റുള്ളവരോട് അതു പ്രഖ്യാപിക്കുകയാണ് അവരുടെ ജോലി (1 കൊരി. 14:29-32). സമ്പൂർണ്ണ പുതിയ നിയമത്തിന്റെ അസാന്നിദ്ധ്യത്തിൽ സഭക്ക് ആവശ്യമായിട്ടുള്ള വെളിപ്പാട് നൽകലാണ് പ്രവചകന്റെ ചുമതല.

തന്റെ വിശ്വാസത്തിന്റെ അളവിനനുസരിച്ചാണ് പ്രവാചകൻ പ്രവചിക്കേണ്ടത്. എന്നു പറഞ്ഞാൽ ദൈവത്തിൽ നിന്നും തനിക്കു ലഭിച്ചിട്ടുള്ള വെളിപ്പാടിനു അപ്പുറമായി ഒന്നും പ്രവചിക്കരുത്. അങ്ങിനെ ചെയ്യാതിരിക്കുവാനായി, ഓരോരുത്തരുടെ പ്രവചനവും നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള പ്രവചനത്തിനു വിരോധമാണോ എന്നു പ്രാദേശിക സഭ പരിശോധിക്കുമായിരുന്നു. ഓരാളുടെ പ്രവചനത്തെ തടസ്സപ്പെടുത്തുകയോ മറ്റൊരാൾ സംസാരിക്കുന്ന സമയത്തു തന്നെ സംസാരിക്കുകയോ ചെയ്യുമ്പോൾ അത് കള്ള പ്രവാചകനാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയുമായിരുന്നു (1 കൊരി. 14:29-33).

പുതിയ നിയമം പൂർത്തിയായതോടുകൂടി പുതിയ നിയമ പ്രവാചകന്മാരുടെ ചുമതലയും അവസാനിച്ചു. സകല സൽ പ്രവർത്തിക്കും (2 തിമൊ. 3:16-17) തിരുവെഴുത്ത് ഒരു വ്യക്തിയെ സമ്പൂർണ്ണമായി ഒരുക്കുന്നതുകൊണ്ടും ജീവനും ഭക്തിക്കുമായിട്ടുള്ള (2 പത്രൊ. 1:3) സകലതും തിരുവെഴുത്ത് തരുന്നതുകൊണ്ടും വേറെ വെളിപ്പാടുകളുടെ ആവശ്യം ഇന്നില്ല.

അത്ഭുതങ്ങൾ (1 കൊരി. 12:28)- ദൈവീക സന്ദേശവുമായി നിൽക്കുന്ന സന്ദേശകനെ സാധൂകരിക്കുക എന്നുള്ളതാണ് വേദപുസ്തക അത്ഭുതങ്ങളുടെ ചുമതല.

രോഗസൌഖ്യം (1 കൊരി 12:9, 28, 30)- മുകളിൽ പറഞ്ഞതുപോലെ രോഗങ്ങളുള്ളവരേയും വികലാംഗരേയും പരസ്യമായി സുഖപ്പെടുത്തുവാനുള്ള കഴിവുകൾ നൽകി ആ വ്യക്തിയുടെ സന്ദേശത്തെ സാധൂകരിക്കുന്നു.

അന്യഭാഷകൾ (1 കൊരി. 12:10)- സംസാരിക്കുന്നവനു അറിഞ്ഞുകൂടാത്തതും എന്നാൽ ഈ ലോകത്ത് നിലനിൽക്കുന്നതുമായ ഭാഷ സംസാരിക്കുവാനുള്ള അത്ഭുതകരമായ കഴിവ് ആണ് ഇത്. ഒരു വ്യക്തിയെ സാക്ഷ്യപ്പെടുത്തുക മാത്രമല്ല, ഇതിൽകൂടെ വെളിപ്പാടും നൽകപ്പെട്ടിരിന്നു (അ. പ്ര. 2:11; 1 കൊരി14:16).

ഭാഷകളുടെ വ്യാഖ്യാനം (1 കൊരി 12:10)— വ്യാഖ്യാതാവിനും അറിയാത്ത ഭാഷ വിവർത്തനം ചെയ്യുവാനുള്ള കഴിവാണ് ഇത്.

ആത്മാക്കളെ വിവേചിക്കുക (1 കൊരി 12:10; 14:29; 1 തെസ്സ 5:20–21)- ആദിമ സഭയിൽ പുതിയ വെളിപ്പാട് നൽകുമ്പോൾ യഥാർത്ഥ പ്രവചനത്തിൽ നിന്നും കള്ള പ്രവചനം തിരിച്ചറിയുവാനുള്ള അത്ഭുതകരമായ കഴിവാണ് ഇത്.

വിവേകം (sofia-sofia)- മലയാളത്തിൽ ജ്ഞാനം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. (1 കൊരി12:8). പശ്ചാത്തലം വെച്ചു നോക്കുമ്പോൾ വെളിപ്പാടുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വരമാണ് ഇത്. കൊരിന്ത്യ ലേഖനത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയമായിരിക്കുന്ന ഒരു ക്രിസ്തീയ ലോക കാഴ്ചപ്പാട് (1 കൊരി. 1-2) അടങ്ങിയിരിക്കുന്ന ദൈവീക സത്യങ്ങളെ പരസ്പരം കോർത്തിണക്കുവാനുള്ള കഴിവാണ് ഇത്.

അറിവ് (1 കൊരി 12:8)- ഇതും വെളിപ്പാടിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഒരു വരമാണ് എന്നു പശ്ചാത്തലത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയും. സ്വാഭാവികമായ വായനയിൽ കൂടെയും നിരീക്ഷണത്തിൽ കൂടെയും ലഭിക്കുന്ന അറിവല്ല, മറിച് ദൈവത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന അറിവാണ് ഇത്. മാത്രമല്ല, നേരത്തെ വെളിപ്പെടുത്തിയ സത്യത്തെക്കുറിച്ച് കൃത്യമായ ധാരണയും ഇവർക്ക് ഉണ്ടായിരുന്നു. ദൈവീക മർമ്മം പൌലോസ് വെളിപ്പെടുത്തിയത് ഇതിനു ഒരു ഉദാഹരണമാണ്.

വിശ്വാസം (1 കൊരി 12:9)- എല്ലാ വിശ്വാസികൾക്കും ദൈവത്തിൽ വിശ്വാസം ഉണ്ട്. അത് ഒരു പ്രത്യേക വരത്തിന്റെ വിഷയമല്ല, മറിച്ച് അനുസരണത്തിന്റെ ഒരു വിഷയമാണ്. എന്നാൽ ഇവിടെ വിശ്വാസം എന്ന പ്രത്യേക വരമാണ് ഉദ്ദേശിക്കുന്നത്. ആദ്യ നൂറ്റാണ്ടിന്റെ പശ്ചാത്തലതിൽ അത്ഭുതങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കാനും വിശ്വസിക്കാനുമുള്ള കഴിവാണ് വിശ്വാസ വരം എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് 1 കൊരി. 13:2 ൽ മറ്റ് അത്ഭുത വരങ്ങളോടൂകൂടെ ഈ വരവും ഉൾപ്പെടുത്തിയത്.

അത്ഭുത പ്രകൃതമുള്ളതും എന്നാൽ താൽക്കാലികവുമായ വരങ്ങളെക്കുറിച്ച് വിശദീകരിച്ചല്ലോ. സ്ഥിരവരങ്ങൾ ഏതെല്ലാമാണ്?

പഠിപ്പിക്കൽ (എഫ്യേ 4:11)- ജനങ്ങളോട് ദൈവവചനം വിശദീകരിച്ച് കൊടുക്കുവാനുള്ള കഴിവാണ് ഇത്.

സുവിശേഷകൻ (എഫ്യേ 4:11)- സുവിശേഷകനെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് വേദപുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സുവിശേഷം അസാധാരണമായ രീതിയിൽ പ്രസംഗിക്കാൻ കഴിവുള്ളവരും അങ്ങിനെ രക്ഷിക്കപ്പെട്ട് കടന്നു വരുന്നവരെ ഒരു പ്രാദേശിക സഭയായി രൂപപ്പെടുത്തി അത് ഇടയന്മാരെ ഏൽപ്പിച്ച് മുമ്പോട്ട് പോകുവാൻ കഴിവുള്ള മിഷണറിമാർ/സഭാ സ്ഥാപകർ ആണ് സുവിശേഷകന്മാർ.

ഇടയന്മാർ (എഫ്യേ 4:11)- ഇടയവേല ചെയ്യുവാൻ കഴിവുള്ളവരും 1 തിമൊ 3ൽ പറയുന്ന യോഗ്യതകളുമുള്ളവരും പ്രാദേശിക സഭയാൽ തിരഞ്ഞെടുക്കപ്പെട്ടവരുമാണ് ഇടയന്മാർ.

ഭരണം– പരിപാലന വരം (ruling; governing; leading)—റോമർ 12:8; 1 കൊരി. 12:28- നേതൃത്വവും ലക്ഷ്യവും നൽകാനുള്ള കഴിവും, സംഘടിപ്പിക്കുവാനും ഭരിക്കുവാനുമുള്ള കഴിവ് എന്നിവ ഉള്ളവരാണ്. ആദ്യകാല ശുശ്രൂഷകന്മാർക്ക് ഈ തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. (അ. പ്ര 6:1–3).

ശുശ്രൂഷ (Serving; Helping)—റോമർ 12:7; 1 കൊരി. 12:28- സ്തെഫനാസിന്റെ കുടുബവും (1 കൊരി. 16:15) ഒനോസിഫെരൊസിന്റെ കുടുംബവും ഇതിനു ഒരു ഉദാഹരണമാണ്. (2 തിമൊ. 1:16, 18). മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ ഇങ്ങനെയുള്ളവർക്ക് വലിയ താല്പര്യമാണ്. ഡീക്കന്മാർക്ക് ഏറ്റവും യോജിച്ച ചില പ്രവർത്തികളാണ് ഇത്.

പ്രബോധനം (റോമർ 12:8)- ആശ്വസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക എന്നി അർത്ഥങ്ങളാണ് ഈ വാക്കിന് ഉള്ളത്. കഷ്ടത അനുഭവിക്കുന്നവരെ അതുപോലെ ദുഖം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും സഹിഷ്ണതയോടെ വിശ്വാസ ജീവിതത്തിൽ തുടരുവാൻ അവരെ പ്രേരിപ്പിക്കുവാനുള്ള കഴിവാണ് ഈ വരം.

കൊടുക്കൽ (റോമർ 12:8) -എല്ലാവരും കൊടുക്കേണ്ടവരാണെങ്കിലും ചിലർക്ക് വളരെ ഔധാര്യമായി സന്തോഷത്തോടെ വിവേകപൂർവ്വം കൊടുക്കുവാൻ കഴിവുള്ളവർ ഉണ്ട്. ധനമല്ല ഇവിടത്തെ പ്രധാന കാര്യം, മറിച്ച് ഉദാരതയാണ്

കരുണ (ആതിഥ്യമര്യാദ)— റോമർ 12:8- ഭൌതീക ആവശ്യങ്ങൾ ഉള്ളവരെ സഹായിക്കാനുള്ള കഴിവ്. ദരിദ്രർ, രോഗികൾ, കഷ്ട അനുഭവിക്കുന്നവർ എന്നിവരെ സഹായിക്കാനുള്ള കഴിവാണ് ഇത്.

______________________________

[1] വേദപുസ്തകത്തിൽ ഈ നാലുപേരുടെമേൽ മാത്രം ആത്മാവ് വന്നതായിട്ടേ രേഖപ്പെടുത്തിയിട്ടുള്ളു എങ്കിലും എല്ലാ ന്യായധിപന്മാരുടെ മേലും വന്നതായി കരുതേണ്ടിയിരിക്കുന്നു. ദൈവഭരിക്കുന്ന രാജ്യം എന്ന നിലയിൽ മോശയുടേയും യോശുവയുടേയും പിൻ ഗാമികളായിരുന്നു ഇവർ. മോശയേയും യോശുവയേയും പോലെ രാജകീയ തലക്കെട്ടില്ലാതെ തന്നെ രജകീയ കർത്തവ്യങ്ങൾ ഇവർക്കു നിർവഹിക്കേണ്ടിവന്നിരുന്നു.

[2] ഈ അനുഭവങ്ങൾ കൊണ്ടുമാത്രം ശൌൽ വീണ്ടുംജനിച്ച ഒരു വ്യക്തിയായിരിക്കണമെന്നില്ല. വാസ്തവത്തിൽ തന്റെ ജീവിതകാലത്തൊരിക്കലും മാനസന്തരത്തിന്റെ ഫലങ്ങൾ പ്രദർശിപ്പിക്കുകയോ വിശ്വാസത്തിൽ നിലനിൽക്കുകയോ ചെയ്തിട്ടില്ല. 10:6, 9 ലുള്ള “മാറ്റം” ( הפך ) എന്ന വാക്ക് പഴയനിയമത്തിൽ വീണ്ടുജനനത്തിനു ഉപയോഗിക്കുന്ന വാക്കല്ല (പുറ. 14:5; സങ്കീ. 105:25; വിലാ 1:20; ഹോശ. 11:8; Zeph 3:9 ഒഴികെ).  ഭയത്തിൽ നിന്നു വരുന്ന മാറ്റമായിട്ടേ ഇതിനു മനസിലാക്കാൻ കഴിയുകയുള്ളു.

[3] 10 ആം അദ്ധ്യായത്തിൽ ശൌലിനു ലഭിച്ച അഭിഷേകം അടുത്ത രാജാവായ ദാവിദിനോട് നഷ്ടപ്പെടുകയായിരുന്നു. ഭരിക്കുവാനുള്ള പ്രാപ്തി നഷ്ടപ്പെട്ടു.

[4] തന്റെ രക്ഷ നഷ്ടപ്പെട്ടുപോകല്ലെ എന്നു പ്രാർത്ഥിക്കുകയല്ല ദാവിദ് ചെയ്തത്. രാജാവ് എന്ന നിലയിൽ ബെത്ശേബയുമായിട്ടുള്ള പാപം കാരണം ഭരിക്കുവാനുള്ള അഭിഷേകം ശൌലിൽ നിന്നും എടുത്തുമാറ്റിയതുപോലെ എടുത്തു മാറ്റരുത് എന്നാണു പറയുന്നത്.

Create a website or blog at WordPress.com

Up ↑

%d bloggers like this: